നഗരങ്ങളിലും നാട്ടിൻപുറത്തും ഒരു​പോലെ കാണപ്പെടുന്ന ഒരു മടിയൻ പക്ഷിയാണ്‌ ചെമ്പോത്ത്‌ (Greater Coucal)‚ പോത്തിന്റെ നിറമുള്ള ദേഹവും ചെമ്പിന്റെ നിറമുള്ള ചിറകുകളുമാവാം ചെമ്പോത്തെന്ന പേരുവരാനുള്ള കാരണം. പോത്തിനെപ്പോലെതന്നെ പരുക്കൻ സ്വഭാവവും പ്രകൃതവുമാണ്‌ ഇവയ്ക്ക്‌ എന്നാണ്‌ മുതിർന്ന പക്ഷിനിരീക്ഷകനായിരുന്ന കെ.കെ. നീലകണ്ഠൻ  പറയുന്നത്. പക്ഷിനിരീക്ഷകരുടെ ആധികാരിക ഗ്രന്ഥമായ 'കേരളത്തിലെ പക്ഷികൾ' എന്ന പുസ്തകത്തിൽ അദ്ദേഹം ഇത്‌ പ്രത്യേകം എടുത്തുപറയുന്നുമുണ്ട്‌. ഒരു മടിയനെപ്പോലെ അലസമായി നടന്നു നീങ്ങുന്ന ഇവയെ അറിയാത്തവരായി ആരും കാണില്ല. 

To advertise here,

ഉപ്പൻ‚ ചകോരം‚ ഈശ്വരൻ കാക്ക എന്നെല്ലാം ഓരോ നാട്ടുകാരും മാറി മാറി വിളിക്കും. എന്നാൽ ഇവയോട്‌ വളരെയേറെ സാമ്യമുള്ളതും സ്ഥിരവാസിയുമായ ഒരു അപരനും കേരളത്തിലുണ്ട്‌. അവനാണ്‌ പുല്ലുപ്പൻ. പ്രജനനകാല ​വേഷത്തിൽ പുല്ലൂപ്പനെക്കാണാൻ ചെമ്പോത്തിനെപ്പോലിരിക്കും. 

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

തൃശ്ശൂർ‚ വെള്ളായനിയിലെ കാർഷിക കോളേജ്‌ കാമ്പസ്‌ കേരളത്തിൽ ഇവയുടെ ഇഷ്ടതാവളങ്ങളിൽ ഒന്നാണ്‌. അവിടെനിന്നും പകർത്തിയ പുല്ലുപ്പനാണ്‌ ചിത്രത്തിൽ. മുമ്പെല്ലാം കേരളത്തിൽ ഒറ്റപ്പെട്ട ജില്ലകളിൽ മാത്രം കാണാറുള്ള ഒരു പക്ഷിയാ​യാണ്‌ പുല്ലൂപ്പനെ കരുതിയിരുന്നത്‌. അത്‌ കൂടുതലും സംരക്ഷിത വനമേഖലകളിലുമായിരുന്നു. എന്നാൽ, ഇന്ന്‌ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലെയും ഉൾപ്രദേശങ്ങളിൽ  പുല്ലൂപ്പന്റെ സാന്നിധ്യമുണ്ട്‌.  

placeholder
.
പുല്ലുപ്പൻ, പ്രജനനകാലത്തും മറ്റും ഈ പക്ഷികളുടെ നിറം മാറാറുണ്ട്

പക്ഷിനിരീക്ഷകരുടെ എണ്ണത്തിലുണ്ടായ വർധനയും ഡിജിറ്റൽ ക്യാമറപോലുള്ള ഉപകരണങ്ങളുടെ  ഉപയോഗവും വിവരങ്ങൾ ​കൈമാറാനായുള്ള ഡിജിറ്റൽ പ്ളാറ്റ്‌ഫോമുകളും കേരളത്തിലെ പക്ഷി​വൈവിധ്യത്തിൽ വൻമാറ്റങ്ങളാണ്‌ ഉണ്ടാക്കിയത്‌. ഇന്നിപ്പോൾ ഒരു ദേശാടകനും ഇവിടത്തെ പക്ഷിനിരീക്ഷകരുടെ കണ്ണുവെട്ടിച്ച്‌ കടന്നുകളയാൻ സാധിക്കാറില്ല. കേരളത്തിലെ പക്ഷിനിരീക്ഷകർ അത്രയ്ക്ക്‌ ജാഗരൂകരാണ്‌. അപൂർവമെന്ന്‌ കരുതിയിരുന്ന പല പക്ഷികളെയും ഇന്ന്‌ പലയിടങ്ങളിൽ നിന്നായി കണ്ടെത്തുന്നു. കോഴിക്കോട്‌  ജില്ലയിലും ഉൾപ്രദേശങ്ങളിലും പുല്ലൂപ്പന്റെ  സാന്നിധ്യമുണ്ട്‌. 

 2019 മുതലാണ്‌ ഇവിടെ പുല്ലൂപ്പനെ കണ്ടുതുടങ്ങുന്നത്‌. കാക്കൂരിന്‌ സമീപമുള്ള പൊൻകുന്നുമലയിൽ നിന്നായിരുന്നു അത്‌. ചെമ്പോത്തിനെ അപേക്ഷിച്ച്‌ പുല്ലുകൾ നിറഞ്ഞ പ്രദേശങ്ങളിലാണ്‌ പുല്ലുപ്പനെ കൂടുതലും കാണാറ്‌. പുല്ലുപ്പനെന്ന മലയാളം പേരുവന്നതും ഇങ്ങനെയാകാം. ഇവരിലെ പ്രജനനേതര പക്ഷികളെ എളുപ്പം തിരിച്ചറിയാം ഇവയ്ക്ക്‌ മേൽഭാഗത്തെ ബ്രൗൺനിറത്തിൽ മുഴുവൻ മങ്ങിയ മഞ്ഞനിറത്തിലുള്ള വരകൾ കാണാം.

അടിഭാഗവും വരകൾ നിറഞ്ഞതാണ്‌. കറുത്ത വാലി​ന്റെ മേൽ വാൽമൂടിയിലെ തൂവലുകൾക്ക്‌ ചെമ്പൻ നിറമാണ്‌. ഈ തൂവലുകളിലും കുറുകെയായി മങ്ങിയ വരകൾ കാണാം. ഇത്തരം ചില പക്ഷികളിൽ  കൊക്കിന്റെ നിറത്തിലും വ്യത്യാസം കാണാറുണ്ട്‌. ​കൊക്കിന്റെ കറുപ്പുനിറം മങ്ങി വിളറിയ നിറത്തിലാണ്‌ കാണാറ്‌. 

placeholder
ഫോട്ടോ:സുജിത്ത് എസ്
പുല്ലുപ്പൻ| ഫോട്ടോ:സുജിത്ത് എസ്

പൂർണ വളർച്ചയെത്താത്ത പക്ഷികൾക്കും മുതിർന്നവയെപ്പോലെ ​ദേഹമാസകലം വരകളുണ്ടാവാറുണ്ട്‌. എന്നാൽ പ്രജനനകാല വേഷത്തിലാകട്ടെ ഇവയ്ക്ക്‌ ചെമ്പോത്തുകളോട്‌ വ​ളരെയധികം സാമ്യമുണ്ട്‌. ദേഹമാസകലം കറുപ്പുനിറം വരുന്ന ഇവയ്ക്ക്‌ ചെമ്പോത്തുകളെപ്പോലെ ചിറകുകളിലേ ചെമ്പൻ നിറം കാണാറുള്ളൂ. വലിപ്പത്തിലെ കുറവ്‌‚ കണ്ണിന്റെ നിറം‚ കൊക്ക്‌ എന്നിവയിലുള്ള വ്യത്യാസം നോക്കിയാണ്‌ പലപ്പോഴും തിരിച്ചറിയാണ്‌. ചെമ്പോത്തുകളിലെ മുതിർന്ന പക്ഷികൾക്ക്‌ ​ചുവന്ന കണ്ണുകളാണ്‌. പുല്ലുപ്പനാകട്ടെ  കണ്ണുകൾക്ക്‌ കറുപ്പുനിറമാണ്‌. കൊക്ക്‌ താര​തമ്യേന ചെറുതുമാണ്‌. 

കുയിലുകളുടെ കൂട്ടത്തിൽപ്പെടുന്നതാണ്‌ ഈ രണ്ടിനങ്ങളും എന്നിരുന്നാലും  പലകാര്യത്തിലും കുയിലുകളിൽനിന്നു തീർത്തും വ്യത്യസ്തരാണ്‌ ഇവർ. മുട്ടയിടാനായി മറ്റു പക്ഷികളുടെ കൂടുകളെ ആശ്രയിക്കുന്നവരാണ്‌ നമ്മുടെ നാട്ടിലെ കുയിൽവർഗക്കാരിൽ കൂടുതലും. 

എന്നാൽ, ചെമ്പോത്തുകളും പുല്ലൂപ്പനും സ്വന്തമായി കൂടുകൂട്ടി മുട്ടയിട്ട്‌ കുഞ്ഞുങ്ങളെ വളർത്തുന്നവരാണ്‌. ജൂണിൽ മൺസൂണിന്റെ ആരംഭത്തോടുകൂടി പ്രജനന പ്രക്രിയകളിലേക്ക്‌ കടക്കുന്ന പുല്ലൂപ്പൻ മൂന്നു മുട്ടകൾ വരെ ഇടാറുണ്ട്‌.  ആൺ-പെൺ പക്ഷികൾ മാറി മാറി അടയിരിയ്ക്കാറുള്ളതായും പഠനങ്ങളുണ്ട്‌. ഇന്ത്യയ്ക്കു പുറമെ നേപ്പാൾ‚ ഭൂട്ടാൻ തുടങ്ങി തായ്‌​ലന്റ്‌‚ മലേഷ്യ‚ ഇന്‍ഡൊനീഷ്യ വരെയുള്ള ഭാഗങ്ങളിൽ പുല്ലൂപ്പൻ വിഭാഗത്തിൽപ്പെട്ട പക്ഷികളെ കാണാറുണ്ട്‌.  എന്നാൽ, ശ്രീലങ്കയിൽ ഇക്കൂട്ടരെ കാണാറേയില്ല.