ലോകത്തിലെ തന്നെ ജൈവവൈവിധ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട എട്ട് മേഖലകളില്‍ (ഹോട്ട്‌സ്‌പോട്ട്) ഒന്നായിട്ടാണ് പശ്ചിമഘട്ട മലനിരകള്‍ യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്. ഹിമാലയന്‍ പര്‍വത ശൃംഖലയേക്കാള്‍ പഴക്കമുള്ള പശ്ചിമഘട്ടം ഭൂമിശാസ്ത്രപരമായി ആഗോള പ്രാധാന്യമുള്ളതും അതേസമയം അതിലോലവുമാണ്. ഏകദേശം 30 കിലോമീറ്ററോളം വരുന്ന പാലക്കാട് വിടവ് ഒഴിച്ചാല്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തിന് ഏതാണ്ട് സമാന്തരമായി വടക്ക് ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ മുതല്‍ തെക്ക് കര്‍ണാടക, കേരളം, തമിഴ്‌നാട് വരെയും 1600 കിലോമീറ്ററോളം ഈ മലനിരകള്‍ തുടര്‍ച്ചയായി വ്യാപിച്ച് കിടക്കുന്നു.

To advertise here,

എന്നിരുന്നാലും, പശ്ചിമഘട്ടത്തിന്റെ ഏറ്റവും അപകടമേറിയ ഭാഗങ്ങള്‍ കേരളത്തിലാണുള്ളത്. ഇന്ത്യന്‍ വന്‍കരയിലെ ഏറ്റവും ഉയര്‍ന്ന സംരക്ഷിത പ്രദേശമുള്ള (15%) പശ്ചിമഘട്ടം 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം പരിസ്ഥിതിലോല പ്രദേശമാണ്. അതായത്, ഇവിടങ്ങളില്‍ നിര്‍മാണ പ്രവൃത്തികള്‍ക്കും മറ്റും ഒരുപാട് നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. ഇതിനൊരു പ്രധാന കാരണം ചെരിവുള്ള മലനിരകളും അതോടൊപ്പം ഭൂമികുലുക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നീ അപകട സാധ്യതകളുമാണ്. കൂടാതെ, നിരവധി ദേശീയോദ്യാനങ്ങളും വന്യജീവിസങ്കേതങ്ങളുമുള്ള പശ്ചിമഘട്ടത്തില്‍ ആഗോളതലത്തില്‍ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുമുണ്ട്.

മനുഷ്യന്റെ കടന്നുകയറ്റമാണ് പശ്ചിമഘട്ടത്തിലെ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയത്. ആദ്യകാലങ്ങളില്‍ തേയില, കാപ്പി, ഏലം, റബ്ബര്‍ തുടങ്ങിയ കൃഷിയുമായി ബന്ധപ്പെട്ടാണ് വയനാട്ടിലും മറ്റും കിഴക്കന്‍ മലനിരകളില്‍ ജനങ്ങള്‍ പാര്‍പ്പിടമുണ്ടാക്കി താമസിക്കാന്‍ തുടങ്ങിയത്. തോട്ടം തൊഴിലാളികളെ സംബന്ധിച്ച് മലയോരത്ത് വീടുണ്ടാക്കി താമസിക്കേണ്ടത് സാമൂഹിക ആവശ്യമായി മാറുകയായിരുന്നു. തോട്ടങ്ങള്‍ മണ്ണിടിച്ചില്‍ ഉണ്ടാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതിനാല്‍ അവ സ്ഥലത്തിന് അനുയോജ്യമായ രീതിയില്‍ പരിപാലിക്കേണ്ടതുണ്ട്. പിന്നീട്, 1980-'90 കാലഘട്ടങ്ങളില്‍ ഇവിടെ ടൂറിസം പ്രോത്സാഹിപ്പിക്കപ്പെട്ടത് ശരിയായ ഭൗമപഠനങ്ങളില്ലാതെ കൂടുതല്‍ പാര്‍പ്പിടങ്ങള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേ തുടങ്ങിയവ നിര്‍മിക്കുന്നതിനും കാരണമായി. ഇത് പിന്നീട് പശ്ചിമഘട്ടത്തെ ജനസാന്ദ്രത കൂടിയ സ്ഥലമാക്കി മാറ്റി.

മലയോര പ്രദേശങ്ങള്‍ വെട്ടിത്തെളിച്ച് തുടങ്ങിയതോടെ അവിടത്തെ ഭൂവിനിയോഗം, മണ്ണ്, നീര്‍ച്ചാലുകള്‍, മഴ, പ്രാദേശിക കാലാവസ്ഥ എന്നിവയിലും മാറ്റങ്ങളുണ്ടാക്കാന്‍ തുടങ്ങി. കൂടാതെ അശാസ്ത്രീയമായി തുടങ്ങിയ ഖനനങ്ങളും അവിടങ്ങളിലെ സ്‌ഫോടനങ്ങളും ഉരുള്‍പൊട്ടലിനും മറ്റും ആക്കം കൂട്ടുന്നു. കേരളത്തിന്റെ കാലാവസ്ഥയില്‍ പശ്ചിമഘട്ടത്തിന്റെ പങ്ക് വളരെ വലുതാണ്. അറബിക്കടലില്‍ നിന്നും കിഴക്കോട്ടേക്ക് വീശുന്ന കാറ്റ് വഹിക്കുന്ന ഈര്‍പ്പമേറിയ വായു മലനിരകളില്‍ തട്ടി മുകളിലേക്ക് ഉയരുന്നതോടൊപ്പം ഉണ്ടാകുന്ന മഴയാണ് (ശൈല വൃഷ്ടി) കേരളത്തില്‍, പ്രത്യേകിച്ച് പശ്ചിമഘട്ടത്തിലും താഴ്​വാരങ്ങളിലും പ്രധാനമായും കണ്ടുവരാറുള്ളത്.

ഉയരം കൂടിയതും ചരിവുള്ളതുമായ പ്രതലങ്ങളില്‍ മഴ പെയ്യുമ്പോള്‍ മണ്ണ് കുതിര്‍ന്ന് ഒലിച്ചിറങ്ങുന്നത് സാധാരണമാണ്. ഇതോടൊപ്പം മണ്ണിനെ ഭൂമിയോട് ചേര്‍ത്തുനിര്‍ത്തുന്ന ബലം കുറയുകയും ഗുരുത്വാകര്‍ഷണ ബലം ഏറുകയും ചെയ്യുമ്പോള്‍ ചെരിവുകളിലൂടെ മണ്ണ് ശീഘ്രം താഴേക്ക് പതിക്കുന്നു. കുന്നിന്റെ ഒരു ഭാഗം താഴേക്ക് പതിക്കുന്നതാണ് മണ്ണിടിച്ചില്‍ (ലാന്‍ഡ് സ്ലിപ്). പാറകള്‍ക്ക് സ്ഥാനചലനം ഉണ്ടാകുമ്പോഴാണ് ശില തെന്നിമാറല്‍ (ലാന്‍ഡ് സ്ലൈഡ്) സംഭവിക്കുന്നത്. ഉരുള്‍പൊട്ടലില്‍ (ഡെബ്രിസ് ഫ്ളോ) മണ്ണും ചെളിയും ശിഥിലമായ പാറകളും പര്‍വത ചരിവുകളില്‍ നിന്ന് താഴേക്ക് കുതിക്കുന്നതോടൊപ്പം ഭൂമിയുടെ ഉള്ളിലേക്ക് അരിച്ചിറങ്ങുന്ന ജലത്തിന്റെ സ്വാധീനവും കാണാം. ഇതോടൊപ്പം ഭൂമി പിളരല്‍, ഇടിഞ്ഞുതാഴല്‍ തുടങ്ങിയ പ്രതിഭാസങ്ങളും കണ്ടുവരാറുണ്ട്. എന്നിരുന്നാലും കേരളത്തില്‍ ഏറ്റവും വ്യാപകമായത് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമാണ്.

കേരളത്തിലെ അറിയപ്പെടുന്ന ഏറ്റവും പഴയ ഉരുള്‍പൊട്ടല്‍ 1882 ഒക്ടോബര്‍ 4-ന് കോട്ടയത്തെ മേലടുക്കത്താണ് സംഭവിച്ചത്. വയനാടിന്റെയും മറ്റു കിഴക്കന്‍ മലയോര മേഖലകളുടെയും ചരിത്രത്തില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സാധാരണമാണ്. എന്നാല്‍, സ്വാഭാവികമായ മണ്ണിന്റെയും ജലത്തിന്റെയും ഒഴുക്ക് തടയുന്ന രീതിയിലുള്ള മനുഷ്യ പ്രവര്‍ത്തനങ്ങളും ഭൂവിനിയോഗത്തിലെ മാറ്റങ്ങളും ഉരുള്‍പൊട്ടലിനോട് അനുബന്ധിച്ച ദുരന്തങ്ങളുടെ തീവ്രത വര്‍ധിക്കാന്‍ ഹേതുവായിട്ടുണ്ട്. ആദ്യകാലങ്ങളില്‍ ഇവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ ജനജീവിതത്തെ സാരമായി ബാധിക്കാതിരുന്നത് അന്നത്തെ ആ പ്രദേശങ്ങളിലെ മണ്ണിന്റെ ഉറപ്പും വലിയ മരങ്ങളുടെ വേരുകള്‍ തീര്‍ക്കുന്ന പ്രതിരോധവുമെല്ലാം കൊണ്ടാണ്. കൂടാതെ കുറഞ്ഞ ജനസാന്ദ്രതയും മരണനിരക്കില്‍ വലിയ ആശങ്കയ്ക്ക് ഇടവരുത്തിയിരുന്നില്ല. ഇന്ന് സ്ഥിതി മറിച്ചാണ്. ഭൂവിനിയോഗത്തിലും മണ്ണിന്റെ ഘടനയിലും പ്രാദേശിക കാലാവസ്ഥയിലും വന്ന മാറ്റങ്ങളും ഉയര്‍ന്ന ജനസാന്ദ്രതയും പ്രകൃതി ദുരന്തങ്ങളില്‍ വലിയ നാശനഷ്ടങ്ങള്‍ക്ക് വഴിവയ്ക്കുന്നു.

ഇവിടെ ചേര്‍ത്തു വായിക്കേണ്ട മറ്റൊരു യാഥാര്‍ഥ്യം കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനമാണ്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ലോകത്തെല്ലായിടത്തും പ്രകടമാണെങ്കിലും പ്രാദേശികമായി അതില്‍ ഏറ്റക്കുറച്ചിലുകളുണ്ട്. അത് ഭൂപ്രകൃതി, ഭൂവിനിയോഗം, ജലാശയങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശത്ത് അവ നിര്‍ണ്ണയിക്കുന്നതില്‍ കാലാവസ്ഥ ഒരു പ്രധാന ഘടകമാണ്. ചരിവ്, മണ്ണിന്റെ സ്വഭാവം, പാറകളുടെ ഘടന തുടങ്ങിയവയാണ് മറ്റ് ഘടകങ്ങള്‍. ഭൂമിശാസ്ത്രപരമായ മാറ്റമുണ്ടാകുമ്പോള്‍ അത്തരം ഘടകങ്ങളെല്ലാം വീണ്ടും സജീവമാകും. പാറകളില്‍ നിന്ന് നീരുറവകളായി വെള്ളം ഒഴുകാന്‍ വഴികളുണ്ട്. എന്നാല്‍ കനത്തതും തുടര്‍ച്ചയായതുമായ മഴ പെയ്യുമ്പോള്‍, വെള്ളം തടഞ്ഞുനിര്‍ത്താനുള്ള പാറകളുടെ ശേഷി കുറയുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. അത്തരത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്ര വിപരീതഫലങ്ങള്‍ അനുഭവപ്പെടുന്ന പ്രദേശമായി കേരളം മാറിയിട്ടുണ്ട്.

placeholder
പശ്ചിമഘട്ടം | photo: C.R.Gireeshkumar

പശ്ചിമഘട്ടത്തിലേക്ക് വരുമ്പോള്‍ ആദ്യകാലങ്ങളില്‍ വയനാട്ടിലെ മലയോരങ്ങളില്‍ ലഭിച്ചിരുന്നത് നൂല്‍മഴ പോലെ തുടര്‍ച്ചയായ നേരിയ മഴയായിരുന്നു. കഴിഞ്ഞ ദശകം മുതല്‍ ഇതില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചത് നമുക്ക് അനുഭവമുള്ളതാണ്. ദൈര്‍ഘ്യമേറിയ നൂല്‍മഴയില്‍ നിന്നും അപ്രതീക്ഷിതമായി അതിതീവ്രവും പലപ്പോഴും ഹ്രസ്വവുമായ പേമാരിയിലേക്കുള്ള മാറ്റവും അതോടൊപ്പമുള്ള ദുരന്തങ്ങളും പ്രകടമാണ്. മേഘവിസ്‌ഫോടനം പണ്ട് കേരളത്തില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്തതായിരുന്നെന്ന് ഓര്‍ക്കണം. ആഗോളതാപനത്തോട് അനുബന്ധിച്ച് അറബിക്കടല്‍ ഗണ്യമായി ചൂട് പിടിക്കുന്നതും അന്തരീക്ഷ ചംക്രമണത്തിലെ മാറ്റങ്ങളുമാണ് സമീപകാലത്ത് കേരളത്തില്‍ മഴമേഘങ്ങള്‍ ദ്രുതഗതിയില്‍ രൂപം കൊള്ളുന്നതിനും അതിതീവ്ര മഴയുണ്ടാകുന്നതിനും കാരണമാകുന്നത്.

തെക്കുകിഴക്കന്‍ അറബിക്കടലില്‍ ചൂട് കൂടുന്നു, ഇത് കേരളമുള്‍പ്പെടെ ഈ പ്രദേശത്തിന് മുകളിലുള്ള അന്തരീക്ഷ അസ്ഥിരതയ്ക്ക് കാരണമാകുന്നു. ഇത്തരം തീവ്രവൃഷ്ടികള്‍ മണ്ണൊലിപ്പിന്റെയും ഉരുള്‍പൊട്ടലിന്റെയും സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മേഘവിസ്‌ഫോടനങ്ങള്‍ കൂടുതലായും അതിശക്തിയോടെയും സംഭവിക്കുന്നതില്‍ മനുഷ്യപ്രേരിത കാലാവസ്ഥാ വ്യതിയാനത്തിന്റെ പങ്ക് ചെറുതല്ല. ആഗോളതാപനം ലഘൂകരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാത്ത പക്ഷം ഈ സ്ഥിതിവിശേഷം കുറച്ചധികം കാലത്തേക്ക് ഇങ്ങനെതന്നെ തുടരാനോ കൂടുതല്‍ മോശമാകാനോ ആണ് സാധ്യത. ഇതിനൊരു പരിഹാരം കാണാന്‍ പ്രാദേശിക ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ഇടപെടലുകളും സഹകരണവും അനിവാര്യമാണ്.

കാലാവസ്ഥാ വ്യതിയാനവും അതോടൊപ്പമുള്ള ദുരന്തങ്ങളും യാഥാര്‍ഥ്യമാണെന്ന് അംഗീകരിക്കുകയാണ് നാം ആദ്യം ചെയ്യേണ്ടത്. കൂടാതെ, പരിസ്ഥിതിലോല പ്രദേശങ്ങളില്‍ താമസിക്കാനോ മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കോ പോകാതിരിക്കാനും ഖനന പ്രക്രിയകളില്‍ ഏര്‍പ്പെടാതിരിക്കാനും നമ്മള്‍ തീരുമാനിക്കേണ്ടതുണ്ട്. ഉറപ്പുള്ള മണ്ണ്, വേരോട്ടമുള്ള മരങ്ങള്‍, നീര്‍ച്ചാലുകള്‍, പുഴകള്‍ തുടങ്ങിയവ ഭൂമിയുടെ ആരോഗ്യം നിലനിര്‍ത്തി ഒരു പരിധി വരെ മണ്ണൊലിപ്പും ഉരുള്‍പൊട്ടലും ചെറുക്കാന്‍ സഹായകമാണ്. പശ്ചിമഘട്ടത്തെക്കുറിച്ച് പഠിച്ച രണ്ട് വിദഗ്ധ സംഘങ്ങളും (ഗാഡ്ഗില്‍ കമ്മിറ്റി, കസ്തൂരിരംഗന്‍ കമ്മിറ്റി) അത് സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നുണ്ട്.

2010-ലെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് മുഴുവന്‍ പശ്ചിമഘട്ടവും (100%) പരിസ്ഥിതി ലോല പ്രദേശമാണെന്നാണ്. അതുകൊണ്ട് തന്നെ നിലവില്‍ അവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ ക്വാറികളും ഖനന പ്രക്രിയകളും 5 വര്‍ഷത്തിനകം നിര്‍ത്തിവെക്കാനും പുതിയവയ്ക്ക് അനുമതി കൊടുക്കാതിരിക്കാനും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂടാതെ, കൃഷിഭൂമിയും വനഭൂമിയും ഇതര ഭൂമിയാക്കാന്‍ പാടില്ല, വലിയ ഡാമുകളോ ജലവൈദ്യുത നിലയങ്ങളോ പാടില്ല, റെയില്‍വേയും വലിയ റോഡുകളും പാടില്ല, നിലവിലുള്ള മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായശാലകള്‍ ഒട്ടും മലിനീകരണം ഇല്ലാത്തതിലേക്ക് മാറണം, ഏകവിള കൃഷി പാടില്ല, ജൈവകൃഷി പ്രോത്സാഹിപ്പിക്കണം, കെട്ടിടങ്ങള്‍ പരിസ്ഥിതി സൗഹൃദ രീതിയിലുള്ളതായിരിക്കണം തുടങ്ങി നിരവധി നിയന്ത്രണങ്ങള്‍ ഈ റിപ്പോര്‍ട്ട് മുന്നോട്ട് വെച്ചിട്ടുണ്ട്.

എന്നാല്‍, പരിസ്ഥിതിയെ മാത്രം മുന്നില്‍ കണ്ട് തയ്യാറാക്കിയ റിപ്പോര്‍ട്ട് ആണെന്നും സാധാരണ ജനങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നുമാണ് പൊതുവെ ഉയര്‍ന്നു വന്ന പ്രതിഷേധം. ഈ റിപ്പോര്‍ട്ടിന്റെ മാതൃഭാഷയിലുള്ള സംക്ഷിപ്ത രൂപം അതാത് പ്രദേശങ്ങളിലെ ജനങ്ങളിലേക്കും ജനപ്രതിനിധികളിലേക്കും എത്തിച്ച് അവരുമായി ചര്‍ച്ച ചെയ്ത് പരിഹാര നടപടികളിലേക്ക് കടക്കണമെന്ന കമ്മിറ്റിയുടെ നിര്‍ദേശവും വേണ്ടത്ര ഫലം കണ്ടില്ല. തീര്‍ച്ചയായും സാധാരണ ജനങ്ങളുടെ ജീവിതത്തെ കാര്യമായി ബാധിക്കാത്ത രീതിയിലുള്ള വിട്ടുവീഴ്ച്ചകള്‍ ചെയ്തുകൊണ്ട് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള പരിഹാരങ്ങള്‍ നടപ്പിലാക്കേണ്ടത് അനിവാര്യവുമാണ്.

പ്രാഥമികമായി, ഭരണകൂടം ഭൂമി തരംതിരിച്ച് പാര്‍പ്പിടയോഗ്യമല്ലാത്തതോ അതിലോലമോ ആയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. മലയോരങ്ങള്‍ പോലെത്തന്നെ കടല്‍ത്തീരങ്ങളും ഇതില്‍പ്പെടും. ഉരുള്‍പൊട്ടല്‍ സാധ്യത, കടലേറ്റ സാധ്യത തുടങ്ങി പ്രകൃതിദുരന്തങ്ങളുടെ പ്രധാന അപകട മേഖലകളായ പ്രദേശങ്ങളെ കൃത്യമായി തരംതിരിക്കണം. ഉയര്‍ന്ന പ്രദേശങ്ങളിലെ ഭൂവിനിയോഗ രീതി സൂക്ഷ്മമായി നിരീക്ഷിക്കണം. എല്ലാറ്റിനും ഉപരിയായി, അതിലോലവും ദുര്‍ബലവുമായ പ്രദേശങ്ങളില്‍ പരിസ്ഥിതിസൗഹൃദ പ്രവര്‍ത്തനങ്ങള്‍ മാത്രം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.

ഐ.എസ്.ആര്‍.ഒ. നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്റര്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ അറ്റ്‌ലസ് അനുസരിച്ച്, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള 30 ജില്ലകളില്‍ 10-ഉം കേരളത്തിലാണ്. ഈ അറ്റ്‌ലസ് പ്രകാരം തൃശൂര്‍ ജില്ല - 3, പാലക്കാട് - 5, മലപ്പുറം - 7, കോഴിക്കോട് - 10, എറണാകുളം - 15, വയനാട് - 13, ഇടുക്കി - 18, കോട്ടയം - 24, കണ്ണൂര്‍ - 26, തിരുവനന്തപുരം - 28, പത്തനംതിട്ട - 33, കാസര്‍കോട് - 44, കൊല്ലം - 48 എന്നിങ്ങനെ സ്ഥാനങ്ങളിലാണ് ഉള്ളത്. വയനാട് ജില്ലയിലെ പ്രധാന ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകള്‍ വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നീ താലൂക്കുകളിലാണ് ഉള്ളത്. ഈ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല തുടങ്ങിയ പ്രദേശങ്ങള്‍ വൈത്തിരി താലൂക്കില്‍ ഉള്‍പ്പെടുന്നു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മനുഷ്യവാസത്തിന് നിയന്ത്രണങ്ങള്‍ വരുത്തേണ്ടതുണ്ട്, അങ്ങനെ മനുഷ്യജീവന്റെ നഷ്ടം ഒഴിവാക്കാനാകും.

ഇത്തരം പ്രദേശങ്ങളോട് ചേര്‍ന്നുകിടക്കുന്ന ഇടങ്ങളില്‍ താമസിക്കുന്ന ആളുകള്‍ കാലാവസ്ഥാ-ദുരന്തനിവാരണ വിഭാഗങ്ങളുടെയും ഭരണകൂടത്തിന്റെയും മുന്നറിയിപ്പുകള്‍ കൃത്യമായി ഉള്‍ക്കൊണ്ട് അതിന് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടത് ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗമാണ്. നമ്മുടെ ഭൂമിയില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രകൃതി ദുരന്തങ്ങളില്‍ നിന്നും പരിപൂര്‍ണ മുക്തമായ പ്രദേശങ്ങള്‍ ഉണ്ടാകാന്‍ സാധ്യത വളരെ കുറവാണ്. എന്നാല്‍, വികസ്വരമോ അവികസിതമോ ആയ, ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളില്‍ ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനുള്ള വിഭവങ്ങളുടെയും സാങ്കേതികവിദ്യയുടേയും അപര്യാപ്തത വലിയ വെല്ലുവിളി ഉണ്ടാക്കുന്നുണ്ട്.

വൈവിധ്യമാര്‍ന്ന ഭൗമഘടനയും കാലാവസ്ഥയും കൊണ്ട് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ നിരവധി പ്രകൃതി ദുരന്തങ്ങള്‍ക്ക് ഈറ്റില്ലമാണ് കേരളം. ഓര്‍ക്കുക, നിലവിലെ ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും അതോടൊപ്പം ഭൂവിനിയോഗത്തില്‍ ഉണ്ടായ കാര്യമായ മാറ്റവും കൊണ്ട്, മനുഷ്യന്റെ ഇടപെടലുകള്‍ ഇനിയും ഉണ്ടായില്ലെങ്കില്‍ കൂടി, അതിതീവ്ര മഴയും ഉരുള്‍ പൊട്ടലും വെള്ളപ്പൊക്കവും കടലേറ്റവും ഒക്കെ ആവര്‍ത്തിക്കപ്പെടും. അതിന്റെ തീവ്രതയും ആവൃത്തിയും കുറയ്‌ക്കേണ്ടത് നമ്മുടെ ആവശ്യമാണ് എന്നതുകൊണ്ട് തന്നെ നമ്മള്‍ സ്വയം മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.