കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം മുതലായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ മനുഷ്യനെയും പ്രകൃതിയെയും സാരമായി ബാധിക്കുന്ന ഈ കാലഘട്ടത്തില്‍ പരിസ്ഥിതി സംരക്ഷണം ഉള്‍പ്പെടെയുള്ള സാമുഹ്യ പ്രശ്നങ്ങളില്‍ തങ്ങളാല്‍ കഴിയുംവിധം ഇടപെടുകയാണ് തീവ്രചലന പരിമിതിക്കാര്‍ ഉള്‍പ്പെടെയുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍.
കോഴിക്കോട് ജില്ലയിലെ കുന്നുമ്മല്‍ ബ്ലോക്ക് റിസോഴ്സ് സെന്റര്‍ (ബിആര്‍സി)ന് കീഴില്‍ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ പഠന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന 25 കുട്ടികള്‍ ആണ് 'പച്ചിലക്കാട്' എന്ന പേരില്‍ ഒരേക്കറോളം വരുന്ന പുറമ്പോക്ക് ഭൂമിയില്‍ മരങ്ങള്‍ നട്ട് സമൂഹ പങ്കാളിത്തത്തോടെ സംരക്ഷിച്ച് ചെറുവനം സൃഷ്ടിക്കുന്നത്. ഗ്രീന്‍ നൊസ്റ്റാള്‍ജിയ, ഒയിസ്‌ക മുതലായ പരിസ്ഥിതി സംഘടനകളും കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തും മരുതോങ്കര ഗ്രാമപഞ്ചായത്തും കൂടെനില്‍ക്കുന്നു.
ജൈവവൈവിധ്യം കാത്തുസൂക്ഷിച്ച് പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹ്യവനവത്കരണത്തിനുമായി മാതൃകയായി ഇടപെട്ടതിന് രാജ്യത്ത് സ്ത്രീകള്‍ക്ക് നല്‍കുന്ന പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ നാരീപുരസ്‌കാരം ലഭിച്ച കായങ്കുളം കണ്ടല്ലൂര്‍ പുതിയവിള സ്വദേശിയായ ദേവകിയമ്മ കുട്ടികളോടൊപ്പം വൃക്ഷത്തൈകള്‍ നട്ട് ഉദ്ഘാടനം ചെയ്തു.
ഇതിനകം പദ്ധതിയെക്കുറിച്ചറിഞ്ഞ ശാസ്ത്രജ്ഞരായ മാധവ് ഗാര്‍ഡ് ഗില്‍, ഗോപാല്‍ ജി, നടന്‍ മോഹന്‍ലാല്‍, എഴുത്തുകാരായ രാമചന്ദ്രഗുഹ, ബന്യാമിന്‍, കെ ആര്‍ മീര, രാമനുണ്ണി, മനു എസ് പിള്ള മുതലായവര്‍ കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി അദ്ധ്യക്ഷയായ ചടങ്ങില്‍ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സജിത്ത് മുഖ്യാതിഥിയായിരുന്നു. എസ്.എസ്. കെ. കോഴിക്കോട് ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ എ.കെ.അബ്ദുള്‍ഹക്കിം നാരീ പുരസ്‌കാര ജേതാവ് ദേവകിയമ്മയെ ആദരിച്ചു.
നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് എ.കെ നാരായണി, എ.ഇ.ഒ. ഇ മോഹനന്‍, ഒയിസ്‌ക പ്രതിനിധി അബ്ദുള്‍ സല്‍മാന്‍, മരുതോങ്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ അബ്ദുള്‍ ലത്തീഫ്, ഡോക്ടര്‍ സച്ചിത്, ആഷോസമം, സിറാജ് ഇല്ലത്ത്, ടി എ അനീഷ്, സ്പര്‍ശം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രതിനിധി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങില്‍ ബി.പി.ഒ. കെ.കെ. സുനില്‍കുമാര്‍ സ്വാഗതവും റിസോഴ്സ് അധ്യാപകന്‍ പി.പിആദിത്ത് നന്ദിയും പ്രകാശിപ്പിച്ചു.
Content Highlights: block resource center Kunnummal pachilakkad
Published: 12 Mar 2020, 02:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented