പസ്സുചെയ്യാന്‍ വെറും മൂന്നടി മണ്ണാണല്ലോ വാമനന്‍ മഹാബലിയോട് ഭിക്ഷചോദിച്ചത്. എന്നാല്‍ മാനംമുട്ടേ വളര്‍ന്ന വാമനന്‍ വെറും രണ്ടടികൊണ്ട് സര്‍വലോകങ്ങളും അളന്നെടുത്തു. മൂന്നാമടിക്ക് മഹാബലിക്ക് സ്വന്തം ശിരസ്സ് കാണിച്ചുകൊടുക്കേണ്ടിയുംവന്നു എന്നാണ് ഐതിഹ്യം. ഏതാണ്ട് അതേ അനുഭവത്തിന്റെ വക്കിലാണ് നമ്മുടെ ഭൂമിയിപ്പോള്‍. എണ്ണൂറ്‌ കോടി ജനങ്ങളെ താങ്ങാന്‍ കഴിയാതെ ഭൂമി നടുവൊടിഞ്ഞു കിടക്കുകയാണ്. ഭൂമിയിലെ മൊത്തം ജനങ്ങളുടെ 'പാരിസ്ഥിതിക പാദമുദ്ര' (Ecological Footprint) അതിവേഗം ഭീതിതമാംവിധം വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

To advertise here,

'പാരിസ്ഥിതിക പാദമുദ്ര'

ഭൂമിക്ക് എത്ര മനുഷ്യരെ തീറ്റിപ്പോറ്റാനുള്ള കഴിവുണ്ട്? ഉദ്ദേശിക്കുന്നത് ഭക്ഷണത്തിന്റെ കാര്യം മാത്രമല്ല. അതോടൊപ്പം വസ്ത്രം, പാര്‍പ്പിടം, യാത്ര, വിനോദം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഉണ്ടല്ലോ. എല്ലാത്തിനും പ്രകൃതിയുടെ ഒരു കൈസഹായം അത്യന്താപേക്ഷിതമാണ്. പുറന്തള്ളുന്ന മാലിന്യം ആഗിരണം ചെയ്യുകയും വേണം. ഇവയെല്ലാം കണക്കിലെടുക്കണം. ഇങ്ങനെ കണക്കുകൂട്ടിയെടുക്കുന്ന ഒരു അളവാണ് പാരിസ്ഥിതിക പാദമുദ്ര. ഒരു വ്യക്തിയുടെയോ, രാജ്യത്തിന്റെയോ അല്ലെങ്കില്‍ മൊത്തം ലോകത്തിന്റെയോ പാദമുദ്രയുടെ കണക്ക് കൂട്ടിയെടുക്കാന്‍ കഴിയും. ഗ്ലോബല്‍ ഹെക്ടറാണ് പാദമുദ്രയുടെ യൂണിറ്റ്. 

ഉദാഹരണത്തിന് ഇന്ത്യയുടെ ആളോഹരി പാദമുദ്ര 1.2 ഗ്ലോബല്‍ ഹെക്ടറാണ്. അമേരിക്കയുടേത് ഇതിന്റെ ഏഴ് മടങ്ങോളം വരും (8.1). ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയുടേത് നമ്മുടേതിനെക്കാള്‍ കുറവാണ് (0.8 ). 2.8 ഗ്ലോബല്‍ ഹെക്ടറാണ് മൊത്തം ലോകത്തിന്റെ പാദമുദ്ര. ഭൂമിയില്‍ ഇന്ന് ലഭ്യമായ പ്രകൃതിവിഭവങ്ങളുടെ അളവിനെ ജൈവശേഷി (Biocapacity) എന്നാണ് വിളിക്കുന്നത്.

placeholder
Photo-Gettyimage

അതിന്റെ യൂണിറ്റും ഗ്ലോബല്‍ ഹെക്ടര്‍ തന്നെ. മൊത്തം ഭൂമിയുടെ ജൈവശേഷി 1.6 ഗ്ലോബല്‍ ഹെക്ടര്‍ മാത്രമാണ്. ഇന്ത്യയുടേത് 0.4 മാത്രവും. എറിത്രിയയുടേത് 2.3. ജൈവശേഷി എന്നുദ്ദേശിക്കുന്നത് ഒരു വര്‍ഷം പുനരുത്പാദനം നടത്താന്‍ കഴിയുന്ന വിഭവങ്ങളാണ്. അങ്ങനെ നോക്കുമ്പോള്‍ ലോകവും ഇന്ത്യയും ഇപ്പോള്‍ കടത്തിലാണ്. (എന്നാല്‍, എറിത്രിയയുടെ കൈയില്‍ ആവശ്യത്തിലധികമുണ്ടെന്നു കാണാം.)

placeholder

ഭൂമിയിലെ മനുഷ്യര്‍ ഒരുവര്‍ഷം ഉപഭോഗം ചെയ്യുന്ന പ്രകൃതിവിഭവങ്ങള്‍ പുനരുത്പാദനം ചെയ്യാന്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ സമയം ആവശ്യമാകുന്നുണ്ടെന്നര്‍ഥം. ഇപ്പോള്‍ത്തന്നെ മൊത്തം ലോകജനതയെ തീറ്റിപ്പോറ്റാന്‍ ഭൂമിയുടെ മൂന്നര മടങ്ങ് ആവശ്യമുണ്ടെന്ന അവസ്ഥയാണ്.

1990 മുതല്‍ 1994 വരെ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയില്‍ വില്യം റീസിന്റെ (William Rees) കീഴില്‍ പിഎച്ച്.ഡി.ക്ക് ഗവേഷണം ചെയ്യുകയായിരുന്നു മാത്തിസ് വാക്കര്‍നാഗെല്‍ (Mathis Wackernagel). സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട് അദ്ദേഹം ഒരു അളവ് പദ്ധതിക്ക് (Metrics) രൂപംനല്‍കി. അതാണ് പാരിസ്ഥിതിക പാദമുദ്രയുടെ തുടക്കം. വൈകാതെ ആ നവീനാശയത്തിന് ലോകമാകെ പ്രചാരം ലഭിച്ചു. ഇന്ന് നൂറുകണക്കിന് രാജ്യങ്ങളും ഐക്യരാഷ്ട്രസഭ, യൂറോപ്യന്‍ പരിസ്ഥിതി ഏജന്‍സി തുടങ്ങിയ സംഘടനകളും സുസ്ഥിരവികസനത്തിന്റെ അളവുകോലായി പാദമുദ്രയും ജൈവശേഷിയും ഉപയോഗിക്കുന്നുണ്ട്.

placeholder
Photo-Gettyimage

ആഗോള പാദമുദ്രാ ശൃംഖല

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്ര കൂട്ടായ്മയാണ് ആഗോള പാദമുദ്രാ ശൃംഖല (Global Footprint Network). ഒരു ജീവകാരുണ്യ സംഘടനയായി 2003-ലാണ് ശൃംഖല സ്ഥാപിതമായത്. അമേരിക്കയിലെ കാലിഫോര്‍ണിയയിലും സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയിലും ഒരുമിച്ചാണ് സംഘടന പ്രവര്‍ത്തനം ആരംഭിച്ചത്. മാത്തിസ് വാക്കര്‍നാഗെലാണ് പ്രസിഡന്റ്. ഇരുനൂറിലധികം രാജ്യങ്ങളുടെ വാര്‍ഷിക പാദമുദ്രയും ജൈവശേഷിയും അവരുടെ വെബ്സൈറ്റില്‍ സൗജന്യമായി ലഭ്യമാണ് (https://www.footprintnetwork.org).

പാദമുദ്രാഗണനം

പാദമുദ്ര ഗണിച്ചെടുക്കാന്‍ പ്രത്യേക രീതിയുണ്ട്. ഇതിനുള്ള ഡേറ്റ ലഭിക്കുന്നത് യോര്‍ക്ക് സര്‍വകലാശാല പരിപാലിച്ചുപോരുന്ന ദേശീയ പാദമുദ്രയുടെയും ജൈവശേഷിയുടെയും അക്കൗണ്ടില്‍നിന്നാണ്. ഡേറ്റകള്‍ ശേഖരിക്കുന്നത് ഐക്യരാഷ്ട്രസംഘടന പോലെയുള്ള ആധികാരിക സ്ഥാപനങ്ങളില്‍നിന്നാണ്. ഓരോ രാജ്യവും ഉപയോഗിക്കുന്ന പാരിസ്ഥിതിക വിഭവങ്ങളും അവയ്ക്കുള്ള വിഭവശേഷിയും കാലാകാലങ്ങളില്‍ അളന്നുതിട്ടപ്പെടുത്തിയാണ് പാദമുദ്ര ഗണിച്ചെടുക്കുന്നത്. ഇതിനായി ഓരോ വര്‍ഷവും ഓരോ രാജ്യത്തില്‍നിന്ന് പതിനയ്യായിരത്തോളം ഡേറ്റാ പോയന്റുകളാണ് ഉപയോഗിക്കുന്നത്. മനുഷ്യരുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ജൈവോത്പാദനക്ഷമമായ ഭൂതലത്തിന്റെ വിസ്തീര്‍ണമാണ് പാദമുദ്രയായി കണക്കാക്കപ്പെടുന്നത്. ഇത് സാധാരണ വിസ്തീര്‍ണമല്ല. കാരണം ഓരോതരം കൃഷിയിടത്തിനും വ്യത്യസ്തമായ ഉത്പാദനക്ഷമതയാണല്ലോ. അതുകൂടി കണക്കിലെടുത്താണ് ഗ്ലോബല്‍ ഹെക്ടര്‍ കണക്കാക്കുന്നത്

placeholder
Photo-Gettyimage

 ഉദാഹരണത്തിന് നൂറ് ഹെക്ടര്‍ കാടിനും നൂറ് ഹെക്ടര്‍ തെങ്ങിന്‍ തോപ്പിനും ഒരേ ഗ്ലോബല്‍ ഹെക്ടര്‍ ആയിരിക്കയില്ല. യഥാര്‍ഥ വിസ്തീര്‍ണത്തിന് പകരം ഒരു ഹെക്ടറിലെ ഉത്പാദനക്ഷമതയാണ് കണക്കുകൂട്ടലിന് ഉപയോഗിക്കുന്നത്. ഭക്ഷ്യോത്പാദനം, നാരുകളുടെ (fibre) ഉത്പാദനം, മത്സ്യ സമ്പത്ത്, മരത്തടിയുത്പാദനം, കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ ആഗിരണം, നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയ മനുഷ്യജീവന്റെ നാനാവിധ ആവശ്യങ്ങള്‍ക്കുള്ള ഭൂവിസ്തീര്‍ണം പാദമുദ്രാഗണനത്തിനുപയോഗിക്കും. ഒരു രാജ്യത്തിന്റെ പാദമുദ്ര കണക്കാകുമ്പോള്‍ ഇറക്കുമതിചെയ്യുന്ന വസ്തുക്കളുടെ അളവും ഉള്‍പ്പെടുത്തും.

placeholder
Photo-Gettyimage

ഭൗമ അതിക്രമദിനം

ജൈവശേഷിയെന്ന് പറയുന്നത് ഒരുവര്‍ഷം കൊണ്ട് പുനരുത്പാദനം സാധ്യമാകുന്ന വിഭവങ്ങളുടെ അളവാണെന്ന് പറഞ്ഞല്ലോ. പാരിസ്ഥിതിക പാദമുദ്ര മൊത്തം ഉപഭോഗവും. ആദ്യത്തേത് വരവും രണ്ടാമത്തേത് ചെലവും. ജൈവശേഷിയെക്കാള്‍ കൂടുതലാണ് പാദമുദ്ര. വരവിനെക്കാള്‍ കൂടുതല്‍ ചെലവ് എന്നും പറയാം. ആഗോളതലത്തില്‍ വരവ് 1.6 ആണെങ്കില്‍ ചെലവ് 2.8 ആണ്. കമ്മി ബജറ്റാണെന്നാര്‍ഥം. അങ്ങനെ വരുമ്പോള്‍ ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ ഉപയോഗിക്കേണ്ട വിഭവങ്ങള്‍ നേരത്തേതന്നെ ഉപയോഗിച്ച് തീര്‍ന്നുപോകും. 

ആഗോള പാദമുദ്രാ ശൃംഖലയുടെ കണക്കുകൂട്ടല്‍ പ്രകാരം 2021-ല്‍ ജൂലായ് 29 ആയപ്പോഴേക്കും ഡിസംബര്‍ 31 വരെ ഉപയോഗിക്കേണ്ടിയിരുന്ന വിഭവങ്ങള്‍ ഉപയോഗിച്ചു കഴിഞ്ഞിരുന്നുവത്രേ. 2019-ലും ഇതേ തീയതി തന്നെയായിരുന്നു. എന്നാല്‍ 2020-ല്‍ അത് ഓഗസ്റ്റ് 21 ആയിരുന്നു. കാരണം കോവിഡ് മഹാമാരി തന്നെ! ലോകമാകെ അടച്ചിട്ടിരിക്കുകയായിരുന്നല്ലോ. ഇങ്ങനെ ഏത് ദിവസമാണോ ഒരു വര്‍ഷത്തേക്ക് നീക്കിവെക്കപ്പെട്ട വിഭവങ്ങള്‍ പൂര്‍ണമായി ഉപയോഗിക്കപ്പെടുന്നത്, ആ ദിവസത്തെ 'ഭൗമ അതിക്രമദിനം' (Earth Overshoot day) എന്നാണ് പറയുന്നത്. ഓരോ രാജ്യത്തിനും അവയുടെ പാദമുദ്രയും ജൈവശേഷിയുമനുസരിച്ച് അതിക്രമദിനം വ്യത്യസ്തമായിരിക്കും.