മോസ്സ് കാണാത്ത മലയാളിയുണ്ടാവില്ല, മാസ്സാണ് മോസ്സ്


കിരണ്‍ കണ്ണന്‍പൂപ്പല്‍, പായല്‍ എന്നൊക്കെ പലയിടങ്ങളില്‍ ഓരോ വാക്കുകള്‍ ഉപയോഗിക്കാറുണ്ടെങ്കിലും ഇതേ വാക്കുകള്‍ തന്നെയാണ് ഫംഗസ്സിനും ആല്‍ഗേകള്‍ക്കും ഉപയോഗിക്കാറുള്ളത് എന്നത് കൊണ്ട് തന്നെ മോസിന് കൃത്യമായ ഒരു മലയാള പദം ഇല്ല

മോസ്സ്‌ | ഫോട്ടോ: ലക്ഷ്മി പ്രജത്ത്

മോസ്സ് കാണാത്ത മലയാളികളുണ്ടാകില്ല.മലയാളികള്‍ എന്നല്ല, ട്രോപ്പിക്കല്‍ കാലാവസ്ഥയില്‍ ജനിച്ചു വളരുന്ന ഒരാള്‍ പോലും ജീവിത പരിസരങ്ങളില്‍ മോസ്സുകള്‍ കാണാതിരുന്നിട്ടുണ്ടാവില്ല. ട്രോപ്പിക്കല്‍ കാലാവസ്ഥയില്‍ മാത്രമല്ല, ജലസാന്നിധ്യമുള്ള ഒട്ടൊരുവിധം എല്ലാ പ്രദേശങ്ങളിലും മോസ്സ് വളരും. മരുഭൂമികളില്‍ അധികം കാണാറില്ലെങ്കിലും അപൂര്‍വം ചിലയിനങ്ങള്‍ മരുഭൂമികളിലും വളരുന്നു. കിണര്‍ചുമരിലും, മതിലിലും, മേല്‍ക്കൂരയിലും, തെങ്ങിന്റെ കടയിലും, കയ്യാലയിലുമെല്ലാം വളരുന്ന, മലയാളിയുടെ സുപരിചിത സസ്യമായ മോസ്സിന് മലയാള ഭാഷയില്‍ ഒരു പേര് തേടിപ്പോയാല്‍ നിരാശയായിരിക്കും ഫലം.

പൂപ്പല്‍, പായല്‍ എന്നൊക്കെ പലയിടങ്ങളില്‍ ഓരോ വാക്കുകള്‍ ഉപയോഗിക്കാറുണ്ടെങ്കിലും ഇതേ വാക്കുകള്‍ തന്നെയാണ് ഫംഗസ്സിനും ആല്‍ഗേകള്‍ക്കും ഉപയോഗിക്കാറുള്ളത് എന്നത് കൊണ്ട് തന്നെ മോസിന് കൃത്യമായ ഒരു മലയാള പദം ഇല്ല. സര്‍ഗ്ഗ സാഹിത്യത്തിലും സങ്കീര്‍ണമായ സാംസ്‌കാരിക ചര്‍ച്ചകളിലും വ്യാപൃതരായിരുന്ന കേരള ജനത പക്ഷെ ശാസ്ത്രവിഷയങ്ങളില്‍ പിന്നിലായിപ്പോയി എന്നു പറയാതെ വയ്യ.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ഫോട്ടോ:നസി.സി.പി

മോസ്സുകള്‍

ഹരിതകമുള്ള (Chlorophyll), പ്രകാശസംശ്ലേഷണം (Photosynthesis) നടത്താനാകുന്ന സസ്യ സമൂഹമാണ് മോസ്സുകൾ. യൂക്കാരിയോട്ട് (Eukaryota) സാമ്രാജ്യത്തിലെ പ്ലാന്റെ എന്ന 'രാജകുടുംബത്തിലാണ്' മോസ്സുകള്‍ ഉള്‍പ്പെടുന്നത് (Kingdom Plante). യൂക്കാരിയോട്ടുകള്‍ എന്നാല്‍ കോശങ്ങളില്‍ ന്യൂക്ലിയസും മൈറ്റോകോണ്ട്രിയയും (Mitochondria), ഗോള്‍ഗി ബോഡീസും (Golgi Bodies) എന്റോപ്ലാസ്മിക്ക് റെറ്റിക്കുലവും (Endoplasmic Reticulum) എന്നിങ്ങനെ സ്ഥരങ്ങളാൽ ആവരണം ചെയ്യപ്പെട്ട കോശഘടകങ്ങൾ എല്ലാം തന്നെയുള്ള ജൈവ സാമ്രാജ്യമാണ്.

മോസ്സുകളെ കുറിച്ചുള്ള എന്റെ ബാല്യകാല സ്മൃതികള്‍ ഇവയാണ്

 • മഴക്കാലത്ത് ഒരിക്കല്‍ വെട്ടുകല്ലില്‍ പറ്റി പിടിച്ച മോസിന്റെ പതുപതുത്ത പ്രതലത്തില്‍ കുഞ്ഞു കവിള്‍ അമര്‍ത്തി നോക്കിയത്.
 • കിണറിന്റെ കൈവരിയില്‍ വളരുന്ന മോസിലെ കൊളുത്തുകള്‍ക്കൊണ്ട് അനിയത്തിയോടൊപ്പം യുദ്ധം ചെയ്തത്.
 • മോസ്സിന്റെ ജീവന്‍ തുടിക്കുന്ന പച്ചമണം.
 • മഴക്കാലത്ത് മോസ്സിന്റെ മുകളിലൂടെ ഇഴഞ്ഞു പോകുന്ന ചുവപ്പും കറുപ്പും നിറമുള്ള തെരട്ടയെപ്പോലൊരു സുന്ദരിപ്പുഴു .
 • മോസ്സ് അടര്‍ത്തി മാറ്റുമ്പോള്‍ താഴെ കാണാറുള്ള പീക്കിരി ഞാഞ്ഞൂലുകള്‍ ..
പ്ലാന്റെ കിങ്ങ്ഡത്തിന്റെ സവിശേഷതകള്‍

ചലന ശേഷി വളരെ കുറവോ, ഒട്ടുമേ ഇല്ലാത്തതുമോ ആയ, ഹരിതകമുള്ള, കോശഭിത്തിയുള്ള സെല്ലുകളോട് കൂടിയ , പ്രകാശസംശ്ലേഷണം നടത്തി 'പാചകം' ചെയ്യാനാകുന്ന 'ജൈവ വിഭാഗമാണ്' കിങ്ങ്ഡം പ്ലാന്റെ ! ഒരു മൊട്ടുസൂചി മുനയെക്കാള്‍ ചെറിയ ആല്‍ഗേ തൊട്ട് പതിനെണ്ണായിരം സ്‌ക്വയര്‍ മീറ്ററോളം വിസ്തൃതിയില്‍ നിഴല്‍ വിരിച്ച് , 3,772 താങ്ങുവേരുകളില്‍ ഉറച്ച് എഴുന്നേറ്റു നിന്ന് വിരിഞ്ഞു വളരുന്ന 'ആചാര്യ ജഗദീഷ് ചദ്രബോസ് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ' ഗ്രേറ്റ് ബാനിയന്‍ ട്രീ വരെ കിങ്ങ്ഡം പ്ലാന്റേയിലെ അംഗങ്ങളാണ്.

ഉപവര്‍ഗ്ഗങ്ങള്‍ ( Subclassification )

ജൈവശാസ്ത്രം വളരെ സങ്കീര്‍ണ്ണമായ പ്രഹേളികയാണെന്ന് കരുതരുത്. ജീവന്റെ എന്തെങ്കിലും ഒരു വിഭാഗത്തെ കുറിച്ച് പഠിക്കുമ്പോള്‍ ആ ജൈവ വിഭാഗത്തിലേക്ക് എത്തിച്ചേരാനുള്ളത്ര തരം തിരിവുകള്‍ മനസ്സിലാക്കിയാല്‍ പിന്നെ കാര്യങ്ങള്‍ വളരെ എളുപ്പമാണ്. ഒരേ വിഭാഗത്തിലുള്ള ജീവികള്‍ക്ക് ചില പൊതു സ്വഭാവം ഉണ്ടാകും, അത് തിരിച്ചറിഞ്ഞാല്‍ പിന്നെ ജീവികളെയും സസ്യങ്ങളെയുമെല്ലാം കാണുമ്പോള്‍ വളരെ എളുപ്പത്തില്‍ ഇവ ഏത് വിഭാഗമാണെന്ന് പറയാം. കൂട്ടുകാരുടെ മുന്നില്‍ ഷൈന്‍ ചെയ്യാം!

സസ്യ രാജ്യകുടുംബത്തിനെ ( Kingdom Plante ) നമുക്ക് അഞ്ച് ഡിവിഷനുകളായി തരം തിരിക്കാം

1. താലോഫൈറ്റ (Thallophyta) - പ്ലാന്റെ സാമ്രാജ്യത്തിലെ എഴുന്നേറ്റ് നില്‍ക്കാത്ത 'അവികസിതമായ' വിഭാഗം. പ്രധാനമായും ഒന്നില്‍ കൂടുതല്‍ കോശങ്ങളുള്ള ആല്‍ഗേ ഇനങ്ങള്‍ ( ഭൂരിഭാഗവും ജലത്തില്‍ വളരുന്നവയാണ് )

2. ബ്രയോഫൈറ്റ്സ് (Bryophyta) - വാസ്‌കുലാര്‍ ടിഷ്യൂ (Xylem and Phloem) ഇല്ലാത്ത, പക്ഷേ ഏതാനും ഇഞ്ചുകള്‍ വരെയൊക്കെ എഴുന്നേറ്റ് വളരുന്ന ലൈംഗിക പ്രത്യുത്പാദനം നടത്താന്‍ കഴിവുള്ള വിഭാഗം - ലിവര്‍വോര്‍ട്ടുകള്‍ (Liverworts), ഹോണ്‍ വോര്‍ട്ടുകള്‍ (Hornworts), മോസ്സുകള്‍ (Moss)

3. ടെറിഡോ ഫൈറ്റ്‌സ് (Pteridophyta) - കുറച്ചു കൂടെ വികസിച്ച സസ്യങ്ങള്‍ , ഇവയ്ക്ക് വാട്ടര്‍ ട്രാന്‍സ്‌പോട്ടേഷനു വേണ്ടിയുള്ള വാസ്‌കുലാര്‍ ടിഷ്യൂകള്‍, വേരുകള്‍ , എന്നിവയല്ലാമുണ്ട് അതുകൊണ്ടു തന്നെ ജലസാമീപ്യത്തിന് കുറച്ചുകൂടെ അകലേക്ക് മാറി വളരാനൊക്കെ പറ്റും. അതു കൊണ്ട് തന്നെ സസ്യങ്ങളിലെ ഉഭയജീവികള്‍ എന്ന വിശേഷണം ടെറിഡോഫൈറ്റ്‌സ് ഡിവിഷന്‍ മുതലങ്ങോട്ട് നഷ്ടമാവുകയും ചെയ്യും . പ്രധാനമായും ഫേണുകള്‍ ( പന്നല്‍ ചെടികള്‍ ) ആണ് ഈ വിഭാഗത്തില്‍ വരുന്നത്.

5. ജിംനോ സ്‌പേമുകള്‍ (Gymnosperms) - പൂവിടാത്ത പക്ഷെ വികസിതമായ വിത്തുകള്‍ ഉത്പാദിപ്പിക്കാവുന്ന സസ്യ വിഭാഗം, ഇവിടെ മുതല്‍ വന്‍ വൃക്ഷങ്ങളൊക്കെയുണ്ട്. ഉദാഹരണം- പൈന്‍ മരങ്ങള്‍ , സൈപ്രസ് മരങ്ങള്‍.

6. ആഞ്ചിയോസ്‌പേംസ് (Angiosperms) - സസ്യ പരിണാമത്തിന്റെ ഏറ്റവും ഇങ്ങേയറ്റത്തുള്ള സപുഷ്പികളായ സസ്യങ്ങള്‍. പല സസ്യങ്ങളുടെയും സൂഷ്മമായ പൂവുകള്‍ നമ്മള്‍ കാണാറില്ല എങ്കിലും സസ്യസാമ്രാജ്യത്തിലെ 90% അംഗങ്ങളും സപുഷ്പികളാണ് .

ഇവയില്‍ താരം ബ്രയോഫൈറ്റുകള്‍ തന്നെയാണ്. ഭൂമിയില്‍ സൈനോബാക്റ്റീരിയങ്ങള്‍ക്കും ആല്‍ഗേകള്‍ക്കും ഫംഗസ്സിനുമെല്ലാം ശേഷം പരിണമിച്ചുണ്ടായവയാണ് ബ്രയോഫൈറ്റ് എന്ന പ്ലാന്റ് ഡിവിഷന്‍. ബ്രയോഫൈറ്റ് ഡിവിഷനില്‍ തന്നെയുള്ള ലിവര്‍വേര്‍ട്ടുകളുടേയും ഹോണ്‍വേര്‍ട്ടുകളുടേയും പരിണാമത്തിനു ശേഷം അല്‍പം കൂടി മെച്ചപ്പെട്ട പ്ലാന്റ് ഡിസൈനാണ് മോസ്സുകള്‍ എന്നു പറയാം.

ഫോട്ടോ:ലക്ഷ്മി പ്രജത്ത്

മോസ്സുകളില്‍ വേരുകളോട് സാദൃശ്യമുള്ള റൈസോയിഡ്‌സ് ഉണ്ട്. റൈസോയിഡ്‌സ് ജലവും ന്യൂറ്റിയന്റുകളും മണ്ണില്‍ നിന്ന് ആഗിരണം ചെയ്യുമെങ്കിലും അത് സസ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാനുള്ള സൈലം ടിഷ്യൂകളോ ഇലകള്‍ ഉത്പാദിപ്പിക്കുന്ന ഫോട്ടോ അസിമിലേറ്റ്‌സ് (Photoassimilates) ശരീരമാകമാനം എത്തിക്കാനുള്ള ഫ്‌ലോയം ടിഷ്യൂകളോ (Phloem Tissue) ലളിത സസ്യമായ മോസ്സുകള്‍ക്ക് ഇല്ല.

ബ്രോയോഫൈറ്റ്‌സ് വരെയുള്ള ഡിവിഷനുകളിലെ സസ്യങ്ങള്‍ക്ക് അതിജീവനത്തിന് ജല സാന്നിധ്യം അത്യാവശ്യമാണ് അതുകൊണ്ട് തന്നെ സസ്യങ്ങളിലെ 'ഉഭയജീവികള്‍' എന്ന പേരിലാണ് ആദ്യ രണ്ട് ഡിവിഷനുകളും അറിയപ്പെടുന്നത് .

അതുകൊണ്ടു തന്നെ മോസ്സുകള്‍ക്ക് സബ്‌സ്‌ട്രൈറ്റില്‍ (Substrate) നിന്ന് അധികം ഉയര്‍ന്ന് വളരാന്‍ സാധിക്കില്ല. മോസ്സ് ജലാംശവും ന്യൂട്രിയന്‍സും സ്വീകരിക്കുന്നത് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളില്‍ കൂടിയുമാണ്. പക്ഷേ മോസ്സുകള്‍ ഒഴികെയുള്ള ഉയര്‍ന്ന ശ്രേണിയിലെ സസ്യങ്ങളില്‍ ജലം മേലോട്ട് ഉയര്‍ത്തുന്നതിന് പ്രധാനമായും മൂന്ന് ബലങ്ങളെയാണ് ഉപയോഗപ്പെടുത്തുന്നത് .

(1) ട്രാന്‍സ്പിരേഷന്‍ പുള്‍ (Transpiration) ഇലകള്‍ വഴിയുള്ള ജല നഷ്ടത്തിന്റെ ഫലമായി സൈലം ടിഷ്യൂകളിലേക്ക് വേരുകളിലൂടെയുള്ള ജലതന്മാത്രകളുടെ ആഗിരണം .
(2) ജല തന്മാത്രകളെ സൈലം ടിഷ്യൂകളിലേക്ക് ഒട്ടിച്ചേര്‍ക്കല്‍ (Adhesion).
(3) ജലതന്മാത്രകളുടെ ഒട്ടിച്ചേരല്‍ (Cohesion).

ഫോട്ടോ:നസി.സി.പി

മണ്ണില്‍ നിന്ന് ഏതാനും ഇഞ്ചുകള്‍ വരെയൊക്കെ വളര്‍ന്ന് ഇലകളോട് അല്‍പ്പമൊക്കെ സാമ്യമുള്ള ഘടനയൊക്കെയായി വളരുന്ന മോസ്സുകള്‍ക്ക് വാസ്‌കുലാര്‍ ടിഷ്യൂകള്‍ ഇല്ലാത്തതിനാല്‍ ജലം പിടിച്ചു നിറുത്താനും ആഗിരണം ചെയ്യാനും അതിന്റെ ഉപരിതല ഘടനയാണ് സഹായിക്കുന്നത്.

സസ്യശരീരം കൂടിച്ചേര്‍ന്ന് നില്‍ക്കുമ്പോള്‍ അനേകം സൂഷ്മമായ ക്യാപ്പിലറി ഫോമേഷന്‍സ് (Capillary formation) ഉണ്ടാകുന്നു. ഏതാണ്ട് നമ്മുടെ സ്‌പോഞ്ച് പോലെ ! വെള്ളത്തിനെ വലിച്ചെടുക്കാനും ശേഖരിച്ചു വയ്ക്കാനും മോസ്സുകള്‍ക്ക് കഴിയും. സ്പാഗ്‌നം മോസ്സാണ് ജലശേഖരണ ശേഷിയിലെ നമ്പര്‍ വണ്‍. തണുപ്പുള്ള പ്രദേശങ്ങളിലാണ് സ്പാഗ്‌നം മോസ്സ് സാധാരണ കാണപ്പെടുന്നത്. ജിംനോസ്‌പേം മരങ്ങളൊക്കെ (Gymnosperm Tree) നിറഞ്ഞ മേഖലകളില്‍ പൈന്‍ മരങ്ങളുടെ പരാഗരേണുക്കള്‍ സീസണില്‍ മേഖലയിലാകെ അസിഡിക്ക് ആയ ഒരു പോളന്‍ മെത്ത വിരിക്കും, സ്പാഗ്‌നം മോസ്സുകള്‍ അവയ്ക്ക് മുകളില്‍ വളരും. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മേല്‍ക്കുമേല്‍ വളര്‍ന്ന് ഉപരിതല ഭൂമിയാകെ വലിയൊരു സ്‌പോഞ്ചുപോലെയാകും.

നമ്മുടെ നാട്ടിലെ ചെങ്കല്‍ (Laterite Stone) മേഖലയേക്കാള്‍ വെള്ളം ആഗിരണം ചെയ്ത് പിടിച്ച് വയ്ക്കാന്‍ കഴിവുള്ളതാണ് ഇത്തരം പീറ്റ് ബോഗുകള്‍. ഭൂമിക്കടിയില്‍ പല അടരുകളായി ചീഞ്ഞുപോകാത്ത ഇത്തരം മോസ്സ് ലെയറുകളെ 'ടര്‍ഫ്' എന്നാണ് പറയുക. ഒന്നാന്തരം വളമാണിത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ തന്നെ വളത്തിനും ഇന്ധനമായും പീറ്റ് ഭൂമിയില്‍ നിന്ന് കുഴിച്ചെടുക്കുന്നുണ്ട്. ഈ തൊഴിലിന് ടര്‍ഫ് കട്ടിങ്ങ് എന്നു പറയും.

പീറ്റ് ബോഗ്, അയര്‍ലന്‍ഡില്‍ നിന്നുള്ള ചിത്രം | Photo-twitter.com/davepetley/status/1278678981345247232/photo/1

പക്ഷെ നമുക്കല്ലാവര്‍ക്കും അറിയുന്നതുപോലെ മോസ്സുകള്‍ ഉള്ള ഇടങ്ങളൊക്കെ വളരെ ലോലമായ പരിസ്ഥിതി മേഖലകളാണ്. കരുതലില്ലെങ്കില്‍ ആയിരമായിരം വര്‍ഷങ്ങളുടെ ജൈവനിധി ശേഖരങ്ങള്‍ എളുപ്പം ഇല്ലാതാകും. മാത്രമല്ല , പുനഃസൃഷ്ടിക്കാനാകാത്തവിധം പ്രകൃതി നശിച്ചു പോകും. ലോലമായ പരിസ്ഥിതി മേഖലകള്‍ എന്നുദ്ദേശിച്ചത് മോസ്സുകളും പലയിനം ശലഭങ്ങളും ചെറിയ സപുഷ്പി സസ്യങ്ങളും അനേകം ചെറു ജീവികളും പ്രാണികളുമെല്ലാം നിറഞ്ഞ പാരിസ്ഥിതിക പാരസ്പര്യത്തിന്റെ ഇടങ്ങള്‍ എന്നതാണ്.

അതിജീവനത്തില്‍ കരുത്തര്‍

മോസ്സ് ഉള്‍പ്പെടെയുള്ള ജൈവ മേഖലകള്‍ അതിലോലമാണെങ്കിലും പലയിനം മോസ്സുകളും വിശേഷിച്ച് സ്പാഗ്‌നം മോസ്സുകള്‍ അതിജീവനത്തില്‍ വളരെ കരുത്തരാണ്. ശൈത്യകാലത്ത് മൈനസ് പത്ത് ഡിഗ്രിയൊക്കെ അന്തരീക്ഷ താപനില പോകുമ്പോഴും 'ഫ്രീസ്‌ഡെത്ത്' സംഭവിക്കാതെ ഉള്ളിന്റെ ഉള്ളില്‍ അടുത്ത വസന്തത്തിലേക്ക് വളരാന്‍ ജീവനുള്ള കുറച്ച് ഭാഗങ്ങളെങ്കിലും മോസ്സുകള്‍ കരുതിവച്ചിരിക്കും. സ്‌പോഞ്ചുപോലെ അനേകം എയര്‍ഗാപ്പ് ഉള്ള മോസ്സുകളുടെ കൂട്ടത്തിന് വലിയ താപപ്രതിരോധശേഷിയാണ് ഉള്ളത്. തണുപ്പ് കാലത്ത് മോസ്സുകളുടെ പുതപ്പിലൊളിച്ച് രക്ഷപ്പെടുന്ന സസ്യങ്ങളുടെ ഉപരിതല വേരുകളും അനേകം പ്രാണികളുമുണ്ട് .

ഒന്നാം ലോക മഹായുദ്ധകാലം. എല്ലാത്തിനും ക്ഷാമം. പരുത്തി കിട്ടാനില്ല . അന്ന് ഉണക്കിയെടുത്ത സ്പാഗ്‌നം മോസ്സ് (Sphagnum moss) ഉപയോഗിച്ചുള്ള ബാന്റേജുകള്‍ വിവിധ സൈന്യങ്ങള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു . ജലം ആഗിരണം ചെയ്യാനുള്ള ശേഷി,ചില ആന്റി ബാക്റ്റീരിയല്‍ ശേഷികള്‍ എന്നിവയൊക്കെയാണ് സ്പാഗ്‌നം മോസ്സുകളെ 'സൈനിക പ്രിയമാക്കിയത്'. ഇന്ന് പക്ഷെ ഉദ്യാനകലയിലാണ് വ്യാപകമായി സ്പാഗ്‌നം മോസ്സ് ഉപയോഗിക്കുന്നത്, ഓര്‍ക്കിഡുകള്‍ക്കും മറ്റും വളരാനുള്ള ഒന്നാന്തരം സബ്‌സ്‌ട്രേറ്റാണ് സ്പാഗ്‌നം മോസ്സ് .

സ്പാഗ്‌നം മോസ്സ് ഉപയോഗിച്ച് തയ്യാറാക്കിയ സാനിറ്ററി നാപ്കിന്‍

ഇവിടുത്തെ വിപണി ശ്രദ്ധിക്കുമ്പോള്‍ ഞാന്‍ കണ്ട കൗതുകകരമായ ഒരു കാര്യം യൂറോപ്പില്‍ നിന്ന് വരുന്ന സ്പാഗ്‌നം മോസ്സ് പാക്കറ്റിലും, പീറ്റ് സബ്‌സ്‌ട്രേറ്റിലും സോഴ്‌സിങ്ങില്‍ വൈല്‍ഡ് മോസ്സ് അല്ല എന്നും ഫാം ചെയ്ത് എടുത്തതാണ് എന്നും കൃത്യമായി മാര്‍ക്ക് ചെയ്തിട്ടുണ്ട്. അതേസമയം കിഴക്കന്‍ ഏഷ്യയില്‍ നിന്ന് വരുന്ന മോസ്സ് പാക്കറ്റുകളില്‍ അത് കാണാറില്ല. ലിവര്‍വോര്‍ട്ടുകളെക്കാള്‍ അല്‍പ്പം ഉയര്‍ന്നു വളരാന്‍ മോസ്സുകള്‍ക്ക് കഴിവുണ്ട് . തണ്ടുപോലെ ഉയര്‍ന്നു നില്‍ക്കുന്ന, വശങ്ങളില്‍ ഇലകളോട് പ്രാഗ് സാദൃശ്യത്തിലുള്ള സൂഷ്മ വളര്‍ച്ചകള്‍ കാണാം.

ജല സാന്നിധ്യം മോസ്സുകളുടെ വളര്‍ച്ചക്ക് അത്യാവശ്യമാണ്, വികസിത സസ്യങ്ങളിലേത് പോലെ ഇലകള്‍ക്ക് മുകളില്‍ ക്യൂട്ടിക്കിളിന്റെ (Cuticle) തിളങ്ങുന്ന ആവരണമില്ലാത്ത സസ്യങ്ങളാണ് ബ്രയോഫൈറ്റ്‌സില്‍ ഉള്ളത് അതുകൊണ്ട് തന്നെ ജല നഷ്ടം കൂടുതലായിരിക്കും. പക്ഷെ ഈ ഘടനയുടെ ഒരു ഗുണം സസ്യത്തിന്റെ ഏത് ഭാഗത്തിലൂടെ വേണമെങ്കിലും ജലം ആഗിരണം ചെയ്യാനാകും എന്നതാണ്.

50 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ഐസ് ഏജ്

യുകെയിലെ എക്‌സിറ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ പഠനങ്ങളില്‍ നിന്ന് അനുമാനിക്കുന്നത് 50 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയുടെ ഭൂരിഭാഗം കരപ്രദേശങ്ങളും മോസ്സുകള്‍ ഉള്‍പ്പെട്ട ബ്രയോഫയ്റ്റ്‌സ് കവര്‍ ചെയ്തതുകൊണ്ട് അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈഓക്‌സൈഡില്‍ ഒരു വലിയ ശതമാനവും ഹൈഡ്രോ കാര്‍ബണ്‍ ആയി മാറി എന്നും അതുമൂലം അന്തരീക്ഷത്തിലെ ഹരിത ഗ്രഹ പ്രതിഭാസം (Green House Effect) കുറയുകയും ഭൂമിയിലെ കാലാവസ്ഥ തണുത്തു വരികയും അത് ഒരു ഐസ് ഏജിന് കാരണമായി എന്നുമാണ് .

ഭൂമിയില്‍ ഇന്നും പലയിടത്തും 50 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പേ സംഭവിച്ച ഐസ് എജിന് മുമ്പേയുള്ള പീറ്റ് ഡെപ്പോസിറ്റ് ലഭ്യമാണ് . അയര്‍ലാന്‍ഡ് 2020 ല്‍ പീറ്റ് ബോഗ് ഹാര്‍വസ്റ്റിങ്ങ് നിർത്താനുള്ള നയം പ്രഖ്യാപിച്ചു കഴിഞ്ഞു. 2024 ന് ശേഷം ഒരൊറ്റ പീസ് ടര്‍ഫ് പോലും അയര്‍ലാന്‍ഡിന്റെ മണ്ണില്‍ നിന്ന് മുറിച്ചെടുക്കാതിരിക്കാനുള്ള പദ്ധതിയാണ് മുന്നോട്ട് നീങ്ങുന്നത്. വെജിറ്റേഷന്‍ അഴുകാത്ത ഹൈഡ്രോ കാര്‍ബണ്‍ ഡെപ്പോസിറ്ററിയാണ് പീറ്റ് ബോഗുകള്‍ (Peat Bogs). പീറ്റ് ബോഗുകളിലെ അധികമായ അസിഡിറ്റിയും മണ്ണിലെ ഓക്‌സിജന്റെ അഭാവവും മൂലം ജൈവവസ്തുക്കളുടെ സ്വാഭാവികമായ ബാക്റ്റീരിയല്‍ വിഘടനം നടക്കുന്നില്ലാത്തത് കൊണ്ടു തന്നെ യാതൊരു ദുര്‍ഗന്ധമോ അഴുകലോ ഇവിടെ അനുഭവപ്പെടില്ല. ചതുപ്പിലേത് പോലെ ജൈവാവശിഷ്ടങ്ങള്‍ അഴുകാത്തത് കാരണം ഏറ്റവും പൂര്‍ണ്ണമായ ജൈവ ഫോസിലുകള്‍ പലതും ലഭിക്കുന്ന മേഖലകളാണ് ലോകമെമ്പാടുമുള്ള പീറ്റ് ബോഗുകള്‍

ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ജീവികളുടെയും മനുഷ്യന്റെയും ഒട്ടുമേ കേടാകാത്ത മൃതദേഹങ്ങള്‍ യൂറോപ്പിന്റെ പലയിടങ്ങളിലായുള്ള പീറ്റ് ബോഗുകളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മോസ്സുകളില്‍ അലൈംഗികവും ( Vegetative Reproduction ) ലൈംഗികവുമായ ( Sexual Reproduction ) പ്രജനനം നടക്കാറുണ്ട്. മോസ്സുകളിലെ ലൈംഗിക പ്രത്യുത്പാദനത്തിന് ജലസാന്നിധ്യം അത്യാവശ്യമാണ്.

ആന്ത്രീഡിയം എന്ന പുരുഷ പ്രത്യുത്പാദന ഘടനയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ആന്തെറോസോയ്ഡ്‌സ് (Antherozoids) ജലത്തിലൂടെ ഒഴുകി (അല്‍പ്പം നീന്തിയും) ആര്‍ക്കിഗോണിയം എന്ന സ്ത്രീ പ്രത്യുത്പാദന ഘടനയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന എഗ്ഗിനോട് ചേര്‍ന്നുണ്ടാകുന്ന സൈഗോട്ട്, സ്‌പോറോഫൈറ്റ് എന്ന സസ്യ ഘടന ഉണ്ടാക്കുകയും അതിനുള്ളില്‍ അനേകം സ്‌പോറുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. പാകമാകുമ്പോള്‍ സ്‌പോരോ ഫൈറ്റ് പൊട്ടി സ്‌പോറുകള്‍ ചുറ്റിലും പരന്ന് 'വീണ് മുളയ്ക്കുന്നു'. കുഞ്ഞിലേ കിണറ്റിന്‍ കരയിലെ മോസിലുണ്ടാകുന്ന 'കൊളുത്തുകള്‍'കൊണ്ട് വലിച്ച് ചങ്ങാതിമാരോടൊപ്പം യുദ്ധം കൂടിയിട്ടില്ലേ ? അവയെല്ലാം മോസ്സുകളുടെ സ്‌പോറോ ഫൈറ്റുകള്‍ (Sporophyte) ആണ് . അവയ്ക്കുള്ളിലാണ് മോസ്സുകളുടെ സ്‌പോറുകള്‍ (Spore) ഉണ്ടാകുന്നത് !

  പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തോമസ് ടസ്സര്‍ എന്ന കവിയുടെ രണ്ട് വരികള്‍ കടമെടുക്കുന്നു.

  'The stone that is rolling, can gather no moss'

  Content Highlights: all you need to know about moss

  ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

  Also Watch

  Add Comment
  Related Topics

  Get daily updates from Mathrubhumi.com

  Youtube
  Telegram

  വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..   

  IN CASE YOU MISSED IT
  Nambi, Sasikumar

  9 min

  നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

  Aug 10, 2022


  swathi sekhar

  1 min

  ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

  Aug 9, 2022


  higher secondary exam

  1 min

  ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

  Aug 10, 2022

  Most Commented