
തിത്തിരിപക്ഷികളെ കാണാത്ത നാട്ടിന്‍പുറത്തുകാര്‍ കുറവാകും. ഇനി കണ്ടില്ലെങ്കിലും, ഇവയുടെ ശബ്ദം ഒരിക്കലെങ്കിലും കേള്‍ക്കാത്ത നാട്ടിന്‍പുറത്തുകാര്‍ കാണില്ല. അത്രയ്ക്ക് സര്‍വവ്യാപിയാണ് ഗ്രാമപ്രദേശങ്ങളില്‍. കല്ലും കൊമ്പുമൊക്കെ ചേര്‍ത്ത് നിലത്ത് കൂടുകൂട്ടുന്നവരാണ് ഇക്കൂട്ടര്‍. മുട്ടയിട്ടുകഴിഞ്ഞാല്‍ പിന്നെ ആ ഭാഗത്തേക്ക് ആരേയും അടുപ്പിക്കില്ല. ശത്രുക്കളാരെങ്കിലും വന്നാലോ, ശ്രദ്ധ മാറ്റാനായി ഉച്ചത്തില്‍ കരഞ്ഞ് വട്ടമിട്ട് പറക്കും. കരഞ്ഞുകൊണ്ടുള്ള ഈ പറക്കല്‍ കുറച്ചധികനേരം നീളും. ഒരുതരത്തില്‍ പറഞ്ഞാല്‍ കൂട് കാണാത്തവരെകൂടി കാണിക്കും.
തിത്തിരിപക്ഷിയിനത്തില്‍പ്പെടുന്ന അഞ്ചിനം പക്ഷികളെ കേരളത്തിലെ പക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ മൂന്നും ദേശാടകരാണ്. ഇക്കൂട്ടത്തിലെ വെള്ളവാലന്‍ ദേശാടകനെക്കുറിച്ചാണ് ഇത്തവണ. ഇവയുടെ കരച്ചില്‍ നാട്ടില്‍ കാണാറുള്ള സ്ഥിരവാസികളായ തിത്തിരികളില്‍നിന്നും ഏറെ വ്യത്യസ്തമാണ്. മാത്രമല്ല ദേശാടനകാലത്ത് ഇവ കരഞ്ഞ് പറക്കുന്നതും കുറവാണ്. അതുകൊണ്ടുതന്നെ പക്ഷിനിരീക്ഷകരുടെ സാമൂഹിക മാധ്യമായ ഇ-ബേര്‍ഡില്‍ കേരളത്തില്‍നിന്നും ഇവയുടെ ശബ്ദം ഇതുവരെ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടില്ല.

നാട്ടിന്‍പുറങ്ങളിലെ ചതുപ്പുകളിലും മറ്റും ഇരതേടി നടക്കുന്ന സ്ഥിരവാസികളായ ചെങ്കണ്ണി തിത്തിരികളെയാണ് (Red-wattled Lapwing) കേരളത്തില്‍ കൂടുതല്‍ കാണാറുള്ളത്. പേരു സൂചിപ്പിക്കുന്നതുപോലെ കണ്ണിനും കൊക്കിനുമിടയിലായി ചുവപ്പുനിറമുള്ള ചര്‍മഭാഗമുണ്ട് ഇവയ്ക്ക്. മഞ്ഞക്കണ്ണി തിത്തിരിയാണ് (Yellow-wattled Lapwing) മറ്റൊരു സ്ഥിരവാസി. ഇവയുടെ കണ്ണിനും കൊക്കിനുമിടയിലായുള്ള മുഖചര്‍മത്തിന് മഞ്ഞനിറമാണ്. ചെങ്കണ്ണി തിത്തിരികള്‍ മിക്കസമയവും ചതുപ്പുകളിലും പാടങ്ങളിലുമാണ് കഴിച്ചുകൂട്ടുക. അതുകൊണ്ടുതന്നെ കൃഷിപ്പാടങ്ങളില്‍ കീടങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതില്‍ ഇവയ്ക്ക് പ്രധാന പങ്കുണ്ട്.

കേരളത്തില്‍ സ്ഥിരവാസികളായതുകൊണ്ടുതന്നെ എല്ലാകാലത്തും ഇക്കൂട്ടരെ ഇവിടെ കാണാം. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരിവരെ നീളുന്ന ദേശാടനകാലത്തെ കേരളത്തില്‍ വെള്ളവാലന്‍ തിത്തിരിപക്ഷികളെ കാണാറുള്ളൂ. അതും വിരളമായി മാത്രം. പറക്കുമ്പോള്‍ വ്യക്തമായി കാണുന്ന വെള്ളവാലുതന്നെയാണ് ഈയിനം പക്ഷികളെ തിരിച്ചറിയാനുള്ള എളുപ്പമാര്‍ഗം. തിത്തിരി പക്ഷികളില്‍ ഇവയ്‌ക്കേ ഇത്തരത്തില്‍ വെള്ളവാലുള്ളൂ. എന്നാല്‍ തിത്തിരികളിലെ മറ്റൊരു ദേശാടകനായ ചാരത്തലയന്‍ തിത്തിരികള്‍ക്ക് (Grey-headed Lapwing) വെള്ളവാലന്‍ തിത്തിരികളോട് സാമ്യമുണ്ട്, കൊക്കിന്റെയും കണ്ണിന്റെയും നിറങ്ങളിലുള്ള വ്യത്യാസവും മറ്റും നോക്കി ഇവയെ വേര്‍തിരിച്ചറിയാം.
വെള്ളവാലന്‍ തിത്തിരികളുടെ കൊക്കിന്റെ മുഴുവന്‍ഭാഗവും കറുപ്പാണ്. ചാരത്തലയനാകട്ടെ മഞ്ഞനിറത്തിലുള്ള കൊക്കിന്റെ അറ്റത്തു മാത്രമേ കറുപ്പുനിറം കാണാറുള്ളൂ. ചാരത്തലയന്റെ കണ്ണിന് വിളറിയ ചുവപ്പുനിറമാണ്. വെള്ളവാലന്റെ കണ്ണ് കറുപ്പുനിറമുള്ളതും താരതമ്യേന വലുപ്പക്കൂടുതല്‍ തോന്നിക്കുന്നതുമാണ്. കാല്‍ മഞ്ഞനിറത്തോടുകൂടിയും ചാരത്തലയനെ അപേക്ഷിച്ച് വലുതുമാണ്. ചാരത്തലയന് തലയ്ക്കും കഴുത്തിലും ചാരനിറം തെളിഞ്ഞു കാണാം. അതേസമയം വെള്ളവാലന് തലയ്ക്കും മുകള്‍ഭാഗത്തും വിളറിയ ബ്രൗണ്‍ നിറമാണ്.

ആഴം കുറഞ്ഞ വെള്ളക്കെട്ടുകളില്‍ ഇരതേടുന്നതായാണ് വെള്ളവാലന്‍ തിത്തിരികളെ കാണാറ്. ഇത് കൂടുതലും ചെറുപ്രാണികളെയാണ് ഇരയാക്കാറുള്ളതും. കേരളത്തില്‍ തൃശ്ശൂരിനു സമീപമുള്ള കോള്‍പ്പാടങ്ങളിലാണ് കൂടുതലും വന്നെത്താറ്. 1998-മുതല്‍ പലപ്പോഴായി കേരളത്തില്‍ വന്നെത്തിയിട്ടുണ്ട്. 2015-ല്‍ കുട്ടനാട് ഭാഗത്തെ തണ്ണീര്‍ത്തടങ്ങളില്‍ വെച്ച് പകര്‍ത്തിയ വെള്ളവാലന്‍ തിത്തിരിയാണ് ചിത്രത്തില്‍. ഈ വര്‍ഷം ഇതുവരെ വെള്ളവാലന്‍ തിത്തിരികള്‍ വന്നെത്തിയതായി റിപ്പോര്‍ട്ടുകളൊന്നുമില്ല, 2021-ലാണ് അവസാനമായി ഇവ കേരളത്തില്‍ വന്നെത്തിയത്. കണ്ണൂര്‍ ജില്ലയിലെ വാരം ഭാഗത്തുനിന്നാണ് അന്ന് കണ്ടെത്തിയത്.
ഉസ്ബെകിസ്താന്‍, തുര്‍ക്മെനിസ്താന്‍, പാക്‌സിതാനിലെ ബലൂചിസ്താന്‍ തുടങ്ങിയിടങ്ങളിലാണ് വെള്ളവാലന്‍ തിത്തിരികള്‍ പ്രജനനകാലം ചെലവഴിക്കാറ്. 2002-മുതല്‍ ഗുജറാത്തിലെ നാല്‍സരോവര്‍ പക്ഷിസങ്കേതത്തിലും ഇവ കൂടുകൂട്ടി പ്രജനനം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. 2017-ലും വെള്ളവാലന്റെ കൂടുകള്‍ ഇവിടങ്ങളില്‍ നിന്ന് കണ്ടെത്തിയിരുന്നു. ബലൂചിസ്താനിലെ പ്രജനനകേന്ദ്രം ഗുജറാത്തിലേക്കും വ്യാപിപ്പിച്ചു എന്നുവേണം കരുതാന്‍. എന്നാല്‍ ഇറാഖ്‚ ഇറാന്‍ എന്നിവിടങ്ങളില്‍ സ്ഥിരവാസികളായ ഒരു കൂട്ടം വെള്ളവാലന്‍ തിത്തിരികളെയും കണ്ടെത്തിയിട്ടുണ്ട്. ഇവ ദേശാടനം നടത്താറില്ലെന്നും പഠനങ്ങളില്‍ പറയുന്നു.
ദേശാടകയിനങ്ങളായ വെള്ളവാലനേക്കാള്‍ കൂടുതല്‍ കേരളത്തില്‍ വന്നെത്താറുള്ളത് ചാരത്തലയന്‍ തിത്തിരികളാണ്. തലേക്കെട്ടന്‍ തിത്തിരിയാണ് കേരളത്തിലെ പക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരു ദേശാടകന്‍. ഇവയെ ഈ അടുത്തകാലത്തൊന്നും കേരളത്തില്‍ കണ്ടെത്തിയിട്ടില്ല. 1900-നും മുമ്പ് വേട്ടയ്ക്കിരയായ തലേക്കെട്ടന്‍ തിത്തിരിയെക്കുറിച്ചുള്ള വിവരങ്ങളേ ലഭ്യമായുള്ളൂ.
എന്നാല്‍, ഈയിനം പക്ഷികള്‍ മഹാരാഷ്ട്രയിലെ രത്‌നഗിരി ഭാഗത്ത് 2022-ല്‍ വന്നെത്തിയിട്ടുണ്ട്. ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയിടങ്ങളിലും ഇവയുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്. കേരളത്തിലെ നിരീക്ഷകര്‍ അധികം വൈകാതെ, തലേക്കെട്ടന്‍ തിത്തിരികളെയും കണ്ടെത്തുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തില്‍ ഒരു ആശങ്കയായുള്ളത്, ലോകത്താകമാനം 11,000 തലേക്കെട്ടന്‍ തിത്തിരികളേ അവശേഷിക്കുന്നുള്ളൂ എന്ന ഐ.യു.സി.എന്‍. കണക്കാണ്. പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കാനായി രൂപം നല്‍കിയ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ (IUCN) ചുവപ്പുപ്പട്ടികയില്‍ ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ കൂട്ടത്തിലാണ് ഈ അപൂര്‍വദേശാടകനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Content Highlights: about white-tailed lapwing, kilikkoodu column latest
Published: 16 Jan 2024, 01:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented