
ഇന്ത്യന്‍ കാക്കകളോട് 'യുദ്ധം' പ്രഖ്യാപിച്ച് കെനിയ! വാസ്തവമാണ്, കാക്കകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച് പൊതുജനങ്ങള്‍ക്ക് ശല്യമായി തീര്‍ന്നതോടെയാണ് പത്ത് ലക്ഷം കാക്കകളെ ആറ് മാസത്തിനുള്ളില്‍ കൊന്നൊടുക്കാന്‍ കെനിയ വൈല്‍ഡ് ലൈഫ് സര്‍വീസ് (KWS) തീരുമാനിച്ചിരിക്കുന്നത്. അധിനിവേശ പക്ഷികള്‍ (Invasive Alien Birds) ദശാബ്ദങ്ങളായി കെനിയയിലെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. കാക്കകള്‍ പ്രാദേശിക പക്ഷിവിഭാഗത്തെ വംശനാശത്തിലേക്ക് നയിക്കുകയാണെന്നും ഇവയെ കൊന്നൊടുക്കേണ്ടത് അടിയന്തരപ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണെന്നും കെനിയ വൈല്‍ഡ് ലൈഫ് സര്‍വീസ് വിശദീകരിക്കുന്നു. കെനിയന്‍ തീരമേഖലയിലെ ഹോട്ടലുടമകളുടെയും കര്‍ഷകരുടെയും പ്രതിഷേധത്തെത്തുടര്‍ന്നാണ് കാക്ക പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ രംഗത്തിറങ്ങുന്നതെന്ന് കെഡബ്ല്യുഎസ് ഡയറക്ടര്‍ ജനറല്‍ പ്രതിനിധി ചാള്‍സ് മുസ്യോക്കി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഹോട്ടല്‍ ഉടമസ്ഥര്‍, കാക്ക നിയന്ത്രണത്തില്‍ വൈദഗ്ധ്യം നേടിയ മൃഗഡോക്ടര്‍മാര്‍, ഏതാനും എന്‍ജിഓകള്‍, വൈല്‍ഡ്‌ലൈഫ് റിസര്‍ച്ച് ആന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവരുമായി ചേര്‍ന്നാണ് കാക്കകളെ കൊന്നൊടുക്കാനുള്ള ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ഹൗസ് ക്രോസ് (Corvus splendens) എന്നറിയപ്പെടുന്ന കാക്കകളാണ് കെനിയയില്‍ പൊതുശല്യമായിരിക്കുന്നത്. ഇന്ത്യന്‍ ക്രോ, ഗ്രേ നെക്ക്ഡ് ക്രോ, സെയ്‌ലോണ്‍ ക്രോ, കൊളംബോ ക്രോ എന്നിങ്ങനെ നിരവധി പേരുകളില്‍ അറിയപ്പെടുന്ന ഇവ ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്നുണ്ടെങ്കിലും യഥാര്‍ഥ ജന്മസ്ഥലം ഇന്ത്യയാണ്. കിഴക്കന്‍ ആഫ്രിക്കയില്‍ മാത്രമല്ല മറ്റ് പല ഉഷ്ണമേഖലാപ്രദേശങ്ങളിലുടനീളം ഇന്ത്യന്‍ ഹൗസ് ക്രോസ് അധിനിവേശശേഷി പ്രകടമാക്കിയിട്ടുണ്ട്. ഇവ സംരക്ഷിത വനമേഖലകളിലേക്ക് കടന്നുകയറി ആവാസ വ്യവസ്ഥയെ തകര്‍ത്തേക്കാമെന്നും അത്യപൂര്‍വ ജീവിവര്‍ഗങ്ങളെ ആക്രമിച്ച് വംശനാശത്തിലേക്ക് നയിച്ചേക്കുമെന്നും പരിസ്ഥിതി സംരക്ഷകര്‍ ഭയപ്പെടുന്നു.

മാലിന്യം പരിഹരിക്കാനെത്തിയ കാക്കകള്‍
1890കളില്‍ കിഴക്കന്‍ ആഫ്രിക്കന്‍ മേഖലകളില്‍ കാക്കകളെ എത്തിച്ചത് എന്നാണ് ഗവേഷകര്‍ പറയുന്നത്. സാന്‍സിബറിലാണ് ആദ്യമായി കാക്കകളെ എത്തിച്ചത്. വര്‍ധിച്ചുവരുന്ന മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ കാക്കകളുടെ പൊതുവേയുള്ള ശുചീകരണ സ്വഭാവം മുതലെടുക്കാനായിരുന്നു കെനിയന്‍ സര്‍ക്കാരിന്റെ നീക്കം. എന്നാല്‍ ആദ്യഘട്ടത്തിലെ പ്രയോജനത്തിനപ്പുറം അത് ഫലം കണ്ടില്ല. ചീഞ്ഞളിഞ്ഞ മാലിന്യകൂമ്പാരങ്ങളില്‍ കൊത്തിപ്പെറുക്കുന്നതിനൊപ്പം വീടുകളിലേക്കും ഹോട്ടലുകളിലേക്കും അവയെത്തി. മാലിന്യങ്ങള്‍ അങ്ങിങ് കൊത്തിയെറിഞ്ഞു. ശുചീകരണത്തിനെത്തിച്ച കാക്കകള്‍ ഒരു നൂറ്റാണ്ടിനിപ്പുറം ഉപകാരികളില്‍ നിന്ന് ഉപദ്രവകാരികളായി മാറി. കെനിയയിലെ തദ്ദേശീയ പക്ഷികളെ ആക്രമിച്ച് കൊന്നും കൃഷി നശിപ്പിച്ചും വിനോദസഞ്ചാരികളുടെ വിരുന്നിനെ തടസ്സപ്പെടുത്തിയും കോഴി-താറാവ് കുഞ്ഞുങ്ങളെ റാഞ്ചിയും വിമാനത്താവളങ്ങളില്‍ അപകടങ്ങളുണ്ടാക്കിയും സ്വൈര്യവിഹാരം നടത്തുകയാണ് ഇന്ന് കാക്കകള്‍.
1917 ഓടെയാണ് സാന്‍സിബറില്‍ നിന്ന് കിഴക്കേതീരത്തെ പല രാജ്യങ്ങളിലേക്ക് കാക്കകള്‍ പറന്നു പെരുകിത്തുടങ്ങിയത്. തീരദേശ നഗരമായ മൊമ്പാസയിലും കെനിയയിലും കാക്കശല്യം വര്‍ധിച്ചു. മൊമ്പാസയാണ് ഇന്ത്യന്‍ കാക്കകളുടെ പ്രധാനപ്പെട്ട വിഹാരകേന്ദ്രങ്ങളിലൊന്ന്. കെനിയയില്‍ ഏറ്റവും കൂടുതല്‍ കാക്കകളെ കണ്ടുവരുന്നതും ഈ പ്രദേശത്ത് തന്നെ. 1947കളിലാണ് സന്‍സിബാറില്‍ നിന്ന് മൊമ്പാസയിലേക്ക് കാക്കകള്‍ എത്തിപ്പെട്ടതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. കപ്പലുകളില്‍ കയറിയാവാം കാക്കകള്‍ സഞ്ചരിച്ചത് എന്നാണ് അനുമാനം. തീരപ്രദേശത്ത് മാത്രമല്ല, ഇവ പിന്നീട് നൂറുകണക്കിന് കിലോമീറ്ററുകള്‍ പറന്ന് നഗരങ്ങളിലേക്കും ചേക്കേറി. കാക്കശല്യം വര്‍ധിച്ചതോടെ കാക്കകളെ കൊല്ലുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിക്കുക പോലും ചെയ്തു പ്രാദേശികഭരണകൂടം. അന്ന് ചത്ത കാക്കയേയോ അവയുടെ മുട്ടകളോ കൊണ്ടുവരുന്നവര്‍ക്ക് പ്രോത്സാഹനമായി പാരിതോഷികം വരെ നല്‍കിയിരുന്നു.

പ്രീമിയം ആർട്ടിക്കിളുകൾ വായിക്കാൻ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ - https://mbi.page.link/mbplus
വംശനാശഭീഷണിയില്‍ അപൂര്‍വയിനം പക്ഷികള്‍
കാക്കകള്‍ കെനിയയുടെ ആവാസവ്യവസ്ഥയില്‍ തീര്‍ത്തും പ്രാധാന്യം അര്‍ഹിക്കാത്ത ഒന്നാണെന്നാണ് കെനിയ വൈല്‍ഡ് ലൈഫ് സര്‍വീസ് പറയുന്നു. ഇന്ത്യന്‍ ഹൗസ് ക്രോസ് ഇനത്തില്‍പെട്ട കാക്കകള്‍ തദ്ദേശീയ പക്ഷികളെ ആക്രമിക്കുന്നതിനാല്‍ നിരവധി പക്ഷിവര്‍ഗങ്ങള്‍ വംശനാശഭീഷണി നേരിടുന്നുണ്ട്. കെനിയന്‍ തീരങ്ങളിലുള്ള ചെറിയ പക്ഷികളുടെ കൂടുകള്‍ നശിപ്പിച്ച്, അവയുടെ മുട്ടകളെയും കുഞ്ഞുങ്ങളെയും ആക്രമിച്ചുകൊന്ന് ഇത്തരം പക്ഷികളുടെ എണ്ണത്തെ ഇന്ത്യന്‍ കാക്കകള്‍ ഗണ്യമായി കുറച്ചിരിക്കുകയാണെന്ന്, ജൈവവൈവിധ്യ നശീകരണം നിയന്ത്രിക്കാനായി കമ്മ്യൂണിറ്റി അധിഷ്ഠിത സംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കുന്ന സംഘടനകളുടെ ആഗോള കൂട്ടായ്മയാണ് റോച്ച (ROCHA) കെനിയയിലെ പക്ഷി വിദഗ്ധനും സംരക്ഷകനുമായ കോളിന്‍ ജാക്സണ്‍ അഭിപ്രായപ്പെട്ടു. സ്‌കേലി ബാബ്‌ലേര്‍സ് (scaly babblers), പൈഡ് ക്രോസ് (pied crows), മൗസ് കളേഡ് സണ്‍ബേര്‍ഡ്‌സ് (mouse-coloured sunbirds), വീവര്‍ ബേഡ്‌സ് (weaver birds), കോമണ്‍ വാക്‌സ്ബില്‍സ് (common waxbills) എന്നീ പക്ഷിയിനങ്ങള്‍ക്കൊപ്പം നിരവധി കടല്‍പക്ഷികളും വംശനാശത്തിന്റെ വക്കിലാണ്. തദ്ദേശീയ പക്ഷികളുടെ എണ്ണം കുറയുന്നത് പരിസ്ഥിതിയെ രൂക്ഷമായി ബാധിക്കും. കീടങ്ങളും പ്രാണികളും പെരുകും. അത് പലഘട്ടങ്ങളിലായി പല ജീവജാലങ്ങളിലേക്ക് വ്യാപിക്കും. അതിന്റെ ആഘാതം വളരെ ഗുതുരമായിരിക്കുമെന്നും ആവാസവ്യവസ്ഥയെ ഒന്നടങ്കം ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധിച്ച് കര്‍ഷകരും ഹോട്ടലുടമകളും
കാര്‍ഷികോത്പന്നങ്ങളുടെ കയറ്റുമതിയും പ്രവാസി വരുമാനവും കഴിഞ്ഞാല്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയുടെ ഏറ്റവും പ്രധാനപ്പെട്ട വിദേശനിക്ഷേപ മാര്‍ഗത്തിലൊന്നാണ് ടൂറിസം. എന്നാല്‍ കാക്കശല്യം വിനോദസഞ്ചാരമേഖലയെ ഗുരുതരമായി ബാധിച്ചിരിക്കുന്നു. തീരപ്രദേശങ്ങളിലുള്ള ഹോട്ടലുകള്‍ക്കുള്ളിലേക്ക് പോലും കാക്കകള്‍ എത്തി ഭക്ഷണം കഴിക്കുന്നവരെ ശല്യം ചെയ്യുന്നതായാണ് ഹോട്ടലുടമകള്‍ പരാതിപ്പെടുന്നത്. വിനോദസഞ്ചാരികളും ഇതേ പരാതി ഉന്നയിക്കുന്നുണ്ട്. ഭക്ഷണം കൊത്തിയെടുത്ത് പറക്കുന്നതും ടേബിളുകളില്‍ മാലിന്യം കൊണ്ടിട്ടും ആളുകളെ ആക്രമിച്ചും കാക്കകളുടെ ശല്യം പരിധിവിട്ടു. കാക്കശല്യം നിയന്ത്രിക്കാന്‍ ഹോട്ടലുടമകള്‍ പലരും വിഷപ്രയോഗം നടത്താന്‍ ആരംഭിച്ചിട്ടുണ്ട്. പക്ഷികളെ കെണിവെച്ചുപിടിക്കാനുളള കൂടുകളാണ് ചിലര്‍ സ്ഥാപിച്ചതെങ്കില്‍ കാക്കകളെ ആട്ടിയോടിക്കാനായി പ്രത്യേക തൊഴിലാളികളെ തന്നെ നിയമിച്ചവരുമുണ്ട്.
കാക്കശല്യം കാര്‍ഷിക വിളകളെ ബാധിക്കുന്നുവെന്ന പരാതിയാണ് കര്‍ഷകര്‍ പങ്കുവെയ്ക്കുന്നത്. ചെറുപക്ഷികളെ ആക്രമിച്ചുകൊല്ലുന്നു, അത് കീടങ്ങള്‍ പെരുകുന്നതിലേക്ക് നയിക്കുന്നു. ഇതുമൂലം ഉത്പാദനം കുറയുന്നു. വിളകള്‍ മുളച്ചുപൊങ്ങുമ്പോള്‍ തന്നെ കാക്കകള്‍ കൂട്ടത്തോടെ എത്തി അവ നശിപ്പിക്കുന്നുവെന്ന പരാതികളുമുണ്ട്. കോഴിക്കുഞ്ഞുങ്ങളെ കാക്കകള്‍ വ്യാപകമായി റാഞ്ചിക്കൊണ്ടുപോവുന്നത് പതിവായിട്ടുണ്ട്. ഒരു ദിവസം 20 കുഞ്ഞുങ്ങളെ വരെയാണ് കാക്കള്‍ കൊണ്ടുപോവുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു.
കെനിയന്‍ തീരപ്രദേശത്ത് മാത്രം പത്ത് ലക്ഷം കാക്കകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവയിനി അരാബുകോ സൊകോകെ ഉള്‍പ്പെടെയുള്ള സംരക്ഷിത വനമേഖലകളിലേക്കും കയറിയേക്കാമെന്നാണ് ആശങ്ക. അങ്ങനെ പല അപൂര്‍വിയിനം ചെറുജീവികളും പക്ഷികളും വംശനാശത്തിന്റെ വക്കിലെത്തുമെന്ന് പരിസ്ഥിതി സംരക്ഷകര്‍ ഭയപ്പെടുന്നു. കരയിലേത് കൂടാതെ വേലിയിറക്ക സമയത്ത് കടലിലേക്കിറങ്ങി കടല്‍ജീവികളേയും പാറക്കെട്ടിന് മുകളില്‍ കാണപ്പെടുന്ന സമുദ്രജീവികളേയും ഭക്ഷിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ തരത്തില്‍ കൂട്ടമായുളള ആക്രമണം കടല്‍ ജീവികളുടെ ആവാസവ്യവസ്ഥയേയും തകരാറിലാക്കുന്നുവെന്ന് റോച്ച കെനിയ പ്രതിനിധി എറിക് കിനോട്ടി പറഞ്ഞു.
'ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണ്‍, ജിബൂട്ടി, കെയ്‌റോ എന്നിവിടങ്ങളിലും ഇന്ത്യന്‍ കാക്കകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. നെയ്റോബിയിലേക്ക് അവ പ്രവേശിക്കുന്നത് നെയ്‌റോബി നാഷണല്‍ പാര്‍ക്കിന് വലിയ ഭീഷണിയാണുണ്ടാക്കുക. അതിനാല്‍ എന്തുവിലകൊടുത്തും അത് തടയേണ്ടതുണ്ടെന്നും കിനോട്ടി കൂട്ടിച്ചേര്‍ത്തു. നേരത്തെ യൂറോപ്യന്‍ സ്റ്റാര്‍ലിങ്‌സ് വിഭാഗത്തില്‍പെട്ട പക്ഷികള്‍ അമേരിക്കയില്‍ പെരുകിയപ്പോള്‍ ഉപയോഗിച്ച സ്റ്റാര്‍ലിസൈഡ് എന്ന വിഷം പ്രയോഗിക്കാനാണ് റോച്ചയും തീരുമാനിച്ചിരിക്കുന്നത്. സ്റ്റാര്‍ലിങ്ങുകളോട് സമാനമാണ് കാക്കകളെന്നും അതിനാല്‍ ഈ വിഷം ഇവയെ കൊല്ലാനും ഫലപ്രദമാണ്. വിഷം അകത്ത് ചെന്നാല്‍ 10-12 മണിക്കൂറുകള്‍ക്കുള്ളില്‍ പക്ഷികള്‍ ചാവാമെന്നും റോച്ച നിരീക്ഷിക്കുന്നു. 1999-2005 കാലഘട്ടത്തില്‍ കെനിയന്‍ തീരത്തെ മാലിണ്ടിയില്‍ കാക്കകള്‍ പെരുകിയപ്പോള്‍ അവയെ കൊന്നൊടുക്കാനായി റോച്ച ഈ വിഷപ്രയോഗം ഫലപ്രദമായി നടത്തിയിരുന്നു. എന്നാല്‍ പിന്നീട് ഈ മരുന്ന് ഇറക്കുമതി ചെയ്യുന്നതിന് കെനിയന്‍ സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി.
കാക്കകള്‍ ഉള്‍പ്പെടെയുള്ള അധിനിവേശ പക്ഷികളെ നിയന്ത്രിക്കാനായി ഇതാദ്യമായല്ല കെനിയന്‍ സര്‍ക്കാര്‍ പദ്ധതികള്‍ രൂപീകരിക്കുന്നത്. 20 വര്‍ഷം മുന്‍പ് ശല്യക്കാരായ പക്ഷികളെ കൊന്നൊടുക്കാന്‍ രൂപീകരിച്ച പദ്ധതി പ്രകാരം അധിനിവേശ പക്ഷികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. എന്നാല്‍ ശേഷിക്കുന്നവ ക്രമാതീതമായി പെരുകിയതാണ് പുതിയ പ്രതിസന്ധികളിലേക്ക് നയിച്ചത്. കാക്കകളെ വിഷംവെച്ച് (licensed poison) കൊല്ലാന്‍ കെനിയ പെസ്റ്റ് കണ്‍ട്രോള്‍ ആന്റ് പ്രൊഡക്ട്‌സ് ബോര്‍ഡ് ഹോട്ടലുടമകള്‍ക്ക് പച്ചക്കൊടി നല്‍കിയിട്ടുണ്ട്. ആക്രമണകാരികളായ പക്ഷികളുടെ ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും കാര്യക്ഷമമായ മാര്‍ഗ്ഗം വിഷം നല്‍കലാണെന്നാണ് പിസിപിബി പറയുന്നത്.

അതേസമയം ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ ഇന്ത്യയിലങ്ങോളം ഇങ്ങോളം കാണപ്പെടുന്ന പക്ഷിയാണ് കാക്ക. ഹിമാലയ മേഖലയിലും നിബിഡ വനങ്ങള്‍ക്കുള്ളിലും ഇവയുടെ സാന്നിധ്യം കുറവാണ്. കാക്കകളുടെ എണ്ണം താരതമ്യേനെ കൂടുതലാണെങ്കിലും മനുഷ്യപ്രയത്‌നങ്ങളെ തടസ്സപ്പെടുത്താത്തതിനാല്‍ ഇന്ത്യയില്‍ കാക്കകളെ ശല്യക്കാരായല്ല കണക്കാക്കുന്നത്. കൂടാതെ കാക്കകളുമായി ബന്ധപ്പെട്ട് മതപരമായ വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. അതേസമയം ആഗോള വ്യാപാരം മൂലം പെരുകിയ അധിനിവേശ ജീവികളുടെ പട്ടികയില്‍ ഇന്ത്യന്‍ കാക്കയുമുണ്ട്. ആഗോളചരക്കുനീക്കത്തിനൊപ്പമാണ് കാക്കകളുടെ ലോകസഞ്ചാരവും ആരംഭിച്ചതെന്ന് പക്ഷിനിരീക്ഷക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അത് ഇപ്പോഴും തുടരുന്നുണ്ടെന്നാണ് കണ്ടെത്തല്‍.
ഇന്ത്യന്‍ കാക്കകള്‍ പെരുകിയ സാഹചര്യത്തില്‍ സന്‍സിബാര്‍ സര്‍ക്കാര്‍ 2021ല്‍ നശീകരണ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഹൗസ് ക്രോ ഇറാഡിക്കേഷന്‍ പ്രോജക്ട് 2021-2026 എന്ന പദ്ധതിയിലൂടെ ഒരു നൂറ്റാണ്ടായി രാജ്യത്ത് ഗണ്യമായി വര്‍ധിച്ച കാക്കകളെ കൊന്നൊടുക്കുകയായിരുന്നു ലക്ഷ്യം.
References
- Firstpost: Saviours' to Kenya's biggest pest: Story of Indian crows in Africa
- Indian house crow Risk assesment ,Research by Steve Csurhes
- Frontline: Why Kenya plans to kill a million Indian crows
- DowntoEarth: Kenya vows to kill a million of them in next six months
- Rocha Kenya
Content Highlights: Kenya plans to eliminate Indian house crows
Published: 30 Jun 2024, 03:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented