
ഒടുവില്‍ 'നരകത്തിലേക്കുള്ള വാതില്‍' അടയുന്നു. നിഗൂഢതകളും അപകടവും ഒളിച്ച, പതിറ്റാണ്ടുകളായി കത്തിക്കൊണ്ടിരിക്കുന്ന തുര്‍ക്‌മെനിസ്താനിലെ നരകച്ചൂട് അവസാനിക്കാന്‍ പോകുന്നു. തുര്‍ക്‌മെനിസ്താനിലെ കരാകം മരുഭൂമിയിലെ ദർവാസ് ഗ്രാമത്തില്‍ 50 വര്‍ഷങ്ങളിലേറെയായി കത്തിക്കൊണ്ടിരിക്കുന്ന ഗര്‍ത്തം അവസാനഘട്ടത്തിലാണെന്നാണ് ശസ്ത്രജ്ഞര്‍ പറയുന്നത്. കണ്ടെത്തലുകള്‍ ശരിയാണെങ്കില്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ദർവാസിന്റെ ശാപം ഒഴിയും. ഗര്‍ത്തത്തിലൂടെ പുറത്തുവരുന്ന പ്രകൃതിവാതകത്തിന്റേയും തീയുടേയും അളവ് കുറഞ്ഞതായാണ് തുര്‍ക്‌മെനിസ്താന്‍ ജൂണില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ വ്യക്തമാക്കിയത്. തീപടരാന്‍ കാരണമായ മീഥെയ്‌നിന്റെ അളവ് മൂന്നിലൊന്നായി കുഞ്ഞിട്ടുണ്ടെന്നാണ് ടെസ്‌ക് (TESC 2025) കോണ്‍ഫറന്‍സില്‍ രാജ്യം അറിയിച്ചിരിക്കുന്നത്. എന്താണ് നരകത്തിന്റെ വാതില്‍ എന്നറിയപ്പെടുന്ന ഈ ഗര്‍ത്തം? ശാശ്വതമായി ഈ ഗര്‍ത്തം അടയ്ക്കാന്‍ കഴിയുമോ? കഴിഞ്ഞ അരനൂറ്റാണ്ടായി അതുണ്ടാക്കുന്ന സങ്കീര്‍ണതകള്‍ എന്തൊക്കെയാണ്?
നരകത്തിലേക്കുള്ള വാതില്‍, വഴി തുറന്നതെന്ത്?
തുര്‍ക്‌മെനിസ്താനിലെ ദർവാസ് ഗ്രാമത്തില്‍ കത്തിക്കൊണ്ടിരിക്കുന്ന പ്രകൃതിവാതകഗര്‍ത്തമാണ് 'നരകത്തിലേക്കുള്ള വാതില്‍' എന്ന വിളിപ്പേരിലറിയപ്പെടുന്നത്. മരുഭൂമിക്ക് നടുവില്‍ സ്ഥിതിചെയ്യുന്ന ഗര്‍ത്തത്തിന് ഏകദേശം 70 മീറ്റര്‍ വീതിയും 20 മീറ്റര്‍ ആഴവുമാണുള്ളത്. തുര്‍ക്‌മെനിസ്താനിലെ ദര്‍വാസ(തുര്‍ക്‌മെന്‍ ഭാഷയില്‍ ദര്‍വെസെ) ഗ്രാമത്തിലാണ് ഈ ഗര്‍ത്തമുള്ളത്. ദര്‍വാസ എന്ന പേരിന്റെ അര്‍ത്ഥം കവാടം (ഗേറ്റ്) എന്നാണ്. അതിനാലാണ് പ്രദേശവാസികള്‍ ഇതിന് 'നരകത്തിലേക്കുള്ള കവാടം' എന്ന പേര് നല്‍കിയിരിക്കുന്നത്. ഈ പ്രദേശത്ത് വമ്പന്‍ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിയതിനെ തുടര്‍ന്ന് ഗവേഷകസംഘം ഇവിടെ ഒരു പരിശോധന നടത്തുകയുണ്ടായി. ഈ പരിശോധനയ്ക്കിടെ ഉണ്ടായ അപകടമാണ് എപ്പോഴും കത്തിക്കൊണ്ടിരിക്കുന്ന ഈ തീ ഗര്‍ത്തത്തിന്റെ പിറവിയിലേക്ക് നയിച്ചത് എന്നാണ് ഇതുസംബന്ധിച്ച് ഇതുവരെ ലഭ്യമായ പിന്നാമ്പുറ കഥ.
തുര്‍ക്‌മെനിസ്താന്‍, സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നപ്പോള്‍ 1971-ലാണ് കരാകം മരുഭൂമിയില്‍ പെട്രോള്‍/പ്രകൃതിവാതക നിക്ഷേപം തിരിച്ചറിഞ്ഞത്. ഇത് പര്യവേഷണം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ഈ നിക്ഷേപത്തെ കുറിച്ച് പഠിക്കാനായി ഭൂമി തുരന്നുള്ള പരിശോധന ആരംഭിച്ചു. എന്നാല്‍ കുഴിയെടുക്കുന്നതിനിടെ ഡ്രില്ലിംഗ് റിഗ് പ്രകൃതി വാതകം നിറഞ്ഞ ഒരു വലിയ തുരങ്കത്തില്‍ ഇടിക്കുകയും അത് തകരുകയും ചെയ്തു. തുടര്‍ന്ന് 200 അടി വ്യാസത്തില്‍ മണ്ണ് താഴ്ന്ന് വലിയ ഗര്‍ത്തം ഉണ്ടായി. ആ ഗര്‍ത്തത്തില്‍നിന്ന് വാതകം പുറത്തേക്ക് പ്രവഹിക്കാന്‍ തുടങ്ങി. തുടര്‍പരിശോധനയില്‍ മീഥെയ്ന്‍ ആണ് ഗര്‍ത്തത്തില്‍ നിന്ന് പ്രവഹിക്കുന്നതെന്ന് ശാസ്ത്രസംഘം കണ്ടെത്തി.
ഇതില്‍ വിഷാംശം അടങ്ങിയിട്ടുണ്ടെന്നത് അതീവ ആശങ്കയുണ്ടാക്കി. അതോടെ പ്രദേശവാസികളുടെ സുരക്ഷയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന് ശാസ്ത്രസംഘം ആലോചിക്കുകയും വാതകം കത്തിച്ച് ഇല്ലാതാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ആഴ്ചകള്‍ക്കുള്ളില്‍ വാതകം കത്തിത്തീരുമെന്നായിരുന്നു നിഗമനം. എന്നാല്‍ ആഴ്ചകളും മാസങ്ങളും പിന്നിട്ടു, അന്ന് കൊളുത്തിയ തീ അമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും നിര്‍ത്താതെ കത്തിക്കൊണ്ടിരിക്കുകയാണ്. നിന്നു കത്തുന്ന ഭൂമിയിലെ കെടാത്ത തീഗര്‍ത്തമായി ആ പ്രദേശം മാറുകയും ചെയ്തു. പ്രകൃതിവാതകത്തിന്റെ അളവിനെക്കുറിച്ചുള്ള തെറ്റായ ധാരണയാണ് ഗവേഷകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. ലോകത്തില്‍ ഏറ്റവുമധികം പ്രകൃതിവാതക ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നാലാംസ്ഥാനമാണ് തുര്‍ക്‌മെനിസ്താന്. പ്രകൃതിവാതകങ്ങളുടെ കയറ്റുമതിയിലൂടെ വന്‍ലാഭമാണ് രാജ്യത്തുണ്ടാവാറുളളത്.
തീകുണ്ഡത്തിലെ ഏക സന്ദര്‍ശകന്‍
എപ്പോഴും തീ കത്തിക്കൊണ്ടിരിക്കുന്ന ഗര്‍ത്തത്തെക്കുറിച്ച് ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍, എല്ലാം വിദേശത്ത് നിന്നുള്ളവയായിരുന്നു. നരകത്തിലേക്കുള്ള കവാടത്തില്‍ ആദ്യമായി പ്രവേശിച്ച വ്യക്തിയാണ് സാഹസികനായ കാനഡക്കാരന്‍ ജോര്‍ജ്ജ് കുറൂണിസ്. കൂറോണിസിസ് ഗര്‍ത്തത്തില്‍ നേരിട്ട് പ്രവേശിച്ച് പഠനം നടത്തി. മികച്ച സന്നാഹങ്ങളോടെ ഗര്‍ത്തത്തിലേക്ക് പ്രവേശിച്ചെങ്കിലും തിരിച്ചിറങ്ങുമ്പോള്‍ ചുട്ടുപഴുത്ത ഉരുളക്കിഴങ്ങുപോലെയായിരുന്നു താനെന്ന് അദ്ദേഹം പറയുന്നു. 'മരുഭൂമിയുടെ നടുവില്‍ ഒരു അഗ്നിപര്‍വ്വതം പോലെ' എന്നതാണ് ഗര്‍ത്തത്തിന്റെ ആദ്യകാഴ്ചയെ കുറൂണിസ് വിശേഷിപ്പിച്ചത്. ലോകത്തിലെ ഏറ്റവും അടഞ്ഞ രാജ്യങ്ങളിലൊന്നാണ് തുര്‍ക്‌മെനിസ്താന്‍. ഇവിടേക്ക് ഇത്തരമൊരു സംരംഭത്തിനായി എത്തിപ്പെടാന്‍ അനുമതി നേടുക എന്നതായിരുന്നു കുറൂണിസിന്റെ മുമ്പിലെ ഏറ്റവും വലിയ വെല്ലുവിളി. രണ്ട് വര്‍ഷത്തെ ശ്രമത്തിനൊടുവില്‍ 2013-ല്‍ അദ്ദേഹം തന്റെ പദ്ധതിക്കായി തുര്‍ക്‌മെനിസ്താനില്‍ പ്രവേശിച്ചു.
'ഗര്‍ത്തത്തില്‍ ഇരുട്ടായിരുന്നില്ല, അവിടെ തീജ്വാലകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നതിനാല്‍ ഗര്‍ത്തത്തിന് കടും ഓറഞ്ച് നിറമാണ്. രാവും പകലുമില്ലാതെ അവിടം കത്തിക്കൊണ്ടേയിരുന്നു. അത് വലിയ അളവിലുള്ള തീജ്വാലയായിരുന്നു. ഗര്‍ത്തത്തിന് അരികില്‍ നില്‍ക്കുമ്പോള്‍ തീയുടെ ഇരമ്പല്‍ കേള്‍ക്കാം. കാറ്റ് താഴേയ്ക്കാണെങ്കില്‍ ചൂട് അസഹനീയമാണ്. ഗര്‍ത്തത്തിന്റെ അരികുകളിലും ചുറ്റിലും ആയിരക്കണക്കിന് ചെറിയ തീജ്വാലകള്‍ ഉണ്ട്. മധ്യഭാഗത്ത് താഴെയായി രണ്ട് വലിയ തീജ്വാലകള്‍. അവിടെയാണ് പ്രകൃതി വാതകം വേര്‍തിരിച്ചെടുക്കുന്നതിനുള്ള ഡ്രില്ലിംഗ് റിഗ് ദ്വാരം.' സാഹസികയാത്രയെക്കുറിച്ച് കുറൂണിസ് വിവരിക്കുന്നത് ഇങ്ങനെയാണ്.
കത്തുന്ന കുഴിയിലേക്ക് ഇറങ്ങുന്നതിനു മുമ്പ് കുറൂണിസ് പ്രത്യേകമായി സജ്ജീകരണങ്ങള്‍ നടത്തിയിരുന്നു. ചൂട് പ്രതിരോധിക്കുന്ന മേല്‍വസ്ത്രം, ശ്വസന ഉപകരണം, തീ പ്രതിരോധിക്കുന്ന തരം കയറുകള്‍ തുടങ്ങിയവയെല്ലാം തയ്യാറാക്കി. നാഷണല്‍ ജ്യോഗ്രാഫിക്കിന്റെ ക്രിറ്റര്‍ ക്യാമുകള്‍ നിര്‍മ്മിക്കുന്ന എന്‍ജിനീയര്‍മാര്‍ രൂപകല്‍പന ചെയ്ത ഒരു ഹീറ്റ് പ്രോബ് ആയിരുന്നു മറ്റൊരു ഉപകരണം. ഒരു വാള്‍പോലെ തോന്നിച്ച ഈ ഉപകരണത്തിന് വയര്‍ലെസ് ആയി ഗര്‍ത്തത്തിന്റെ അരികിലേക്ക്, ഒരു ലാപ്ടോപ്പിലേക്ക് വിവരങ്ങള്‍ കൈമാറാന്‍ കഴിയുമായിരുന്നു.
നരകത്തിന്റെ വാതില്‍ അടയ്ക്കുമോ?
കത്തിക്കൊണ്ടിരിക്കുന്ന ഗര്‍ത്തം കാണാന്‍ നിരവധി പേരാണ് ദര്‍വാസയിലേക്കെത്തിയത്. പതിയെ ഇതൊരു ആഗോള വിനോദസഞ്ചാര കേന്ദ്രമായി മാറി. എങ്കിലും അഞ്ചു പതിറ്റാണ്ടിലേറെയായി കത്തിക്കൊണ്ടിരിക്കുന്ന പ്രകൃതിവാതക ഗര്‍ത്തം അടച്ചുപൂട്ടാനുള്ള വഴികള്‍ തേടിക്കൊണ്ടിരിക്കുകയായിരുന്നു ഏറെക്കാലമായി തുര്‍ക്‌മെനിസ്താന്‍ സര്‍ക്കാര്‍. 2010-ല്‍ ഗര്‍ത്തം സന്ദര്‍ശിച്ച പ്രസിഡന്റ് കുര്‍ബാംഗുലി ബെര്‍ഡിമുഖമെദോവ്, അത അടച്ചുപൂട്ടാനുള്ള വഴികള്‍ കണ്ടെത്താന്‍ പ്രാദേശിക ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിരുന്നു. തീ അണയ്ക്കുന്നതിനായി പല രാജ്യത്തുനിന്നുമുള്ള പ്രഗത്ഭരുടെ അഭിപ്രായം അവര്‍ തേടുകയും ചെയ്തു. തുര്‍ക്‌മെനിസ്താനിലെ നാച്ചുറല്‍ ഗ്യാസ് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ബൈരംമിറാത്ത് പിര്‍നിയാസോവ്, തലസ്ഥാനമായ അഷ്ഗാബത്തില്‍ നടന്ന ഒരു അന്താരാഷ്ട്ര നിക്ഷേപ ഫോറത്തില്‍ നടത്തിയ പ്രസംഗത്തില്‍, ഗര്‍ത്തത്തിന്റെ ഭൂമിശാസ്ത്രപരമായ ഘടനയെക്കുറിച്ച് ശാസ്ത്രജ്ഞര്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഘട്ടംഘട്ടമായി തീ അണയ്ക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും പുരോഗമിച്ചില്ല.
2018-ല്‍ പ്രദേശം സന്ദര്‍ശിച്ച കുര്‍ബാംഗുലി വിള്ളലിന്റെ പേര് 'കരാകത്തിന്റെ പ്രകാശം' എന്നാക്കി മാറ്റിയിരുന്നു. ലോകത്തില്‍ തന്നെ ഏറ്റവും വലിയ പ്രകൃതിവാതക ശേഖരമാണ് ഇവിടെയുള്ളതെന്നാണ് വിലയിരുത്തല്‍. ലോകത്തില്‍ ഏറ്റവുമധികം പ്രകൃതിവാതക ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനമാണ് തുര്‍ക്‌മെനിസ്താനുള്ളത്. പ്രകൃതിവാതകങ്ങളുടെ കയറ്റുമതിയിലൂടെ മികച്ച വരുമാനമാണ് രാജ്യമുണ്ടാക്കുന്നത്. യൂറോപ്പ്, റഷ്യ, ചൈന, ഇന്ത്യ, പാകിസ്താന്‍ എന്നിവിടങ്ങളിലേക്ക് പ്രകൃതി വാതകം കയറ്റുമതി ചെയ്യുന്ന രാജ്യമാണ് തുര്‍ക്‌മെനിസ്താന്‍. ഗര്‍ത്തത്തില്‍ നിര്‍ത്താതെ തീ കത്തുന്നത് സമീപമുള്ള മറ്റ് ഡ്രില്ലിംഗ് സൈറ്റുകളില്‍നിന്ന് വാതകം വലിച്ചെടുക്കുമെന്നും അവരുടെ സുപ്രധാന ഊര്‍ജ്ജ കയറ്റുമതിയെ ഇത് നശിപ്പിക്കുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.
മീഥെയ്ന്‍ വാതകം നിരന്തരം കത്തിക്കൊണ്ടിരിക്കുന്നത് നിരവധി സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നുണ്ട്. ഗര്‍ത്തത്തിന് കിലോമീറ്ററുകള്‍ അകലെയാണ് ജനവാസ മേഖലയെങ്കിലും ഈ ആളുകളുടെ ആരോഗ്യത്തെ പോലും ഇത് ബാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ആരോഗ്യസംബന്ധിയായ നിരവധി പഠനങ്ങള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. വിലയേറിയ പ്രകൃതിവാതക സമ്പത്ത് പാഴാക്കുന്നതാണ് മറ്റൊരു കാരണം. വിവിധ വാതകങ്ങള്‍ തുടര്‍ച്ചയായി കത്തുന്നതിലൂടെ പരിസ്ഥിതിക്കുണ്ടാകുന്ന ദോഷവും ചെറുതല്ല.
കുറയുന്നു മീഥെയ്ന്‍?
ഗര്‍ത്തത്തില്‍നിന്ന് പുറത്തുവരുന്ന മീഥെയ്നിന്റെ അളവ് ഗണ്യമായ തോതില്‍ കുറഞ്ഞുവെന്നാണ് ശാസ്ത്രസംഘം പുതിയതായി കണ്ടെത്തിയിരിക്കുന്നത്. അതിലേക്ക് നയിച്ചതില്‍ തുര്‍ക്‌മെനിസ്താന്‍ സര്‍ക്കാരിന് കാര്യമായ പങ്കാണുള്ളത്. നിരന്തരം ജ്വലിച്ചുകൊണ്ടിരിക്കുന്ന ഗര്‍ത്തത്തിലെ മീഥെയ്ന്റെ അളവ് കുറയ്ക്കാനായി നിരവധി പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ ചെയ്തുകഴിഞ്ഞു. ഇതിലൂടെ 2022 മുതല്‍ ജ്വലനത്തില്‍ മൂന്നിലൊന്ന് കുറവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് പരിസ്ഥിതി സംരക്ഷണം മാത്രമല്ല, വലിയ സാമ്പത്തികനേട്ടം കൂടിയാണ് രാജ്യത്തിന് നല്‍കിയത്.
മീഥെയ്ന്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഈ ഗര്‍ത്തത്തിന് സമീപം നിരവധി കിണറുകള്‍ കുഴിച്ചിട്ടുണ്ട്. ഇത്തരത്തിലാണ് മീഥെയ്ന്റെ അളവ് കുറയ്ക്കാന്‍ സാധിച്ചത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ്ജ കമ്പനിയായ തുര്‍ക്‌മെന്‍ഗാസ് ആണ് മീഥെയ്ന്‍ വാതകം പിടിച്ചെടുക്കുന്നതിനായി ഗര്‍ത്തത്തിന് ചുറ്റും കിണറുകള്‍ കുഴിച്ചത്. ഇത് നിരന്തരം ട്രാക്ക് ചെയ്യാന്‍ സ്വതന്ത്ര ഉപഗ്രഹങ്ങളേയും ആശ്രയിക്കുന്നു. ഇത്തരത്തിലാണ് മീഥെയ്ന്റെ അളവ് കുറഞ്ഞതായി രാജ്യം സ്ഥിരീകരിച്ചത്.
തീയുടെ വലുപ്പം മൂന്നിലൊന്നായി കുറഞ്ഞതായി 2025-ല്‍ തുര്‍ക്‌മെനിസ്താന്‍ തന്നെ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പ്രഖ്യാപിച്ചിരുന്നു. ഗര്‍ത്തത്തില്‍നിന്ന് പുറത്തുവന്നിരുന്ന വലിയ ജ്വാല ഇപ്പോള്‍ മങ്ങിയ ഒരു ജ്വലന ഉറവിടം മാത്രമാണെന്നാണ് തുര്‍ക്‌മെന്‍ഗാസിലെ ഒരു ഡയറക്ടര്‍ അഭിപ്രായപ്പെട്ടത്. സ്വതന്ത്ര ഉപഗ്രഹ ഡാറ്റയും ഈ മാറ്റം സ്ഥിരീകരിക്കുന്നുണ്ട്. കൂടാതെ ഗര്‍ത്തത്തില്‍നിന്നുള്ള മീഥെയ്ന്‍ ബഹിര്‍ഗമനം കൂടുതല്‍ നിയന്ത്രിക്കുന്നതിനായി 2024 മാര്‍ച്ചില്‍ തുര്‍ക്‌മെനിസ്താന്‍ യുഎന്‍ പരിസ്ഥിതി പ്രോഗ്രാമുമായി ചേര്‍ന്ന് ഒരു സംയുക്ത പദ്ധതി ആരംഭിക്കുകയും ചെയ്തിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന മീഥെയ്ന്‍ ബഹിര്‍ഗമനം നിയന്ത്രിക്കുക, വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയുന്ന മീഥെയ്ന്‍ അടക്കമുള്ള അമൂല്യമായ പ്രകൃതിവിഭവങ്ങള്‍ വീണ്ടെടുക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങള്‍. എന്തായാലും പതിയെ പതിയെ, സ്വാഭാവികമായി നരകത്തിലെ തീ അണഞ്ഞുകൊണ്ടിരിക്കുകയാണ്. അധികം വൈകാതെ തന്നെ കരാകം മരുഭൂമിയിലെ ഗര്‍ത്തം ചരിത്രത്തിലേക്ക് ചേര്‍ക്കപ്പെട്ടേക്കാം.
Content Highlights: Turkmenistan`s Darvaza gas crater, the `Door to Hell`, is finally showing signs of closing
Published: 29 Aug 2025, 03:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented