
ആളൊഴിഞ്ഞ തീരത്ത് രാത്രി ടോര്‍ച്ചുതെളിച്ച് മണിക്കൂറുകളോളം അവര്‍ കാത്തിരുന്നു. ഇടയ്ക്ക് എഴുന്നേറ്റ് അല്പം നടന്നു. കടല്‍ക്കാറ്റിനൊപ്പം വേലിയേറ്റത്തിന്റെ ഭാവവ്യത്യാസം തിരമാലകളിലൂടെ അറിയുന്നുണ്ടായിരുന്നു. നൂറുകണക്കിന് ജീവന്റെ തുടിപ്പുകള്‍ക്കാണ് രാത്രിയുടെ യാമങ്ങളിലും ഇവരുടെ കാവല്‍. പിന്നെ നോക്കിയിരിപ്പിന്റെ വിരസമായ മണിക്കൂറുകള്‍. പ്രത്യേകം തയ്യാറാക്കിയ ഹാച്ചറിയില്‍ കടലാമമുട്ടകള്‍ ഓരോന്നായി വിരിഞ്ഞ് കുഞ്ഞാമകള്‍ പഞ്ചാരമണലിനു പുറത്തേക്ക് വന്നുതുടങ്ങി. എല്ലാ കുഞ്ഞുങ്ങളും പുറത്തുവന്നെന്ന് ഉറപ്പാക്കിയതിനു പിന്നാലെ പേപ്പര്‍ ബോക്‌സിലേക്ക് മാറ്റി. പിന്നെ കടല്‍തീരത്തേക്കുള്ള യാത്ര തുടങ്ങി. ബക്കറ്റില്‍ നിന്ന് പഞ്ചാരമണല്‍ നിറഞ്ഞ പുതിയ ലോകത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് അവര്‍ നടന്നുതുടങ്ങി. ആദ്യത്തെ തിരയടിച്ചുകയറി. പിന്നെ കൂട്ടത്തോടെ അമ്മയാമയുടെ വഴിയേ കടലിലേക്ക്... ഈ നിമിഷങ്ങളുടെ സന്തോഷമാണ് വിരസമായ അവരുടെ നീണ്ട കാത്തിരിപ്പുകളെ സാര്‍ഥകമാക്കുന്നത്.
തീരഗ്രാമമായ ചാവക്കാട്ടെ ഒരുകൂട്ടം മനുഷ്യര്‍ അമ്മയുടെ ചൂട് നല്‍കി ആമ മുട്ടകള്‍ വിരിച്ചിറക്കാന്‍ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. കടലാമ സംരക്ഷണത്തെക്കുറിച്ച് ബന്ധപ്പെട്ടവര്‍ സംസാരിച്ചുതുടങ്ങുന്നകാലത്ത് ഇവര്‍ ഇറങ്ങിത്തുടങ്ങിയിരുന്നു. രണ്ടായിരത്തിന്റെ തുടക്കത്തില്‍ ചാവക്കാട്ടെ പുത്തന്‍കടപ്പുറത്ത് സൂര്യ കടലാമസംരക്ഷണസമിതിയെന്ന പേരില്‍ തുടങ്ങിയ മുന്നേറ്റം. വനംവകുപ്പിന്റെ സഹകരണത്തോടെ നിലവില്‍ അറുപതോളം പേര്‍ ഇവര്‍ക്കൊപ്പമുണ്ട്. രണ്ട് പതിറ്റാണ്ടിനിടെ വിരിയിച്ചിറക്കിയത് ലക്ഷക്കണക്കിന് ഒലിവ് റിഡ്ലി ഇനത്തില്‍പ്പെട്ട കടലാമകളെ.
അന്ന് കടലാമകളുടെ മുഖ്യശത്രു മനുഷ്യരായിരുന്നു. തീരവാസികള്‍ ആമമുട്ട വ്യാപകമായി ഭക്ഷണത്തിനുപയോഗിച്ചിരുന്ന കാലമുണ്ടായിരുന്നു. പരമ്പരാഗതമായി കൈമാറിക്കിട്ടിയ ചില തെറ്റിദ്ധാരണകളായിരുന്നു ഇതിനുപിന്നില്‍. ചില രോഗങ്ങള്‍ക്ക് മുട്ട കഴിക്കുന്നത് നല്ലതാണെന്നും ഇവര്‍ വിശ്വസിച്ചു. ഇവ സ്ഥിരമായി കൊണ്ടുപോയിരുന്നവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കാന്‍ ഇവര്‍ തുടക്കത്തില്‍ ശ്രമിച്ചിരുന്നു. അതിനായി പല രീതികളും സ്വീകരിച്ചു. മുട്ടകള്‍ എടുത്താല്‍ നിയമനടപടി സ്വീകരിക്കുമെന്ന തരത്തിലുള്ള കത്തുകള്‍വരെ അയച്ചു.

നീളുന്ന കാത്തിരിപ്പ്
കടലിന്റെ അനന്തതയില്‍നിന്ന് വര്‍ഷങ്ങള്‍ക്കുശേഷം മുട്ടയിടാന്‍ ജനിച്ചുവീണ തീരം തേടിയെത്തുന്നവരാണ് കടലാമകള്‍. അതിനായി ആയിരക്കണക്കിന് കിലോമീറ്റര്‍ സഞ്ചരിക്കും. കൗതുകവും വൈകാരികതയും ചേരുന്ന ഈ മഹാതീര്‍ഥാടനം വര്‍ഷംതോറും തുടരുന്നു. നേറ്റല്‍ ഫിലാപാട്രി എന്നറിയപ്പെടുന്ന ഈ ജൈവപ്രതിഭാസം ഗവേഷരുടെ നിരന്തരശ്രദ്ധ ആകര്‍ഷിക്കുന്ന വിഷയമാണ്. രാത്രികളില്‍ കടല്‍ത്തീരത്ത് ഇഴഞ്ഞുകയറി കുഴികളുണ്ടാക്കി മുട്ടയിട്ട് കുഴികള്‍ ഭദ്രമായി മൂടി കടല്‍യാത്ര തുടരുന്ന ഇവര്‍ അറിയുന്നുണ്ടാകില്ലല്ലോ വിലപ്പെട്ട മുട്ടകള്‍ ഒന്നുപോലുമില്ലാതെ നശിക്കുന്നത്.
കടലാമകള്‍ അവയുടെ പ്രജനനകാലത്ത് മുട്ടയിടാനായി കടല്‍ത്തീരത്തണയുന്ന പ്രതിഭാസമാണ് അരിബാഡ. 15 മുതല്‍ 18 വരെ വര്‍ഷമാകുമ്പോഴാണ് കടലാമകള്‍ പ്രായപൂര്‍ത്തിയാകുന്നത്. രാത്രിയിലും പുലര്‍ച്ചെയുമാണ് സാധാരണയായി കടലാമകള്‍ മുട്ടയിടാന്‍ എത്തുന്നത്. അനുയോജ്യമായ സ്ഥലം കണ്ടെത്തി ഒന്നൊന്നരയടി താഴ്ചയില്‍ കുഴിയെടുത്ത് മുട്ടയിട്ട് മണ്ണുകൊണ്ടുമൂടി തിരികെ പോകും. വേലിയേറ്റസമയങ്ങളില്‍ കടല്‍ ശക്തമായി കരയിലേക്ക് കയറിയാലും ചൂട് കൂടിയാലും മുട്ടകള്‍ നശിക്കുന്നത് പതിവാണ്. തീരത്ത് വ്യാപകമായ ചെടികളുടെ വേരുകള്‍ ഇറങ്ങിയാലും മുട്ടകള്‍ വിരിയില്ല. കുറുനരികളും നായ്ക്കളും വില്ലന്മാരായി. ഇത് മറികടക്കാനാണ് മുട്ടകള്‍ പ്രത്യേകം തയ്യാറാക്കിയ ഹാച്ചറികളില്‍ സൂക്ഷിക്കുന്നത്.
കടലാമകള്‍ മുട്ടയിടാനെത്തുന്ന രാത്രികളില്‍ സമിതി പ്രവര്‍ത്തകര്‍ ടോര്‍ച്ചുമായി നടന്ന് മുട്ടകള്‍ ശേഖരിക്കും. ഒരു കൂട്ടില്‍ 50 മുതല്‍ 150വരെ മുട്ടകളുണ്ടാകും. തീരത്ത് തയ്യാറാക്കിയ ഹാച്ചറികളിലെ മണല്‍ മണ്ണിന്റെ ചൂടേറ്റ് 45-60 ദിവസംകൊണ്ട് മുട്ടകള്‍ വിരിയുന്നു. മുട്ടകള്‍ വിരിയുന്നതുവരെ ഇവരുടെ ജീവിതം ഇവിടെയായിരിക്കും. മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങളെ കടലിന്റെ മടിത്തട്ടിലേക്ക് പറഞ്ഞയച്ചശേഷമേ ഇവര്‍ക്ക് വിശ്രമമുള്ളൂ.

കടലാമക്കാര്യങ്ങള്‍
ജുറാസിക് കാലഘട്ടം മുതല്‍ ഭൂമിയിലുള്ള ഏറ്റവും പഴക്കംചെന്ന ജീവിവര്‍ഗങ്ങളില്‍ ഒന്നാണ് കടലാമകള്‍. ഉരഗവര്‍ഗത്തില്‍പ്പെട്ട കടലാമകള്‍ക്ക് കരയാമകളെപ്പോലെ തോടിനുള്ളിലേക്ക് ഉള്‍വലിയാന്‍ കഴിയില്ല. ജനനം മുതല്‍ അനാഥമായി ജീവിക്കുകയും ജീവിതകാലം മുഴുവന്‍ യാത്രചെയ്യുകയും ചെയ്യുന്നവരാണിവര്‍. ധ്രുവപ്രദേശങ്ങളില്‍ മാത്രമാണ് ഇവയെ കാണാന്‍ കഴിയാത്തത്. നൂറു വര്‍ഷത്തിലേറെ ആയുസ്സുള്ള ഇവയില്‍ പല ഇനങ്ങളും വംശനാശഭീഷണി നേരിടുന്നു. കാഴ്ചശക്തി കുറവാണെങ്കിലും മണം പിടിക്കാനുള്ള ശേഷി കൂടുതലാണ്. കടല്‍പ്പായലുകള്‍, മത്സ്യങ്ങള്‍, ഞണ്ടുകള്‍, ചെമ്മീനുകള്‍ എന്നിവയാണ് പ്രധാന ഭക്ഷണം.
ലോകത്താകെ ഏഴിനം കടലാമകളുണ്ട്. അതില്‍ അഞ്ചിനങ്ങളാണ് പ്രജനനത്തിനായി ഇന്ത്യന്‍ തീരത്തേക്ക് എത്താറുള്ളത്. ഇന്ത്യയുടെ കിഴക്കന്‍ തീരപ്രദേശങ്ങളിലെത്തുന്ന ഒലീവ് റിഡ്ലി, ലക്ഷദ്വീപ് തീരങ്ങളില്‍ വ്യാപകമായുള്ള ഗ്രീന്‍ ടര്‍ട്ടില്‍, ആന്തമാന്‍ ദീപുകളിലെത്തുന്ന ഹോക്‌സ് ബില്‍, കോലാമ എന്നു മത്സ്യത്തൊഴിലാളികള്‍ വിളിക്കുന്ന ലെതര്‍ ബാക്ക്, തമിഴ്‌നാട്ടിലെ തെക്കന്‍ തീരപ്രദേശങ്ങളിലെത്തുന്ന ലോഗര്‍ ഹെഡ് എന്നിവയാണ് ഇന്ത്യന്‍ തീരങ്ങളിലുള്ളത്. അഞ്ചിനം കടലാമകളെയും 1972-ലെ ഇന്ത്യന്‍ വന്യജീവിസംരക്ഷണനിയമത്തിന്റെ ഒന്നാം ഷെഡ്യൂളില്‍ പെടുത്തി സംരക്ഷിക്കുന്നു. കോലാമയാണ് ഏറ്റവും വലുപ്പമുള്ള ഇനം. നാലടി വീതിയിലും ആറടി നീളത്തിലും കാണപ്പെടുന്ന ഇവയ്ക്ക് 500 കിലോയോളം തൂക്കംവരും.

ഒലിവ് റിഡ്ലി
കടലാമകളിലെ കുഞ്ഞന്‍ എന്നാണ് ഒലിവ് റിഡ്ലി അറിയപ്പെടുന്നത്. പസിഫിക്, അറ്റ്ലാന്റിക്, ഇന്ത്യന്‍ മഹാസമുദ്രങ്ങളിലാണ് ഇവയുടെ സാന്നിധ്യം കൂടുതല്‍. ആഴക്കടലില്‍ സഞ്ചരിക്കുന്ന ഇവയെ സാധാരണസമയത്ത് കാണാറില്ല. ആഴക്കടലിലെ സഞ്ചാരത്തിന്റെ 10-15 മിനിറ്റ് ഇടേവളകളില്‍ അന്തരീക്ഷവായു ശ്വസിക്കാന്‍ ജലോപരിതലത്തിലെത്തും. Le pidocheiys Olivacea എന്ന ശാസ്ത്രനാമമുള്ള ഇവര്‍ വംശനാശഭീഷണിയിലാണ്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ റെഡ് ലിസ്റ്റില്‍ 'വള്‍നറബിള്‍' വിഭാഗത്തിലാണ് ഒലിവ് റിഡ്ലി ഉള്‍പ്പെടുന്നത്. പുറന്തോടിന് ഒലിവിലയുടെ പച്ച കലര്‍ന്ന തവിട്ടുനിറവും അടിഭാഗത്തിന് ഇളം മഞ്ഞ നിറവുമാണ്. മുതുകിലും വശങ്ങളിലും ശല്‍ക്കങ്ങളുണ്ടാകും.
അന്താരാഷ്ട്ര ചര്‍ച്ച
കടല്‍ ആവാസവ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന ജീവിവര്‍ഗമായതിനാലാണ് കടലാമകളുടെ സംരക്ഷണത്തിന് ലോകവ്യാപകമായി വലിയ പ്രാധാന്യം നല്‍കുന്നത്. ചെമ്മീന്‍ കയറ്റുമതി നിരോധനവുമായി ബന്ധപ്പെട്ടായിരുന്നു കടലാമകള്‍ ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞത്. കടല്‍ച്ചെമ്മീന്‍ പിടിക്കുന്ന വലകളില്‍ കുടുങ്ങുന്ന കടലാമകള്‍ക്ക് സുരക്ഷിതമായി രക്ഷപ്പെടാന്‍ ടര്‍ട്ടില്‍ എക്‌സക്യൂഡര്‍ ഡിവൈസുകള്‍ സ്ഥാപിക്കണമെന്ന് അന്താരാഷ്ട്രതലത്തില്‍ മത്സ്യമേഖലയില്‍ നിര്‍ദേശമുണ്ടായിരുന്നു. ഇന്ത്യ ഇതിനോട് സഹകരിക്കുന്നില്ലെന്നു കാട്ടിയാണ് കടല്‍ച്ചെമ്മീന്‍ കയറ്റുമതി അമേരിക്ക നിരോധിച്ചത്. വംശനാശഭീഷണി നേരിടുന്ന കടലാമകളെ സംരക്ഷിക്കണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ബോധ്യവുമായിരുന്നു ഇതിനു പിന്നില്‍.
മുന്നില്‍ വെല്ലുവിളി
കടലാമയ്ക്കു മുട്ടയിടാന്‍ അനുയോജ്യമായ മണല്‍നിറഞ്ഞ തീരങ്ങളുടെ ശോഷണം പ്രജനനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. സാധാരണയായി ഓഗസ്റ്റ് മുതല്‍ മാര്‍ച്ച് വരെയാണ് കടലാമകളുടെ പ്രജനനകാലമെങ്കിലും കാലാവസ്ഥാവ്യതിയാനം ഇത് മാറ്റിമറിച്ചു. ഇപ്പോള്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയായി ചുരുങ്ങി. ഓരോ ആമകളായി എത്തി മുട്ടയിട്ടുപോകുന്ന സോളിറ്ററി നെസ്റ്റിങ് രീതിയാണ് നമ്മുടെ തീരങ്ങളില്‍ കാണുന്നത്. കടലിലെ പ്ലാസ്റ്റിക് മലിനീകരണവും കടലില്‍ ഉപേക്ഷിക്കപ്പെടുന്ന മത്സ്യബന്ധന വലകളും ഇവരുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നുണ്ട്.

കടലാമകളുടെ പ്രാധാന്യം
കടലിലെ ഭക്ഷ്യശൃംഖലയുടെ ആരോഗ്യപരമായ നിലനില്‍പ്പിന് കടലാമകള്‍ക്ക് വലിയ പങ്കുണ്ടെന്ന് ശാസ്ത്രലോകംതന്നെ തെളിയിച്ചിട്ടുണ്ട്. കടല്‍ ആവാസവ്യവസ്ഥയില്‍ കാര്‍ബണും ഓക്‌സിജനും ഉറപ്പാക്കുന്ന കടല്‍പ്പുല്ലുകള്‍ സംരക്ഷിക്കുന്നത് കടലാമകളാണ്. ഇവയുടെ വളര്‍ച്ച നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ ആമകള്‍ക്കാണ് കടലിലെ ചുമതല. കടലിലെ മത്സ്യസമ്പത്തിന് ഭീഷണിയാകുന്ന കടല്‍ച്ചൊറികള്‍ എന്നറിയപ്പെടുന്ന ജെല്ലിഫിഷിനെ കൈകാര്യം ചെയ്യുന്നതും കടലാമകളാണ്. വിരിഞ്ഞിറങ്ങുന്ന മത്സ്യക്കുഞ്ഞുങ്ങളെ ജ്യൂസാക്കി കഴിച്ചാണ് ജെല്ലിഫിഷ് വളരുന്നത്. സ്രാവുകള്‍ക്കൊപ്പം ചേര്‍ന്ന് കടലാമകളുമാണ് ജെല്ലിഫിഷിനെ തിന്നു നശിപ്പിച്ച് മത്സ്യസമ്പത്തിനെ സംരക്ഷിക്കുന്നത്.
ഒഡീഷയുടെ കരുതല്‍
ഒലിവ് റിഡ്ലി കടലാമകളുടെ തീരമെന്ന് അറിയപ്പെടുന്ന ഒഡീഷയിലെ ഗഹിര്‍മാത, റുഷികുല്യ ബീച്ചുകളില്‍ കോസ്റ്റ് ഗാര്‍ഡ് നടപ്പാക്കിയ പദ്ധതി ലോകശ്രദ്ധ പിടിച്ചുപറ്റി. 1980 കളില്‍ തുടക്കമിട്ട 'ഓപ്പറേഷന്‍ ഒലീവിയ' പദ്ധതിയിലൂടെ ലക്ഷക്കണക്കിന് മുട്ടകള്‍ക്കാണ് വര്‍ഷം തോറും സംരക്ഷണമൊരുക്കുന്നത്. കോസ്റ്റ് ഗാര്‍ഡിന്റെ ഫാസ്റ്റ് പെട്രോള്‍ വെസല്‍സ്, എയര്‍ കുഷ്യന്‍ വെസല്‍സ്, ഇന്റര്‍സെപ്റ്റര്‍ ക്രാഫ്റ്റ്, ഡോര്‍ണിയര്‍ എയര്‍ക്രാഫ്റ്റ് എന്നിവ ഉപയോഗിച്ചുള്ള പഴുതടച്ച സംവിധാനമാണ് കടലാമകള്‍ മുട്ടയിടാനെത്തുന്ന റൂര്‍ക്കറികളില്‍ ഒരുക്കുന്നത്. ആയിരക്കണക്കിന് ഒലിവ് റിഡ്ലി ആമകള്‍ എത്തുന്ന മാസ് നെസ്റ്റിങ് ലോകത്തെതന്നെ ഏറ്റവും വലുതായാണ് വിലയിരുത്തുന്നത്.
സഹായമില്ലാതെ ഒന്നും നടക്കില്ല
കടലാമ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് വനംവകുപ്പിന്റെ പിന്തുണയുണ്ടെങ്കിലും സാമ്പത്തികസഹായം അനിവാര്യമാണ്. പലപ്പോഴും സംരക്ഷണത്തിന് ഇതൊരു വെല്ലുവിളിയാണ്. സഹായത്തിനായി വിവിധ വകുപ്പുകളെ സമീപിച്ചിരുന്നെങ്കിലും അനുഭാവപൂര്‍ണമായ പരിഗണന ലഭിച്ചിട്ടില്ല. കടലിനെ കാക്കുന്ന ഇവരെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം പുതിയ തലമുറയിലേക്കും പകരേണ്ടത് നമ്മുടെ കടമയാണ്. -പി.എ. സെയ്തുമുഹമ്മദ്, പ്രസിഡന്റ്, സൂര്യ കടലാമ സംരക്ഷണസമിതി
Content Highlights: chavakkads-sea-turtle-conservation-story
Published: 02 Apr 2025, 08:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented