
ഛിന്നമസ്ത എന്ന് കേട്ടിട്ടുണ്ടോ? ഒരു കൈയില്‍ സ്വയം വെട്ടിമുറിച്ച ശിരസ്സും മറുകൈയില്‍ വെട്ടാനുപയോഗിച്ച ആയുധവും ശിരസ്സുപോയ കഴുത്തില്‍നിന്ന് ചീറ്റിത്തെറിക്കുന്ന മൂന്ന് രക്തധാരകളുമായി, ഭീകരരൂപിയായി നില്‍ക്കുന്ന ഹിന്ദുദേവതയാണ് ഛിന്നമസ്ത. ഇതേ ദേവത തന്നെ ബുദ്ധമതത്തില്‍ അറിയപ്പെടുന്നത് 'ഛിന്നമുണ്ട' എന്നാണ്. ജന്തുലോകത്തിലുമുണ്ട് ഒരു കൊച്ചു ഛിന്നമസ്ത. ആളൊരു കടലൊച്ചാണ് (Sea slug). പേര് എലീസിയ (Elysia). ഒരു സെന്റിമീറ്റര്‍ മുതല്‍ പത്ത് സെന്റിമീറ്റര്‍ വരെ വലുപ്പമുള്ള നൂറ്റിമൂപ്പതോളം എലീസിയ സ്പീഷീസുകളാണ് ലോകത്താകമാനമുള്ളത്. എണ്ണം ഇനിയും കൂടുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പുറന്തോടുകളില്ലാത്ത, വര്‍ണപ്പകിട്ടുള്ള ഒച്ചുകളാണ് എലീസിയ. കടലിലുള്ള ആല്‍ഗയാണ് ഭക്ഷണം.
പല എലീസിയ സ്പീഷീസുകള്‍ക്കും വിവിധ ശരീരഭാഗങ്ങള്‍ സ്വയം മുറിച്ചുകളയാനുള്ള കഴിവുണ്ട്. അങ്ങനെ മുറിച്ചുനീക്കിയ ശരീരഭാഗങ്ങള്‍ വീണ്ടും വളര്‍ന്നുവരികയും ചെയ്യും. സ്വന്തം ഇഷ്ടപ്രകാരം ശരീരഭാഗങ്ങള്‍ മുറിച്ച് മാറ്റുന്ന ഈ പ്രക്രിയ ഓട്ടോട്ടമി (autotomy) എന്നാണ് അറിയപ്പെടുന്നത്. ഈ കഴിവ് ജന്തുലോകത്തിലെ മറ്റ് പലജീവികള്‍ക്കുമുണ്ട്. വിവിധതരം ഷഡ്പദങ്ങള്‍, നക്ഷത്രമല്‍സ്യങ്ങള്‍, ഒച്ചുകള്‍, ഉഭയജീവികള്‍, ഉരഗങ്ങള്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍. എന്നാല്‍ സ്വന്തം തലതന്നെ മുറിച്ചുമാറ്റുന്ന ഒരേയൊരു ജീവിവര്‍ഗ്ഗം എലീസിയ മാത്രം. എല്ലാ എലീസിയ സ്പീഷീസുകള്‍ക്കും ആ കഴിവില്ല. ഇതുവരെ രണ്ട് സ്പീഷീസുകളില്‍ മാത്രമേ ഈ അത്ഭുത പ്രതിഭാസം കണ്ടെത്തിയിട്ടുള്ളൂ.
ജപ്പാനിലെ പഠനം
ജപ്പാനിലെ നാരാ വനിതാ സര്‍വകലാശാലയിലെ (Nara Women's University, Kitauoya-nishi, Nara, Japan) സയാകാ മിട്ടോ (Sayaka Mitoh), യോയിച്ചി യുസാ (Yoichi Yusa) എന്നീ ഗവേഷകരാണ് രണ്ട് തരം എലീസിയകളില്‍ പഠനം നടത്തിയത്. അവരുടെ കണ്ടെത്തലുകള്‍ 2021 മാര്‍ച്ചില്‍ കറന്റ് ബയോളജി (Current Biology) എന്ന സുപ്രസിദ്ധ ഗവേഷണ മാസികയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. എലീസിയ മാര്‍ജിനേറ്റ (Elysia marginata), എലീസിയ അട്രോവിറിഡിസ് (Elysia atroviridis) എന്നീ രണ്ട് സ്പീഷീസുകളെയാണ് അവര്‍ പഠനത്തിനായി തെരഞ്ഞെടുത്തത്.
പരീക്ഷണശാലയില്‍ വളര്‍ത്തിയ 45 എലീസിയ മാര്‍ജിനേറ്റ ഒച്ചുകളില്‍ പതിനഞ്ചെണ്ണവും(33%) 82 എലീസിയ അട്രോവിറിഡിസ് ഒച്ചുകളില്‍ മൂന്നെണ്ണവും(4%) അവയുടെ തല കഴുത്തില്‍വെച്ച് മുറിച്ചുമാറ്റുന്നതായി നിരീക്ഷിച്ചു. ഒരു എലീസിയ മാര്‍ജിനേറ്റ രണ്ട് പ്രാവശ്യം അതിന്റെ തലയും ഉടലും വേര്‍പെടുത്തി! കഴുത്തില്‍ നേരത്തെ തന്നെയുള്ള ചാലിലൂടെയാണ് വിഭജനം നടന്നതെന്നും നിരീക്ഷിച്ചു.
ഉടലില്ലാത്ത തലയ്ക്കും തലയില്ലാത്ത ഉടലിനും എന്ത് സംഭവിച്ചുവെന്നുനോക്കാം......

ഉടലില്ലാത്ത തല
ഉടല്‍ വേര്‍പ്പെട്ട എലീസിയ മാര്‍ജിനേറ്റയുടെ തല ഒട്ടും സമയം കളയാതെ ചലിക്കാന്‍ തുടങ്ങി. ഒരു ദിവസം കൊണ്ട് കഴുത്തിലെ മുറിവുണങ്ങി. കൂട്ടത്തില്‍ പ്രായം കുറവുള്ള മൂന്നെണ്ണം (226 - 336 ദിവസം പ്രായമായവ) മണിക്കൂറുകള്‍ക്കുള്ളില്‍ ആല്‍ഗകളെ ഭക്ഷിക്കാനും തുടങ്ങി. ഏഴുദിവസം കൊണ്ട് പുതിയ ഹൃദയമുണ്ടാകാന്‍ തുടങ്ങി. മാത്രമല്ല, ഏകദേശം 20 ദിവസം കൊണ്ട് മുഴുവന്‍ ശരീരവും പുനഃസൃഷ്ടിക്കപ്പെട്ടു. എന്നാല്‍, പ്രായം കൂടിയവ (480 - 520 ദിവസം പ്രായമായവ) ഭക്ഷണം കഴിക്കുകയോ വളരുകയോ ചെയ്തില്ല. പത്തുദിവസത്തിനകം അവയെല്ലാം ചത്തുപോവുകയും ചെയ്തു. ഉടല്‍ വേര്‍പ്പെട്ട മൂന്ന് എലീസിയ അട്രോവിറിഡിസ് ശിരസ്സുകളില്‍ രണ്ടെണ്ണത്തില്‍ ഒരാഴ്ചയ്ക്കകം ഉടല്‍ പുനഃസൃഷ്ടിക്കപ്പെട്ടു.
തലയില്ലാത്ത ഉടല്‍
തല നഷ്ടപ്പെട്ട ഉടലുകളില്‍ ഒന്നില്‍ പോലും പുതിയ തല മുളച്ചുവന്നില്ല. എന്നാല്‍, അവ ദിവസങ്ങളോളമോ ചിലപ്പോള്‍ മസങ്ങളോളമോ ജീവിക്കുകയും ചലിക്കുകയും ചെയ്തു! അതിന് ശേഷം അവ ശുഷ്‌കിച്ചു പോവുകയും നിറം മങ്ങുകയും ക്രമേണ അഴുകുകയും ചെയ്തു. ഉടല്‍ അഴുകുന്നതിന് തൊട്ടുമുന്‍പ് വരെ ഹൃദയമിടിപ്പ് വ്യക്തമായിരുന്നു. തല മുറിച്ചില്ലെങ്കിലും 39 എലീസിയ അട്രോവിറിഡിസ് ഒച്ചുകള്‍ മറ്റ് പല ശരീരാവയവങ്ങളും മുറിച്ചുമാറ്റുന്നതായും ഗവേഷകര്‍ കണ്ടെത്തി.
തല കൊയ്യുന്നതെന്തിന്?
ശത്രുക്കളില്‍നിന്ന് രക്ഷപ്പെടാനാണ് പൊതുവേ ജീവികള്‍ ശരീരഭാഗങ്ങള്‍ മുറിച്ചു മാറ്റുന്നത്. ഉദാഹരണത്തിന് പല്ലികള്‍ അവയുടെ വാല് മുറിക്കുന്നത് അതിനുവേണ്ടിയാണല്ലോ. എന്നാല്‍, എലീസിയകള്‍ക്ക് അങ്ങനെയൊരു ലക്ഷ്യമില്ല എന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. പിന്നെ എന്തായിരിക്കും 'തലമുറി'യുടെ പിന്നിലുള്ള രഹസ്യം? കൃത്യമായ ഉത്തരമില്ലെങ്കിലും ചില സൂചനകളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്ന് പരാദങ്ങളില്‍ (parasites) നിന്ന് രക്ഷപ്പെടാനുള്ള എലീസിയകളുടെ തന്ത്രമായിരിക്കാം തലയും ഉടലും തമ്മില്‍ വേര്‍പ്പെടുത്തുന്നത് എന്നതാണ്. എലീസിയ അട്രോവിറിഡിസില്‍ മിട്ടോയും യുസായും നിരീക്ഷിച്ച പ്രതിഭാസങ്ങള്‍ ഈ അനുമാനത്തിന് ബലം നല്‍കുന്നു.
പരീക്ഷണത്തിനായി അവര്‍ തിരഞ്ഞെടുത്ത എല്ലാ ഒച്ചുകളും പരാദബാധ ഉള്ളവയായിരുന്നു. ഈ പരാദങ്ങള്‍ അവയുടെ പ്രത്യുല്‍പാദന ശേഷിയെ ഇല്ലാതാക്കാന്‍ കഴിവുള്ളവയാണ്. പരാദങ്ങള്‍ ഉടലില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുഴുവന്‍ ഉടലുകള്‍ വിച്ഛേദിച്ച ഒച്ചുകളില്‍ പുതിയ ഉടല്‍ വളര്‍ന്നപ്പോള്‍ പരാദങ്ങള്‍ ഇല്ലായിരുന്നു. അതിന് പുറമേ, മറ്റ് ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റിയ ഒച്ചുകള്‍ക്കും ഒരു പരിധിവരെ പരാദങ്ങളെ ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഈയൊരു നിരീക്ഷണം അവര്‍ക്ക് എലീസിയ മാര്‍ജിനേറ്റയില്‍ ആവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. പരീക്ഷണത്തിന് തിരഞ്ഞെടുത്ത ആ വിഭാഗത്തില്‍പ്പെട്ട ഒരൊച്ചില്‍ പോലും പരാദങ്ങളില്ലായിരുന്നു. അതിനാല്‍ അവയുടെ തലമുറിയന്‍ സ്വഭാവത്തിന്റെ കാരണം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

ക്ലോറോഫില്‍ കള്ളന്മാര്‍
ഉടലില്ലാത്ത തലയും തലയില്ലാത്ത ഉടലും തുടര്‍ന്നും എങ്ങനെയാണ് ജീവിക്കുന്നത്? തലയ്ക്ക് ദഹനവ്യവസ്ഥയും ഉടലിന് വായും ഇല്ലല്ലോ! അവിടെയാണ് മറ്റൊരു വിചിത്ര പ്രതിഭാസം രക്ഷയ്ക്കായി എത്തുന്നത്. സസ്യങ്ങളെ പോലെ അവയ്ക്ക് പ്രകാശസംശ്ലേഷണം വഴി ഭക്ഷണമുണ്ടാക്കാന്‍ കഴിവുണ്ട്! ഈ ഭക്ഷണം കൊണ്ട് ഒരു പരിധിവരെ പിടിച്ചുനില്‍ക്കാം. തങ്ങള്‍ ആഹരിക്കുന്ന ആല്‍ഗകളില്‍നിന്ന് പ്രകാശസംശ്ലേഷണത്തെ സഹായിക്കുന്ന ക്ലോറോഫില്‍ മോഷ്ടിക്കാന്‍ കഴിവുള്ള ജീവികളാണ് എലീസിയ. ഈ സ്വഭാവവിശേഷത്തെ ക്‌ളെപ്‌റ്റോപ്ലാസ്റ്റി (kleptoplasty) എന്നാണ് പറയുന്നത്. മുഴുവന്‍ ഉടലും പുനഃസൃഷ്ടിക്കുന്നതുവരെ തലയ്ക്കും ഉള്ളിലവശേഷിച്ച ക്ലോറോഫില്‍ തീരുന്നതുവരെ ഉടലിനും പിടിച്ചുനില്ക്കാന്‍ കഴിയുന്നത് ഈ മോഷണവിദ്യയിലൂടെയാണ്!
Content Highlights: elysia marginata and elysia atroviridis sea slugs cut off their own heads and regrow their bodies
Published: 12 Feb 2025, 11:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented