
നാഷണല് ജോഗ്രഫിക്കില് വന്ന മെലനിസ്റ്റിക്ക് കടുവയുടെ ചിത്രം, മെലനിസ്റ്റിക്ക് കടുവ | ഫോട്ടോ: എ.എന്‍.ഐ
വന്യതയുടെ എല്ലാ നിഗൂഢതകളും നിറഞ്ഞുനിൽക്കുന്ന ഒഡിഷയുടെ വടക്കേയറ്റത്തെ സിമിലിപാൽ ബയോപാർക്ക്. സിമുലി എന്ന് പേരുള്ള ചെമ്പിന്റെ നിറമുള്ള പൂക്കളോടു കൂടിയ വലിയ ഇലഞ്ഞിമരങ്ങൾ അവിടെ വലിയ തീപ്പൊരിക്കൂട്ടം പോലെ തോന്നിച്ചു. താഴെ പച്ചനിറത്തിലുള്ള വിരിപ്പിൽ അങ്ങിങ്ങ് വീണുകിടക്കുന്ന ഈ പൂക്കൾ തീക്കനലുകൾ പോലെ തിളങ്ങി. ഇടതൂർന്ന മരങ്ങളുടെ ഇടയിൽ നിന്നും വന്യതയുടെ ശക്തിസൗന്ദര്യങ്ങൾ മുഴുവൻ ആവേശിച്ച ഒരു ബംഗാൾ കടുവ മെല്ലെ മെല്ലെ ഇറങ്ങിവന്നു. സാധാരണ കടുവകളിൽ നിന്നും വ്യത്യസ്തമായി അതിന്റെ ശരീരത്തിൽ കറുത്ത, നീളത്തിലുള്ള മെലിഞ്ഞ വരകൾ ഒഴുകിപ്പടർന്ന് കരിഓയിൽ പോലെ വ്യാപിച്ചു കിടക്കുന്നു.
രണ്ടു മാസത്തിലധികമായി സിമിലിപാൽ വനത്തിൽ താൻ അന്വേഷിക്കുന്ന ഈ കടുവ മുന്നിൽ ഒരു ദേവദൂതനെ പോലെ വന്നുനിന്നപ്പോൾ പ്രശസ്ത ഫോട്ടോഗ്രാഫറും മോളിക്യുലാർ ബയോളജിസ്റ്റുമായ പ്രസേൻജീത് യാദവ് തന്റെ ക്യാമറയുടെ ലെൻസ് കൃത്യമായി ഫോക്കസ് ചെയ്ത് അതിന്റെ ചിത്രമെടുക്കുന്നു. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ലോകത്തിൽ ഇന്ത്യയിലെ സിമിലിപാലിൽ മാത്രമുള്ള ഇത്തരം കറുത്ത കടുവയുടെ ഒരു മനോഹരമായ ചിത്രം ഒരാൾക്ക് ലഭിക്കുന്നത്. ഈ ഫോട്ടോ നാഷണൽ ജ്യോഗ്രാഫിക് മാഗസിന്റെ മുഖചിത്രമായി ഒക്ടോബറിൽ വരുന്നു. ഫോട്ടോഗ്രാഫറുടെ ക്യാമറയിൽ പതിഞ്ഞത് T12 എന്ന് വിളിക്കുന്ന, പത്തു വയസ്സ് പ്രായമുള്ള, സിമിലിപാലിലെ ഒട്ടേറെ കറുത്ത കടുവകളുടെ പിതാവായ ബംഗാൾ കടുവയായിരുന്നു. കറുത്ത വരകളുടെ വീതി കൂടുന്ന സ്യൂഡോ മെലാനിസ്റ്റിക്ക് എന്ന പ്രത്യേക പ്രതിഭാസമാണ് ഈ കടുവയിൽ കണ്ടത്. ജെനിറ്റിക്സ് എന്ന ശാസ്ത്രശാഖയാണ് ഇതിനു പിന്നിലെ രഹസ്യങ്ങൾ വെളിച്ചത്ത് കൊണ്ടുവന്നത്.
നമ്മുടെയും മറ്റു ജീവികളുടെയും ത്വക്ക്, രോമങ്ങൾ, കണ്ണുകൾ എന്നിവയുടെ നിറങ്ങൾക്കാധാരമായ വർണവസ്തുവാണ് മെലാനിൻ. പ്രധാനമായും രണ്ടു തരത്തിലുള്ള മെലാനിൻ ആണ് ഉള്ളത്. ഒന്ന് ഓറഞ്ച് നിറം നൽകുന്ന ഫിയോമെലാനിൻ, രണ്ടു കറുപ്പ് നിറം നൽകുന്ന യൂമെലാനിൻ. ഈ രണ്ടു നിറങ്ങളും നമുക്ക് ബംഗാൾ കടുവയുടെ ശരീരത്തിൽ കാണാം. ഇരകൾ കാണാതെ കാട്ടിൽ പുൽപ്പടർപ്പുകളിലും മറ്റും ഒളിച്ചിരിക്കാനാണ് ഇത്തരം ഓറഞ്ച് നിറവും അതിൽ കറുത്ത വരകളും കടുവയ്ക്ക് പ്രകൃതി നൽകിയിരിയ്ക്കുന്നത്. ചില പഠനങ്ങൾ പറയുന്നത് മാൻ പോലുള്ള മൃഗങ്ങളുടെ കണ്ണുകൾക്ക് പച്ചയും നീലയും മാത്രമേ പ്രോസസ്സ് ചെയ്യാൻ കഴിയുന്നുള്ളൂ. അതിനാൽ അവയുടെ കണ്ണിൽ കടുവയുടെ നിറം പച്ചയിൽ കറുപ്പ് വരകളാണ്. ഇത് കടുവകൾക്ക് വളരെ സഹായകമാണ്. ട്രാൻസ്മെമ്പറേൻ അമിനോപെപ്റ്റിഡെയ്സ് അഥവാ ടാഖ്പെഖ് എന്ന ജീനാണ് കടുവയിലും പൂച്ചകളിലും ഇങ്ങനെ വരകൾ ഉണ്ടാക്കുന്നത്. മാതാപിതാക്കളിൽ നിന്നും കൈമാറ്റം ചെയ്യപ്പെടുന്ന ഈ ജീൻ ഭ്രൂണാവസ്ഥയിൽ തന്നെ അവയ്ക്ക് വരകൾ ഉണ്ടാക്കുന്നുണ്ട്. അതായത് ഈ കളറുകളും വരകളും അവയുടെ രോമത്തിൽ മാത്രമല്ല, ത്വക്കിലുമുണ്ട്. ഇടയ്ക്ക് ഒരു കടുവയ്ക്ക് ഒരു ശസ്ത്രക്രിയയ്ക്ക് വേണ്ടി രോമങ്ങൾ വടിച്ചപ്പോഴാണ് തൊലിയിലും ഈ നിറങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയത്.
ഒരു ജീവിയുടെ ഓരോ കോശത്തിനുള്ളിലുമുള്ള ന്യൂക്ലിയസിൽ ക്രോമോസോമുകൾ കാണപ്പെടുന്നു. ഈ ക്രോമോസോമുകൾ നിർമ്മിക്കാൻ ഉപയോഗിച്ച ചെയിൻ പോലെയുള്ള ചുറ്റുകളെയാണ് DNA എന്ന് വിളിക്കുന്നത്. DNAയിൽ കോഡുകൾ എഴുതപ്പെട്ടിരിക്കുന്നത് അഡെനൈൻ (A), തൈമിൻ (T), സൈറ്റോസിൻ (C), ഗ്വാനിൻ (G) എന്നീ ബേസ് തന്മാത്രകൾ ഉപയോഗിച്ചാണ്. ഒട്ടനവധി വൈവിധ്യത്തോടെ ക്രമീകരിക്കാൻ കഴിയുന്ന ഈ കോഡുകളിൽ അടങ്ങിയിരിക്കുന്ന പ്രത്യേക വിവരങ്ങളെ ജീൻ എന്ന് വിളിയ്ക്കുന്നു. ഈ ജീനിലെ ബേസ് അക്ഷരങ്ങളിൽ എന്തെങ്കിലും കാരണവശാൽ ഉണ്ടാകുന്ന മാറ്റങ്ങൾ 'മ്യൂട്ടേഷൻ' എന്ന അവസ്ഥയിൽ കൊണ്ടെത്തിക്കുന്നു.
സാധാരണ കടുവകളുടെ വരകൾ നിശ്ചയിക്കുന്ന ടാഖ്പെഖ് ജീനിലെ 1360-ാം പൊസിഷനിൽ C ബേസിനു പകരം T ബേസ് വരുമ്പോഴാണ് സിംലിപ്പാലിലെ കടുവകളുടെ കറുത്തവരകൾ ശരീരത്തിൽ പടർന്നുപോകുന്നത്. ജീനിലുണ്ടാകുന്ന വളരെ ചെറിയ ഒരു ബേസ് അക്ഷരം മാറൽ എത്രമാത്രം വലിയ അനന്തരഫലങ്ങളാണ് അവയുടെ ത്വക്കിൽ വരുത്തുന്നതെന്നോർക്കുക. എന്നാൽ, നമ്മളുൾപ്പടെയുള്ള എല്ലാ ജീവികളിലും മ്യൂട്ടേഷൻ പലപ്പോഴും സംഭവിക്കാറുണ്ട്. എന്നാൽ കോശങ്ങൾക്ക് ഇങ്ങനെ ഉണ്ടാകുന്ന മാറ്റങ്ങൾ ഇല്ലായ്മ ചെയ്യുവാനുള്ള പല സംവിധാനങ്ങളുമുണ്ട്. സാധാരണ മസ്സിൽ സെല്ലുകളിലും ത്വക്ക് സെല്ലുകളിലും ആണ് മ്യൂട്ടേഷൻ പെട്ടെന്ന് സംഭവിക്കുന്നത്. ബീജത്തിലും അണ്ഡത്തിലും ഉണ്ടാകുന്ന മ്യൂട്ടേഷൻ അതിന്റെ സംയോജനത്തിലൂടെ ഉണ്ടാകുന്ന എല്ലാ കോശങ്ങളിലും എത്തുകയും വളരെ വലിയ മാറ്റങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
പുതിയ കണക്കനുസരിച്ച് സിമിലിപാലിലെ ആകെയുള്ള 24 കടുവകളിൽ 13 എണ്ണവും ഇന്നിങ്ങനെ കറുത്ത വരകൾ ഒഴുകിപ്പടർന്ന രൂപത്തിലാണ്. ഈ മ്യൂട്ടേഷൻ കൊണ്ട് കടുവകൾക്കുണ്ടാകുന്ന സ്യൂഡോ മെലാനിസ്റ്റിക് എന്ന അവസ്ഥ ഇന്ത്യയിലെ സിമിലിപാലിൽ മാത്രം കാണുന്നത് എന്തുകൊണ്ടാണെന്ന് നോക്കാം. ഇവിടുത്തെ കടുവകൾ ഏതാണ്ട് 50 തലമുറകൾക്കു മുൻപേ തന്നെ മറ്റു കടുവ സമൂഹങ്ങളിൽ നിന്നും ഒറ്റപ്പെട്ടു. ഇവയുടെ തൊട്ടടുത്തുള്ള കടുവ സമൂഹങ്ങൾ തന്നെ ഏതാണ്ട് 800 ഓളം കിലോമീറ്റർ അകലെയാണ്. ഒരു കടുവയ്ക്ക് സാധാരണ സഞ്ചരിക്കാൻ കഴിയാത്ത ഒരു ദൂരമാണിത്. ഇത് മറ്റു പല കടുവകളിൽ നിന്നുമുള്ള തലമുറകളിലൂടെയുള്ള സ്വാഭാവികമായ ജീനിന്റെ ഒഴുക്ക് തടസ്സപ്പെടുത്തി. അങ്ങിനെ ജനിതക വൈവിധ്യം ഇല്ലാതാക്കി. ഇതിനെ ആവാസ വ്യവസ്ഥാ വിച്ഛേദനം എന്ന് വിളിക്കാം.
ഇങ്ങനെയുള്ള ഒറ്റപ്പെടൽ ഇവയിൽ രക്തബന്ധങ്ങൾ തമ്മിലുള്ള കൂടിച്ചേരലുകൾ കൂടുതലാക്കി. അങ്ങനെ ജനിക്കുന്ന കുട്ടികളിലും മ്യൂട്ടേഷൻ കൈമാറ്റം ചെയ്യപ്പെടുന്നു. കറുത്ത കടുവകൾ ജനിക്കണമെങ്കിൽ 2 കോപ്പി മ്യൂട്ടന്റ് ജീനുകൾ, അതായത് ഒന്ന് പിതാവിൽ നിന്നും രണ്ടാമത്തേത് മാതാവിൽ നിന്നും ആവശ്യമുണ്ട്. രക്തബന്ധങ്ങൾ തമ്മിലുള്ള കൂടിച്ചേരൽ പതിവായ സിമിലിപാലിൽ ഇതിനുള്ള സാധ്യത ഏറെ കൂടുതലാണ്. ജനിതക വ്യതിയാനം എന്ന അവസ്ഥയാണ് പ്രധാനപ്പെട്ട മറ്റൊരു കാരണം. ഒരു സമൂഹത്തിൽ അഞ്ച് ചുവപ്പ് ജീവികളും അഞ്ച് നീല ജീവികളും ഉണ്ടെന്നിരിക്കട്ടെ. ഇവ സംയോജിച്ച് ഉണ്ടാകുന്ന 10 ജീവികളിൽ നിന്നും കണ്ണടച്ച് അഞ്ചെണ്ണം തിരഞ്ഞെടുക്കുക. അതിൽ മൂന്ന് ചുവപ്പും, രണ്ട് നീലയും ആണെന്നിരിക്കട്ടെ. ഇവ തമ്മിലുള്ള സംയോജനം മൂലമുണ്ടാകുന്ന 10 ജീവികളിൽ ആറെണ്ണം ചുവപ്പും നാലെണ്ണം നീലയും ആണെങ്കിൽ, ഇത് ഇങ്ങനെ തുടരുകയാണെങ്കിൽ കുറച്ചുകാലം കഴിയുമ്പോൾ ജനിക്കുന്ന കുട്ടികളെല്ലാവരും ചുവപ്പായിരിക്കും. ഇത്തരമൊരു പ്രത്യേക അവസ്ഥയിലൂടെയാണ് സിമിലിപാലിലെ കടുവകൾ കടന്നുപോകുന്നത്.
കടുവകളുടെ ജീനുകളെ പറ്റിയുള്ള പഠനം അത്ര എളുപ്പമുള്ള ഒന്നല്ല. പരിശോധനയ്ക്കു വേണ്ട സാമ്പിളുകൾ കിട്ടുക എന്നത് വളരെ ശ്രമകരമാണ്. കടുവയുടെ കാഷ്ഠങ്ങളിൽ നിന്നും രോമങ്ങളിൽ നിന്നും ജഡങ്ങളിൽ നിന്നുമാണ് ശാസ്ത്രജ്ഞർ DNA പഠനത്തിന് വേണ്ടി സാമ്പിളുകൾ ശേഖരിക്കുന്നത്. സാധാരണ ബംഗാൾ കടുവകളുടെയും കറുത്ത കടുവകളുടെയും മുഴുവൻ DNA യും പരിശോധിച്ചപ്പോൾ ഒരേയൊരു ജീനിൽ മാത്രമാണ് വലിയ വ്യത്യാസം കാണിച്ചത്. അതാണ് ടാഖ്പെഖ് ജീനിലെ മ്യൂട്ടേഷൻ സംബന്ധിച്ചുള്ള പഠനത്തിലെത്തിച്ചത്. കടുവകളിൽ കറുപ്പ് നിറം പടരുന്നത് ഒരു രോഗമല്ല. കറുത്ത കടുവകൾ മറ്റൊരു സ്‌പീഷീസുമല്ല. പക്ഷെ, ഇത്തരത്തിലുള്ള ഒരു ഒറ്റപ്പെട്ടതും രക്തബന്ധവുമുള്ള സമൂഹം കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നശിച്ചുപോകാൻ സാധ്യത ഏറെയാണ്. അതുപോലെ നിറംമാറ്റം അവയുടെ ഒളിച്ചിരിക്കാനുള്ള ശേഷി കുറയ്ക്കുകയും താരതമ്യേന ഇരപിടിക്കാനുള്ള ശേഷി കുറയ്ക്കുകയും ചെയ്യും. ഒറ്റപ്പെട്ട ഈ സമൂഹത്തിലേക്ക് കൂടുതൽ സാധാരണ കടുവകളെ കൊണ്ട് വന്ന് ജനിതക വൈവിധ്യം വർധിപ്പിക്കുകയും, ജനിതക വ്യതിയാനം തടയുകയും ചെയ്യുക എന്നതാണ് ഒരു പ്രധാന പോംവഴി. മാനുഷികമായ ഇടപെടൽ മൂലം കാടുകളുടെ കണക്റ്റിവിറ്റി നഷ്ടപ്പെടുന്നത് ഒരു പ്രദേശത്തു ജീവിക്കുന്ന ജീവികളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുകയും അത് അവയുടെ വംശനാശത്തിന് കാരണമാകുന്നു എന്നതിനും ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ മനോഹരമായ ഫോട്ടോഗ്രാഫ്.
(കോഴിക്കോട് എന്‍.ഐ.ടി കെമിസ്ട്രി വിഭാഗം പ്രൊഫസറാണ് ലേഖകന്‍)
Content Highlights: Genetic Details of Melanistic Tigers in Similipal Tiger Reserve
Published: 24 Oct 2025, 01:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented