
ഹിറ്റ്ലർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്! “ജീവിക്കുന്നൂ ഞങ്ങളിലൂടെ” എന്ന് ആവേശപൂർവ്വം അട്ടഹസിക്കുന്ന അനേകായിരം നിയോ നാസികളിലൂടെയല്ല; സ്ലൊവീനിയയിലെ ഏതാനും ഇരുണ്ട ഗുഹകളിൽ ഒളിച്ചുപാർക്കുന്ന ഒരു കൊച്ചു വണ്ടിലൂടെ. അനൊഫ്താൽമസ് ഹിറ്റ്ലറി (Anophthalmus hitleri) എന്ന് ശസ്ത്രീയനാമമുള്ള വണ്ടിന്റെ ഓമനപ്പേരാണ് ഹിറ്റ്ലർ വണ്ട്. കഴിഞ്ഞ കുറച്ചു കാലമായി പേര് വല്ലാത്തൊരു പൊല്ലാപ്പായി മാറിയിരിക്കയാണ് കണ്ണുകളില്ലാത്ത ഈ കുഞ്ഞൻ വണ്ടുകൾക്ക്. ആ പൊല്ലാപ്പിന്റെ കഥ പറയും മുൻപ് ഈ പേരിന്റെ ചരിത്രമൊന്ന് ചികഞ്ഞുനോക്കാം.

പുതിയ വണ്ടിനെ കണ്ടെത്തുന്നു
അഡോൾഫ് ഹിറ്റ്ലറുടെ വളർച്ചയിലെ ഒരു സുപ്രധാന വർഷമായിരുന്നു 1933. ആ വർഷം ജനുവരി 30 നാണ് അദ്ദേഹം ജർമ്മനിയുടെ ചാൻസലറാകുന്നത്. അതേ വർഷം തന്നെ ഹിറ്റ്ലറും ജർമ്മനിയും തമ്മിൽ യാതൊരു ബന്ധവുമില്ലാത്ത ഒരു കൊച്ചു സംഭവം അന്നത്തെ യൂഗോസ്ലാവിയയിൽ (ഇന്നത്തെ സ്ലൊവീനിയ) അരങ്ങേറി. ആ സംഭവത്തിൽ മൂന്ന് കഥാപാത്രങ്ങളുണ്ടായിരുന്നു: ഓസ്ട്രിയക്കാരനായ റെയിൽവേ എഞ്ചിനീയർ ഓസ്കർ ഷീബലും (Oskar Scheibel), സ്ലൊവീനിയക്കാരനായ പ്രകൃതിശാസ്ത്രജ്ഞൻ വ്ലാഡിമിർ കോഡ്റിക്കും (Vladimir Kodric) പിന്നെ, ഇളം തവിട്ടു നിറമുള്ള ഒരു വണ്ടും. എൻജിനീയർ എന്നതിലുപരി ഷീബൽ പ്രശസ്തനായ ഒരു അമേച്ചർ എന്റമോളജിസ്റ്റ് (കീടശാസ്ത്രജ്ഞൻ) കൂടിയായിരുന്നു. കൂടാതെ, ഹിറ്റ്ലറുടെ കടുത്ത ആരാധകനും. 1932 ജൂൺ 20ന് സ്ലൊവീനിയയിലെ ‘പെക്കൽ’ (നരകം എന്നർത്ഥം) ഗുഹയിൽ ജീവികളെ തേടുകയായിരുന്നു കോഡ്റിക്ക്. അപ്പോഴാണ് ഇളം തവിട്ട് നിറത്തിലുള്ള ഒരു വണ്ട് കൈയിൽ തടയുന്നത്. അതുവരെ അങ്ങനെയൊരു വണ്ടിനെ അദ്ദേഹം കണ്ടിരുന്നില്ല. അങ്ങനെയാണ് വണ്ടിനെ തിരിച്ചറിയാൻ 1933 ൽ ഷീബലിനെ സമീപിക്കുന്നത് (ഷീബൽ അത് പണം കൊടുത്ത് വാങ്ങിയതാണെന്നും അഭിപ്രായമുണ്ട്). കണ്ടപ്പോൾ തന്നെ ആൾ പുതിയതാണെന്ന് ഷീബലിന് മനസ്സിലായി. എങ്കിലും അത് പ്രസിദ്ധീകരിക്കാൻ അദ്ദേഹം ഒട്ടും ധൃതി കാണിച്ചില്ല.

പേരിടൽ കർമ്മം
നാല് വർഷങ്ങൾക്ക് ശേഷം, 1937 ലാണ് വണ്ടിന് പേര് നല്കി പ്രസിദ്ധീകരണത്തിനയക്കുന്നത്. ഒരു ശാസ്ത്രീയ നാമത്തിന് രണ്ട് ഭാഗങ്ങളുണ്ട്. ആദ്യത്തേത് ജനുസ്സ് പേരും (genus name) രണ്ടാമത്തേത് സ്പീഷീസ് പേരും (species name). ‘കണ്ണില്ലാത്തത്’ എന്ന് ലാറ്റിൻ ഭാഷയിൽ അർത്ഥം വരുന്ന ‘അനൊഫ്താൽമസ്’ എന്നാണ് ജനുസ്സിന് (Genus) പേര് കൊടുത്തത്. വണ്ടിനെ കൈമാറ്റം ചെയ്യുമ്പോൾ അതിന് കോപ്പെക്കിന്റെ പേര് കൊടുക്കുമെന്ന് ഷീബൽ അദ്ദേഹത്തിന് വാക്ക് കൊടുത്തിരുന്നുവത്രേ. എന്നാൽ പേരിടുന്ന സമയത്ത് ഷീബൽ കൊടുത്ത വാക്ക് മറന്നു. അദ്ദേഹത്തിന്റെ മനസ്സിൽ ഒരു മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തന്റെ ആരാദ്ധ്യപുരുഷനായ അഡോൾഫ് ഹിറ്റ്ലറുടെ മുഖം. അങ്ങനെ ആ പുതിയ വണ്ട് അനൊഫ്താൽമസ് ഹിറ്റ്ലറിയായി (Anophthalmus hitleri). നന്ദിയറിയിച്ചുകൊണ്ട് ഹിറ്റ്ലർ ഷീബലിന് ഒരെഴുത്തുമയച്ചു. കരാബിഡേ (Carabidae) കുടുംബക്കാരനായ ഹിറ്റ്ലർ വണ്ടിന് കണ്ണുകളില്ല. നീളം ഏകദേശം അഞ്ച് മില്ലിമീറ്റർ മാത്രം. കീടങ്ങളുടെ ലാർവകളും മറ്റ് ചെറുജീവികളുമാണ് ഭക്ഷണം.

ഹിറ്റ്ലറുടെ ഓര്‍മ്മയ്ക്കായുള്ള അമൂല്യനിധി !
സ്ലൊവീനിയയിലെ ഏതാനും ഗുഹകളൊഴിച്ച് മറ്റൊരിടത്തും ഹിറ്റ്ലർ വണ്ടുകളെ കാണാൻ കഴിയില്ല . ഏതെങ്കിലും കാരണവശാൽ ഈ ഗുഹകൾക്കുള്ളിലെ വണ്ടുകൾ നശിച്ചുപോവുകയാണെങ്കിൽ അത് ഹിറ്റ്ലർ വണ്ടുകളുടെ വംശനാശമായിരിക്കും. സമീപ ഭാവിയിൽ അത് തന്നെയാണ് സംഭവിക്കാൻ പോകുന്നതെന്നാണ് പല ഗവേഷകരും കരുതുന്നത്. അതിനുള്ള കാരണം വിചിത്രമാണ്. 1945 ഏപ്രിൽ 30 ന് ഹിറ്റ്ലർ ആത്മഹത്യ ചെയ്തതോടെ ഹിറ്റ്ലർ വണ്ടുകളുടെ തലവര മാറുകയായിരുന്നു. അധികമാരുമറിയാതെ സ്ലൊവീനിയയിലെ ഇരുണ്ടതും ഈർപ്പമുള്ളതുമായ ഗുഹകളിൽ സ്വൈര്യമായി ജീവിച്ചിരുന്ന ഈ അന്ധരായ വണ്ടുകളെത്തേടി ഹിറ്റ്ലരുടെ ആരാധകരായ നിയോ നാസികളും അവർക്കുവേണ്ടി കച്ചവടക്കണ്ണുള്ള പ്രാണിപിടിത്തക്കാരും ഗുഹകൾ പരതിത്തുടങ്ങി. ഹിറ്റ്ലറുടെ ഓർമ്മയ്ക്കായി തങ്ങളുടെ സ്വകാര്യ ശേഖരങ്ങളിൽ ഒരു അമൂല്യനിധിയായി സൂക്ഷിക്കുവാൻ. നല്ലരീതിയിൽ ഉണക്കിയെടുത്ത് സൂക്ഷിച്ച ഹിറ്റ്ലർ വണ്ടിന് ഇന്ന് വിപണിയിൽ 1.24 ലക്ഷം രൂപ (1500 ഡോളർ) വരെ വിലയുണ്ട്! ഒരു ഹിറ്റ്ലർ വണ്ടിനെ പിടിക്കാൻ ഏറ്റവും കുറഞ്ഞത് രണ്ടുമാസമെങ്കിലും പിടിക്കുമത്രേ. പക്ഷേ, അതൊന്നും പ്രാണിപിടുത്തക്കാർക്ക് പ്രശ്നമല്ല. വണ്ട് പിടുത്തം ഇന്നത്തെ നിരക്കിൽ തുടരുകയാണെങ്കിൽ ഹിറ്റ്ലർ വണ്ടിന്റെ വംശനാശം അതിവിദൂരമല്ല.
എങ്ങനെ രക്ഷിക്കും?
ജന്തുശാസ്ത്രജ്ഞരും പ്രകൃതിസ്നേഹികളും തലപുകഞ്ഞാലോചിക്കുകയാണ്; ഹിറ്റ്ലർ വണ്ടുകളെ എങ്ങനെ രക്ഷിക്കും? പല പോംവഴികളും ഉയർന്നുവരുന്നുണ്ട്. അതിലൊന്ന് ഹിറ്റ്ലർ വണ്ടുകളെ പിടിക്കുന്നത് നിയമവിരുദ്ധമാക്കുക എന്നതാണ്. സ്ലൊവേനിയയിൽ ഇപ്പോൾ ഹിറ്റ്ലർ വണ്ടുകളുള്ള ഗുഹയിൽ കയറാൻ സർക്കാരിന്റെ സമ്മതം ആവശ്യമാണ്. ഹിറ്റ്ലർ വണ്ടുകളെ പിടിക്കുന്നത് നിയമവിരുദ്ധവും. എന്നാൽ അയൽ രാജ്യമായ ഇറ്റലി വഴിയും ഗുഹകളിൽ പ്രവേശിക്കാം. അവിടെ അങ്ങനെയൊരു നിയമവുമില്ല. ഈ ഗുഹകൾ പൂർണമായി അടയ്ക്കണം എന്നുമൊരു വാദമുണ്ട്. എന്നാൽ അത് പ്രായോഗികമായിരിക്കില്ല എന്ന മറുവാദം ഉന്നയിക്കുന്നവരുമുണ്ട്. അടുത്ത പോംവഴി ഹിറ്റ്ലർ വണ്ടുകളുടെ പേര് മാറ്റുക എന്നതാണ്. പേരുകൾ മാറ്റുന്നതിനും അംഗീകരിക്കുന്നതിനുമുള്ള അധികാരം ‘ഇൻറർനാഷനൽ കമ്മീഷൻ ഓൺ സുവോളജിക്കൽ നോമെൻക്ലേച്ചറിന് (International Commission on Zoological Nomenclature-ICZN) മാത്രമാണ്. ഹിറ്റ്ലർ വണ്ടിന്റെ ശാസ്ത്രീയനാമം മാറ്റുകയാണെങ്കിൽ ആയിരക്കണക്കിന് ജീവികളുടെ പേരുകൾ മാറ്റേണ്ടിവരുമെന്നും അത് ജീവശാസ്ത്രത്തെ മൊത്തത്തിൽ ബാധിക്കുമെന്നുമാണ് 26 കമ്മീഷണർമാർ 2023 ൽ എഴുതിയ ലേഖനത്തിൽ വാദിക്കുന്നത് (Zoological Journal of the Linnean Society, 2023, 197, 283–286). തുടർന്ന് ആ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് അതേ പ്രസിദ്ധീകരണത്തിൽ തന്നെ 18 ശസ്ത്രജ്ഞർ ചേർന്നെഴുതിയ മറ്റൊരു ലേഖനവും വന്നു (Zoological Journal of the Linnean Society, 2023, 199, 7–9). കമ്മീഷന്റെ വൈസ് പ്രസിഡന്റായ പാട്രിസ് ബൌച്ചാർഡിന്റെ അഭിപ്രായത്തിൽ വിളിപ്പേരായ ഹിറ്റ്ലർ വണ്ട് എന്നത് മാറ്റി വേറൊരു പേരിട്ടാൽ പ്രശ്നം തീർക്കാമെന്നാണ്. അദ്ദേഹം ഒരു പുതിയ പേരും നിർദ്ദേശിച്ചു: സ്ലൊവീനിയന്‍ ബ്ലൈൻഡ് കേവ് ബീറ്റിൽ (Slovenian blind cave beetle). അതിനിടെ ജീവികൾക്ക് ആളുകളുടെ പേര് നൽകുന്ന സമ്പ്രദായം തന്നെ പാടേ ഉപേക്ഷിക്കണമെന്ന വാദവുമായി മറ്റൊരു കൂട്ടരും രംഗത്തുണ്ട്. തർക്കം ഇപ്പോഴും തുടരുകയാണ്. മനുഷ്യർ തമ്മിലുള്ള വാദപ്രതിവാദങ്ങളൊന്നുമറിയാതെ തികച്ചും നിഷ്കളങ്കരായ ഹിറ്റ്ലർ വണ്ടുകൾ ഇരുട്ടിൽ തപ്പിനടക്കുകയാണ്, ഇത്തിരി ആഹാരത്തിനും നിലനിൽപ്പിനുമായി.
Content Highlights: how hitler and hitler beetles are linked, environment column
Published: 03 Feb 2024, 10:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented