ആലപ്പുഴ: പ്ലാസ്റ്റിക് മാലിന്യം ശാസ്ത്രീയമായി സംസ്കരിച്ച് പുനരുപയോഗിക്കുന്നതിൽ ക്ലീൻ കേരള കമ്പനിക്കു നേട്ടം. 10 വർഷത്തിനിടയിൽ 4,447.93 ടൺ ഷ്രെഡഡ് പ്ലാസ്റ്റിക്കാണ് (പൊടിച്ചെടുത്ത പ്ലാസ്റ്റിക്) കമ്പനി ഉത്പാദിപ്പിച്ചത്. ഇതുപയോഗിച്ച് 7,249 കിലോമീറ്റർ റോഡു നിർമിച്ചു.

To advertise here,

പ്ലാസ്റ്റിക് മാലിന്യമുപയോഗിച്ച് ഏറ്റവുമധികം ദൂരം റോഡു നിർമിച്ചത് പൊതുമരാമത്തു വകുപ്പാണ്. ഇതിനായി 2,132.48 ടൺ പൊടിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ റോഡുപണിക്ക് 2,028.15 ടൺ ഉപയോഗിച്ചു. ദേശീയപാത നിർമാണത്തിനായി 17.08 ടണ്ണും.

പ്ലാസ്റ്റിക് മാലിന്യത്തിന്റെ സുസ്ഥിര പരിപാലനവും ശാസ്ത്രീയ സംസ്കരണവും ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2016-ൽ ക്ലീൻ കേരള കമ്പനി ഷ്രെഡഡ് പ്ലാസ്റ്റിക് ഉത്പാദനം തുടങ്ങിയത്. ശേഖരിക്കുന്ന പ്ലാസ്റ്റിക് പാഴ്‌വസ്തുക്കൾ സംസ്കരിച്ച് പൊടിച്ചെടുത്താണ് പുനരുപയോഗാവശ്യങ്ങൾക്കു നൽകുന്നത്. പ്രധാനമായും പ്ലാസ്റ്റിക് മിശ്രിത റോഡു നിർമാണത്തിനാണ് ഉപയോഗിക്കുന്നത്. റോഡുകളുടെ ഈടുനിൽപ്പും മാലിന്യനിർമാർജനവും ഉറപ്പാക്കാൻ ഇതു സഹായിക്കുമെന്നാണു വിലയിരുത്തൽ.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകർമ സേന, റിസോഴ്സ് റിക്കവറി ഫെസിലിറ്റികൾ (ആർ.ആർ.എഫ്.), മെറ്റീരിയൽ കളക്‌ഷൻ ഫെസിലിറ്റികൾ (എം.സി.എഫ്.) എന്നിവയുടെ സഹകരണത്തോടെയാണ് ക്ലീൻ കേരള കമ്പനി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നത്. ഇവ സംസ്കരിച്ച് പൊടിച്ചെടുക്കുന്നതോടെ മാലിന്യം പരിസ്ഥിതിക്കു ഭീഷണിയാകുന്നതു തടയാനും വികസന പ്രവർത്തനങ്ങൾക്കു പ്രയോജനപ്പെടുത്താനും കഴിയുന്നു.

പൊടിച്ചെടുത്ത പ്ലാസ്റ്റിക് ഉപയോഗം

വർഷം ഉത്പാദനം (മെട്രിക് ടൺ) റോഡ് നിർമിച്ചത് (കിലോമീറ്റർ)

2016-17 23.82 51.89

2017-18 174.78 358.35

2018-19 439.19 495.74

2019-20 665.59 1073.75

2020-21 1000 1073.75

2021-22 739.77 1277.13

2022-23 371 514.35

2023-24 200.87 339.54

2024-25 350.99 652.77

2025-26 466.93 745.98

2026-27 14.99 29.36