ചുവന്ന കണ്ണുകളുമായി തൊടിയിൽ വന്നിരിക്കുന്ന ഇഷ്ടനാണ് ഉപ്പൻ.( Greater coucal). ഉപ്പൻ കാക്ക, ചെമ്പോത്ത്, ചകോരം എന്നും പറയും. കാടുകളേക്കാൾ ഇഷ്ടം നാടും കൃഷിയിടങ്ങളുമാണ്. പാമ്പും ഓന്തുകളും മറ്റു പ്രാണികളുമാണ് പ്രധാന ആഹാരം. ചെറുപക്ഷികളുടെ മുട്ടകളും ശാപ്പിടും. കുയിൽ വർഗത്തിൽപ്പെട്ട കിളിയാണ്. പക്ഷേ, കുയിൽനാദമൊന്നുമല്ല. ആഴത്തിലുള്ള മൂളക്കം കേൾക്കാം. ഗുബ്, ഗുബ് എന്ന ശബ്ദം. ഈ ശബ്ദം കേട്ടാൽ ഒരുപാട് അകലത്തിലല്ലാതെ ഇണപക്ഷി വിളികേൾക്കും. മണ്ണാത്തിപുള്ളിന്റെ പോലെ ചിലപ്പോൾ ചീറ്റും. ക്വാക്ക് എന്ന ശബ്ദവുമുണ്ടാക്കും. ചിലപ്പോൾ പിഷ്‌ക്യൂ എന്നൊരു ശബ്ദവുമുണ്ടാക്കും. ഈയ്യിടെയായി ആഫ്രിക്കൻ ഒച്ചിനെ തൊണ്ടുപൊട്ടിച്ച് തിന്നുന്നതും കണ്ടിട്ടുണ്ട്.

To advertise here,

ഇവരെ ചുറ്റിപറ്റി ധാരാളം കഥകളുണ്ട്. വെറുംവിശ്വാസങ്ങളാണ്. ഈ പക്ഷിയേ കാണുമ്പോൾ ഉപ്പനെന്ന് പറഞ്ഞുപോയാൽ പിന്നെ അന്നത്തെ ദിവസം ഉപ്പന് ഭക്ഷണം കിട്ടില്ലെന്ന വിശ്വാസമുണ്ട്. മരണത്തിൽ നിന്നും തിരികെ കൊണ്ടുവരാൻ പറ്റുന്നതും, ഇരുമ്പിനെ മുറിയ്ക്കാൻ പറ്റുന്നതുമായ നീല കൊടുവേലി ഇവർക്കറിയാമെന്നും വിശ്വാസമുണ്ട്. പക്ഷേ ഇതു കിട്ടണമെങ്കിൽ ഒന്നുകിൽ ഉപ്പന്റെ കുഞ്ഞിനെ ഇരുമ്പുചങ്ങലയിൽ ബന്ധിക്കണം. അല്ലേൽ കുഞ്ഞിനെ കൊല്ലണം. അങ്ങനെ ചെയ്താൽ ഈ പക്ഷി എവിടുന്നെങ്കിലും നീല കൊടുവേലി കൊണ്ടുവന്ന് തന്റെ കുഞ്ഞിനെ രക്ഷിക്കുമെന്നാണ് വിശ്വാസം.

സൂര്യനുദിച്ച് വരുന്ന സമയങ്ങളിൽ തുറന്ന കമ്പുകളിലിരുന്ന് വെയിൽ കായുന്ന സ്വഭാവമുണ്ട്. പൊന്തക്കാടിനുള്ളിലോ ഇല്ലിയിലോ ആണ് കൂടൊരുക്കുക. ഒരിക്കൽ മൂന്ന് കുഞ്ഞുങ്ങളെയും മറ്റൊരിക്കൽ നാലു കുഞ്ഞുങ്ങളെയും കണ്ടിട്ടുണ്ട്.