
നമുക്ക് ഒരു ധാരണയുണ്ട്, എല്ലാ മൃഗങ്ങളും നമ്മളെപ്പോലെ തന്നെയാണ് ദഹനകാര്യത്തില്‍ എന്ന്. തിന്നുന്നു, ആമാശയത്തില്‍ എത്തുന്നു, അവിടെ ആമാശയ ഗ്രന്ഥികള്‍ സ്രവിപ്പിക്കുന്ന എന്‍സൈമുകള്‍ അതിനെ ദഹിപ്പിക്കുന്നു, സിമ്പിള്‍. അതിലെ ഗ്ലൂക്കോസ് രക്തത്തിലേക്ക് ആഗിരണം ചെയ്ത് ഊര്‍ജ്ജം ഉണ്ടാക്കുന്നു. എല്ലാ മൃഗങ്ങള്‍ക്കും രുചിയും നമ്മളെപ്പോലെയൊക്കെ ആകും എന്ന തെറ്റിദ്ധാരണയും ചിലര്‍ക്ക് ഉണ്ട്. അതുകൊണ്ടാണ്, മധുരം തിരിച്ചറിയാന്‍ പോലും ആകാത്ത പ്രിയപ്പെട്ട പൂച്ചയ്ക് പഞ്ചാരപ്പായസം വെച്ച് കൊടുക്കുന്നത്. (കുട്ടിക്കഥകളിലൊക്കെ കാക്കയും പൂച്ചയും പായസം വെച്ച കഥ ഉറപ്പാണല്ലോ).
അതെ, നമ്മുടെ ദഹനം സിമ്പിളും പവര്‍ഫുളും ആണ്. നമ്മള്‍ തിന്നുന്നത് നേരെ ആമാശയ സഞ്ചിയിലാണല്ലോ എത്തുക. അതിനുമുമ്പേ തന്നെ ഉമിനീരിലടക്കം ഉള്ള അമൈലേസ് പോലുള്ള എന്‍സൈമുകള്‍, നമ്മള്‍ കഴിച്ച ചോറ് പോലുള്ള ഭക്ഷണത്തിലെ സ്റ്റാര്‍ച്ചിനേയും മറ്റും രക്തത്തില്‍ അലിഞ്ഞ് ചേരും വിധമുള്ള ഗ്ലൂക്കോസാക്കി മാറ്റാനുള്ള പണി തുടങ്ങും. ഭക്ഷണത്തിലെ വിവിധ തരം കാര്‍ബോ ഹൈഡ്രേറ്റുകളില്‍, വെള്ളത്തില്‍ ലയിക്കുന്ന പഞ്ചസാരകളല്ലാത്തതും ഉണ്ടാകുമല്ലൊ. കുടിച്ച പാലിലെ ലാക്റ്റോസ് അടക്കം. അവയെല്ലാം ലളിതപഞ്ചസാരകളാക്കി മാറ്റിയാണ് രക്തത്തിലേക്ക് ആഗിരണം ചെയ്യിക്കുന്നത്.
ആമാശയത്തിലെ ഗ്രന്ഥികള്‍ സ്രവിപ്പിക്കുന്ന ഹൈഡ്രോക്ലോറിക്ക് ആസിഡും ദഹനരസങ്ങളും ആയി ചേര്‍ന്നാണ് ദഹനം നടക്കുന്നത്. ചെറുകുടലിലൂടെ കടന്നുപോകുമ്പോള്‍ ഈ ഗ്ലൂക്കോസ് ആഗിരണം ചെയ്യപ്പെടും, എന്നിട്ട് ശരീരത്തിലെ ഓരോ കോശങ്ങളിലും എത്തും. ശ്വസനത്തിലൂടെ നമ്മള്‍ അകത്തെടുക്കുന്ന ഓക്സിജനും കോശങ്ങളിലെത്തി, അതിന്റെ സഹായത്തോടെ പഞ്ചസാര കത്തിച്ചാണ് ഊര്‍ജ്ജം ഉണ്ടാക്കുന്നത്. ആ ഗ്ലൂക്കോസാണ് കോശങ്ങളില്‍ എത്തി നമുക്ക് വേണ്ട ഊര്‍ജ്ജമായി മാറുന്നത്. അധികമുള്ളത് കൊഴുപ്പാക്കി ശേഖരിക്കുന്നത്.
എന്നാല്‍, പശുവിനെപ്പോലുള്ളവയുടെ ദഹനം ഇതുപോലെ അല്ല. തിന്ന സസ്യഭാഗങ്ങളെ ഗ്ലൂക്കോസാക്കി മാറ്റിയല്ല ഊര്‍ജ്ജം ഉണ്ടാക്കുന്നത്. വൈക്കോലിലും മറ്റുമുള്ള സെല്ലുലോസ് പോലുള്ള പോളിസാക്കറൈഡുകളെ ഗ്ലൂക്കോസാക്കാന്‍ പറ്റുന്ന ദഹനരസങ്ങള്‍ ഒന്നും പശുവിന്റെ ആമാശയത്തിലും ഇല്ല. വയറിനകത്തുള്ള നിരവധി ഇനം സൂക്ഷ്മ ജീവികളാണ് സെല്ലുലോസ് അല്ലെങ്കില്‍ പുല്ല് തിന്നുന്നത് എന്ന് വേണമെങ്കില്‍ പറയാം. അവയുടെ ഭാഗമായി പുളിക്കല്‍ അഥവാ ഫെര്‍മെന്റ്‌റേഷന്‍ നടക്കും. സൂക്ഷ്മജീവികള്‍ പെറ്റ് പെരുകും. അതാണ് പശുവിന്റെ ശരിക്കുമുള്ള ഊര്‍ജ്ജ സ്രോതസ്.
ആളൊരു 'പച്ച പശു' ആണ് എന്ന് പറഞ്ഞാല്‍ പരമ സാധുവും ശുദ്ധനും എന്നൊക്കെയാണല്ലോ ധ്വനി. പോ 'പുല്ലേ'! എന്നോ 'വെറും പിണ്ണാക്ക്' എന്നോ ഒക്കെപറയുമ്പോള്‍ മനസില്‍ ഒന്നിനും കൊള്ളാത്തവ എന്നൊരു ധാരണ ഉണ്ടാകുകയും ചെയ്യും. എന്നാല്‍ പശുവും പുല്ലും പിണ്ണാക്കും ഒക്കെ തമ്മിലുള്ള ബന്ധം ഒന്നും അത്ര നിസാരക്കാര്യമല്ല. പുല്ല് പച്ചയായാലും ഉണങ്ങിപ്പഴകിയ വൈക്കോലായാലും, എന്തും പശു തിന്നും. മരത്തൊലി ആയാലും പിണ്ണാക്കായാലും ഏതു രൂപത്തിലും കോലത്തിലും ഉള്ള സെല്ലുലോസും പശുവിന്റെ ഉള്ളില്‍ എത്തിയാല്‍ ദഹിച്ചോളും. പുല്ലിലെ സങ്കീര്‍ണ്ണ രൂപഘടനയുള്ള സെല്ലുലോസ് എന്ന കാര്‍ബോഹൈഡ്രേറ്റ് പോളിമര്‍ ദഹിപ്പിക്കാന്‍ അയവെട്ടുകാരല്ലാത്ത മറ്റ് മൃഗങ്ങളില്‍ പലതിനും കഴിയില്ല , നമുക്കും കഴിയില്ല.
റൂമിനെന്റുകള്‍ എന്നു വിളിക്കുന്ന മേഞ്ഞുതിന്നു ജീവിക്കുന്ന ഇരട്ടക്കുളമ്പുള്ളവയില്‍ പെട്ട, അയവെട്ടുന്ന ജീവികളില്‍ പ്രധാനപ്പെട്ടതാണ് പശുക്കളടക്കമുള്ള പോത്തും എരുമയും ഒക്കെ. മാനുകള്‍, ജിറാഫുകള്‍, ഹിപ്പൊപൊട്ടാമാസ് തുടങ്ങിയവയും ഇവയില്‍ പെടും. നമ്മള്‍ 'ഓര്‍മകള്‍ അയവിറക്കുക' എന്നൊക്കെ പറയുന്നതുപോലെ ഇവരുടെ അയവിറക്കല്‍ ഒരു രസത്തിന് ചെയ്യുന്ന കാര്യമല്ല. അവരുടെ ദഹനം ഒരു വല്ലാത്ത ദഹനം ആണ്.

Public Domain, https://commons.wikimedia.org/w/index.php?curid=3541895
പശുവിനെപ്പോലുള്ളവയുടെ ദഹനവ്യവസ്ഥയില്‍ ഒരു ആമാശയമല്ല ഉള്ളത്. ഭക്ഷണമാക്കുന്ന പച്ചപ്പുല്ലും വൈക്കോലും മറ്റെല്ലാം തന്നെ നേരെ പോകുന്നത് റുമന്‍ എന്ന വമ്പന്‍ അറയിലേക്കാണ്. പണ്ടം എന്നു മലയാളത്തില്‍ പറയാറുണ്ട്. റുമന്‍, റെറ്റിക്കുലം, ഒമാസം, അബൊമാസം എന്നിങ്ങനെ പേരുള്ള നാല് ആമാശയ അറകള്‍ ഇവര്‍ക്ക് ഉണ്ട്. ഇടതുവശത്തായി വലിയ സഞ്ചിപോലെയുള്ള ഭാഗമാണ് റൂമന്‍. ഇത് ഓരോരോ പശുവിനങ്ങളുടെയും ബ്രീഡും വലിപ്പവും അനുസരിച്ച് വ്യത്യസ്തമായിരിക്കും. 50 ലിറ്ററിലധികം കൊള്ളും ചിലയിനങ്ങളുടെ റൂമനില്‍. ഇതില്‍ ധാരാളം പാളി അറകളുണ്ടാകും. റുമെന്‍ നിരവധിയിനം ബാക്റ്റീരിയകളുടെയും സൂക്ഷ്മജീവികളുടെയും കേദാരമാണ്.
ആരോഗ്യമുള്ള ഒരു പശുവിന്റെ റൂമനില്‍ നിന്നുള്ള ഒരു മില്ലി ലിറ്റര്‍ ദ്രാവകത്തില്‍ തന്നെ ഒരു ലക്ഷം കോടിയിലധികം ബാക്ടീരിയയും പത്തു ലക്ഷത്തിലധികം പ്രോട്ടോസോവകളും ഉണ്ടാകും.
പശുവിന്റെ റൂമനിലെ ഒരു മില്ലി ലിറ്റര്‍ ദ്രാവകത്തില്‍ ഒരു ലക്ഷം കോടിയിലധികം ബാക്ടീരിയയും പത്തു ലക്ഷത്തിലധികം പ്രോട്ടോസോവകളും ഉണ്ടാകും. തിന്ന പച്ചപ്പുല്ലിലും വൈക്കോലിലും പിണ്ണാക്കിലും ഉള്ള സസ്യകോശ ഭിത്തിയായ സെല്ലുലോസ് ദഹിപ്പിക്കാന്‍ ചെറിയ പണിയല്ല ഉള്ളത്. നമ്മുടെ വയറ്റില്‍ അത്തരം സഹായം ചെയ്യാന്‍ പറ്റുന്ന സൂക്ഷ്മജീവികള്‍ ഇല്ല. അതിനാലാണ് ഗതികെട്ടാലും പുല്ല് തിന്ന് നമുക്ക് ജീവിക്കാനാവാത്തത്.
റൂമന്‍ നിറയെ സൂക്ഷ്മാണുക്കളാണ് എന്ന് പറഞ്ഞല്ലോ. അവര്‍ക്ക് ജീവിക്കാനും പെറ്റുപെരുകാനും അനുകൂല പരിസ്ഥിതിയാണ് റുമന്റെ അകവശം. സത്യത്തില്‍ പുല്ലും വൈക്കോലും പിണ്ണാക്കും കാടിയും ഒന്നും പശുവിനുള്ളതല്ല എന്നും പറയാം. വയറിലെ കോടാനുകോടി പലതരം ജീവികള്‍ക്ക് തിന്നാനാണ് അത് വയറ്റില്‍ എത്തിച്ച് കൊടുക്കുന്നത്. എപ്പഴാ പുലി പിടിക്കുക എന്ന പേടി മൂലമാണ് പശുവും മാനും അടക്കമുള്ള പല കുളമ്പുജീവികളും കിട്ടിയ സമയം കൊണ്ട് പരമാവധി എന്ന വിധത്തില്‍ തീറ്റ അകത്താക്കുന്നത്.
വിസ്തരിച്ച് ചവച്ച് അരച്ച് തിന്നാന്‍ പോയാല്‍ സ്വന്തം ശരീരം വേറെ മൃഗങ്ങള്‍ കീറി മുറിച്ച് ചവച്ചരച്ച് തിന്നാനുള്ള സാദ്ധ്യത കൂടുതലാണല്ലോ. പരിണാമപരമായുള്ള അനുകൂലനമായാണ് പല അറകളുള്ള ഈ സ്റ്റോറേജ് . അതില്‍ ആദ്യം നിറച്ച് പിന്നീട്, സുരക്ഷിത സ്ഥാനത്ത് വിശ്രമിച്ച് , ഈ അറയില്‍നിന്നു നേരത്തെ അകത്താക്കിയ തീറ്റ കുറേശെയായി ഉരുട്ടി ഉണ്ടയാക്കി, തികട്ടി വായില്‍ കൊണ്ടൂവന്ന് വിശദമായി ഉമിനീരും കൂട്ടി ചവച്ചരച്ച് ഇറക്കലാണ് അയവെട്ടല്‍ എന്ന പരിപാടി.
Content Highlights: interesting facts about the intestine and digestive system of cow
Published: 04 Jul 2024, 12:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented