തിരുവനന്തപുരം: മരം വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിനായി ട്രീ ബാങ്ക് വരുന്നു. വനംവകുപ്പിന്റെ ട്രീ ബാങ്കിങ് പദ്ധതിയിലൂടെ തൈ നടുന്ന കർഷകർക്ക് സഹായധനവും ലഭിക്കും.

To advertise here,

സ്വന്തമായി ഭൂമിയുള്ളവർക്കും കുറഞ്ഞത് 15 വർഷത്തെ പാട്ടത്തിന് ഭൂമി കൈവശമുള്ളവർക്കും പദ്ധതിയിൽ അംഗങ്ങളാവാം. ചന്ദനം, തേക്ക്, റോസ് വുഡ്, പ്ലാവ്, കാട്ടുപ്ലാവ്, തമ്പകം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, കുമ്പിൽ, കരിമരുത്, വെൺതേക്ക്, വീട്ടി എന്നിവയാണ് നടേണ്ടത്. ആദ്യഘട്ടത്തിൽ ചന്ദനത്തൈകളാണ് നട്ടുപിടിപ്പിക്കേണ്ടത്.

പദ്ധതിയിൽ അംഗങ്ങളാകാൻ താത്പര്യമുള്ളവർ പ്രാദേശികപരിധിയിലുള്ള സാമൂഹിക വനവത്കരണവിഭാഗം റെയ്ഞ്ച് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. റെയ്‌ഞ്ച് ഓഫീസർ രേഖകളും ഭൂമിയും പരിശോധിച്ച് നടാൻ സാധിക്കുന്ന വൃക്ഷത്തൈകളുടെ എണ്ണം തീരുമാനിക്കും. കുറഞ്ഞത് 10 തൈകളെങ്കിലും നടാനാകണം. രജിസ്റ്റർ ചെയ്യുമ്പോൾ വനംവകുപ്പുമായി ധാരണാപത്രം ഒപ്പിടണം.

തൈകൾ നട്ടുവളർത്തുന്നതിനുള്ള പ്രോത്സാഹന സഹായധനം മൂന്നാംവർഷംമുതലാണ് നൽകുക. പരിപാലിക്കുന്നവർക്ക് 15 വർഷംവരെ സഹായധനം ലഭിക്കും. 10 മുതൽ 100 തൈകൾക്ക് തൈ ഒന്നിന് പ്രതിവർഷം 30 രൂപയും 101 മുതൽ 250 തൈകൾക്ക് തൈ ഒന്നിന് പ്രതിവർഷം 25 രൂപയും 251 മുതൽ 500 വരെ തൈകൾക്ക് തൈ ഒന്നിന് പ്രതിവർഷം 20 രൂപയും 501 മുതൽ 750 വരെ തൈകൾക്ക് തൈ ഒന്നിന് പ്രതിവർഷം 15 രൂപയും 751 മുതൽ 1000 വരെ തൈകൾക്ക് തൈ ഒന്നിന് 10 രൂപയും സഹായധനം നൽകും.

സാമൂഹിക വനവത്കരണ വിഭാഗം വിഭാഗത്തിന്റെ നഴ്‌സറികളിൽനിന്ന് എല്ലാ വർഷവും ജൂൺ-ജൂലായ് മാസങ്ങളിൽ സൗജന്യമായി വൃക്ഷത്തൈകൾ നൽകും.

15 വർഷത്തിനുശേഷം ഉടമകൾക്ക് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിന്റെ അനുമതിയോടെ മരങ്ങൾ സ്വന്തം ആവശ്യത്തിന് മുറിച്ച് ഉപയോഗിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യാം.