നട്ടുച്ചനേരത്ത് കുറച്ചു വെള്ളം കുടിക്കാൻ വേണ്ടിയാണ് കറുമ്പിക്കാക്ക കുളക്കടവിലെത്തിയത്. അവിടെ ചെന്നപ്പോൾ കടവിൽനിന്നുകൊണ്ട്് മീൻ പിടിക്കുന്ന ഒരു കൊറ്റിയമ്മയെ അവൾ കണ്ടു. വെളുത്തു മെലിഞ്ഞ സുന്ദരിയായ കൊറ്റിയമ്മയെ കറുമ്പിക്കാക്ക ഇതിനുമുൻപ് ഇവിടെങ്ങും കണ്ടിട്ടില്ല. തനിക്കും കൊറ്റിയമ്മയെപ്പോലെ സുന്ദരിയാകണമെന്ന് അവൾക്ക് തോന്നി. 'അതിനെന്താണ് ഒരു വഴി?', അപ്പോഴാണ് ചെപ്പടിവിദ്യക്കാരൻ കൊച്ചുകുറുക്കന്റെ കാര്യം ഓർമയിൽവന്നത്. കൊച്ചുകുറുക്കന്റെ അടുത്ത് ചെന്നിട്ടു കറുമ്പിക്കാക്ക പറഞ്ഞു:
''ചെപ്പടിവിദ്യകൾ പലതും കാട്ടും
കൊച്ചുകുറുക്കാ കേട്ടാലും
ചെപ്പടിവിദ്യകൾ കൊണ്ടെന്നെ
സുന്ദരിയാക്കുക അതിവേഗം!''
ഇതുകേട്ടപ്പോൾ കൊച്ചുകുറുക്കൻ കറുമ്പിക്കാക്കയോടു പറഞ്ഞു: ''നിന്റെ മോഹം സാധിച്ചുതരാനുള്ള ചെപ്പടിവിദ്യകൾ ഒന്നും എന്റെ കൈയിലില്ല. താന്നിപ്പുഴയുടെ തീരത്ത് ഒരു അലക്കുകാരി കഴുതമുത്തശ്ശി പാർക്കുന്നുണ്ട്. ആ മുത്തശ്ശിക്ക് ചിലപ്പോൾ നിന്നെ വെളുപ്പിച്ചെടുക്കാൻ കഴിഞ്ഞേക്കും!''
കറുമ്പിക്കാക്ക വേഗം താന്നിപ്പുഴയുടെ തീരത്തെത്തി. അവിടെ അഴുക്കുവസ്ത്രങ്ങൾ അലക്കിവെളുപ്പിക്കുന്ന കഴുത മുത്തശ്ശിയോട് അവൾ പറഞ്ഞു:
''വസ്ത്രമലക്കി വെളുപ്പിക്കും
അലക്കുകാരി മുത്തശ്ശി
വെള്ളക്കൊറ്റിയെപ്പോലെയെനിക്കും
സുന്ദരിയാകാനതിമോഹം!''
കറുമ്പിക്കാക്കയുടെ മണ്ടത്തരം കേട്ടപ്പോൾ അലക്കുകാരി കഴുതമുത്തശ്ശിക്ക് ചിരിവന്നു. അതു പുറത്തു കാണിക്കാതെ കഴുതമുത്തശ്ശി പറഞ്ഞു: ''കറുമ്പീ, നീ മറ്റൊരാളെപ്പോലെയാകാൻ നോക്കാതെ നീ നീയാകാൻ നോക്ക്. കൊറ്റിയമ്മയെപ്പോലെ നീയും സുന്ദരിയാണ്. അവൾ വെളുത്ത സുന്ദരിയാണെങ്കിൽ നീ കറുത്ത സുന്ദരിയാണ്. അതുകൊണ്ട് നീ നീയായി ജീവിക്കാൻ നോക്ക്!'' അലക്കുകാരി കഴുതമുത്തശ്ശി ഇത് പറഞ്ഞപ്പോൾ കറുമ്പിക്കാക്ക നാണിച്ചു തലതാഴ്ത്തി. കൊറ്റിയമ്മയെപ്പോലെ സുന്ദരിയാകാനുള്ള തന്റെ മോഹം ഉപേക്ഷിച്ചിട്ട് കറുമ്പിക്കാക്ക തന്റെ കൂട്ടിലേക്ക് പറന്നു.
Content Highlights: Bedtime story
Published: 25 May 2026, 10:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented