
പരിസ്ഥിതി രംഗത്ത് 2024 എന്തു മാറ്റങ്ങളാണ് കൊണ്ടുവരിക? ലോകം ആകാംക്ഷയിലാണ്! കാലാവസ്ഥാ മാറ്റം, ജൈവ വൈവിധ്യം എന്നിവയിൽ ചില രജതരേഖകൾ കാണാനുണ്ട്! 1994 ൽ നിലവിൽ വന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഫ്രെയിംവർക്ക് കൺവെൻഷനിൽ (UNFCC) ഉൾപ്പെട്ടിട്ടുള്ള കക്ഷികളുടെ കോൺഫറൻസ് (COP) എല്ലാ വർഷവും നടത്താറുണ്ട്. ഇക്കഴിഞ്ഞ വർഷം (2023) നടന്ന COP28 UAE യിലെ ദുബായിൽ നവംബർ 30 മുതൽ ഡിസംബർ 13 വരെ ആയിരുന്നു. ഇതിലെടുത്ത തീരുമാനങ്ങൾ കക്ഷികൾ ആത്മാര്‍ത്ഥമായി നടപ്പിലാക്കിയാൽ കാലാവസ്ഥാ മാറ്റത്തിന്റെ കാര്യത്തിൽ ആശയ്ക്ക് വകയുണ്ട്!
ദുർബലരാജ്യങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങൾ ലഘൂകരിക്കാനോ പൊരുത്തപ്പെടുത്താനോ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമായ ‘നാശ-നഷ്ട നിധി’ (loss and damage funds) രൂപിക്കാനുള്ള തീരുമാനം എടുത്തു കൊണ്ടാണ് COP 28 ആരംഭിക്കുന്നത്. ചരിത്രപരമായി കാലാവസ്ഥാമാറ്റത്തിന് ഉത്തരവാദികളായ വികസിതരാജ്യങ്ങൾ, അതിൽ പങ്കാളികൾ അല്ലാതിരുന്നിട്ടും പരിണിതഫലങ്ങൾ അനുഭവിക്കുന്ന ദുർബലരാജ്യങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരമായാണ് ഈ നാശ-നഷ്ട നിധി വിഭാവനം ചെയ്തിട്ടുള്ളത്.
കാലാവസ്ഥാ മാറ്റം ഒരു വലിയ വിപത്തായി ലോകം ശ്രദ്ധിച്ചു തുടങ്ങിയത് 1950-കൾക്ക് ശേഷമാണ്. വൈദേശിക ആധിപത്യത്തിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച ദരിദ്ര രാജ്യങ്ങൾ സാമ്പത്തികമായി ഉയർന്നു തുടങ്ങുന്നത് 1950 കൾക്ക് ശേഷമാണ് എന്നതു ശ്രദ്ധിക്കുക. അമേരിക്കയും, യൂറോപ്പും, ജപ്പാനുമൊക്കെ കാലങ്ങളായി ഒന്നും നോക്കാതെ ഹരിതഗൃഹവാതകങ്ങൾ തള്ളിയാണ് വികസിച്ചു നിൽക്കുന്നത്! കൊളോണിയൽ ഭരണത്തിൻ കീഴിലായിരുന്ന ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങൾക്ക് അതിന് അവസരം കിട്ടിയില്ല, അല്ലെങ്കിൽ നിഷേധിക്കപ്പെട്ടു.
1947ന് ശേഷമാണ് ഇന്ത്യയെപ്പോലുള്ള പല രാജ്യങ്ങളും വികസനത്തിന്റെ പാതയിൽ എത്തുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, വികസിത രാജ്യങ്ങൾ കാലങ്ങളായി പുറന്തള്ളിയ ഹരിതഗൃഹ വാതകങ്ങളാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്ന കാലാവസ്ഥ പ്രശ്നങ്ങൾക്ക് എല്ലാം കാരണമായത്! കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങൾ ദൂരീകരിക്കണമെങ്കിൽ ദുർബല രാഷ്ട്രങ്ങൾക്ക് എല്ലാ വർഷവും ഏകദേശം 60,000 കോടി ഡോളർ ചെലവാക്കേണ്ടി വരും എന്നാണ് കണക്ക്. എന്നാൽ ചരിത്രപരമായി കാലാവസ്ഥാമാറ്റത്തിന് ഉത്തരവാദികളായ മുതലാളിത്ത രാജ്യങ്ങൾ എല്ലാം കൂടി വാഗ്ദാനം ചെയ്തിരിക്കുന്നത് ഏകദേശം 80 കോടി ഡോളർ മാത്രമാണ്! എങ്കിലും ഇങ്ങനെയൊരു നിധി ഉണ്ടാവുകയും പ്രവർത്തനം തുടങ്ങി എന്നതും വളരെ പ്രതീക്ഷ നല്കുന്ന ഒന്നാണ്.
ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഘട്ടംഘട്ടമായി കുറച്ചുകൊണ്ട് വരണം (phase down) എന്ന മറ്റൊരു തീരുമാനവും ഐതിഹാസികം (historical) എന്നാണ് വിശേഷിക്കപ്പെടുന്നത്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ‘ഘട്ടംഘട്ടമായി നിർത്തണം’ (phase out) എന്ന വാക്കായിരുന്നു വേണ്ടിയിരുന്നത് എന്ന് അഭിപ്രായമുള്ള രാജ്യങ്ങളും ഉണ്ടായിരുന്നു. ഫോസിൽ ഇന്ധനങ്ങൾ ഒഴിച്ചുകൂടാൻ ആവാത്ത, പ്രത്യേകിച്ച് ഊർജോത്പാദനത്തിന് കൽക്കരിയെ വളരെയതികം ആശ്രയിക്കുന്ന ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ, ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം “കുറച്ചു കൊണ്ടുവരണം” (phase down) എന്ന സമീപനമാണ് സ്വീകരിച്ചത്. ഫോസിൽ ഇന്ധനങ്ങളിൽ നിന്നും പടിപടിയായി പരിവർത്തനം നേടുക എന്നതാണ് ഒരു പ്രതിവിധി. പരിവർത്തന ഇന്ധനം ( transitional fuel) ആയി പ്രകൃതി വാതകം ഉപയോഗിക്കുക എന്നതാണ് ഒരു നിർദ്ദേശം.
പെട്രോൾ, കൽക്കരി എന്നിവയെക്കാൾ ഭേദം പ്രകൃതി വാതകം തന്നെയാണ്. പ്രത്യേക സമയ പരിധിയൊന്നും വെച്ചിട്ടില്ലെങ്കിലും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചു കൊണ്ടേ ഹരിതഗൃഹ വാതകങ്ങൾ കുറച്ചു കൊണ്ട് വരിക എന്ന ലക്ഷ്യം നേടാൻ കഴിയൂ. മറ്റൊരു തീരുമാനം 2030 ഓടെ ലോകത്തിന്റെ പുനരുപയോഗ ഊർജഉത്പാദനശേഷി (renewable energy capacity) മൂന്നിരട്ടി ആക്കണമെന്നതാണ്. 1994 ൽ UNFCC യോടൊപ്പം നിലവിൽ വന്ന മറ്റൊരു പ്രധാനപ്പെട്ട ഉടമ്പടിയാണ് ലോക ജൈവ വൈവിദ്ധ്യ ഉടമ്പടി (Convention on Biodiversity, CBD). ഇതിൽ ഉൾപ്പെട്ടിട്ടുള്ള കക്ഷികളുടെ കോൺഫറൻസ് (COP) രണ്ടു വർഷം കൂടുമ്പോളാണ് നടക്കുക.
2022 ഡിസംബർ 19 ന് കാനഡയിലെ മോൺട്രിയലിൽ അവസാനിച്ച 15-ാമത് ജൈവവൈവിധ്യ കൺവെൻഷൻ കക്ഷികളുടെ കോൺഫറൻസിൽ (COP15) അംഗീകരിച്ച കുൻമിംഗ്-മോൺട്രിയൽ ഗ്ലോബൽ ബയോഡൈവേഴ്‌സിറ്റി ഫ്രെയിംവർക്കിനെ (ജി. ബി. എഫ്) ആധാരമാക്കി നിരവധി കാര്യങ്ങളാണ് ചെയ്തു തീർക്കാനുള്ളത്. 2020 ഒക്ടോബറിൽ COP15 ന്റെ ആതിഥേയ നഗരമാകാൻ പദ്ധതിയിട്ടിരുന്ന നഗരത്തിന്റെ പേരാണ് ചൈനയിലെ കുൻമിംഗ്. എന്നാൽ കോവിഡ് കാരണം ഇത് മാറ്റിവയ്ക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്തു. തുടർന്ന്, COP 15 ന്റെ ആതിഥേയത്വം മോൺട്രിയൽ ഏറ്റെടുത്തു. ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനും സുസ്ഥിരമായി ഉപയോഗിക്കുന്നതിനുമായി 2030-ഓടെയും അതിനുശേഷവും കൈവരിക്കേണ്ട ആഗോള ലക്ഷ്യങ്ങളാണ് ഫ്രെയിംവർക്കിലുള്ളത്.
2030 വരെയുള്ള ദശാബ്ദത്തിൽ അടിയന്തര നടപടിക്കായി 23 ആഗോളലക്ഷ്യങ്ങൾ ഗ്ലോബൽ ബയോഡൈവേഴ്‌സിറ്റി ഫ്രെയിംവർക്കിനുണ്ട്. കുറഞ്ഞത് 30 ശതമാനം കരയുടെയും കടലിന്റെയും സംരക്ഷണം, 30 ശതമാനം ജീർണിച്ച ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനം, ആഗോളതലത്തിൽ ഭക്ഷണം ഉപയോഗിക്കാതെ നശിച്ചു പോകുന്നതിന്റെ അളവ് പകുതിയായി കുറയ്ക്കുക, അമിത ഉപഭോഗം ഗണ്യമായി കുറയ്ക്കുക, അധിനിവേശ ജീവികളുടെ വ്യാപനം തടയുക, ഓരോ വർഷവും 50,000 കോടി ഡോളർ മൂല്യമുള്ള പരിസ്ഥിതിക്ക് ദോഷകരമായ സർക്കാർ സബ്‌സിഡികൾ കുറയ്ക്കുക എന്നിവ ഇവയിൽ ഉൾപ്പെടുന്നു.
ഓരോ ലക്ഷ്യത്തിനും നിശ്ചയിച്ചിട്ടുള്ള പ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കുകയും 2030-ഓടെ പൂർത്തിയാക്കുകയും വേണം. ഇതോടൊപ്പം, പരിസ്ഥിതി, സുസ്ഥിരവികസനം എന്നിവയുമായി ബന്ധപ്പെട്ട് പ്രഖ്യാപിക്കപ്പെട്ട മറ്റു ക്യാമ്പയിനുകളും 2030 ഓടെ ലക്ഷ്യത്തിലെത്തുമെന്ന സ്വപ്നമാണ് ഐക്യരാഷ്ട്ര സഭ പങ്ക് വെക്കുന്നത്. 2015 ൽ പ്രഖ്യാപിച്ച 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ (Sustainable Development Goals), 2021 ൽ പ്രഖ്യാപിച്ച പരിസ്ഥിതി പുനസ്ഥാപന ദശകം (Decade on Ecosystem Restoration) എന്നിവയൊക്കെ 2030 ഓടെ ലക്ഷ്യം കാണുമെന്നാണ് പ്രതീക്ഷ. അതിനുള്ള പ്രവർത്തനങ്ങൾ 2024 ൽ ഊർജിതമായി നടക്കുമെന്ന് പ്രതീക്ഷിക്കാം.
(കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാനാണ് ലേഖകന്‍)
Content Highlights: about the environmental changes in 2023 and will 2024 be better
Published: 01 Jan 2024, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented