തിരുവനന്തപുരം: നെയ്യാറ്റിൻകര പൂഴിക്കുന്നിൽ 45-കാരൻ വെട്ടേറ്റു മരിച്ച നിലയിൽ. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് വെങ്ങാനൂർ സ്വദേശി അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നെയ്യാറ്റിൻകര പൂഴികുന്ന് സ്വദേശി രാജനെയാണ് വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ദേഹമാസകലം 35 ഓളം വെട്ടുകളേറ്റിട്ടുണ്ട്. കഴുത്തിൽ മാരകമായ മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

To advertise here,

ഭാര്യയുമായി പിണങ്ങിയാണ് രാജൻ താമസിക്കുന്നത്. ഇവിടെ പതിവായി എത്താറുള്ള അനൂപുമായി ചേർന്ന് കഴിഞ്ഞ ദിവസം രാത്രിയിലും രാജൻ മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടയിലുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

കൃത്യം നടത്തിയശേഷം അനൂപ് രാജന്റെ ബൈക്കുമായി കടന്നു കളഞ്ഞു. പരസ്യ മദ്യപാനം നടത്തിയതിന് പിടികൂടിയ അനൂപിനെ വിഴിഞ്ഞം പോലീസ് ചോദ്യം ചെയ്തപ്പോഴായിരുന്നു കൊലപാതക വിവരം പുറത്തറിയുന്നത്. തുടർന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.