ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാഡ് | Photo: AP
ഇന്ത്യയിലാകെ 150 ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡ്(Great Indian Bustard) പക്ഷികളാണ് ശേഷിക്കുന്നത്; ലോകത്താകെ ഇരുന്നൂറിനടുത്തും. ഐ.യു.സി.എന്‍.(ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ) പട്ടികപ്രകാരം വംശനാശ ഭീഷണി നേരിടുന്ന വിഭാഗക്കാരായി ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡുകളെ പ്രഖ്യാപിക്കുന്നത് 1994-ലാണ്. രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ് തുടങ്ങിയിടങ്ങളിലായി ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡിന്റെ സാന്നിധ്യമുണ്ടായിരുന്നു. നിലവില്‍ രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമാണിവയുടെ സാന്നിധ്യം.
ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡുകളുടെ എണ്ണം കുറയലിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. വൈദ്യുതി ലൈനുകളിടിച്ചുള്ള മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തവയില്‍ അധികവും. വേട്ടക്കാരെ തിരിച്ചറിയുന്നതിന് വശങ്ങളിലേക്കാണ് ഇവര്‍ക്ക് കൂടുതലും കാഴ്ചശക്തിയുള്ളത്. ഇതിനാല്‍തന്നെ മുമ്പിലുള്ള വൈദ്യുതി ലൈനുകള്‍ ഇവ കാണണമെന്നില്ല. മറ്റു തടസങ്ങളിൽ കൂട്ടിയിടിച്ചുള്ള അപകടവും തുടർന്നുള്ള മരണവും ഈ പക്ഷിക്ക് പതിവാണ്. വൈല്‍ഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ 2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ താര്‍ പ്രദേശത്ത് ഇത്തരത്തില്‍ ആറ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രൊജക്ട് ടൈഗര്‍ പോലെയൊന്ന്
ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡ് പക്ഷികളുടെ സംരക്ഷണത്തിന് സുപ്രീം കോടതി ഇടപെടല്‍ പല തവണ ഉണ്ടായിട്ടുണ്ട്. വൈദ്യുതി ലൈനുകളിടിച്ചുള്ള മരണങ്ങള്‍ കുറയ്ക്കാന്‍ ലൈനുകള്‍ ഭൂമിക്കടിയിലൂടെ സ്ഥാപിക്കാന്‍ അധികൃതരോട് ഏപ്രില്‍ 2021-ല്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഒരു വര്‍ഷത്തെ സമയവും ഇതിന് പറ്റുന്നയിടങ്ങള്‍ക്കായി സുപ്രീം കോടതി നല്‍കിയിരുന്നു. കടുവകളുടെ സംരക്ഷണത്തിനായി നിലവില്‍ വന്ന പ്രൊജക്ട് ടൈഗര്‍ പോലെയുള്ള പദ്ധതികള്‍ ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡുകളുടെ കാര്യത്തില്‍ സ്വീകരിക്കുവാന്‍ കഴിയുമോയെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു. 2012-ൽ പിന്നീട് പ്രൊജക്ട് ബസ്റ്റാർഡ് എന്നൊരു പദ്ധതി ആവിഷ്കരിക്കുകയായിരുന്നു.
സംരക്ഷണത്തിന് കേന്ദ്രവും
ഇപ്പോഴിതാ 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലും ഈ പക്ഷികളെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇതോടെ ഇവയെ വേട്ടയാടുന്നതിന് തടസ്സങ്ങളുണ്ടാകും. കൂടുതല്‍ സംരക്ഷണ പ്രവര്‍ത്തനങ്ങളും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡുകളുടെ പ്രധാന ആവാസവ്യവസ്ഥകള്‍ ദേശീയോദ്യാനങ്ങളോ വന്യജീവി സങ്കേതങ്ങളോ ആയി പ്രഖ്യാപിക്കുന്നതാണ് ഇതില്‍ പ്രധാനം. രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ വനംവകുപ്പിന്റെയും വൈല്‍ഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും സഹായത്തോടെ സംരക്ഷിത പ്രജനന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന പദ്ധതിയാണ് രണ്ടാമത്തേത്. പക്ഷികളുടെ സംരക്ഷണത്തിന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സാമ്പത്തിക സഹായവും നല്‍കും.
രാജസ്ഥാന്റെ സംസ്ഥാന പക്ഷി
രാജസ്ഥാന്റെ സംസ്ഥാന പക്ഷി കൂടിയാണ് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡ്. മാത്രവുമല്ല, ലോകത്താകമാനമുള്ള ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡുകളുടെ 96 ശതമാനത്തിന്റെയും വാസസ്ഥലം കൂടിയാണ് രാജസ്ഥാന്‍.രാജ്യത്താകെയുള്ള 150 പക്ഷികളില്‍ 128 എണ്ണത്തിന്റെയും വാസസ്ഥലം രാജസ്ഥാന്‍ തന്നെയാണ്. രാജ്യതലത്തിലും ആഗോളത്തലത്തിലും സംരക്ഷിത വിഭാഗക്കാര്‍ കൂടിയാണിവര്‍. 1960-ല്‍ 1,260-ഓളം ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡുകളുണ്ടായിരുന്നു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ എണ്ണത്തില്‍ 75 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ത്യയില്‍ 11 സംസ്ഥാനങ്ങളില്‍ ഈ പക്ഷികളുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും നിലവില്‍ കൂടുതലും കാണുന്നത് രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്.
മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര പ്രദേശ് തുടങ്ങിയിടങ്ങളില്‍ ചെറിയ തോതില്‍ ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡുകളുണ്ട്. പക്ഷി വിഭാഗക്കാരാണെങ്കിലും പറക്കല്‍ വിദ്ഗധരല്ല ഇക്കൂട്ടര്‍. 15 കിലോഗ്രാം വരെ ഇവയ്ക്ക് ഭാരം വെയ്ക്കുവാന്‍ സാധിക്കും. പറക്കും പക്ഷികളില്‍ ഭാരമേറിയ പക്ഷി കൂടിയാണ് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡുകള്‍. നാലടി വരെയാണ് സാധാരണയായി കണ്ടുവരാറുള്ള നീളം. ആണ്‍വിഭാഗമായിരിക്കും ഭാരത്തില്‍ മുന്‍പന്തിയില്‍. തൂവലുകളുടെ നിറം നോക്കിയാണ് ആണ്‍-പെണ്‍ വിഭാഗങ്ങളെ തിരിച്ചറിയുക. കറുത്ത നിറത്തിലുള്ള കിരീടം ചൂടിയവരാകും പെണ്‍വിഭാഗക്കാര്‍. ഗോഡാവന്‍ എന്നാണ് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡുകളെ പ്രാദേശികമായി അറിയപ്പെടുന്നത്.

1972 വരെയുള്ള സ്ഥിതി
1972-ല്‍ ഇവയെ വേട്ടയാടുന്നതിന് നിരോധനം വരുന്നതിന് മുന്‍പ് ഇവയുടെ ഭൂരിഭാഗം വരുന്നവയും ഭൂമിയില്‍നിന്നു തുടച്ചു നീക്കപ്പെട്ടു. 1980-ല്‍ 1000 എന്ന സംഖ്യയില്‍നിന്നും ഇപ്പോള്‍ 150-ലേക്ക് വേട്ടയാടലിന്റെ പ്രത്യാഘാതങ്ങള്‍ വന്നെത്തിയിരിക്കുന്നു. വൈദ്യുത ലൈനുകളിടിച്ച് പ്രതിവര്‍ഷം 18 പക്ഷികളെങ്കിലും മരിക്കുന്നതായി വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുണ്ട്. 15 കിലോയോളം ഭാരമുള്ളതിനാല്‍ വൈദ്യുതി ലൈനുകളെത്തുമ്പോള്‍ പെട്ടെന്നൊരു മാറ്റം ഇവയ്ക്ക് സാധ്യമാകില്ല. ഇത് മരണസംഖ്യ കൂടുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. മുന്‍വശത്ത് ശക്തി കുറഞ്ഞുള്ള കാഴ്ചശക്തിയും അപകടത്തിന്റെ തോത് കൂട്ടുന്നു. 2009-ലെ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ റിക്കവറി പ്രേഗ്രാമുകളില്‍ മുന്‍ഗണന നല്‍കിയിരുന്ന വിഭാഗക്കാര്‍ കൂടിയാണ് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡുകള്‍.
രാജ്യത്ത് ചീറ്റകള്‍ പോലെയുള്ള വന്യജീവികളെ പുനരവതരിപ്പിക്കുമ്പോള്‍ കടുത്ത വംശനാശ ഭീഷണി നേരിടുന്ന പക്ഷിവിഭാഗത്തെ അവഗണിക്കുന്നത് വിമര്‍ശന സ്വരങ്ങള്‍ക്കും കാരണമാകുന്നുണ്ട്. രാജസ്ഥാനില്‍ ജയ്‌സാല്‍മറില്‍ കാപ്റ്റീവ് പ്രജനന പദ്ധതി (captive breeding project) നടപ്പിലാക്കുന്നുണ്ട്. ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡുകളുടെ സംരക്ഷണത്തിനാണിത്. വനപ്രദേശങ്ങളില്‍നിന്നു കൊണ്ടുവന്ന 25 പക്ഷിക്കുഞ്ഞുങ്ങള്‍ ഇവിടെയുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രായപൂര്‍ത്തിയാവുകയും ഇവയെ വനപ്രദേശങ്ങളില്‍ പുനരവതരിപ്പിക്കുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട 50 ശതമാനം പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടന്നതെന്നും ഇതുമായി ബന്ധപ്പെട്ട വിദ്ഗധര്‍ പറയുന്നു. കൂട്ടിലടിച്ചുള്ള പ്രജനനമാണിനി മുമ്പിലുള്ള വെല്ലുവിളി.
കിട്ടുന്നതെന്തും ഭക്ഷണമാക്കുന്ന ഒമ്‌നിവോര്‍സ് (omnivores) വിഭാഗക്കാര്‍ കൂടിയാണ് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡുകള്‍. ചുറ്റുപ്പാടുമുള്ള ആസ്വാദ്യകരമായ ഭക്ഷണമായിരിക്കും പ്രധാന ആഹാരം. ചെറു സസത്‌നികള്‍, ഉരഗങ്ങള്‍, പുഴുക്കള്‍ തുടങ്ങിയവയാണ് പ്രധാന ഭക്ഷണങ്ങള്‍. രാജ്യത്ത് മഴക്കാലത്താണ് പ്രധാനമായും ഇവ പ്രജനനം നടത്താറ്. വിത്തുകള്‍, നിലക്കടല തുടങ്ങിയവയാണ് തണുള്ളതും വരള്‍ച്ചയേറിയതുമായ കാലയളവിലെ ഭക്ഷണങ്ങള്‍.
പ്രായപൂര്‍ത്തിയെത്തിയ ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡുകള്‍ക്ക് പരുന്ത്, ഈജിപ്ഷ്യന്‍ വള്‍ച്ചറുകള്‍ തുടങ്ങിയവയാണ് പ്രധാന വേട്ടക്കാര്‍. ചാര ചെന്നായ്ക്കൾ ഇവയെ ആക്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കുഞ്ഞന്‍ ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡുകള്‍ നിരവധി വന്യജീവികളില്‍നിന്നും ഭീഷണി നേരിടുന്നുണ്ട്. മേയുന്ന പശുക്കള്‍ മുട്ട ചവിട്ടി നശിപ്പിക്കുന്നതായും കണ്ടുവരാറുണ്ട്. മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെയാണ് പ്രജനന കാലയളവ്. ഇവയുടെ പ്രത്യുത്പാദന സ്വഭാവത്തെ പറ്റി വിവരങ്ങളുണ്ടെങ്കിലും കൂടൊരുക്കുന്നതും ഇണചേരലിനെയും പറ്റിയുള്ള വിവരങ്ങള്‍ കുറവാണ്.
വര്‍ഷം തോറും പുതിയ കൂടുകള്‍
ഒരു തവണ പ്രജനന ലക്ഷ്യത്തോടെ സ്ഥാപിച്ച കൂടുകള്‍ പിന്നീട് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡുകള്‍ ഉപയോഗിക്കില്ല. വര്‍ഷംതോറും പുതിയ കൂടുകള്‍ ഇതിനായി സ്ഥാപിച്ച് കൊണ്ടേയിരിക്കും. മുന്‍വര്‍ഷങ്ങളില്‍ മറ്റ് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡ് പക്ഷികള്‍ സ്ഥാപിച്ച് കൂടുകളും ചിലപ്പോള്‍ ഉപയോഗിക്കാറുണ്ട്. മണ്ണില്‍ ചെറിയ കുഴികളുണ്ടാക്കിയാണ് കൂടൊരുക്കല്‍. ആണ്‍/ പെണ്‍ വിഭാഗങ്ങള്‍ഒന്നിൽ കൂടുതൽ ഇണകളിൽ ഇണചേരുന്നതായും ആണ്‍പക്ഷി നിരവധി പെണ്‍പക്ഷികളുമായി ഇണചേരുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഒരു മുട്ടയാകും പെണ്‍പക്ഷികളിടുക. ഒരു മാസമാണ് അടിയിരിക്കല്‍ കാലയളവ്. ആണ്‍പക്ഷിക്ക് അഞ്ചോ ആറോ വര്‍ഷത്തിനുള്ളില്‍ പ്രായപൂര്‍ത്തിയാവും. പെണ്‍പക്ഷിക്കിത് രണ്ട് മുതല്‍ മൂന്ന് വരെ വര്‍ഷങ്ങളാണ്. 12 മുതല്‍ 15 വര്‍ഷം വരെയാണ് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡുകളുടെ ശരാശരി ആയുസ്സ്. 210 മുതല്‍ 250 സെന്റിമീറ്റര്‍ വരെയാണ് ചിറകളവ്.
പ്രൊജക്ട് ബസ്റ്റാഡിന്റെ വരവ്
പ്രജനന കാലയളവൊഴികെയുള്ള സമയങ്ങളില്‍ ദേശാടന സ്വഭാവം ഇക്കൂട്ടര്‍ കാട്ടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എണ്ണം വന്‍തോതില്‍ കുറഞ്ഞതോടെ 2011-ല്‍ ഇവയെ ഗുരുതര വംശനാശ ഭീഷണി നേരിടുന്ന വിഭാഗക്കാരായി പ്രഖ്യാപിച്ചു. ആവാസവ്യവസ്ഥാ നാശമാണ് മറ്റൊരു പ്രധാന വെല്ലുവിളി. 2012-ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇവയുടെ സംരക്ഷണത്തിനായി പ്രൊജക്ട് ബസ്റ്റാഡ് എന്നൊരു പദ്ധതി ആവിഷ്‌കരിച്ചു. പ്രൊജക്ട് ടൈഗറിന് സമാനമായിട്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെങ്കിലും കാര്യമായി മുന്നോട്ടു പോയില്ല. 1970-കളില്‍ രാജ്യത്തെ കടുവകളുടെ സംരക്ഷണത്തിനായി നിലവില്‍ വന്ന പദ്ധതിയാണ് പ്രൊജക്ട് ടൈഗര്‍.
Content Highlights: all you need to know about great indian bustards


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..