ന്യൂഡൽഹി: യു.ഡി.എഫിൽ പരാതിയോ ആശയക്കുഴപ്പമോ ഇല്ലെന്ന് എ.ഐ.സി.സി. നേതൃത്വം. യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് രേഖാമൂലം ഒരു പരാതിയും നൽകിയിട്ടില്ലെന്നും, യു.ഡി.എഫ്. യോഗം ചേരാത്തതിലുള്ള കാര്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചതെന്നും എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി അറിയിച്ചു. അടൂർ പ്രകാശ് ഡൽഹിയിലെത്തി കൂടിക്കാഴ്ച നടത്തിയെങ്കിലും ഔദ്യോഗികമായി പരാതിയൊന്നും കൈമാറിയിട്ടില്ലെന്ന് അവർ വ്യക്തമാക്കി.

To advertise here,

കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് മുന്നണിക്കുള്ളിൽ ചർച്ചചെയ്യേണ്ട ചില വിഷയങ്ങളുണ്ടെന്നും ദീപാദാസ് മുൻഷി അറിയിച്ചു. ദേശീയതലത്തിൽ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണെങ്കിലും കേരളത്തിൽ സി.പി.എം. പ്രധാന എതിരാളികളാണ്. അതിനാൽ യു.ഡി.എഫ്. തലത്തിൽ കാര്യങ്ങൾ കൃത്യമായി ചർച്ചചെയ്യേണ്ടതുണ്ടെന്നും, സംസ്ഥാനത്ത് ശരിയായ ചർച്ചകൾ നടന്നിട്ടില്ലെന്നത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമാണെന്നും ദീപാദാസ് പറഞ്ഞു.

നിലവിലുള്ള വിഷയങ്ങൾ ചർച്ചചെയ്തു പരിഹരിക്കുന്നതിനായി ഒന്നോ രണ്ടോ ദിവസത്തിനകം യു.ഡി.എഫ്. മുന്നണി യോഗം ചേരുമെന്നും ദീപാദാസ് അറിയിച്ചു. പാർട്ടി ഫോറങ്ങളിലും മുന്നണി ഫോറത്തിലും കാര്യങ്ങൾ ചർച്ചചെയ്ത് നിലപാടുകൾ വ്യക്തമാക്കി മുന്നോട്ടുപോകും. മുന്നണിയിൽ ഒരുവിധ ആശയക്കുഴപ്പങ്ങളുമില്ലെന്നും ദീപാദാസ് കൂട്ടിച്ചേർത്തു.