അല്ലറചില്ലറ തട്ടിപ്പും പിടിച്ചുപറിയും കുലത്തൊഴിലായി സ്വീകരിച്ചവർ പക്ഷികൾക്കിടയിലുമുണ്ട്‌. ഇക്കൂട്ടരിൽ കുപ്രസിദ്ധരാണ്‌ കടൽക്കള്ളന്മാർ എന്നറിയപ്പെടുന്ന ഫ്രിഗേറ്റ്‌ ബേർഡ്‌സ്‌. ജീവിതത്തിന്റെ ഭൂരിഭാഗവും ഉൾക്കടലിൽ കഴിച്ചുകൂട്ടുന്ന ഇവയ്ക്ക്‌ മറ്റു കടൽപ്പക്ഷികളെപ്പോലെ വെള്ളത്തിൽ ആഴത്തിൽ ഊളിയിട്ട്‌ ഇരയെപ്പിടിക്കാനുള്ള കഴിവില്ല‚ അതുകൊണ്ടുതന്നെ മറ്റ്‌ പക്ഷികൾ പിടിച്ച ഇരയെ തട്ടിയെടുത്താണ്‌ ഇവ ഉൾക്കടലിൽ ജീവിതം തള്ളിനീക്കുന്നത്‌. കടൽക്കള്ളന്മാർ എന്ന പേരുവന്നതും ഈ കുലത്തൊഴിൽ കൊണ്ടുതന്നെ.

To advertise here,

കടൽപക്ഷികളുടെ കൂട്ടത്തിൽ കടൽ സുന്ദരി എന്നു വിളിക്കാവുന്ന ബൂബി ഇനത്തിൽപ്പെട്ട കടൽപക്ഷിയുടെ ഇരയാണ്‌ ഈ കടൽക്കള്ളന്മാർ കൂടുതലും അടിച്ചുമാറ്റാറ്‌. എന്നാൽ, ഇങ്ങനെ ഇര കിട്ടാതെ വന്നാൽ ജലോപരിതലത്തിലുള്ള മത്സ്യങ്ങളെയും ചാടിക്കളിക്കുന്ന പറക്കും മീനുകളെയും മറ്റും ഇരയാക്കാറുള്ളതായും പഠനങ്ങളിൽ പറയുന്നു.

ലോകത്താകമാനം ഈ വിഭാഗത്തിൽപ്പെട്ട അഞ്ച്‌ ഇനം പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്‌. ഇതിൽ മൂന്നിനം പക്ഷികളെ കേരളത്തിലും കാണാറുണ്ട്‌. ചെറിയ കടൽക്കള്ളൻ (Lesser Frigate Bird)‚ വലിയ കടൽക്കള്ളൻ (Great Frigatebird)‚ ക്രിസ്‌മസ്‌ ദ്വീപ്‌ കടൽക്കള്ളൻ (Christmas Island Frigatebird) എന്നിവയാണ്‌ അവ. മറ്റ്‌ രണ്ടിനങ്ങളെ അപേക്ഷിച്ച്‌ ക്രിസ്‌മസ്‌ ദ്വീപ്‌ കടൽക്കള്ളനെ രണ്ടു തവണയേ കേരളത്തിൽ കണ്ടെത്തിയിട്ടുള്ളൂ. എന്നാൽ, ഇക്കൂട്ടത്തിൽ കൂടുതൽ തവണ കേരളത്തിൽ വന്നെത്തിയത്‌ വലിയ കടൽക്കള്ളൻ മാത്രമാണ്‌. അത്‌ കൂടുതലും ജൂൺ മുതൽ ഒക്‌ടോബർ വരെയുള്ള മാസങ്ങളിലാണ്‌. 

പറക്കുമ്പോൾ മറ്റ്‌ കടൽപക്ഷികളിൽനിന്നു കടൽക്കള്ളന്മാരെ എളുപ്പം തിരിച്ചറിയാം. ഇവയുടെ ആകൃതിയും വലുപ്പവും  നീണ്ട്‌ മെലിഞ്ഞതുപോലെ തോന്നിക്കും. എന്നാൽ, കടൽക്കള്ളന്മാരിൽ ഏതിനമാണെന്ന്‌ തിരിച്ചറിയാൻ വ്യക്തമായ ചിത്രങ്ങളുടെ സഹായത്താലേ സാധിക്കാറുള്ളൂ. വലിയ കടൽക്കള്ളന്മാരിലെ ആൺ-പെൺ പക്ഷികൾ പൂർണ വളർച്ചയെത്താൻ അഞ്ചു വർഷം വരെയെടുക്കാറുണ്ട്‌. ഈ കാലത്ത്‌‚ കാഴ്‌ചയിൽ മറ്റ്‌ കടൽക്കള്ളൻ ഇനത്തിലെ പക്ഷികളോട്‌ വളരെയധികം സാമ്യമുണ്ട്‌. 

അതുകൊണ്ടുതന്നെ കടൽക്കള്ളനെ തിരിച്ചറിയുന്നതിൽ വൈദഗ്ധ്യം ഉള്ളവർക്കേ പലപ്പോഴും ഇനം തിരിച്ചറിയാൻ സാധ്യമാകാറുള്ളൂ.
 2010 മുതലാണ്‌ കേരളത്തിൽ കടൽപ്പക്ഷി നിരീക്ഷണ യാത്രകളും പഠനങ്ങളും തുടങ്ങുന്നത്‌. കോഴിക്കോട്‌‚ കണ്ണൂർ‚ കാസർകോട്‌‚ മലപ്പുറം‚ കൊച്ചി‚ തിരുവനന്തപുരം തുടങ്ങിയിടങ്ങളിൽ നിന്നായി നാല്പതിലധികം കടൽപ്പക്ഷി നിരീക്ഷണ യാത്രകൾ ഇതിനകം നടത്തിക്കഴിഞ്ഞു. കടൽപ്പക്ഷികളിൽപ്പെടുന്ന പതിനഞ്ചിലധികം പുതിയ ഇനങ്ങളുടെ വിവരങ്ങൾ ഈ നിരീക്ഷണയാത്രകളിൽ നിന്നായി നമുക്ക്‌ ലഭിച്ചിട്ടുണ്ട്‌.

കടൽക്കള്ളനെപ്പോലുള്ള കടൽപ്പക്ഷികളെ ഇനം തിരിച്ചറിയാൻ മറ്റു രാജ്യങ്ങളിലെ വിദഗ്ധരെയാണ്‌ നാം പലപ്പോഴും ആശ്രയിക്കാറ്‌. സ്ഥിരമായുള്ള ദേശാടനപാതയിലോ പ്രജനനകേന്ദ്രങ്ങളിലോ കേരളം ഉൾപ്പെടുന്നില്ലെങ്കിലും ഒട്ടുമിക്ക മൺസൂൺ കാലങ്ങളിലും കടൽക്കള്ളന്മാർ കേരളത്തിലെത്തിപ്പെടാറുണ്ട്‌. അത്‌ മിക്കപ്പോഴും അവശനിലയിലുമായിരിക്കും. മൺസൂൺ കാലത്തെ ശക്തമായ കാറ്റിലും തിരയിലുംപെട്ട്‌ ദിശതെറ്റി കേരള തീരത്തെത്തുന്നതാവാം എന്നാണ്‌ വിദഗ്ധാഭിപ്രായം. മുമ്പ്‌ കണ്ണൂരിലും വടകരയിലും കണ്ടെത്തിയത്‌ അവശനിലയിലായ പക്ഷികളായിരുന്നു. ആ രണ്ടു പക്ഷികളും പിന്നീട്‌ മരണത്തിന്‌ കീഴടങ്ങി.

പെസഫിക്‌ സമുദ്രത്തിൽ വടക്കേയറ്റം ഹവായി ദ്വീപുമുതൽ ഇന്ത്യൻ സമുദ്രത്തിലെ ദ്വീപുകളായ മാലിദ്വീപ്‌‚ മഡഗാസ്‌കർ തുടങ്ങി ആഫ്രിക്കൻ തീരം വരെ വ്യാപിച്ചു കിടക്കുന്നതാണ്‌ വലിയ കടൽക്കള്ളന്മാരുടെ പ്രജനനകേന്ദ്രം. കൂടു കൂട്ടാനായി തിരഞ്ഞെടുക്കുന്ന ദ്വീപുകൾ മിക്കപ്പോഴും മനുഷ്യവാസം കുറഞ്ഞതും ശത്രുപക്ഷികളുടെ സാന്നിധ്യം ഇല്ലാത്തതുമായിരിക്കും. മറ്റ്‌ പക്ഷികളെ അപേക്ഷിച്ച്‌ ജീവിതകാലയളവും ഇവയ്ക്ക്‌ കൂടുതലുണ്ട്‌. 30 മുതൽ 40 വർഷം വരെ നീണ്ടുനിൽക്കാറുണ്ടെന്ന്‌ പഠനങ്ങളുണ്ട്‌.

അറ്റം കൂർത്ത വലിയ ചിറകുകളുകളാണിവയ്ക്ക്‌‚ ചിറകുകളടിക്കാതെ കാറ്റിൽ ഒഴുകിപ്പറക്കാൻ വിദഗ്ധരാണ്‌ ഇക്കൂട്ടർ. താരതമ്യേന കുറഞ്ഞ ചിറകടികളോടെ മണിക്കൂറുകളോളം ഒഴുകിപ്പറക്കാൻ ഇവയ്ക്ക്‌ കഴിയും. പൂർണവളർച്ചയെത്തിയ ആൺ പക്ഷികൾക്ക്‌ കറുപ്പുനിറമാണ്‌. വാൽ അറ്റം കൂർത്ത്‌ രണ്ടായിപ്പിരിഞ്ഞതാണ്‌. 

കാലുകൾ നന്നേ ചെറുതായ ഈയിനങ്ങൾക്ക്‌ വെള്ളത്തിൽ നീന്തിനീങ്ങാനും സാധിക്കാറില്ല. പ്രജനനകാലത്ത്‌ ആൺ പക്ഷികളിൽ തൊണ്ടയുടെ ഭാഗത്തായി ചുവപ്പുനിറം കാണാം. ഇണയെ ആകർഷിക്കാനായി ഇത്‌ ഒരു ബലൂൺപോലെ വീർപ്പിക്കാറുണ്ട്‌. പ്രജനനകാല ചിത്രങ്ങളിൽ ഇത്‌ വ്യക്തമായി കാണാം. വയറിന്റെ ഭാഗത്തായുള്ള വെള്ളനിറത്തിലുള്ള വ്യത്യാസമാണ്‌ ചെറിയ കടൽക്കള്ളന്മാരെയും വലിയ കടൽക്കള്ളന്മാരേയും വേർതിരിച്ചറിയാനുള്ള ഒരു വഴി. ചെറിയ കടൽക്കള്ളന്‌ ഈ നിറം ചിറകിന്റെ വശങ്ങളിലേക്കും പരന്നു കിടക്കും. എന്നാൽ, പൂർണ വളർച്ചയെത്താത്ത പക്ഷികളെ ഇതു നോക്കി പലപ്പോഴും തിരിച്ചറിയാൻ കഴിയാറില്ല.