ആ പെൺ പക്ഷികുഞ്ഞിനെ കാൺകെ കൗതുകം സഹിക്കവയ്യാതെ ഹരികൃഷ്ണൻ എന്ന എന്റെ സുഹൃത്ത് അതിനെ വാങ്ങി വളർത്താൻ തുടങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.

കഴിഞ്ഞ അധ്യായത്തിൽ ശെന്തുരുണിയിലെ സന്തോഷ് എന്ന ക്ലർക്ക് പോറ്റിയ പരുന്തിന്റെ കാര്യം പ്രസിദ്ധീകരിച്ച് വന്നതിന് ശേഷമാണ് ചില പ്രതികരണങ്ങൾ അവിടെനിന്നു ഫോണിലൂടെ വന്നത്. മുൻപ് ഡിവിഷനിൽ കൂടെ ജോലി ചെയ്തിരുന്ന പ്രമീള വിളിച്ച് പറഞ്ഞത് സന്തോഷ് സാറ് പാൻ പരാഗോ ഗുഡ്കയോ വായിൽ തിരുകുന്നതായി അറിവില്ലെന്നും ആ സ്റ്റേറ്റ്‌മെന്റ് ഉടനടി പിൻവലിക്കണമെന്നുമാണ്. ശെന്തുരുണി റെയ്ഞ്ചിൽത്തന്നെ ജോലി ചെയ്തിരുന്ന ജയലക്ഷ്മി വിളിച്ചതിന് ശേഷം വർത്തമാനം അവസാനിപ്പിക്കുന്നതിന് മുൻപായി എന്നും വൈകിട്ട് ഫയൽക്കെട്ടും ചുമ്മി പോയിരുന്ന സന്തോഷ് സാറ് തലയിണക്ക് പകരം അത് ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷിക്കുന്നത് നന്നായിരിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. പോരാത്തതിന് അവിടെത്തന്നെ ജോലി ചെയ്തിരുന്ന ഗൗരവക്കാരനും എന്നാൽ ഉള്ളിൽ ദീനദയാലുവുമായ മീശയുടെ സുഹൃത്ത് ഫ്രാൻസിസ് ആണ് ഫയലുകൾ തീർപ്പാക്കാൻ അദ്ദേഹത്തെ കൈയയച്ച് സഹായിച്ചിരുന്നതെന്ന് ഒരു കരക്കമ്പിയും!
എന്നാൽ, സാക്ഷാൽ ശ്രീമാൻ സന്തോഷ് തന്നെ വിളിച്ച് പറഞ്ഞ രണ്ട് കാര്യങ്ങൾ കൂടി ചേർക്കാതിരുന്നാൽ അദ്ദേഹത്തോട് ചെയ്യുന്ന നീതികേടായിരിക്കും. എന്നും പരപരാ വെളിച്ചം പരക്കുമ്പോഴാണ് സുരേന്ദ്രനും ജോസും അദ്ദേഹത്തിന്റെ വീടിന് സമീപമുള്ള പൊന്തക്കാടുകളിൽ ബാക്കി വന്ന കുപ്പികൾക്കായി തിരയുന്നത് എന്നാണ് ഞാനെഴുതിയതും എന്നെ പറഞ്ഞ് വിശ്വസിപ്പിച്ചതും. എന്നാൽ, അവർ വൈകിട്ട് സാധനം തീരുന്ന മുറയ്ക്ക് തമ്മിലറിയിക്കാതെ പാതിരാത്രിയിലും ഓരോരുത്തരായി അവിടെ പലപ്പോഴും പരിശോധന നടത്താറുണ്ടെന്നതാണ് അതിലൊന്ന്. ഘടാഘടിയന്മാരായ അണലിയും മൂർഖനും വെള്ളിക്കെട്ടനും ഒക്കെ രാപ്പാർക്കുന്ന ആ കുറ്റിക്കാട്ടിൽ ടോർച്ച് പോലും തെളിക്കാതെയെത്തി നിലം അരിച്ചുപെറുക്കുന്ന അവന്മാരുടെ ആയുസ്സിന്റെ വലിപ്പം അപാരം തന്നെയാണെന്നാണ് നമ്മുടെ നായകന്റെ അഭിപ്രായം.
അതുപോലെ തന്നെ ക്വാർട്ടേഴ്‌സിൽ അടുത്തിടെ ഒരിക്കൽ അതിഥിയായി ചെന്നുകയറിയ ഒരു മാർജാരന്റെ തിരോധാനവും അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ടത്രേ. ആരോ ഉപേക്ഷിച്ച അനാഥനും ജീവിതത്തിൽ ഒരിക്കൽപ്പോലും കുളിക്കാത്തവനുമായ ആ വയസ്സൻ പൂച്ച അവസാനം ആശ്രയത്തിനായി ചെന്നുമുട്ടിയത് ആ സ്‌നേഹസ്വരൂപന് മുന്നിൽ! ദിവസങ്ങൾക്കകം ആദ്യത്തെ അപരിചിതത്വം മാറിയ പൂച്ച സന്തോഷിന്റെ കൂടെയായി പിന്നീട് ഉറക്കം എന്ന് പറഞ്ഞാൽ മതിയല്ലോ. പൂച്ചയുടെ നാറ്റം സഹിക്കാനാവാതെ മനംമടുത്തും വിധിയെ പഴിച്ചുകൊണ്ടും താമസംവിനാ അദ്ദേഹത്തിന്റെ നല്ലപാതി പെൺകുഞ്ഞുങ്ങളുടെ മുറിയിലേയ്ക്ക് മാറിപ്പോകുകയും ചെയ്തു.
വീടരുടെ എതിർപ്പ് മറികടന്നും പൂച്ചയെ സ്‌നേഹിച്ചിരുന്ന ആ രക്ഷകന് അതേ പൂച്ചയിൽനിന്ന് തന്നെ എന്തോ ത്വക് രോഗം വന്ന് പിടിപെട്ടതോട് കൂടി നിവൃത്തിയില്ലാതെ അദ്ദേഹം പൂച്ചയോട് 'കടക്ക് പുറത്ത്' എന്ന് കയർക്കാൻ നിർബന്ധിതനാവുകയായിരുന്നു. അത് കേൾക്കെ ഹൃദയം നുറുങ്ങിയ മാർജാരൻ രാത്രിക്ക് രാത്രി അദ്ദേഹത്തെ ഉപേക്ഷിച്ച് അടുത്ത അഭയം തേടി യാത്രയാവുകയും ചെയ്തു. അതിൽ മനംനൊന്താണ് നമ്മുടെ നായകൻ ഇപ്പോൾ അലയുന്നതത്രേ. എങ്ങനേയും വന്ദ്യവയോധികനായ മാർജാരനെ കണ്ടെത്തി മാപ്പുപറഞ്ഞ് തിരികെ കൂട്ടിക്കൊണ്ട് വരണം എന്നാണ് ആഗ്രഹം. ഉറ്റസുഹൃത്തുക്കൾ ആയിരുന്നിട്ടും തമ്മിലറിയിക്കാതെ മാരകവിഷപ്പാമ്പുകൾ നിറഞ്ഞ കുറ്റിക്കാടുകൾ നക്തഞ്ചരന്മാരായി കുപ്പിക്കായി അരിച്ച് പെറുക്കുന്ന സുരേന്ദ്രനും ജോസിനും ജീവാപായം ഒന്നും വന്ന് ഭവിക്കാതിരിക്കാനും അലിവുള്ള ഹൃദയത്തിന്റെ ഉടമയായ നമ്മുടെ മീശ സന്തോഷിന് മേപ്പടി പൂശകനെ തിരികെ ലഭിക്കാനും പ്രാർഥിച്ചുകൊണ്ടും മറ്റൊരു വിഷയത്തിലേയ്ക്ക് കടക്കട്ടെ.
നവാസെന്നും ഹരികൃഷ്ണനെന്നും പോരായ എന്റെ രണ്ട് അടുത്ത സുഹൃത്തുക്കൾക്കിടയിൽ 'മനസാ വാചാ കർമ്മണാ' അറിയാതെയാണെങ്കിലും ഒരു പരുന്ത് ഉണ്ടാക്കിയ പൊല്ലാപ്പുകൾ ആണ് ഇവിടത്തേയും വിഷയം. ശരിക്കും പ്രാവ് പറത്തൽ മത്സരത്തിൽ മഹാരാഷ്ട്രയിലെ ധാനയിൽനിന്ന് മലപ്പുറത്തേയ്ക്ക് വിജയശ്രീലാളിതനായി പറന്നെത്തിയ റേസിങ്ങ് 'ഹോമർ' (Homer) ഇനത്തിലെ പ്രാവിന്റെ വിശേഷങ്ങൾ പത്രത്തിൽ കണ്ടപ്പോൾ കാര്യങ്ങൾ ചോദിക്കാനാണ് ഞാനന്ന് സുഹൃത്തായ നവാസിനെ വിളിച്ചത്. അദ്ദേഹത്തിന് ഉയരത്തിൽ പറക്കുന്ന 'ഹൈഫ്‌ളയർ' പ്രാവുകളുടെ (High Flyer) വലിയ ശേഖരമുള്ളതായി അറിയാം. മിക്കപ്പോഴും പ്രാവുകളെ താലോലിച്ചിരിക്കുന്ന അദ്ദേഹത്തെ ഇടയ്ക്ക് വല്ലപ്പോഴും മാത്രമാണ് പുറത്ത് കാണുന്നത് തന്നെ.
കഴിഞ്ഞ പ്രാവശ്യം തിരുവനന്തപുരത്തെ പീജിയൻ ഫ്‌ളൈയിങ് അസോസിയേഷനോ മറ്റോ സംഘടിപ്പിച്ച പ്രാവ് വളർത്തൽ മത്സരത്തിൽ 24 മണിക്കൂറും 40 മിനിറ്റും നിർത്താതെ പറന്ന് അദ്ദേഹത്തിന്റെ യശസ്സ് അവയിലൊരാൾ വാനോളം ഉയർത്തിയിരുന്നു. അന്നാണ് അദ്ദേഹത്തെ വീണ്ടും നേരിൽ കണ്ടത്. പത്ത് വയസ്സോളം വരുന്ന അദ്ദേഹത്തിന്റെ പടനായകന് 2 ലക്ഷം രൂപ വരെ വിലപറഞ്ഞിട്ടും വിൽക്കാതെ ജോഡി ചേർക്കാനായി നിർത്തിയിരിക്കുകയാണിപ്പോൾ. അതിന് മുൻപ് നവാസിന്റെ അമ്പലത്തറയിലുള്ള വീട്ടിൽ അത്യുന്നതങ്ങളിൽ വിരാജിക്കുന്ന ആ ഹൈഫ്‌ളയർ പ്രാവുകളെ കാണാനായി ചെന്നത് മറക്കാനാകാത്ത ഓർമ്മയാണ്. ഞാൻ ചെല്ലുമ്പോൾ സമ്മാനിതനായതിന്റെ ആഘോഷങ്ങൾ ഒന്നും അല്ല അവിടെ കണ്ടത്. അടുത്തടുത്തായി സംഭവിച്ച രണ്ട് കാരണങ്ങളാണ് ആ ദുഃഖത്തിന് കാരണഭൂതമായി വർത്തിച്ചത്.
അതിലൊന്ന് സാധാരണ ആർക്കും സംഭവിച്ചേക്കാവുന്ന ഒരബദ്ധമാണ്. പറവ മത്സരത്തിൽ സമ്മാനിതനായതിന് ശേഷം റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച ഒരു അനുമോദന ചടങ്ങിൽ പങ്കെടുക്കാനുള്ള ദിവസമായിരുന്നു അത് സംഭവിച്ചത്. കുളിമുറിയിൽ തുണി അലക്കിക്കൊണ്ടിരുന്ന വീടരുടെ വീഴ്ചയുടെ ശബ്ദവും നിലവിളിയും കേട്ടാണ് നമ്മടെ കണവൻ ആ ശുചിമുറിയിലേയ്ക്ക് ഒരു കമാൻഡോയെപ്പോലെ ഇരച്ച് കയറിയത്. പക്ഷേ, അന്നേരത്തെ വേഗത്തിലും വെപ്രാളത്തിലും ടൈൽസ് പാകിയ കുളിമുറിയുടെ നിലത്ത് വീണുകിടന്ന സർഫ് ഡിറ്റർജന്റ് കലങ്ങിയ വെള്ളത്തിൽ കാൽവഴുക്കി ഒരു മഹാമേരു പോലെ അദ്ദേഹം, വീണുകിടന്ന ആ സാധുസ്ത്രീയുടെ മേലേയ്ക്ക് നിലം പൊത്തുകയായിരുന്നു!
തുണി അലക്കുന്നതിനിടെ വഴുക്കി ആദ്യത്തെ വീഴ്ചയിൽ കാര്യമായി ഒന്നും പറ്റാതിരുന്ന അവർക്ക് എന്നോ സെഞ്ച്വറിയൊക്കെ പിന്നിട്ട കണവന്റെ ഭീമൻ ശരീരം ഭൂഗുരുത്വത്തെ ഭേദിച്ചെന്നോണം തന്റെ മേൽ ഏൽപ്പിച്ച 'മ്മിണി ബല്യ' വീഴ്ചയിൽനിന്നു രക്ഷപ്പെടാനായില്ല. അനന്തരം ദമ്പതികൾ രണ്ടുപേരുടേയും നിലവിളികൾ ഒത്തുചേർന്ന് അവിടമാകെ കിടുക്കി വിറപ്പിച്ചപ്പോൾ കൂടുകളിൽ കിടന്നിരുന്ന പ്രാവുകൾ പ്രാണഭയത്തോടെ ചിറകിട്ടടിക്കുകയും അനുസരണക്കുട്ടന്മാരായ റോട്ട്വെയ്ലർ വളർത്തുനായകൾ പരിഭ്രാന്തിയിൽ ചങ്ങല പൊട്ടിക്കുകയും ഓടിനടന്ന് കുരച്ച് ആളെക്കൂട്ടുകയും ചെയ്തു.
അതുകേട്ടെത്തിയ അയൽപക്കക്കാർ ആരും ഭീകരന്മാരായ നായ്ക്കളെ ഭയന്ന് വീടിനകത്തോട്ട് കാലെടുത്ത് വയ്ക്കാൻ പോലും ധൈര്യപ്പെട്ടില്ലെങ്കിലും നിനച്ചിരിക്കാതെ വന്നുവീണ ഭാരം താങ്ങാനാകാതെ ഒടിഞ്ഞ് നുറുങ്ങിയ രണ്ട് കൈവിരലുകളുമായി വേദന കൊണ്ട് പുളഞ്ഞിരുന്ന നവാസിന്റെ ബീവിയെ ആശുപത്രിയിലെത്തിക്കാൻ അവരുടെയൊക്കെ നിർലോഭമായ സഹായ സഹകരണങ്ങൾ കിട്ടുകയും ചെയ്തു എന്നൊരു മെച്ചമുണ്ടായി! സത്യത്തിൽ അത് പറഞ്ഞുകേട്ടപ്പോൾ പണ്ട് സ്വന്തം സന്തതികൾ രണ്ടും കുഞ്ഞുങ്ങളായിരുന്ന സമയത്ത് എനിക്കും അത്തരത്തിൽ സമാനമായ ഒരനുഭവം ഉണ്ടായതാണ് ഓർത്തുപോയത്. ഏതാണ്ട് പതിനെട്ട് പത്തൊൻപത് വർഷങ്ങൾക്ക് മുമ്പുള്ള സംഭവമാണ്.
എന്റെ വിവാഹം ലേശം വൈകി മൂപ്പത്തിമൂന്നാമത്തെ വയസ്സിലായിരുന്നെങ്കിലും (അതിന് അതിന്റേതായ ചില കാരണങ്ങൾ ഉണ്ടായിരുന്നുവെന്ന് കൂട്ടിക്കോളൂ. അത് ചില അദ്ധ്യായങ്ങളിലായി പറയാൻ ശ്രമിക്കുന്നുമുണ്ട്. ഒറ്റയടിക്ക് എല്ലാം വിളിച്ച് പറഞ്ഞാൽ ഇവിടെ വീട്ടിൽ സ്വന്തം വീടരും കലിപ്പിലായാലോ എന്ന് ഭയമുണ്ട്.) ആദ്യകുഞ്ഞ് വിവാഹവാർഷികത്തിന് പോലും കാത്തുനിൽക്കാതെ തന്നെ പിറക്കുകയും രണ്ടാമൻ അത് കഴിഞ്ഞ് ഭൂജാതനാകാനുള്ള ഏറ്റവും മിനിമം സമയം മാത്രം എടുത്ത് അവതാരമെടുക്കുകയും ചെയ്യുകയായിരുന്നു എന്നതും കഥയുടെ സുഗമമായ ഒഴുക്കിനും പ്രവാഹത്തിനുമായി ഇവിടെ പറഞ്ഞോട്ടെ. പുരുഷസന്തതികൾ ആയതിനാൽത്തന്നെ രണ്ടുപേരും തമ്മിൽ അസാരം വാളും പരിചയും ഒന്നും ഇല്ലാതെതന്നെ യുദ്ധമുറകളൊക്കെ പയറ്റുക വീട്ടിലും പതിവായിരുന്നു. എന്നാൽ, ഇവിടത്തെ ആയോധന പാടവം ലേശം അധികമായിരുന്നതിനാൽ 'മുള്ളിന്റെ മൂട്ടിൽ മുള്ളല്ലേ കുരുക്കൂ' (മുളയ്ക്കുകയുള്ളൂ എന്ന് വിവക്ഷ.) എന്ന് 'തിര്വോന്തരം ഫാഷയിൽ' ചില അടുപ്പക്കാർ പിറുപിറുക്കുകയും ചെയ്തിരുന്നു. അത് കാരണമാകാം കേവലം ഒരു വയസ്സ് മാത്രം വ്യത്യാസമുള്ള ഓമന സന്താനങ്ങളെ രണ്ട് പേരേയും അടുത്തടുത്ത് കിടത്തുന്ന കാര്യം പോലും ആലോചിക്കാനേ വയ്യ എന്നതായിരുന്നു അന്നത്തെ സ്ഥിതി. ഞാൻ ജോലി സംബന്ധമായി മിക്കപ്പോഴും അകലെയായിരുന്നതിനാൽ പ്രസ്തുത കക്ഷികളുടെ സകലമാന ഉത്തരവാദിത്വവും ക്രമസമാധാനപരിപാലനവും പൂർണമായും ശ്രീമതിയുടെ തലയിൽത്തന്നെയായിരുന്നു. 'ആഭ്യന്തരം തുടങ്ങിയ പ്രധാന വകുപ്പുകൾക്കായൊന്നും വേണ്ടി പോരടിക്കാൻ നമ്മളില്ലേ...' എന്നൊരു ലൈനായിരുന്നു മിക്ക പിതാശ്രീകളേയും പോലെ എന്റേയും!
ആൺസന്തതികൾ ആയതിനാലും തമ്മിൽ അധികം കാണാതിരുന്നതിനാലും അന്നും ഇന്നും അവന്മാർക്ക് എന്നോട് വലിയ ലോഹ്യം ഇല്ലെന്നതും കൂട്ടിച്ചേർത്തോട്ടെ. (ഇപ്പോഴാകട്ടെ ഞാൻ അടുത്തൂൺ പറ്റിയും ചൊറിയും കുത്തിയും വീട്ടിൽ ഇരിക്കുകയും അവർ വിദ്യാഭ്യാസത്തിനായി മറ്റ് സംസ്ഥാനങ്ങളിലും ആണെന്നുമുള്ള വ്യത്യാസവും ഉണ്ട്). പറഞ്ഞുവന്നത് പിള്ളേരെ അടുത്തടുത്ത് കിടത്താനാകാതെ പല ദിവസങ്ങളിലും 'സമദൂര സിദ്ധാന്തം' പാലിച്ച് ഇരുവരേയും രണ്ട് വശങ്ങളിലായി പ്രതിഷ്ഠിച്ച് നല്ലപാതി ചില പരീക്ഷണങ്ങൾ ഒക്കെ നടത്തി നോക്കിയിരുന്നു. പക്ഷേ, രാത്രിയാകുമ്പോൾ ചെറിയ ചക്കയോ തേങ്ങയോ ഒക്കെ വീഴുന്നത് മാതിരി ചെറിയ ഒരൊച്ചയും തുടർന്ന് ഉയരുന്ന നിറുത്താത്ത നിലവിളികളും ആയിരുന്നു പതിവ്. കട്ടിലിൽനിന്ന് ഉരുണ്ട് നിലത്ത് വീഴുന്നത് കൊണ്ട് ജീവാപായം ഒന്നും ഉണ്ടായില്ലെങ്കിലും അത് വഴിമരുന്നിടുന്ന അവസാനിക്കാത്ത വായ്ത്താരി അന്നത്തെ ശേഷിക്കുന്ന ഉറക്കം കളയുമെന്നുറപ്പ്.
അതിനു പുറമേയാണ് പിള്ളേരെ എടുത്ത് അത്രമേൽ പരിചയിക്കാത്ത അവരുടെ തന്ത (അന്ന് ചെയ്ത ചെയ്ത്തിന് ആ വാക്കാകും ഉചിതം) രണ്ട് എണ്ണത്തിനേയും ഇരുകൈകളിലുമായി ഒരുമിച്ചെടുത്ത് പൊക്കി മുകളിലേയ്ക്കിട്ട് കളിച്ച് സുഹൃത്തുക്കളുടെ മുന്നിൽ ഷോ കാണിച്ചപ്പോൾ അതിൽനിന്നും ഇളയത് ഊർന്ന് നിലത്ത് വീണുപോയതും! ചെറുക്കൻ തലയടിച്ച് നിലത്ത് വീണപ്പോൾ എല്ലാവരും ആകെ ഭയന്നുപോയെങ്കിലും ദൈവം സഹായിച്ച് വലിയ തട്ടുകേടുകളൊന്നും ഉണ്ടായില്ലെന്ന് പറഞ്ഞാൽ മതിയല്ലോ.
പറഞ്ഞ് വന്നതുപോലെ കട്ടിലിൽനിന്നു കുഞ്ഞുങ്ങളിൽ ഒരാളെങ്കിലും ദിനവും ഉറക്കത്തിൽ നിലംപതിക്കുന്നത് ഒരു തുടർക്കഥയായപ്പോൾ ഭാര്യ തന്നെ ഒരു തീരുമാനം കൈക്കൊള്ളുകയായിരുന്നു. ആ ഡബിൾക്കട്ടിൽ ചുമരിനോട് ചേർത്തിടുകയും സന്താനങ്ങൾ ഓരോരുത്തരെയായി ഉറക്കിയതിന് ശേഷം മാത്രം അകത്തോട്ടാക്കി അടുക്കി വച്ചിട്ട് ഭവതി പുറംവശത്തായി കിടക്കുകയും ചെയ്യുക എന്നതായിരുന്നു അത്. 'ഭയങ്കരമാന ഐഡിയ' ഒന്നും അല്ലെങ്കിലും തത്കാലത്തേയ്ക്ക് പ്രശ്‌നപരിഹാരമായി എന്ന് പറഞ്ഞാൽ മതിയല്ലോ. അങ്ങനെയിരിക്കെ ഒരു ദിവസം ലീവിന് വന്ന ഞാൻ അവർ മൂവരും കിടന്ന കട്ടിലിന് താഴെയായി വിരിച്ച കോസരിയിൽ പിള്ളേരുറങ്ങിക്കഴിഞ്ഞിട്ട് പെണ്ണുമ്പിള്ളയോട് കിഞ്ചനവർത്തമാനം പറയാമല്ലോയെന്നും മറ്റും മനഃപ്പായസമുണ്ട് ക്ഷമയോടെ കിടന്ന ഒരു രാത്രിയിലേക്ക് വായനക്കാരെ കൂട്ടിക്കോണ്ട് പോകുകയാണ്.
അന്നും ഭാര്യ അറിയാതെ രാത്രി ലേശം അകത്ത് പോയിട്ടുണ്ടായിരുന്നോയെന്ന് ബലമായ സംശയമുണ്ട്. ഉണ്ടെന്ന് തന്നെ കരുതിക്കോളൂ. എന്തായാലും ആ വാനരന്മാരെ ഉറക്കിക്കിട്ടാനായി വേതാളം വിക്രമാദിത്യനോട് കടങ്കഥകൾ പറയുന്നത് മാതിരി കളത്രം അഹോരാത്രം നിറുത്താതെ കഥകൾ പറയുന്നത് കേട്ട് ക്ഷമ നശിച്ചിട്ടാകണം ഞാനെപ്പോഴോ ഉറങ്ങിപ്പോയി എന്നതാണ് സത്യം! പിന്നീട് ആ മുതുപാതിരയിലെപ്പോഴോ മധുരക്കിനാവുകൾ കണ്ട് സുഷുപ്തിയിലാണ്ട എന്റെ മേൽ ഉൽക്കയോ മറ്റോ വന്ന് വീഴുന്നത് മാതിരി എന്തോ ഭാരിച്ച ഒരു വസ്തു വന്ന് വീഴുകയായിരുന്നു! മറ്റെന്തോ ഭീകരസ്വപ്നം കണ്ട എന്റെ അർദ്ധാംഗിനി നിലവിളിയോടെ അലസനായി ഉറങ്ങിക്കിടന്നിരുന്ന എന്റെ തേമ്പിയ നെഞ്ചും തള്ളിയ കുടവയറും ഒക്കെ തകർത്ത് തരിപ്പണമാക്കിക്കൊണ്ട് ഒരു മലയിടിഞ്ഞ് വീഴുന്നത് പോലെ വന്ന് നിപതിക്കുയായിരുന്നു എന്നറിയാൻ ലേശം വൈകിപ്പോയി. അതിനിടയിൽ എന്റെ തകർന്ന നെഞ്ചിൻകൂട്ടിൽനിന്നും അറിയാതെ ഉയർന്നുപോയ അതിദയനീയമായ ഒരാക്രന്ദനത്തിൽ സന്തതികൾ രണ്ടുപേരും ഉറക്കം ഞെട്ടിയുണരുകയും തത്കാലത്തേയ്ക്ക് നിറുത്തിവച്ചിരുന്ന നിലവിളി പൂർവ്വാധികം ഭംഗിയായി പുനഃരാരംഭിക്കുകയും ചെയ്യുകയായിരുന്നു! എന്തായാലും കാവലാളായി കട്ടിലിന് കീഴെകിടക്കുന്ന പരിപാടി അന്നത്തോടെ ഞാൻ അവസാനിപ്പിക്കുകയും ചെയ്തു.
സുഹൃത്തായ നവാസിന്റെ രണ്ടാമത്തെ വിഷമം അദ്ദേഹത്തിന്റെ ഏറ്റവും മിടുക്കനും ടർക്കിഷ് വംശജനുമായ ഒരു 'ഡൊണക്ക്' ഇനത്തിലെ പ്രാവിനെ അടുത്ത പറവമത്സരത്തിനായി പരിശീലനം നടത്തുന്നതിനിടെ പ്രാപ്പിടിയന്മാർ (Falcons) റാഞ്ചിക്കൊണ്ട് പോയതാണ്. വലിയ വില പറഞ്ഞിട്ടും കൊടുക്കാൻ വിസമ്മതിച്ചിരുന്ന അവനെ ഒരു ദിവസം പറവയ്ക്കിടയിൽ തിരിച്ചിറക്കാനായി 'വെട്ടുപ്രാവുകളെ' വിട്ടപ്പോഴാണ് (ചിറക് അരങ്ങിയതും രണ്ടോ അതിലധികമോ മിനിറ്റുകൾ മാത്രം പറക്കുന്നവയുമായ ഇത്തരം പ്രാവുകളെ കാണിച്ച് ആകർഷിച്ചാണ് ഉയരത്തിൽ പറന്ന് റെക്കോഡുകൾ സ്രഷ്ടിച്ച് പറന്നുകൊണ്ടിരിക്കുന്ന പ്രാവുകളെ തിരികെ ലോഫ്റ്റിലേയ്ക്ക് ആകർഷിക്കുന്നത്) ആകാശനീലിമയിൽ കണ്ണിമ ചിമ്മാതെ ഇരയെ നോക്കിപ്പറന്നിരുന്ന പ്രാപ്പിടിയൻ ശരവേഗത്തിൽ പാഞ്ഞെത്തിയതും മണിക്കൂറുകളോളം പറന്ന് ക്ഷീണിച്ചിരുന്ന ആ ദിഗ്വിജയിയെ റാഞ്ചിയതും!
സാധാരണ പരുന്തുകളേക്കാൾ വലിപ്പമുള്ളതും അതിവേഗത്തിൽ പറക്കുന്നവയുമായ പ്രാപ്പിടിയന്മാർ പറക്കുന്ന കൂട്ടത്തിലെ ക്ഷീണിച്ചതോ താരതമ്യേന പ്രായം കുറഞ്ഞതോ ആയ മത്സരപ്പറവകളുടെ അടുത്തെത്തിയാൽ അന്തരീക്ഷത്തിൽ പെട്ടെന്ന് തല കീഴായി മറിയുകയും മലർന്ന് പറന്നുകൊണ്ട് മത്സരപ്രാവുകളുടെ നെഞ്ചിൽ കൂർത്ത നഖങ്ങൾ ആഴ്ത്തുന്നതും. തകർന്ന നെഞ്ചുമായി താഴെനിന്നു കാണുവാൻ മാത്രമേ ഉടമകൾക്ക് ആകൂ എന്നതാണ് വാസ്തവം! സാദാ പരുന്തുകളും പ്രാവുകളെ പിടിക്കുമെങ്കിലും അവ അത്രമേൽ അപകടകാരി അല്ലത്രേ. ആകാശത്തിലെ ഇടിവാളുകൾ പോലെ പ്രാപ്പിടിയന്മാർ ഇരയെ ലക്ഷ്യം വച്ച് മിന്നായം പോലെ വായു തുളഞ്ഞ് പറക്കുന്നത് കണ്ടാൽ അടുത്തെവിടെയെങ്കിലും അരുമയുടെ മരണം ഉറപ്പാണെന്നാണ് നവാസിന്റെ പക്ഷം. കാലത്ത് ആറ് മണിമുതൽ തുടങ്ങുന്ന മത്സരപ്പറപ്പിക്കലുകളിൽ ഓരോ പതിനഞ്ച് മിനിറ്റിലും റഫറിയായി എത്തുന്ന ആളിന്റെ കാഴ്ചവട്ടത്തിൽ ആകാശത്ത് പറന്ന് കൊണ്ടിരിക്കുന്ന പ്രാവുകൾ പ്രത്യക്ഷപ്പെടണം എന്നതാണത്രേ ചട്ടം. രാത്രിയായാൽ ഫ്‌ളഡ് ലൈറ്റുകളുടെ വെളിച്ചത്തിൽ അരമണിക്കൂറിനുള്ളിൽ മത്സരപ്പറവയെ കണ്ടാൽ മതിയാകും. അയൽപക്കങ്ങളിലെ ഫ്‌ളാറ്റുകളിലും മറ്റും ചേക്കേറുന്ന അമ്പലപ്രാവുകളുടെ കൂട്ടത്തിൽ കൂടുന്നില്ലെന്നും വിശ്രമിക്കാനും തീറ്റയ്ക്കും വെള്ളത്തിനുമായി പോകുന്നില്ലെന്നും ഉറപ്പാക്കാനാണത്.
ഹൈ ഫ്‌ളയർ പ്രാവുകളിൽ മത്സരാർഥികളെ തിരിച്ചറിയാനായി വാലറ്റത്ത് സീല് ചെയ്താണ് 'പറവയിൽ' (മത്സരത്തിൽ) പങ്കെടുപ്പിക്കുന്നത്. രാത്രിയിൽ കൊക്ക് പിളർത്തി അകത്തേയ്ക്ക് നിക്ഷേപിക്കുന്ന ബദാം, കടല, കപ്പലണ്ടി, പിസ്ത എന്നിവയുടെ ശക്തിയിലാണ് അവറ്റകൾ പത്തും ഇരുപതും മണിക്കൂറുകൾ നിലത്തിറങ്ങാതെ പറക്കുന്നത് എന്നത് എനിക്കും പുത്തനറിവായിരുന്നു. രാവിലെ വെള്ളം മാത്രം വായിൽ ഇറ്റിച്ച് പറത്തിവിടുന്ന പ്രാവുകൾ സമയത്തിന്റെ റെക്കോർഡുകൾ ഭേദിച്ച് പത്തും ഇരുപതും മണിക്കൂറുകൾ പറന്ന് തിരികെയെത്തിയതിനും വിശ്രമത്തിനും ശേഷമാണ് ആഹാരം കഴി(പ്പി)ക്കുന്നതെന്ന് കേട്ടത് തീർത്തും അവിശ്വസനീയമായി തോന്നി. അതുപോലെ തന്നെ നൂറ് കണക്കിന് മൈലുകൾ പറന്ന് വഴിതെറ്റാതെ ലോഫ്റ്റിലേയ്ക്ക് തിരികെ എത്തുന്ന ഹോമറുകളുടെ കഥയും. അവയുടെ കാലുകളിൽ ഘടിപ്പിക്കുന്ന സെൻസറുകളാണ് അവ തിരികെ എത്തിയെന്ന സിഗ്‌നലുകൾ (Electronic Timing System, ETS)) റഫറിമാർക്ക് നൽകുന്നത്. ഇത്തരത്തിലെ രണ്ട് വ്യത്യസ്ത ഇനങ്ങളിലാണ് ഓരോ പന്തയക്കാരും സ്‌പെഷ്യലൈസ് ചെയ്യുന്നത് എന്ന് സാരം!
മത്സരങ്ങളിൽ കൂടുതലായും പ്രാവുകളിലെ പുരുഷ പ്രജകളെയാണ് മത്സരാർത്ഥികളായി രംഗത്ത് ഇറക്കുന്നത്. ബദാമും പിസ്തയും ഒക്കെച്ചേർന്ന സമ്പുഷ്ടാഹാരം മഹിളകളെ പെട്ടെന്ന് 'മദിയിലാക്കുമെന്നും' (Musth) തുടർന്ന് ജോഡി ചേരാനും മുട്ടയിടാനുമുള്ള പ്രവണതകൾ കാട്ടുമെന്നുമാണ് എന്റെ സുഹൃത്ത് പറയുന്നത്. അത് ശരിയാണോയെന്ന് അറിയില്ല.
ഇനി നവാസുമായി വഴക്കിലേർപ്പെട്ട സുഹൃത്തിന്റെ കാര്യം കൂടി പറയാം. കാര്യം എന്താണെങ്കിലും രണ്ട് പക്ഷവും കേൾക്കണമെന്നാണല്ലോ അതിന്റെ ഒരിത്. ഇവിടെ പറയുന്ന ദേഹം അല്ലെങ്കിൽ ദേഹി വലിയതുറ എന്ന സ്ഥലത്താണ് താമസിക്കുന്നത്. അതായത് നവാസിന്റെ താമസസ്ഥലത്തുനിന്ന് കഷ്ടി മൂന്ന് കിലോമീറ്റർ മാത്രം മാറി. വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ പറമ്പിലെ ഒരു കൊന്നത്തെങ്ങിൽ തേങ്ങയിടാൻ കയറിയ ആൾ പഴുത്ത ഓലകളും മടലും കൊതുമ്പും ചൂട്ടും ഒക്കെ വലിച്ചുകളഞ്ഞ് തെങ്ങിൻ തലപ്പ് വൃത്തിയാക്കുന്നതിനിടയിലാണ് കൂട്ടിലിരുന്ന ഒരു പ്രാപ്പിടിയന്റെ കുഞ്ഞിനെ കണ്ടത്. ആ കൂട് വിരിയാത്ത രണ്ട് മുട്ടകൾ അടക്കം താഴത്തേയ്ക്കിട്ട് നശിപ്പിച്ച ആ 'മനുഷ്യസ്‌നേഹി' പക്ഷെ അതിലിരുന്ന പറക്കമുറ്റാത്ത കുഞ്ഞിനെ മാടിക്കെട്ടിയ ലുങ്കിയിൽ സുരക്ഷിതമായി നിക്ഷേപിച്ചാണ് തിരികെ ഇറങ്ങിയത്!
ആ പെൺ പക്ഷിക്കുഞ്ഞിനെ കാൺകെ കൗതുകം സഹിക്കവയ്യാതെ ഹരികൃഷ്ണൻ എന്ന എന്റെ സുഹൃത്ത് അതിനെ വാങ്ങി വളർത്താൻ തുടങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആദ്യം തീറ്റയൊക്കെ കൊടുത്ത് വീടിന്റെ പിന്നിലായി ഒരു കൂട്ടിലിട്ട് വയ്ക്കുകയും രാത്രിയാകുമ്പോൾ ആ കൂടോടെ എടുത്ത് വീടിനകത്താക്കുകയും ആയിരുന്നു ആദ്യമൊക്കെ പതിവ്. പക്ഷെ അവൾ വളർന്ന് വലുതാകുന്ന മുറയ്ക്ക് നിറുത്താതെ ഒച്ചവയ്ക്കാനും അവിടമാകെ കാഷ്ഠിച്ച് വൃത്തികേടാക്കാനും തുടങ്ങി. തന്നെയുമല്ല നാട്ടുകാരിലാരോ അത്തരത്തിൽ ഒരു പ്രാപ്പിടിയനേയോ 'പിടിച്ചിയേയോ' വളർത്തുന്നതിൽ വന്യജീവി സംരക്ഷണ നിയമപ്രകാരം അപാകമില്ലേയെന്ന് ചോദിച്ച് തുടങ്ങിയപ്പോഴാണ് ഭാവിയിൽ വന്നുപിണഞ്ഞേയ്ക്കാവുന്ന അപകടം അയാൾ മണത്തതും അതിനെ കൂട് തുറന്ന് പുറത്തേയ്ക്ക് വിട്ടതും. എന്നാൽ, അപ്പോഴേയ്ക്കും വല്ലാതെ ഇണങ്ങിക്കഴിഞ്ഞിരുന്ന അവൾ ദൂരെയെങ്ങും പോകാതെ തീറ്റയൊക്കെ തിന്ന് വൈകിട്ട് തിരിച്ചെത്താനും തുടങ്ങിയിരുന്നു. എന്നാലും പരിശോധനയ്ക്കായി ആരുവന്ന് നോക്കി നോക്കിയാലും സംരക്ഷിത പ്രാധാന്യം അർഹിക്കുന്ന ഒരു വന്യജീവിയെ അരുമയാക്കി വളർത്തുന്നുവെന്ന് പറയാനാകില്ലല്ലോ. 'നിങ്ങൾ തമ്മിലുള്ള ഒത്തുകളിയാണെന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കിൽ ഇപ്പോഴും അത് അയാളുടെ വീട്ടിലെ തീറ്റയും തിന്ന് അവിടത്തെ കൂട്ടിൽ സുഖമായി കഴിയുമോ?'.
നവാസിന്റെ ആത്മരോഷം എനിക്ക് മനസ്സിലാകും. കാരണം അയാളുടെ എണ്ണം പറഞ്ഞ 'ഡൊണക്ക്' പറവകളെയാണ് അവൾ പലപ്പോഴായി റാഞ്ചിക്കൊണ്ട് പോയത്. അതിലൂടെ നവാസിന് അസ്സാരം കാശിന്റെ നഷ്ടവും ഉണ്ടായിട്ടുണ്ടെന്നത് സത്യം. തന്നെയുമല്ല ആ 'പ്രാപ്പിടിച്ചിയുടെ' മയക്കുന്ന സൗന്ദര്യവും സാന്നിധ്യവും കാരണം വല്ലാതെ മോഹം കൊണ്ട് ചെറുപ്പക്കാരായ കുറച്ച് തലതെറിച്ച പ്രാപ്പിടിയന്മാരും ആ പ്രദേശത്തേയ്ക്ക് പുതുതായി എത്തിയിട്ടുണ്ടെന്നും അവ പരിസരത്തെ വീടുകളിൽ വളർത്തുന്ന കോഴികൾക്കും താറാവുകൾക്കും അരുമപ്പക്ഷികൾക്കും മറ്റ് ചെറുജീവികൾക്കും കൂടി ജീവന് ഭീഷണിയായിരിക്കുകയും ചെയ്യുന്നു എന്നതുമാണ് ആരോപണം. ആ പറഞ്ഞത് ശരിയായിരിക്കാം. പക്ഷേ, നിയമപരമായി ഹരികൃഷ്ണൻ ആ പ്രാപ്പിടിയൻ മഹതിയെ വളർത്തുന്നുവെന്ന് തെളിയിക്കാൻ ഞങ്ങൾക്ക് ആകില്ല. കാരണം വനംവകുപ്പുകാർ എത്തുമ്പോഴൊക്കെ ആ പക്ഷി സ്വതന്ത്രനായി പറന്ന് നടക്കുന്നതാണ് കാണുന്നത്. അത് മൂന്നുനാല് കിലോമീറ്റർ അകലെയുള്ള കടലിൽനിന്നു പിടിച്ചുകൊണ്ട് വരുന്ന മീനിനെ വീടിന്റെ ടെറസ്സിലും മുകളിലത്തെ കൈവരിയിലും മറ്റും സുരക്ഷിതനായി ഇരുന്ന് തിന്നുന്നതും കാണാം. അപ്പോൾ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കരുതാൻ വയ്യല്ലോ. പിന്നെ ഇരതേടുന്നതിനിടയിൽ നവാസിന്റേയോ മറ്റ് മത്സരക്കാരുടേയോ പറവകളെ അത് റാഞ്ചുന്നു എന്നത് ഒരു കൊലക്കുറ്റമായി കാണാനും ആകില്ലല്ലോ. പിന്നെ എന്താണ് വഴി?
ഇതിനിടയിൽ ഒരു കാര്യം കൂടി സൂചിപ്പിച്ചോട്ടെ. മേൽസൂചിപ്പിച്ച ഹരികൃഷ്ണൻ അറിഞ്ഞോ അറിയാതേയോ പ്രകടിപ്പിച്ച നിർദ്ദോഷമായ ആ അടവുനയം ഫ്‌ളൈയിങ് സ്‌ക്വാഡിലായിരുന്ന സമയത്ത് ചിലപ്പോഴെങ്കിലും നമ്മളും അറിഞ്ഞുകൊണ്ട് തന്നെ അനുവർത്തിക്കാറുണ്ടായിരുന്നു എന്നതാണത്. അതായത് തങ്ങളോട് ശത്രുതയുള്ള അയൽപക്കക്കാരോ മറ്റുള്ളവരോ പനംതത്തയോ മൈനയോ, മുനിയ പോലുള്ള പക്ഷികളേയോ അരുമകളായി വളർത്തുമ്പോൾ അവർക്കുള്ള പണി വനംവകുപ്പുകാരെക്കൊണ്ട് കൊടുപ്പിക്കാനായി ആളുകൾ 'ടോൾ ഫ്രീ' നമ്പറിലേയ്ക്ക് പരാതി വിളിച്ച് പറയുക പതിവാണ്. അവിടെയാകുമ്പോൾ പരാതിക്കാർക്ക് താന്താങ്ങളുടെ ഐഡന്റിറ്റിയോ വിലാസമോ വെളിപ്പെടുത്താതെ കഴിക്കാം എന്നൊരു മെച്ചമുണ്ട്. അതവരോട് അന്വേഷിക്കാൻ പാടില്ലെന്നാണ് നമുക്കുള്ള നിർദ്ദേശവും. വിളിച്ച് പറഞ്ഞതിനുശേഷം 'എത്രാമത്തെ നമ്പറായാണ് പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്' എന്ന് തുടങ്ങി വിശദാംശങ്ങൾ വരെ ചോദിച്ച് മനസ്സിലാക്കാൻ കുതൂഹലം കാണിക്കുന്നവരും അക്കൂട്ടത്തിലുണ്ട്. കാരണം പരാതിയെങ്ങാനും രജിസ്റ്റർ ചെയ്യാതെ വിട്ടുകളഞ്ഞാലോ എന്നായിരിക്കും അവരുടെ ഭയം. സംഗതി തീരെ അടിസ്ഥാനമില്ലാത്തതാണെങ്കിലും.
കുഞ്ഞായിരിക്കുമ്പോൾ അപകടത്തിൽനിന്ന് രക്ഷിച്ചെടുത്തതോ കാക്കയോ മറ്റോ ഉപദ്രവിച്ചപ്പോൾ രക്ഷിച്ചതോ അല്ലെങ്കിൽ കൂട്ടിൽനിന്നു താഴെ വീണുപോയതോ ആയ പല പക്ഷികളേയും അണ്ണാൻ, വെരുക് തുടങ്ങിയ ജീവികളേയും പലരും നിയമക്കുരുക്കുകൾ അറിയാതെ വളർത്താറുള്ളത് സത്യമാണ്. പരാതി അന്വേഷിച്ചെത്തുമ്പോൾ മിക്കപ്പോഴും അത്തരം അരുമകളുമായി വീടുകളിലെ കുഞ്ഞുങ്ങളോ സ്ത്രീകളോ പുരുഷന്മാർ തന്നെയോ മാനസികമായി ഏറെ അടുപ്പം പുലർത്തുന്നതും കാണാം. നിയമ നടപടികൾക്ക് ഒരുങ്ങുകയാണെങ്കിൽ 'പിന്നെ ഞങ്ങൾ അതിനെ ചാകാൻ വിടണമായിരുന്നോ?' എന്ന് ചിലർ ഞങ്ങളോട് ചോദിക്കാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥരായിരിക്കും വല്ലാത്ത മാനസിക സമ്മർദ്ദത്തിൽ അകപ്പെട്ട് പോകുക. പക്ഷേ, അപ്പോഴും ശത്രുവിന് പണി കിട്ടുന്നത് കാണാനായി തത്പരകക്ഷികളായ പരാതിക്കാർ കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരിക്കുകയായിരിക്കും എന്നോർക്കണം. മുൻപ് ഒരധ്യായത്തിൽ സൂചിപ്പിച്ചത് മാതിരി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ശത്രുവിനോട് അനുകമ്പാപൂർണമായ പ്രതികരണം ഉണ്ടായാൽ 'കൈക്കൂലി വാങ്ങി കേസ്സ് ഒതുക്കിത്തീർത്തു' എന്ന ആരോപണമാകും പിന്നെ ആ ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നത്!
പറഞ്ഞുവന്നത് ചില സാഹചര്യങ്ങളിലെങ്കിലും സംരക്ഷിത പ്രാധാന്യമർഹിക്കുന്ന ജീവികളെ കൂട്ടിലിട്ട് വളർത്തരുതെന്നും പരിശോധനയ്ക്ക് എത്തുമ്പോൾ കൂട് പോലും അവിടെ കാണരുതെന്നും സർവതന്ത്ര സ്വതന്ത്രരായ ജീവികൾ വീടിന് പരിസരത്ത് സ്വമേധയാ നിൽക്കുകയാണെങ്കിൽ നിയമപാലകരെന്ന നിലയ്ക്ക് ഞങ്ങൾക്ക് ആക്ഷേപമില്ലെന്നും ഉടമകളെ മുൻകൂർ അറിയിക്കുന്നതുൾപ്പടെ ചില പൊടിക്കൈകൾ ഞങ്ങളും പ്രയോഗിക്കാറുണ്ട് എന്നതാണ്. തിരികെ പിടിച്ചുകൊണ്ട് വന്ന് തുറന്ന് വിട്ടാൽക്കൂടി രക്ഷപ്പെടുമെന്ന് യാതൊരുറപ്പും ഇല്ലാത്ത അത്തരം ജീവികളെ പിന്നീട് ആജീവനാന്തം പോറ്റാനായുള്ള ബുദ്ധിമുട്ടുകൾ ഇവിടെ കാണാതെ പോകരുതെന്ന് അപേക്ഷ. സ്റ്റോക്കില്ലാത്ത അപൂർവ്വമായ ഇനത്തിൽപ്പെട്ടവ ആണെങ്കിലേ മൃഗശാലകൾ പോലും സ്വീകരിക്കുകയുള്ളൂ എന്നതാണ് സത്യം. വർഷങ്ങൾക്ക് മുൻപ് ഓരോരുത്തർ വിളിച്ച് പറയുന്നതിനനുസരിച്ച് നിരന്തരം പിടിച്ചുകൊണ്ട് വന്നിരുന്ന വെള്ളിമൂങ്ങകൾക്ക് അത്തരമൊരു ദുര്യോഗം നേരിട്ടിരുന്നത് എനിക്കറിയാം.
ഒരിക്കൽ തിരുവനന്തപുരം പ്രാന്തപ്രദേശത്തെ ഒരു ക്ഷേത്രവളപ്പിൽ എങ്ങനെയോ എത്തിപ്പെട്ട ഒരു മയിലിന് രാത്രി തങ്ങാനായി ഭക്തന്മാർ പണിയിപ്പിച്ച് കൊടുത്ത ഒരു കൂട് പരിശോധനയ്ക്ക് എത്തുന്നതിന് മുൻപ് പാടെ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടതും ഞാനോർക്കുന്നു. അതേ ക്ഷേത്രത്തിലെ അമ്പലക്കമ്മറ്റിക്കാർ തമ്മിലുള്ള സ്പർധയായിരുന്നു ആ പരാതിക്ക് നിദാനമായി വർത്തിച്ചത്. ആ മയിൽ പിന്നീടും ഏറെക്കാലം അവിടെത്തന്നെ ആ ക്ഷേത്രത്തെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നുതാനും. അങ്ങനെയായപ്പോൾ ബഹുമാന്യനായ ആ ദേശീയപക്ഷിയുടെ ആരാധകർക്ക് സമാധാനവും അതിന്റെ സംരക്ഷരായ ഭക്തജനങ്ങൾക്ക് അതിരില്ലാത്ത സന്തോഷവും. (കാക്കിയിടുന്ന നമുക്ക് മനഃസ്വാസ്ഥ്യവും!)
അല്ലാതെ എന്ത് ചെയ്യാനാണ്? സർക്കാർ ഉദ്യോഗസ്ഥരായിപ്പോയി എന്ന് കരുതി നമുക്കും ജീവിക്കണ്ടേ കോയാ..? ഏത്?
Content Highlights: Insights into the high-stakes world of pigeon racing and Homer pigeon training., The ethical and legal complexities of keeping protected wildlife species like falcons., Personal anecdotes regarding the challenges of balancing animal care with human domestic life., Practical advice on how to handle neighborhood disputes regarding wildlife and bird ownership in 2026., The role of Forest Department officials in mediating complaints versus conservation duties.
Published: 23 May 2026, 11:30 am IST
ABOUT THE AUTHOR
കേരള വനം വകുപ്പില് നിന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്സര്വ്വേറ്ററായി വിരമിച്ചു. ചിന്ത പബ്ലിഷേഴ്സ് വഴി കാട് പറഞ്ഞ കഥകള്, ആരണ്യകാണ്ഡം എന്നീ കഥാ സമാഹാരങ്ങളും ലോഗോസ് ബുക്ക്സ് വഴി കാട്ടിലേയ്ക്ക് പോകാം എന്നൊരു യാത്രാവിവരണവും മാതൃഭൂമി ബുക്ക്സ് വഴി നാഗമാണിക്യം, ഗജമുത്ത്, വെള്ളിമൂങ്ങ- വനം കള്ളക്കടത്തിന്റെ കാണാപ്പുറങ്ങള് എന്നൊരു അനുഭവകഥയും കേരള
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented