ദേഹത്തെ മുള്ളൊന്നും ഇല്ലാതെ അതിനു പകരം സാധാരണ രോമം തന്നെ ആണുള്ളതെങ്കില്‍ മുള്ളൻ പന്നിയെ അടുത്ത് കിട്ടിയാല്‍ ചിലപ്പോള്‍ കൈയിലെടുത്ത് ഒരുമ്മ കോടുക്കാന്‍ തോന്നും. അത്രക്ക് കാഴ്ച ഭംഗിയും ക്യൂട്ടും ആണ് ആ ജീവിയുടെ മുഖവും രൂപവും. ആര്‍ദ്രമായ കണ്ണുകളും മണത്തുകൊണ്ടിരിക്കുന്ന മൂക്കും അരിപ്പല്ലുകളും ഉണ്ട മുഖവും ഉരുളന്‍ ശരീരവും എല്ലാം കൂടി വല്ലാത്തൊരു ഓമനത്തം തോന്നും.

To advertise here,

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

പേരിലേ പന്നിയുള്ളു. പന്നികളുമായി ഒരു ബന്ധവും മുള്ളൻപന്നിയ്ക്ക് ഇല്ല. നമ്മുടെ അണ്ണാനും എലിയും പെരിച്ചാഴിയും ബീവറും ഒക്കെ ഉള്‍പ്പെടുന്ന റോഡെന്റിയ ( Rodentia ) ഒര്‍ഡറില്‍പ്പെടുന്ന കരണ്ടുതീനികളുടെ വിഭാഗത്തില്‍ പെട്ട ജീവിയാണിവര്‍. ജീവിതകാലം മുഴുവന്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഉളിപ്പല്ലുകള്‍ വായില്‍ മുകളിലും താഴെയും ഉള്ളതാണിവരുടെ പ്രത്യേകത.

പല്ലാണ് ഇവരുടെ രക്ഷയും വഴിയും. കറുമുറ കരണ്ടു തിന്നാണ് ജീവിതം. നീണ്ടു നീണ്ടു വളരുന്ന പല്ലുകള്‍ രാകി നീളം കുറക്കാനും മൂര്‍ച്ച കൂട്ടാനും തിന്നാനല്ലെങ്കിലും എന്തെങ്കിലും കരണ്ടുകൊണ്ടിരിക്കണം എന്നതാണ് ശീലം.

ലാറ്റിന്‍ ഭാഷയില്‍ പന്നി എന്ന അര്‍ഥം വരുന്ന porcus എന്ന വാക്കും മുള്ള് എന്ന അര്‍ത്ഥം വരുന്ന spina എന്ന വാക്കും ചേര്‍ന്നാണ് , പോര്‍കുപിന്‍ Porcupine എന്ന പേരിലേക്ക് പാവങ്ങള്‍ എത്തിയത്. ലോകത്തെങ്ങുമായി രണ്ടു കുടുംബങ്ങളിലായി നിരവധി ഇനം മുള്ളൻ പന്നികള്‍ ഉണ്ട്. ആഫ്രിക്ക, ഏഷ്യ ദക്ഷിണ യൂറോപ്പ് എന്നിവിടങ്ങള്‍ ഉള്‍പ്പെടെ ഓള്‍ഡ് വേള്‍ഡ് മുള്ളൻ പന്നികള്‍ Erethizontidae കുടുംബാംഗങ്ങളും വടക്കേ അമേരിക്ക, തെക്കേ അമേരിക്കയുടെ വടക്കുഭാഗം എന്നിവിടങ്ങളില്‍ മാത്രമുള്ള ന്യൂ വേള്‍ഡ് മുള്ളൻ പന്നികള്‍ Hystricidae എന്ന കുടുംബാംഗങ്ങളും ആണ്. ഇവര്‍ തമ്മില്‍ വലിയ സാമ്യം ഒന്നും ഇല്ല എന്നതു കൂടാതെ അമേരിക്കന്‍ മുള്ളൻപന്നികള്‍ മരങ്ങളില്‍ കഴിയുന്നവരും ആണ്.

placeholder
ന്യൂവേൾഡ് മുള്ളൻപന്നി | getty images

മിഡില്‍ ഈസ്റ്റിലും ഏഷ്യയിലും കാണുന്ന ഇനമായ  Indian crested porcupine (Hystrix indica) ആണ് നമ്മുടെ മുള്ളൻ പന്നി. ദക്ഷിണ അമേരിക്കയിലെ Capybara വടക്കേ അമേരിക്കയിലേയും യൂറേഷ്യയിലേയും ബീവറുകളും കഴിഞ്ഞാല്‍ കരണ്ടു തീനി വര്‍ഗ്ഗക്കാരില്‍ വലിപ്പത്തില്‍ മൂന്നാമതുള്ളവരാണ് മുള്ളൻ പന്നികൾ. 11 മുതല്‍ 18 കിലോ ഭാരവും 70 - 90 സെന്റീമീറ്റര്‍ നീളവും ( 8-10 സെന്റീമീറ്റര്‍ നീളമുള്ള വാല് ഇതിനു പുറമെ ) ഉള്ളവരാണ് നമ്മുടെ നാട്ടിലെ ഈ പഹയര്‍. എന്തുണ്ടായിട്ടെന്താ പേരിലൊരു പന്നിയുള്ളതിനാല്‍ പോയില്ലെ ഗമ. പന്നി മാംസക്കൊതിയന്മാര്‍ക്ക് പണ്ടു മുതലേ വലിയ ഇഷ്ടം തന്നെയാണ് ഇവരെ . പോരാത്തതിന് വലിയ ഔഷധ ശക്തിയുണ്ട് എന്ന വ്യാജ അവകാശവാദ തള്ള് കൂടെയുണ്ട് താനും. പക്ഷെ ഇവര്‍ പെരുച്ചാഴികളുടെ ഒക്കെ കൂട്ടത്തില്‍ പെട്ടവരാണ് എന്ന് പണ്ടേ അറിയുമായിരുന്നെങ്കില്‍ ചിലപ്പോള്‍ മുള്ളൻപന്നിയിറച്ചിയോട് ഒരു അനിഷ്ടം പലര്‍ക്കും വന്നേനെ. 

placeholder
വടക്കേ അമേരിക്കയിലൊക്കെ കാണുന്ന മരത്തിനു മുകളിൽ കഴിയുന്ന മുള്ളൻപന്നി | By Mattnad - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=13283379

നീയൊക്കെ എനിക്ക് രോമത്തിന് സമം എന്ന് പുച്ഛിക്കുമ്പോൾ ആരുടെ രോമത്തിന് സമം എന്ന് പ്രത്യേകം പറയാന്‍ മടിക്കണ്ട.മുള്ളൻ പന്നി​യുടെ രോമം ഒരൊന്നൊന്നര രോമം ആണ്. ഭൂമിയില്‍ ആര്‍ക്കും ഇല്ല ഇതുപോലൊരു രോമം

കെരാറ്റിന്‍ കൊണ്ട് നിര്‍മ്മിച്ച ഉള്ളുപൊള്ളയായ മുള്ളുകൾ

ഓടി രക്ഷപ്പെടാനും തിരിച്ച് ആക്രമിക്കാനും ഒന്നും കഴിവില്ലാത്തതിനാല്‍ പരിണാമപരമായി അതിജീവനത്തിനായി ആര്‍ജ്ജിച്ചതാണ് ഈ മുള്‍പ്പന്ത് ശരീരം. രോമം തന്നെയാണ് മുള്ളായി മാറിയിരിക്കുന്നത്.

placeholder
നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഓൾഡ് വേൾഡ് മുള്ളൻപന്നികൾ | By Andrew Butko, CC BY-SA 3.0,
https://commons.wikimedia.org/w/index.php?curid=27561438

കെരാറ്റിന്‍ കൊണ്ട് നിര്‍മ്മിച്ചതും ഉള്ളുപൊള്ളയായതുമായ നേര്‍ത്ത നീളംകൂടിയ മുള്ളുകളും തടിച്ച് നീളം കുറഞ്ഞ മുള്ളൂകളും മുകളിലും അടിയിലും ഒക്കെയായി ക്രമീകരിച്ചിട്ടുണ്ടാകും. ഒന്നിടവിട് കറുപ്പും വെളുപ്പും അടയാളങ്ങളോടു കൂടിയ കറുപ്പോ കടും ബ്രൗണ്‍ നിറമോ ഉള്ളതാണ് മുള്ളുകള്‍. അരികുകളിലെ നീളന്‍ മുള്ളുകള്‍ അൽപമൊക്കെ വളക്കാന്‍ കഴിയുന്നവയാണ്. ഏറ്റവും കൂടുതല്‍ നീളമുള്ള രോമമുള്ളുകള്‍ കഴുത്തിലും ചുമലിലും ആണുണ്ടാകുക. ഒരു വട്ടപ്പാവാട ചുറ്റിയ പോലെ തോന്നും കാഴ്ചയില്‍. ഈ മുള്ളുകള്‍ക്ക് 51 സെന്റീമീറ്റര്‍ വരെ നീളമുണ്ടാകും. എങ്കിലും ഭൂരിഭാഗം മുള്ളുകളും 15- 30 സെന്റീ മീറ്റര്‍ നീളമുള്ളവയാകും. പിറക് വശത്തെ ഉറപ്പുള്ള നീളം കുറഞ്ഞ മുള്ളുകള്‍ കൂട്ടമായാണുണ്ടാവുക. ഇവയാണ് ശത്രുക്കളുടെ ദേഹത്ത് കുത്തിക്കയറി ഇവരെ രക്ഷക്കുന്നവ. ഓരോ രോമവും അതിന്റെ അടിയിലെ പേശിയുമായി നേരിട്ട് ബന്ധിച്ചിട്ടുള്ളതിനാല്‍ ഇഷ്ടം പോലെ ഇത് ഉയര്‍ത്താനും താഴ്ത്താനും ചെറുതായി ചലിപ്പിക്കാനും ഇവര്‍ക്ക് കഴിയും. ( നമുക്ക് രോമാഞ്ചം ഉണ്ടാകുമ്പോള്‍ രോമം എഴുന്നു നില്‍ക്കുന്നതുപോലെ അല്ല എന്ന് സാരം) . ഭയപ്പെടുമ്പോഴും ശത്രുവിനെ പേടിപ്പിക്കാനും ശരീര വലിപ്പം കൂടുതല്‍ തോന്നിപ്പിക്കാനും ഒക്കെ മുള്ളുകള്‍ എഴുന്ന് പിടിക്കുന്നത്‌കൊണ്ട് പറ്റും. കൂടാതെ ഉള്ളുപൊള്ളയായ മുള്ളുകളെ കുലുക്കി അനക്കി ശബ്ദമുണ്ടാക്കിയും പേടിപ്പിക്കാനറിയാം. എന്നിട്ടും ശത്രു ഒഴിയാതെ നില്‍ക്കുകയും ആക്രമിക്കുകയും ചെയ്യുകയാണെങ്കില്‍ അവസാനം 'മുഖം നോക്കാതെ' നടപടി എടുക്കും. തലതിരിച്ച് മുള്ളുകള്‍ ഉയര്‍ത്തിപ്പിടിച്ച് പിറകോട്ട് വേഗത്തില്‍ നീങ്ങും. തലഭാഗം മുള്‍കവചമില്ലാത്തതിനാല്‍ സുരക്ഷിതമല്ല എന്നതിനാല്‍ തല രക്ഷിക്കാന്‍ കൂടിയാണ് ഈ തിരിഞ്ഞ് നില്‍പ്പ്. പക്ഷെ ഇവര്‍ക്ക് ശരീരം കുലുക്കി ശത്രുക്കള്‍ക്ക് നേരെ ഈ മുള്ളുകള്‍ തൊടുത്ത് വിടാന്‍ കഴിയും എന്ന ഒരു അന്ധവിശ്വാസം പലര്‍ക്കും ഉണ്ട്. ഈ പ്രത്യേക കഴിവുണ്ടെന്ന വിശ്വാസത്താല്‍ 'എയ്യന്‍ പന്നി' എന്നുവരെ പേരും ഉണ്ട്. പക്ഷെ അത്തരം കഴിവൊന്നും ഇവര്‍ക്കില്ല. ആക്രമണത്തിനിടയിലെ കുലുക്കലില്‍ പൊഴിയാറായ പഴയ മുള്ളുകളില്‍ ചിലത് താഴെ വീഴും എന്നുമാത്രം . അവ യാദൃശ്ചികമായ ആക്രമിയുടെ ദേഹത്ത് കൊണ്ടെന്നും വരാം. ഓട്ടത്തിനിടയില്‍ കുറേയെണ്ണം പൊഴിഞ്ഞ് വീഴുന്നത് ടയറിന്‍ അള്ള് വെക്കുന്നത് പോലെ തുരത്തുന്ന മൃഗങ്ങളുടെ കാലില്‍ കൊണ്ട് ഓട്ടം നിര്‍ത്തിപ്പിച്ച് സഹായിക്കുകയും ചെയ്യും.

placeholder

നല്ല മൂര്‍ച്ചയുള്ള കൂര്‍ത്ത ഉറപ്പാര്‍ന്ന മുനയുള്ള ഈ മുള്‍ രോമം കുത്തിക്കയറുന്നതോടെ കഥ മാറും. പുലികളും കടുവകളും ഇതിനു മുന്നില്‍ സുല്ലുപറയും. തീറ്റകിട്ടിയ ആക്രാന്തത്തില്‍ ഇതിനെ കയറിപ്പിടിക്കാന്‍ ശ്രമിച്ചാല്‍ പണി പാളും. മുള്ളുകളുടെ അഗ്ര ഭാഗം പ്രത്യേക സ്വഭാവം ഉള്ളതാണ്. ഉള്ളിലേക്ക് കയറിയതുപോലെ വേഗത്തില്‍ കുടഞ്ഞ് കളഞ്ഞ് ഒഴിവാക്കാം എന്നു കരുതേണ്ട. വലിച്ചാല്‍ ഊരിക്കിട്ടത്തവിധം ലോക്ക് ചെയ്യപ്പെടും എന്നു മാത്രമല്ല ദേഹത്തെ മസിലുകള്‍ വേദനകൊണ്ട് സങ്കോചിക്കും തോറും കുറേശെയായി ഇത് ആഴത്തിലേക്ക് ആഴ്ന്നു പോയ്‌ക്കൊണ്ടിരിക്കും. മുള്ളുകളുടെ ഒന്നര ഇഞ്ച് മുനഭാഗം സൂക്ഷ്മായി നിരീക്ഷിച്ചാല്‍ ആയിരക്കണക്കിന് മൈക്‌റോസ്‌കോപ്പിക്ക് ശല്‍ക്കങ്ങള്‍ കാണാം. പിറകിലേക്ക് മുനയുള്ള വജ്രരൂപികളായ ആരുകള്‍ ഒന്നിനു മീതെ ഒന്നായുള്ള അടരുകളായി ഷിംഗ്ഗിള്‍സ് ഷീറ്റ് പോലെ ചേര്‍ന്ന്കിടക്കുന്നത് കാണാം. സാധാരണ ഉണങ്ങി നില്‍ക്കുന്ന സമയങ്ങളില്‍ അവ പരസ്പരം ഒട്ടി കിടക്കും. ഉള്ളിലേക്ക് കയറുന്ന നേരം ഇവ ചേര്‍ന്ന് നിന്ന് മുനയായി പ്രവര്‍ത്തിക്കുമെങ്കിലും മാംസത്തിനുള്ളില്‍ എത്തിയാല്‍ , അവിടത്തെ ചൂടും നനവും ഏല്‍ക്കുന്നതോടെ ഇവ പൊങ്ങി ഉയരും.

അതോടെ ഇത് മുള്ളിന് പിറകിലേക്ക് നീങ്ങാന്‍ പറ്റാത്ത കൊളുത്തുകളായി അവ മാറും. എങ്കിലും മുന്നോട്ടുള്ള സഞ്ചാരം തടസപ്പെടുത്തുകയും ഇല്ല. മസിലുകള്‍ വേദനകൊണ്ട് സങ്കോചിക്കുന്നതിനനുസരിച്ച് ഇവ കൂടുതല്‍ ആഴത്തിലേക്ക് സ്വയം സഞ്ചരിച്ച് ലോക്കായികൊണ്ടിരിക്കും. വലിച്ച് ഊരാന്‍ ശ്രമിച്ചാല്‍ കൊളുത്തി മുറിവും വേദനയും ഉണ്ടാക്കും. അതിനാല്‍ തന്നെ പുള്ളിപ്പുലികള്‍ പോലും പലപ്പോഴും കൈയിലും മുഖത്തും വായിലും കൊണ്ട മുള്ളുകള്‍ നീക്കം ചെയ്യാന്‍ പല സര്‍ക്കസും നടത്തും. കുറച്ച് ദിവസം കൊണ്ട് ഭക്ഷണം കഴിക്കാനാവാതെ പട്ടിണി കിടന്ന് ചത്തുപോകാറും ഉണ്ട്. കണ്ണില്‍ കൊണ്ടാല്‍ പതുക്കെ കാഴ്ച നഷ്ടമാകുകയും ചെയ്യും.  ഭീഷ്മരുടെ ശരപഞ്ചരം പോലെ മുഖത്ത് നിറയെ മുള്ളുകളുമായി വളര്‍ത്തു നായകള്‍ പൊന്തകളില്‍ ഇവരുമായി യുദ്ധം കഴിഞ്ഞ് കീ കീ കീ എന്നു കരഞ്ഞ് ഓടിവരാറുണ്ട്. ഇവരുടെ മുള്ളുകള്‍ യജമാനന്‍ എങ്ങിനെയെങ്കിലും നീക്കം ചെയ്തുകൊടുക്കുമെങ്കിലും പുലികളേയും കാട്ട് മൃഗങ്ങളേയും മുള്ളെടുത്ത് സഹായിക്കാന്‍ ആരും ഇല്ലാത്തതിനാല്‍ ഈ മുള്ളുകള്‍ അവരുടെ അന്തകരാകും.

placeholder
By Bodlina - Own work, CC BY 3.0, https://commons.wikimedia.org/w/index.php?curid=2568158

മുള്ളുകള്‍ രോമം പോലെ തന്നെ കുറച്ച് നാള്‍ കഴിയുമ്പോള്‍ പൊഴിഞ്ഞു പോകും. അവിടെ പുതിയ രോമം വളരും . വളര്‍ച്ച പൂര്‍ത്തിയായാല്‍ അതിന്റെ വേര് ഭാഗം അടയുകയും ആവശ്യമുള്ളപ്പോള്‍ വേഗത്തില്‍ പൊഴിക്കാന്‍ കഴിയും വിധമുള്ള ഒരു സോക്കറ്റായി രോമക്കുഴി മാറുകയും ചെയ്യും. അതിനാല്‍ മുള്ളുപൊഴിയുമ്പോള്‍ രക്തം പൊടിയുകയും ചെയ്യില്ല.

മുള്ളിന്റെ നില്‍പ്പ് നോക്കി  മനസ് വായിക്കാം

 നമുക്ക് രോമാഞ്ചം ഉണ്ടാകുമ്പോഴും അതിഭയങ്കരമായി പേടിച്ചാലും രോമം എഴുന്നു നില്‍ക്കും എന്നതുപോലെ ഇവര്‍ പേടിച്ചാണോ ഉള്ളത്, അസ്വസ്ഥനാണോ , ആക്രമിക്കാന്‍ സന്നദ്ധമായ നില്‍പ്പാണോ എന്നൊക്കെ മുള്ളിന്റെ വിതര്‍പ്പ് നില്‍പ്പ് നോക്കി മനസിലാക്കാം. കാര്‍ട്ടൂണ്‍ സിനിമകളില്‍ ഷോക്കടിച്ചാല്‍ തലമുടി മുള്ളുപോലെ നില്‍ക്കുന്നത് വരച്ച് വെച്ചതുപോലെ തോന്നും ഇവരെകണ്ടാല്‍ . ജീവനുള്ള ഒരു മുള്‍പ്പന്ത് ആയി മാറുന്നത് സ്വരക്ഷക്ക് ആയാണ്. വേഗത്തില്‍ ഓടി രക്ഷപ്പെടാന്‍ കഴിയില്ല എന്നതുകൂടാതെ ദേഹം മുഴുവന്‍ മുള്ളുള്ള അഹങ്കാരത്താല്‍ ആരെയും അങ്ങോട്ട്‌പോയി ആക്രമിക്കാറും ഇല്ലാത്ത പേടിത്തൊണ്ടന്മാരാണ്. അരമണികള്‍ കിലുക്കി ഉണ്ണിയുടെ അമ്മയെ 'പേടിപ്പിച്ചോടിക്കാന്‍ നോക്കി ഭൂതം' എന്ന് പൂതപ്പാടില്‍ പറയുന്നപോലെ വാലുകിലുക്കി, ദേഹത്തെ പൊള്ള മുള്ളുകള്‍ പരസ്പരം അടിച്ച് കുലുക്കി , കിങ്കിരിപല്ലുകള്‍ ഞെരിച്ച് ഒക്കെ ഒച്ചയുണ്ടാക്കി ശത്രുവിനെ പേടിപ്പിച്ചോടിക്കാന്‍ ഇവരും നന്നായി ശ്രമിക്കും.

placeholder
Getty images

ഭക്ഷണ രീതി

ഇവരിലെ ആണും പെണ്ണും വലിപ്പത്തില്‍ വലിയ വ്യത്യാസം ഇല്ല. പ്രധാനമായും സസ്യ ഭാഗങ്ങള്‍ കരണ്ട് തിന്നുന്നവരാണെങ്കിലും ചില ഷഡ്പദങ്ങളെയും ചെറു ജീവികളേയും തിന്നും.  മരത്തിന്റെ അകം തൊലി കരണ്ട് തിന്നലാണ് ഇഷ്ടം. മുളകളും വേരുകളും കിഴങ്ങുകളും വിത്തുകളും ഒക്കെ തിന്നും. രാത്രി സഞ്ചാരികളായ ഇവര്‍ പകല്‍ പാറയിടുക്കുകളിലും മണ്ണിനടിയിലും ഉള്ള മാളങ്ങളില്‍ കഴിയും . രാത്രി പുലരുവോളം തീറ്റാന്വേഷണം തന്നെ. നല്ല നിലാവുള്ള ദിവസം അത്ര ഇഷ്ടമല്ല. രാത്രി ദൈര്‍ഘ്യം ഏഴു മണിക്കൂറില്‍ കുറവുള്ള പ്രദേശങ്ങളില്‍ ജീവിക്കാന്‍ ഇഷ്ടമല്ല.. നേരിയ അളവില്‍ ലവണങ്ങള്‍ അടങ്ങിയ തീറ്റപോലും മണത്ത് അറിഞ്ഞ് കരണ്ട് തിന്നും. രോമങ്ങള്‍ ഉറപ്പുള്ള മുള്ളുകളായി വളരാന്‍ വേണ്ട കാല്‍സിയം ലഭിക്കാനായി മണ്ണില്‍ വീണുകിടക്കുന്ന എല്ലുകളും പൊഴിച്ചിട്ട മാങ്കൊമ്പുകളും കരണ്ട് ചവച്ച് അരക്കുന്ന സ്വഭാവം ഉണ്ട്.

മനുഷ്യരിലേതുപോലെ കുഞ്ഞുങ്ങള്‍ ഉണ്ടാകാനല്ലാതെയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന അപൂര്‍വ്വം ജീവികളില്‍ ഒന്നാണ് മുള്ളൻ പന്നിയും

ആണ്‍ മുള്ളൻ പന്നി​കള്‍ ഏക പത്‌നീ വ്രതക്കാർ

ഇണകളായി ജീവിക്കുന്ന ഇവ സ്വന്തം മാളങ്ങളില്‍ വര്‍ഷങ്ങളോളം ജീവിക്കും. ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലാണ് ശരിയായ ഇണചേരല്‍ കാലം . ശരാശരി 240 ദിവസം നീണ്ടു നില്‍ക്കുന്നതാണ് ഗര്‍ഭകാലം. ആണ്‍ മുള്ളൻ പന്നികള്‍ ഏക പത്‌നീ വ്രതക്കാരും ആണ്. പരസ്പര ബന്ധവും ഇഷ്ടവും അടുപ്പവും നിലനിര്‍ത്താനും ദാമ്പത്യ ബന്ധം ദൃഡമാവാനും എല്ലാ ദിവസവും രാത്രി ഇണചേരുന്ന സ്വഭാവം ഇവര്‍ക്ക് ഉണ്ട്. അതും ആണിന്റെ ഇഷ്ടവും ശക്തിയും താത്പര്യവും മാത്രം പരിഗണിച്ച് അല്ല. പെണ്ണിന്റെ അനുവാദത്തോടെ തന്നെയാണ് ഇത്തരം ഇണചേരല്‍ നടക്കുന്നത്. മനുഷ്യരിലേതുപോലെ കുഞ്ഞുങ്ങള്‍ ഉണ്ടാകാനല്ലാതെയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന അപൂര്‍വ്വം ജീവികളില്‍ ഒന്നാണ് മുള്ളൻ പന്നിയും.

placeholder
രോമങ്ങൾ കട്ടിയുള്ള മുള്ളുകളായി രൂപപ്പെടുന്നതിനു മുമ്പുള്ള മുള്ളൻപന്നി കുഞ്ഞ്.
Agwimmer, CC BY 4.0 via Wikimedia Commons

പ്രസവ സമയത്ത് കുഞ്ഞിന് മുള്ളുണ്ടാവുമോ?

കുഞ്ഞുങ്ങളുടെ ദേഹത്തെ രോമങ്ങള്‍ പ്രസവ സമയത്ത് മൃദുവായിരിക്കും. അല്ലെങ്കില്‍ പ്രസവം ഭീകരമാകുമല്ലോ. കുറച്ച് മണിക്കൂറുകള്‍കൊണ്ട് തന്നെ പിറക് വശത്തെ രോമങ്ങള്‍ കടുപ്പം വെച്ച് മുള്ളുകളായി മാറും. കണ്ണു തുറന്നും നല്ല കേള്‍വി ശക്തിയോടെയും വായില്‍ നിറയെ കരണ്ടു തിന്നാനുള്ള പല്ലോടെയും  ഒരു ജൂനിയര്‍ മുള്ളങ്കുഞ്ഞായാണ് പിറക്കുന്നത്. ജനിച്ച് കുറച്ച് കഴിയുമ്പോള്‍ തന്നെ പശുക്കുട്ടികള്‍ ഓടിക്കളിക്കുന്നതുപോലെ ഇവര്‍ വാലാട്ടലും രോമം എടുത്ത്പിടിക്കലും പിറകിലേക്ക് ആക്രമ നടത്തവും ഒക്കെ ചെയ്ത് കൊഞ്ചിക്കളിക്കും. വേഗം തന്നെ മരത്തൊലി കരണ്ട് തിന്നലും ഭക്ഷണം തേടലും ആരംഭിക്കുമെങ്കിലും കുറേ ആഴ്ചകളോളം അമ്മിഞ്ഞ കുടിക്കും. രണ്ട് വര്‍ഷം കൊണ്ട് പ്രായപൂര്‍ത്തിയാകും- അതുവരെയും കുടുംബത്തില്‍ തന്നെ കഴിയും. ഇവയുടെ ആയുസ്സ് എത്രയാണെന്ന് കൃത്യമായി മനസിലായിട്ടില്ല. വളര്‍ത്ത് മുള്ളൻ പന്നി 27 വര്‍ഷം ജീവിച്ചതായാണ് ഒരു രേഖയുള്ളത്. ഇവയുടെ മുള്ളിന്റെ അഗ്രത്തിലുള്ള ഒരുതരം എണ്ണമയമുള്ള കോട്ടിങ്ങില്‍ ആന്റിബയോട്ടിക്ക് സ്വഭാവമുള്ള ചില രാസഘടകങ്ങള്‍ വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്

കൃഷിക്കാരെ സംബന്ധിച്ചടുത്തോളം വലിയ ശല്യക്കാരും ഉപദ്രവകാരികളും ആണിവര്‍. വലിയതോതിലുള്ള കൃഷി നാശം ഇവരെകൊണ്ട് ഉണ്ട്. എങ്കിലും 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഇതും സംരക്ഷിത ജീവികളുടെ കൂട്ടത്തില്‍ തന്നെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവയെ കൊല്ലുന്നതും കൈയില്‍ കരുതുന്നതും കുറ്റകരമാണ്.

placeholder
ഗിന്നി പന്നി | Getty images

മുള്ളൻ പന്നിയേപ്പോലെ തന്നെ പേരിലെ പന്നിയാല്‍ തെറ്റിദ്ധരിക്കപ്പെട്ട വേറൊരാള്‍ കൂടിയുണ്ട്. ഗിനിപ്പന്നികള്‍ . ഇവരും പന്നി വര്‍ഗ്ഗത്തില്‍ പെടാത്ത ഒരു സാധു വളർത്തു മൃഗം ആണ്. ആഫ്രിക്കന്‍ തീരങ്ങളിലെ ഗിനി പ്രദേശവുമായി ഇതിന് ഒരു ബന്ധവും ഇല്ല. ഇവ ദക്ഷിണ അമേരിക്കയിലെ ആന്‍ഡിസ് പര്‍വ്വത പ്രദേശത്ത് പണ്ട് ജീവിച്ചിരുന്ന ഏതോ ജീവിയെ മെരുക്കി വളര്‍ത്തിയുണ്ടാക്കിയ ജീവിയാണ്. പല ഔഷധങ്ങളുടെയും പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനാല്‍ ലോകത്ത് എല്ലാവര്‍ക്കും ഗിനിപ്പന്നികളെ അറിയുകയും ചെയ്യും. എങ്കിലും പലരും അതും ഒരു പന്നിവര്‍ഗ്ഗക്കാരായാണ് കരുതുന്നത്. മുള്ളൻ പന്നിക്ക് പേരു ദോഷ കാര്യത്തില്‍ സമാന ദുഖിതരായി വേറെയും ആളുണ്ട് എന്ന് സമാധാനിക്കാം.

content highlights: facts about porcupine