
'പാറ്റ' അല്ലെങ്കില്‍ 'കൂറ' എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മിക്ക ആളുകള്‍ക്കും ഒന്നുകില്‍ പേടി അല്ലെങ്കില്‍ അറപ്പ് ആയിരിക്കും. അപ്പോള്‍ പാറ്റയുണ്ടാക്കുന്ന പാല്‍ നല്ല ഒന്നാന്തരം 'സൂപ്പര്‍ ഫുഡ്ഡ്' ആണെന്ന് പറഞ്ഞാലോ? പറഞ്ഞാലോ എന്നല്ല, പറഞ്ഞു കഴിഞ്ഞു! അതിന് പാറ്റയുണ്ടോ പാലുണ്ടാക്കുന്നു എന്നാണോ സംശയം? ഉണ്ടല്ലോ. നമ്മുടെ അടുക്കളയില്‍ കാണുന്ന സാധാരണ പാറ്റയല്ല എന്നുമാത്രം.
പാലുണ്ടാക്കുന്ന ഈ പാറ്റയുടെ ശാസ്ത്രീയനാമം ഡിപ്ലോപ്‌റ്റെറ പന്‍ക്‌റ്റേറ്റ (Diploptera punctata). ഇംഗ്ലീഷ് പേര് പസിഫിക്ക് ബീറ്റില്‍ കോക്ക്‌റോച്ച് (Pacific Beetle Cockroach). ഒറ്റ നോട്ടത്തില്‍ വണ്ടാണെന്ന് (beetle) തെറ്റിദ്ധരിക്കും. അതാണ് അങ്ങനെയൊരു പേര്. നമുക്കതിനെ വണ്ട് പാറ്റ എന്ന് വിളിക്കാം.
ഈ പാറ്റയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മറ്റുള്ള പാറ്റകളെപ്പോലെ ഇവ മുട്ടയിട്ടല്ല വംശവര്‍ധന നടത്തുന്നത്, കുഞ്ഞുങ്ങളെ പ്രസവിക്കുകയാണ് ചെയ്യുന്നത്! മുട്ടകള്‍ ശരീരത്തില്‍ സൂക്ഷിച്ച് അവ വിരിഞ്ഞശേഷം കുഞ്ഞുങ്ങളെ പുറത്തേക്ക് വിടുന്ന മറ്റ് ചില പാറ്റകളുണ്ടെങ്കിലും ഭ്രൂണങ്ങള്‍ക്ക് അമ്മപാറ്റകള്‍ നേരിട്ട് ഭക്ഷണം കൊടുക്കുന്ന (മുട്ടയിലെ മഞ്ഞക്കരുവിന് പുറമേ) ഒരേയൊരു പാറ്റയാണ് ഡിപ്ലോപ്‌റ്റെറ പന്‍ക്‌റ്റേറ്റ.
ഇത്തിരി പാറ്റ പുരാണം
കീടങ്ങളുടെ (insects) കൂട്ടത്തില്‍ ഏറ്റവും പഴഞ്ചന്മാരുടെ വിഭാഗത്തില്‍ പെടുന്നവയാണ് പാറ്റകള്‍. പരിണാമപരമായി അടിത്തട്ടിലുള്ളവര്‍. ഏകദേശം 32 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവയുടെ ഉത്ഭവം. തൊഴുകൈ പ്രാണികളും (praying mantids) ചിതലുകളുമാണ് (termites) ഏറ്റവും അടുത്ത ബന്ധുക്കള്‍. ലോകമൊട്ടാകെ ഏകദേശം 4400 തരം (species) പാറ്റകളുണ്ട്. ഭക്ഷണകാര്യത്തില്‍ അവ മിശ്രഭോജികളാണ് (omnivorous). എന്തും കഴിക്കും.
ഇവ മുട്ടയിടുന്നത് ചെപ്പുപോലെയുള്ള ഒരു ആവരണത്തിനുള്ളിലാണ്. ഊത്തീക്ക (ootheca) എന്നാണ് ഈ ചെപ്പിന്റെ പേര്. മുട്ടയിടുന്ന പാറ്റകളാണെങ്കില്‍ ഒന്നുകില്‍ ഊത്തീക്കകള്‍ ശരീരത്തിന് വെളിയില്‍ ഏതെങ്കിലും വസ്തുവില്‍ ഒട്ടിച്ചുവെക്കുകയോ അല്ലെങ്കില്‍ ശരീരത്തിന്റെ അഗ്രഭാഗത്ത് ഒട്ടിച്ചുവെക്കുകയോ ചെയ്യും. പ്രസവിക്കുന്നവയാണെങ്കില്‍ ശരീരത്തിനുള്ളില്‍ തന്നെ സൂക്ഷിക്കും.
ഒരു ഊത്തീക്കയില്‍ അഞ്ചുമുതല്‍ നാല്പതുവരെ മുട്ടകള്‍/ ഭ്രൂണങ്ങള്‍ ഉണ്ടാകും. മുട്ട വിരിഞ്ഞ് പുറത്തുവരുന്ന കുഞ്ഞുങ്ങളും മുതിര്‍ന്ന പാറ്റകളും തമ്മില്‍ വലുപ്പത്തിലല്ലാതെ രൂപപരമായി വലിയ വ്യത്യാസമൊന്നുമില്ല. അവയുടെ ജീവിതചക്രത്തില്‍, പൂമ്പാറ്റകള്‍ക്ക് ഉള്ളതുപോലെ പ്യൂപ്പ എന്ന ദശയില്ല. ജീവിതചക്രത്തിന്റെ ദൈര്‍ഘ്യം സ്പീഷീസനുസരിച്ച് വ്യത്യസ്തമായിരിക്കും.
വണ്ട് പാറ്റയുടെ പ്രത്യേകതകള്‍
പാറ്റകള്‍ അഞ്ച് കുടുംബക്കാരുണ്ട്. അവയില്‍ ബ്‌ളാബെറിഡേ (Blaberidae) കുടുംബക്കാരാണ് വണ്ട് പാറ്റകള്‍. 1822-ല്‍ ഹവായ് ദ്വീപുകളില്‍ നിന്ന് എഷോള്‍ട്‌സ് (Eschscholtz) ആണ് വണ്ട് പാറ്റയെ ആദ്യമായി കണ്ടെത്തി വിവരിക്കുന്നത്. ബ്ലാറ്റ പന്‍ക്‌റ്റേറ്റ എന്നാണ് അദ്ദേഹം കൊടുത്ത പേര്. 1950-ല്‍ പേരിന് ചെറിയ മാറ്റം വന്നു. ബ്ലാറ്റയ്ക്ക് പകരം ഡിപ്ലോപ്‌റ്റെറയായി. സാമാന്യം വലിപ്പമുള്ള പാറ്റയാണ് ഡിപ്ലോപ്‌റ്റെറ പന്‍ക്‌റ്റേറ്റ. ആണ്‍പാറ്റകള്‍ക്ക് 17-19 മില്ലീമീറ്ററും പെണ്‍പാറ്റകള്‍ക്ക് 19-23 മില്ലീമീറ്ററും നീളമുണ്ടാകും.
നിറം ഇരുണ്ട തവിട്ട് നിറമോ കറുപ്പോ ആയിരിക്കും. ഹവായ്ക്ക് പുറമേ ഓസ്ട്രേലിയ, സമോവ, ഇന്‍ഡോനേഷ്യ, മലേഷ്യ, ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം, കംബോഡിയ, തായ്‌ലന്‍ഡ്, മ്യാന്മാര്‍, ചൈന, ഫിജി, ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും അയല്‍ സംസ്ഥാനമായ തമിഴ് നാട്ടില്‍ ഉള്ളതായറിയാം. ഇവയുടെ ജീവിതരീതിയെക്കുറിച്ച് കൂടുതലൊന്നും അറിയില്ല.
അവ ചില മരച്ചില്ലകളുടെ തൊലി കരണ്ടുതിന്ന് നശിപ്പിക്കുന്നതായി ചില രാജ്യങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുകളുണ്ട്. ശത്രുക്കള്‍ക്ക് മുമ്പില്‍ പെട്ടാല്‍ ശരീരത്തിന്റെ ഇരുവശത്തുമുള്ള സുഷിരങ്ങളിലൂടെ (spiracles) ക്വിനോളുകളടങ്ങിയ (quinones) രാസലായിനി ചീറ്റാനുള്ള കഴിവുണ്ട് ഇവയ്ക്ക്. തുടക്കത്തില്‍ പറഞ്ഞതുപോലെ അവയുടെ ഏറ്റവും വലിയ പ്രത്യേകത കുഞ്ഞുങ്ങളെ പ്രസവിക്കുന്നതും പാലൂട്ടുന്നതുമാണ്.
ഗര്‍ഭവും പാലൂട്ടലും
1951-ല്‍ എച്ച്.ആര്‍. ഹഗാനാണ് വണ്ട് കൂറയുടെ ഭ്രൂണവളര്‍ച്ചയെക്കുറിച്ച് ആദ്യമായി വിവരിച്ചത്. വണ്ടു പാറ്റകള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നേരിട്ട് ഭക്ഷണം കൊടുക്കുന്നുണ്ടാവാം എന്ന് ആദ്യമായി അഭിപ്രായപ്പെട്ടതും അദ്ദേഹമാണ്. ഈ അനുമാനത്തിന് പിന്നില്‍ രണ്ട് കാരണങ്ങളുണ്ടായിരുന്നു.
- അവയുടെ മുട്ടയില്‍ മഞ്ഞക്കരുവിന്റെ അളവ് തീരെ കുറവാണ്
- മുട്ടവിരിഞ്ഞു പുറത്തുവരുന്ന കുഞ്ഞുങ്ങള്‍ അസാമാന്യ വലുപ്പമുള്ളവയാണ്
1955-ല്‍ റോത്ത്, വില്ലിസ് എന്നീ ഗവേഷകര്‍ നടത്തിയ പരീക്ഷണങ്ങള്‍ ഹഗാന്റെ അനുമാനം ശരിയാണെന്നും വണ്ടു പാറ്റകള്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന പാറ്റകളാണെന്ന് തെളിയിക്കുകയും ചെയ്തു. തുടര്‍ന്ന് 1971-ല്‍ അയോവ യൂണിവേര്‍സിറ്റിയിലെ ബാര്‍ബറ സ്റ്റേയും ആന്‍ഗല കൂപ്പും ഭ്രൂണവളര്‍ച്ചയുടെ വിവിധവശങ്ങള്‍ വിശദമായി പഠിച്ചു. ഇണചേര്‍ന്ന് കഴിഞ്ഞാല്‍ ഏഴ്-എട്ട് ദിവസത്തിനകമാണ് മുട്ടയിടുന്നത്. നേരത്തെ പറഞ്ഞ ഊത്തീക്കയിലാണ് മുട്ടകള്‍ നിക്ഷേപിക്കുന്നത്.
മുട്ടയിടുന്ന പാറ്റകളെ പോലെ ഊത്തീക്ക ശരീരത്തില്‍ നിന്ന് പുറന്തള്ളുന്നതിന് പകരം ശരീരത്തിന്റെ അഗ്രഭാഗത്തുള്ള ഒരു അറയില്‍ (brood sac) സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഒരു ഊത്തീക്കയില്‍ ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെ ഭ്രൂണങ്ങളുണ്ടാകും. ഗര്‍ഭപാത്രത്തിന്റെയും (uterus) മറുപിള്ളയുടേയും (placenta ) ഇരട്ട ജോലി ചെയ്യുന്ന അവയവമാണ് ഈ അറ. ഭ്രൂണങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തി പ്രസവം നടക്കാന്‍ രണ്ട് മൂന്ന് മാസങ്ങളെടുക്കും.
ആദ്യത്തെ പതിനഞ്ച് ദിവസത്തോളം ഭ്രൂണവളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത് മുട്ടയില്‍ സൂക്ഷിച്ചുവെച്ച മഞ്ഞക്കരുവില്‍ നിന്നാണ്. അപ്പോഴേയ്ക്കും പാലുകുടിക്കാന്‍ ആവശ്യമായ പേശികളും വായയും അന്നനാളവും ഉണ്ടായിക്കഴിഞ്ഞിരിക്കും. ശേഷമുള്ള ജീവിതത്തിന് പോഷകം നല്‍കുന്നത് ഗര്‍ഭപാത്രത്തിന്റെ ഉള്‍ഭിത്തിയില്‍ നിന്നും ഊറിവരുന്ന പാലാണ്. ഭ്രൂണജീവിതത്തിന്റെ 80 ശതമാനവും ആഹാരമാക്കുന്നത് അമ്മപാറ്റ ഉല്‍പ്പാദിപ്പിക്കുന്ന ഈ പാലുതന്നെയാണ്.
തുടക്കത്തില്‍ ഭ്രൂണത്തിന്റെ വയറ്റില്‍ കാണപ്പെടുന്ന പാല്‍ ദ്രാവകരൂപത്തില്‍ ഉള്ളതാണ്. എന്നാല്‍ ഗര്‍ഭകാലം പുരോഗമിക്കുമ്പോള്‍ ദ്രാവകത്തിന് പകരം പരല്‍ (crystal) രൂപത്തിലുള്ള പാല്‍ കാണാം. പാല്‍ പ്രോട്ടീനുകളുടെ മികച്ച സംഭരണികളാണ് ഈ പരലുകള്‍. ഇങ്ങനെ പാലിലെ പ്രോട്ടീനുകള്‍ പരല്‍ രൂപത്തില്‍ സൂക്ഷിച്ചുവെക്കാന്‍ കഴിവുള്ള മറ്റൊരു ജീവിയുമില്ല.
ഒന്നാം ദശയിലുള്ള (instar) ലാര്‍വകളെയാണ് ഗര്‍ഭാനന്തരം വണ്ട് പാറ്റകള്‍ പ്രസവിക്കുന്നത്. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് ലാര്‍വകള്‍ നാല് ദശയിലൂടെ കടന്നുപോകും. അവസാനത്തെ ലാര്‍വ അതിന്റെ പുറന്തോട് കളഞ്ഞ് പുറത്തുവരുമ്പോഴേയ്ക്കും ആണ്‍പാറ്റകള്‍ ഇണചേരാന്‍ തയാറായി കാത്തുനില്‍ക്കുന്നുണ്ടാകും!
പാറ്റപ്പാലിന്റെ വിശേഷങ്ങള്‍
വെള്ളത്തില്‍ ലയിച്ച വിവിധ തരം പ്രോട്ടീനുകളും അമിനോ ആസിഡുകളും കൊഴുപ്പുകളും ധാന്യകങ്ങളും അടങ്ങിയ സമ്പൂര്‍ണ്ണാഹാരമാണ് പാറ്റപ്പാല്‍. അത് പരല്‍ രൂപത്തിലാകുമ്പോള്‍ പ്രോട്ടീനുകളുടെ അളവും ഗാഢതയും പിന്നേയും വര്‍ധിക്കുന്നു. പാറ്റപ്പാലില്‍ രണ്ട് പ്രധാനപ്പെട്ട അമിനോ ആസിഡുകള്‍ ഇല്ല (പ്രോട്ടീനിന്റെ അടിസ്ഥാന ഘടകങ്ങളാണ് അമിനോ ആസിഡുകള്‍: മെത്തിയോണിനും (methionine) ട്രിപ്‌റ്റോഫാനും (Tryptophan). പാറ്റക്കുഞ്ഞുങ്ങള്‍ക്ക് ഈ അമിനോ ആസിഡുകള്‍ കിട്ടുന്നത് അമ്മയുടെ ശരീരത്തില്‍ സഹവസിക്കുന്ന ബ്ലാറ്റാബാക്റ്റീരിയ വിഭാഗത്തില്‍ പെട്ട സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം മൂലമാണ്.
25 ജീനുകള്‍ നിര്‍മ്മിക്കുന്ന 22 തരം വ്യത്യസ്ത പ്രോട്ടീനുകളുണ്ട് പാറ്റപ്പാലില്‍. ഈ പ്രോട്ടീനുകളെ ലിപ്പോകാലിനുകള്‍ (lipocalins) എന്നാണ് വിളിക്കുന്നത്. ഒളീക്ക് ആസിഡ്, ലിനോളീക്ക് ആസിഡ് എന്നീ കൊഴുപ്പുകളെ വഹിച്ചുകൊണ്ട് പോകുന്നതും ഈ പ്രോട്ടീനുകളാണ്. ഒരേ ഭാരമുള്ള സസ്തനികളുടെ പാല്‍ പരലും പാറ്റപ്പാല്‍ പരലും താരതമ്യം ചെയ്യുകയാണെങ്കില്‍ സസ്തനികളുടെ പാലിനേക്കാള്‍ മൂന്നിരട്ടി പോഷകഗുണമുള്ളതാണ് പാറ്റപ്പാല്‍! അങ്ങനെയെങ്കില്‍ പാറ്റപ്പാല്‍ ഭാവിയിലെ സൂപ്പര്‍ ഫുഡ് ആകാനുള്ള സാധ്യതയുണ്ടോ? ഉണ്ടെന്നാണ് ചില ഗവേഷകരുടെയെങ്കിലും അഭിപ്രായം.
എന്നാല്‍ പാറ്റകളെ പോറ്റി പാല്‍ കറന്നെടുക്കാം എന്നൊന്നും കരുതേണ്ട. ജൈവസാങ്കേതിക വിദ്യകളുപയോഗിച്ച് പരീക്ഷണശാലയില്‍ കൃത്രിമമായി പാറ്റപ്പാല്‍ ഉണ്ടാക്കാനുള്ള സാധ്യതയാണ് മുന്‍പിലുള്ളത്. അങ്ങനെയാവുമ്പോള്‍ പാറ്റയില്‍ നിന്നെടുത്ത ഭക്ഷണമാണെന്ന അറപ്പും ഉണ്ടാകില്ലല്ലോ. പാറ്റപ്പാലുണ്ടാക്കുന്ന ജീനുകള്‍ ഏതൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ജീനുകള്‍ യീസ്റ്റില്‍ കടത്തിവിട്ട് പാലുണ്ടാക്കിക്കാനാണ് ഗവേഷകര്‍ പദ്ധതിയിടുന്നത്. മറ്റുചില ഗവേഷകര്‍ പാറ്റപ്പാലിലെ പ്രോട്ടീനിന്റെ അപൂര്‍വഘടന മറ്റൊരു ആവശ്യത്തിനായി ഉപയോഗപ്പെടുത്താം എന്നാണ് കരുതുന്നത്.
ഒളീക്ക് ആസിഡ്, ലിനോളീക്ക് ആസിഡ് എന്നീ കൊഴുപ്പുകളെ വഹിച്ചുകൊണ്ട് പോകുന്നത് ഈ പ്രോട്ടീനുകളാണെന്ന് പറഞ്ഞല്ലോ. കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കെതിരെയുള്ള മരുന്ന് തന്മാത്രകള്‍ ഇതുപോലെയുള്ള പ്രോട്ടീന്‍ തന്മാത്രകള്‍ ഉപയോഗിച്ച് കാന്‍സര്‍ ബാധിച്ച കോശങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ. നോക്കണേ എവിടെയോ കിടന്നിരുന്ന ഒരു കുഞ്ഞന്‍ ജീവി മനുഷ്യന് നല്‍കുന്ന പ്രതീക്ഷകള്‍! എത്ര കുഞ്ഞനായാലും ആരേയും പുച്ഛത്തോടെ അവഗണിക്കരുത് എന്ന വലിയൊരു സന്ദേശം കൂടി തരുന്നുണ്ട് വണ്ട് പാറ്റകള്‍.
Content Highlights: pacific beetle cockroach milk feeding cockroach species athishayajeevikal
Published: 05 Apr 2025, 08:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented