ഏറ്റവും ശക്തിയുള്ള കടിയുടെ ഉടമ, ചൂട് നിശ്ചയിക്കും കുഞ്ഞ് ആണോ പെണ്ണോ എന്ന്; ചില മുതല രഹസ്യങ്ങൾ


വിജയകുമാർ ബ്ലാത്തൂർഅലിഗേറ്ററുകളുടെ മേല്‍താടി കീഴ്താടിയെ വീതിയില്‍ കടന്ന് നില്‍ക്കും. ഇവ വായടച്ച് പിടിച്ചാല്‍ കീഴ്താടിയിലെ പല്ലുകള്‍ പുറത്ത് കാണില്ല. എന്നാല്‍ ക്രൊക്കോഡൈലുകള്‍ വായടച്ച് പിടിച്ചാലും മുകളിലേയും കീഴിലേയും കുറേ പല്ലുകളുടെ ഭാഗം കോര്‍ത്തുവെച്ചപോലെ പുറമേക്ക് കാണാന്‍ കഴിയും.

By Charles J. Sharp - Own work, from Sharp Photography, sharpphotography.co.uk, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=116068691

ചീങ്കണ്ണിയും മുതലയും തമ്മിലുള്ള വ്യത്യാസം എന്താണെന്നതും ഇവ രണ്ടും ഒന്നുതന്നെയാണോ എന്നതും പലര്‍ക്കും വ്യക്തതക്കുറവുള്ള കാര്യമാണ്. മുതല വലുതും ചീങ്കണ്ണി ചെറുതും എന്നു ചിലര്‍ പറയും. ചിലര്‍ തിരിച്ചാണെന്ന് പറയും. കമ്പില്‍ ആണികള്‍ തറച്ചതുപോലെ പല്ലുകള്‍ നിറഞ്ഞ നീളന്‍ വായയും മൂക്കിനഗ്രത്ത് ഒരു വീര്‍പ്പും ഉള്ളത് ചീങ്കണ്ണി എന്നാകും ചിലര്‍ പറയുക. ചീങ്കണ്ണിയുടെ മുഖത്തിന്റെ മുന്‍ഭാഗം വളരെ മെലിഞ്ഞ് നീണ്ടതാണെന്നും മുതലയുടേത് തടിച്ചുരുണ്ടാണെന്നും വിശദീകരിക്കും. എന്തായാലും ആകെപ്പാടെ സംശയങ്ങള്‍ ബാക്കിയായിത്തന്നെയുണ്ടാകും.

ഇവരെ ഈ രണ്ട് പേരിലും പല കഥകളിലും പുരാണത്തിലും നമ്മള്‍ക്ക് പരിചയമാണുതാനും. ശാപം മൂലം ആനയായി മാറിയ ഇന്ദ്രദ്യുമ്‌നനെ മുതല കാലില്‍ പിടിച്ചതും, വിഷ്ണുഭഗവാനെ തപസ് ചെയ്ത് ഗജേന്ദ്രമോക്ഷം നേടിയതും ഭാഗവതകഥയിലുണ്ട്. ശങ്കരാചാര്യര്‍ കുട്ടിയായിരുന്ന കാലം പുഴയില്‍ കുളിക്കുമ്പോള്‍ കാലില്‍ മുതലപിടിച്ചതായി കഥയുണ്ട്. പുഴക്കരയിലെ ഞാവല്‍ മരത്തിലെ കുരങ്ങന്റെ ഹൃദയം ഭാര്യക്ക് തിന്നാന്‍ വേണ്ടി കൊണ്ടുപോയ മണ്ടന്‍ മുതലയുടെ കഥ കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട്. കപടമായ സങ്കടപ്രകടനങ്ങളെ മുതലക്കണ്ണീര്‍ എന്ന് കളിയാക്കുന്ന പ്രയോഗം ഭാഷയില്‍ പരിചയമുണ്ട്. 'ചീങ്കണ്ണി' എന്നത് പലനാട്ടിലും ചട്ടമ്പികളുടെ ഇരട്ടപ്പേരാണ്. ബാലപുസ്തകങ്ങളില്‍ ചിത്രകാരന്മാര്‍ ഭാവനക്കൊത്ത് പല തരം ചിത്രങ്ങള്‍ മുതലയെന്നും ചീങ്കണ്ണിയെന്നും പറഞ്ഞ് വരച്ച് വെച്ച് നമ്മുടെ സംശയം കൂട്ടീട്ടും ഉണ്ട്.സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

സത്യത്തില്‍ പ്രശ്‌നം മലയാളത്തിലെ ചീങ്കണ്ണി - മുതല പേരുകളാണ്. ഇവ ഏത് ജീവിക്കാണ് കൃത്യമായി വിളിക്കേണ്ടത് എന്ന കാര്യത്തില്‍ ഒരു തീരുമാനവും ഇല്ല. നമ്മുടെ നാട്ടില്‍ ആകെ രണ്ടിനങ്ങള്‍ മാത്രമേ ഉള്ളൂവെങ്കിലും ലോകത്ത് പലയിടങ്ങളിലായി ഈ വിഭാഗത്തിലുള്ള പലതരം ജീവികളുടെ ചിത്രങ്ങളും വീഡിയോകളും കണ്ടാണ് ഈ ആശയക്കുഴപ്പങ്ങളെല്ലാം ഉണ്ടായത്. ഇന്ത്യയില്‍ ധോള്‍ എന്നു വിളിക്കുന്ന കാട്ട്‌നായകള്‍ക്ക് (wild dog ) ആണ് ചെന്നായ എന്ന മലയാളം പേര് ശരിയ്ക്കും ചേരുക. നമ്മുടെ നാട്ടിലില്ലാത്ത wolf നെ പണ്ടേ ആരോ 'ചെന്നായ' എന്ന് മലയാള വിവര്‍ത്തനം നടത്തിക്കളഞ്ഞു. അതുപോലെ jackal , Fox എന്ന രണ്ട് വ്യത്യസ്ത ജീവികള്‍ക്കും മലയാളത്തില്‍ കുറുക്കന്‍ എന്നുതന്നെ നമ്മള്‍ ഉപയോഗിച്ച് ശീലിച്ച് പോയി. സിക്കാഡകള്‍ക്കും ക്രിക്കറ്റുകള്‍ക്കും ചീവീട് എന്നു തന്നെ മലയാളം ആയിപ്പോയി. സ്ലഗുകള്‍ക്കും സ്‌നൈലുകള്‍ക്കും കൂടി ഒച്ച് എന്ന ഒറ്റൊരു പേരേ നമുക്കുള്ളു. അതുപോലെ മുതലയും ചീങ്കണ്ണിയും ഒരേ ജീവിക്ക് തന്നെ ചിലപ്പോൾ നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറി പേരു വിളിച്ചു.

ആഫ്രിക്കയിൽ മാത്രം കാണപ്പെടുന്ന മെക്കിസ്തോപ്സ് . ഇവയ്ക്ക് ഇന്ത്യയിൽ കാണപ്പെടുന്ന ഗാരിയൽസുമായി
മൂക്കിന്റെ കാര്യത്തിൽ വളരേയേറെ സാമ്യമുണ്ട് |
By Thesupermat - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=6439998

മുതലവർഗ്ഗം എത്ര തരം

'നൈല്‍ നദിയിലെ പല്ലി' എന്നര്‍ത്ഥം വരുന്ന ഗ്രീക്ക് പ്രയോഗത്തില്‍ നിന്നാണ് 'ക്രോക്കോഡൈല്‍' എന്ന വാക്ക് വന്നത്. ലോകത്ത് യൂറോപ്പും അന്റാര്‍ട്ടിക്കയും ഒഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും കാണപ്പെടുന്നവരാണ് ക്രോക്കോഡൈലസ് (Crocodylus). ഇവരിലാണ് ഏറ്റവും കൂടുതല്‍ ഇനങ്ങള്‍ ഉള്ളത്. അലിഗേറ്റര്‍ (Alligator) എന്ന ജനുസ്സ് അമേരിക്കയില്‍ മാത്രം കാണുന്നവയാണ്. വടക്കേ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ മാത്രം കാണുന്ന ഗാവിയാലിസ് (Gavialis) എന്ന വിഭാഗം. ഈ മൂന്ന് വിഭാഗക്കാര്‍ കൂടാതെ ബ്രസീല്‍, ഇക്വഡോര്‍ തുടങ്ങിയ തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ കാണുന്നവ കേയ്മന്‍ (Caiman), ആഫ്രിക്കയില്‍ മാത്രം കാണുന്ന മേകിസ്‌തോപ്‌സ് (Mecistops), ഓസ്റ്റിയോലേയ്മസ് (Osteolaemus), പാലിയോസുച്ചസ്(Paleosuchus), തെക്കേ അമേരിക്കയില്‍ മാത്രം കാണുന്ന മെലാനോസുച്ചസ് (Melanosuchus), ഇന്തോനേഷ്യ, മലേഷ്യ ഭാഗങ്ങളില്‍ കാണുന്ന ടോമിസ്റ്റൊമാ(Tomistoma) എന്നിവയടക്കം ഒമ്പതു ജനുസ്സുകളിലുമായി ആകെ ഇരുപത്തിയഞ്ചോളം മുതല സ്പീഷീസുകള്‍ ലോകത്തുണ്ട്. അവയില്‍ ഏറ്റവും കൂടുതല്‍ ഇനം/ സ്പീഷീസുകള്‍ (12) ഉള്ളത് മുകളില്‍ സൂചിപ്പിച്ച പോലെ ഒരുപാടിടങ്ങളില്‍ കാണുന്ന ക്രോക്കോഡൈലസ് (Crocodylus) എന്ന ജനുസ്സില്‍ ആണ്. ഇന്ത്യയില്‍ ക്രോക്കോഡൈലസ് , ഗവിയാലിസ് എന്നീ രണ്ടു ജനുസ്സുകളാണുള്ളത്. ഈ രണ്ട് ജനുസ്സുകളിലായി മൂന്നിനങ്ങളും. അതില്‍ പെട്ട മീന്‍ മുതലകള്‍ - Gharial (Gavialis gangeticus) ഗംഗ, മഹാനദി, ബ്രഹ്‌മപുത്ര എന്നീ നദികളില്‍ മാത്രമേ ഉള്ളു. മറ്റ് രണ്ടിനം ക്രോക്കോഡൈലസ് മുതലകളെ ആണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Crocodylus palustris എന്ന ശാസ്ത്രനാമം ഉള്ള Muggerഉം Crocodylus porosus എന്ന ശാസ്ത്രനാമം ഉള്ള Estuarine Crocodile അഥവാ Salt- water Crocodile എന്ന കായല്‍ മുതലയും ആണ് ആ രണ്ടുപേര്‍. പക്ഷെ ഇതിലെ കായല്‍ മുതല എന്നുവിളിക്കുന്ന Estuarine Crocodile പണ്ട് ഇവിടെ കണ്ടിട്ടുണ്ട് എന്ന റിപ്പോര്‍ട്ട് ഉണ്ടെങ്കിലും ഈയടുത്ത കാലത്തൊന്നും ഇവയെ കേരളത്തില്‍ കണ്ടതായി തെളിവുകള്‍ ഇല്ല. അപ്പോള്‍ നമുക്ക് ആകെ Crocodylus palustris എന്ന mugger മാത്രമേ ഉള്ളു.

മഹാരാഷ്ട്രയിലെ വസിഷ്ടി നദിക്കരയിലെ ചതുപ്പ് മുതല |
By Pradeep717 - Own work, CC BY-SA 4.0,
https://commons.wikimedia.org/w/index.php?curid=75560049

മുതല Crocodylus palustris

Also Read

മയിലും ഒരുതരം കോഴിയാണ്, കാല്പനിക ഏമ്പക്കം ...

പ്രസവിക്കും മുമ്പെ കുഞ്ഞിന് പാൽ നൽകുന്ന, ...

BANDHUKAL MITHRANGAL

നാട്ടിൽ നമ്മൾ കാണുന്നതെല്ലാം കാട്ടണ്ണാൻ, ...

BANDHUKAL MITHRANGAL

ഒരു വർഷം പട്ടിണി കിടന്നാലും ചാവില്ല, ശല്യമായി ...

BANDHUKAL MITHRANGAL

പ്ലാനിങ്ങും സംഘടനാ സംവിധാനവും, കുലത്തെ ...

കൊമ്പൻമീശയും തടിയും മസിലും; മാരക ലുക്കാണ്; ...

കടുവയെയും ആനയെയും വിറപ്പിച്ച് നിർത്തും, ...

കടുവയെയും ആനയെയും വിറപ്പിച്ച് നിർത്തും, ...

മഗര്‍ ക്രോക്കോഡൈല്‍ എന്നും ചതുപ്പ് മുതല എന്നും പേരുള്ള ഇവര്‍ ശുദ്ധജലത്തില്‍ ജീവിക്കുന്നവയാണ് . സമുദ്ര ദേവനായ വരുണന്റെ വാഹനമായ മകര എന്നത് ഒരു ജലജീവിയാണ്. ക്ഷേത്ര നടകളില്‍ ഇവയുടെ രൂപം കല്ലില്‍ കൊത്തിവെച്ചത് കാണാം. ഇതില്‍ നിന്നാണ് മഗര്‍ എന്ന പേര് ഈ മുതലകള്‍ക്ക് / ചീങ്കണ്ണികള്‍ക്ക് കിട്ടിയത്. ദക്ഷിണ ഇറാന്‍, പാക്കിസ്ഥാന്‍, ഇന്ത്യ ,നേപ്പാള്‍, ശ്രീലങ്ക മുതല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം വരെ വ്യാപിച്ച് ഇവരുടെ സാന്നിദ്ധ്യം കാണാം. തടാകങ്ങള്‍ , നദികള്‍,കുളങ്ങള്‍ ചതുപ്പുകള്‍ തുടങ്ങിയ ഇടങ്ങളിലാണവ ജീവിക്കുക. കേരളത്തില്‍ ഇവയെ സ്വാഭാവികമായി പറമ്പിക്കുളം, ചാലക്കുടി പുഴ, ഇടമലയാര്‍, ചിന്നാര്‍, വയനാട്, കബനി എന്നിവിടങ്ങളില്‍ ആണ് കാണാറുള്ളത് .

മുഖത്തിന്റെ മുന്നറ്റം നീണ്ട് വീതിയിലാണുണ്ടാകുക. നല്ല നീന്തല്‍കാരാണിവര്‍.. പെണ്‍ മുതലകള്‍ രണ്ട് മുതല്‍ രണ്ടര മീറ്റര്‍ നീളമുണ്ടാകും. ആണ്‍ മുതലകള്‍ക്ക് മൂന്ന് മൂന്നര മീറ്ററും. അപൂര്‍വ്വമായി അഞ്ച് മീറ്റര്‍ വരെ നീളം വെക്കാറുണ്ട് . ചൂട് കൂടിയാലും വളരെയധികം കുറഞ്ഞാലും മണ്ണില്‍ കുഴികുത്തി അതില്‍ കിടക്കാന്‍ ശ്രമിക്കും. മണ്ണില്‍ ഉണ്ടാക്കുന്ന കുഴികളിലാണ് പെണ്‍ മുതല മുട്ടയിടുക. മുട്ടവിരിഞ്ഞ് ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍ ആണാണോ പെണ്ണാണോ എന്നത് ചൂടിനെ ആശ്രയിച്ചിരിക്കും. കുഞ്ഞുങ്ങളെ ഒരു വര്‍ഷത്തോളം പരിപാലിക്കും. കുഞ്ഞുങ്ങള്‍ പലതരം പ്രാണികളേയും വണ്ടുകളേയും മറ്റുമാണ് തീറ്റയാക്കുക. മുതിര്‍ന്നവര്‍ മത്സ്യം, ഉരഗങ്ങള്‍ പക്ഷികള്‍ സസ്തനികള്‍ എന്നിവയെ ഒക്കെ തിന്നും. കുഞ്ഞുങ്ങള്‍ കറുത്ത കുത്തുകളോടെ മങ്ങിയ ഒലിവ് നിറത്തില്‍ ആണുണ്ടാകുക. എന്നാല്‍ മുതിര്‍ന്നവര്‍ കടും ഒലിവ് , ബ്രൗണ്‍, ഗ്രേ നിറത്തിലൊക്കെ കാണാം. മടക്കുകളില്ലാത്ത പരുക്കന്‍ തൊലിയോടെയാണ് തല. കഴുത്തില്‍ ധാരാളം ശല്‍ക്കങ്ങള്‍ കാണാം. വായില്‍ മുകള്‍ നിരയില്‍ ഓരോഭാഗത്തും പത്തൊന്‍പത് പല്ലുകള്‍ വീതം ഉണ്ടാകും.

വയറുരച്ച് കരയിലൂടെ നടക്കാന്‍ കഴിയും. രാത്രികളില്‍ വളരെ ദൂരം ഇവ വെള്ളക്കെട്ടുകള്‍ തേടി കരയിലൂടെ നടക്കും. തണുപ്പ് സമയത്ത് കരയില്‍ വെയില്‍കാഞ്ഞ് കിടക്കുന്ന ശീലം ഉണ്ട്. ഊര്‍ജ്ജ സംരക്ഷണത്തിനായി വളരെ നേരം ഒട്ടും അനങ്ങാതെ ചത്തതുപോലെ ഇവര്‍ കിടക്കും.

കായൽ മുതല| By Obtained from Molly Ebersold of the St. Augustine Alligator Farm -
http://www.fhwa.dot.gov/byways/photos/53733, Public Domain, https://commons.wikimedia.org/w/index.php?curid=577379

കായല്‍ മുതല Crocodylus porosus

ഉപ്പ് വെള്ളത്തില്‍ ജീവിക്കുന്നവരാണിവര്‍. ഉപ്പ് വെള്ളം ഉള്ള കായലുകള്‍, ചതുപ്പുകള്‍, നദികളുടെ അഴിമുഖങ്ങള്‍ , കണ്ടല്‍ കാടുകള്‍ എന്നിവിടങ്ങളിലൊക്കെ കാണപ്പെടുന്ന ഇവര്‍ കേരളത്തിലും ഉണ്ടായിരുന്നു. പക്ഷെ അടുത്തകാലത്തൊന്നും ഇവയെ നമ്മുടെ നാട്ടില്‍ കണ്ടതിന് തെളിവുകള്‍ ഇല്ല. ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവും വലിയ ഉരഗം ആണ് ഇവര്‍. ആണ്‍ മുതലകള്‍ ചിലപ്പോള്‍ ആറുമീറ്റര്‍ വരെ നീളം വെക്കും. 1000 കിലോ ഭാരവും ഉണ്ടാകും. പെണ്‍ മുതലകള്‍ ആണിനേക്കാള്‍ ചെറുതാണ്. estuarine crocodile, Indo-Pacific crocodile, marine crocodile, sea crocodile എന്നീ പേരുകളിലെല്ലാം ഇവര്‍ അറിയപ്പെടുന്നുണ്ട്. മനുഷ്യരെയും ഇവര്‍ ആക്രമിക്കും. ഇരപിടിയന്മാരില്‍ ഏറ്റവും മുകളിലേ തട്ടിലുള്ളവരാണിവര്‍. മൊത്തമായി വിഴുങ്ങുകയാണ് ചെയ്യുക. വീതിയുള്ള മുന്‍ഭാഗം ആണിവര്‍ക്ക് ഉള്ളത്. മഗര്‍ മുതലകളേക്കാള്‍ ഈ ഭാഗത്തിന് നീളവും ഉണ്ടാകും. കണ്ണിന് അരികിലൂടെ മുഖത്തിന്റെ മദ്ധ്യഭാഗത്തേക്ക് നീളുന്ന ഉയര്‍ന്ന വരമ്പ് ഉണ്ട്. കുഞ്ഞുങ്ങള്‍ക്ക് ശരീരത്തിലും വാലിലും കറുത്ത വരകളും കുത്തുകളും ഉള്ള മങ്ങിയ മഞ്ഞനിറമാണ് വര്‍ഷങ്ങളോളം ഉണ്ടാകുക. മുതിര്‍ന്നവര്‍ക്ക് കടുപ്പമുള്ള ഇരുണ്ട പച്ചപ്പാര്‍ന്ന നിറമാണുണ്ടാകുക. കറുത്തിരുണ്ടും മങ്ങിയും ഒക്കെ പല നിറഭേദങ്ങളില്‍ ഇവയെ കാണാറുണ്ട്. അടിഭാഗം വെളുപ്പോ മഞ്ഞയോ നിറത്തിലാണുണ്ടാകുക. ഇവയുടെ ഭാരം സ്‌ക്വയര്‍ ക്യൂബ് നിയമപ്രകാരം ആണുണ്ടാകുക. അഞ്ചു മീറ്റര്‍ നീളമുള്ളതിന്റെ ഇരട്ടി ഭാരമുണ്ടാകും ആറു മീറ്റര്‍ നീളമുള്ള മുതലയ്ക്ക്. ഇത്ര വലിപ്പക്കാരായി വളരുമെങ്കിലും ഇവരുടെ കുഞ്ഞുങ്ങള്‍ വളരെ ചെറുതാണ്. 28 സെന്റീ മീറ്റര്‍ നീളവും 71 ഗ്രാം ഭാരവും മാത്രമാണ് കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങിയ ഉടനെ ഉണ്ടാകുക.

ഏറ്റവും ശക്തിയില്‍ കടിക്കാന്‍ കഴിയുന്ന ജീവിയും ഇതാണ്.

വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളില്‍ വളരെകുറച്ചെണ്ണം മാത്രമേ അതിജീവിക്കാറുള്ളുവെങ്കിലും ഇവര്‍ 70 വര്‍ഷം വരെ ആയുസുള്ളവരാണ്. ഇത്തരം ക്രോകോഡൈലുകള്‍ക്ക് ഉപ്പുവെള്ളത്തില്‍ ജീവിക്കാന്‍ സഹായിക്കുന്ന പ്രത്യേക തരം ഗ്രന്ഥികള്‍ നാവിലുണ്ട് lingual salt glands . ഇതു വഴി ശരീരത്തിലുള്ള അമിത ലവണാംശം പുറത്ത് കളയാന്‍ ഇവര്‍ക്ക് കഴിയും. അലിഗേറ്ററുകള്‍ക്കും ഈ ഗ്രന്ഥികള്‍ ഉണ്ടെങ്കിലും അത്രമാത്രം വികസിച്ചിട്ടില്ല. അതിനാല്‍ അലിഗേറ്റര്‍മാര്‍ കൂടുതലായും ശുദ്ധജല പരിസരങ്ങളില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു.

നമ്മൾ ചീങ്കണ്ണികൾ എന്ന വിളിക്കുന്ന ഗരിയൽ അഥവാ മീൻമുതലകൾ | By Charles J. Sharp - Own work, from Sharp Photography,
sharpphotography.co.uk, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=65657797

ഗറിയല്‍ / ഗവിയല്‍ മീന്മുതലകള്‍

Gharial, gavial , fish-eating crocodileഎന്നൊക്കെ അറിയപ്പെടുന്ന (Gavialis gangeticus) Gavialis ജനുസില്‍ പെടുന്ന ഇനമാണ് വടക്കേ ഇന്ത്യയില്‍ കാണുന്ന മീന്മുതലകള്‍. ആണ്‍ മുതലകള്‍ 3-6 മീറ്റര്‍ വരെ നീളമുണ്ടാകും. മുതിര്‍ന്ന ആണ്‍ മുതലകളുടെ ഇടുങ്ങി നീണ്ട മുഖത്തിന്റെ അഗ്രത്തില്‍ മൂക്കില്‍ ഒരു കുടം വെച്ചതുപോലെ ഒരു സംവിധാനം ഉണ്ട്. അതിലൂടെ ചീറ്റല്‍ ശബ്ദം ഉണ്ടാക്കാന്‍ ഇവര്‍ക്ക് കഴിയും. ഹിന്ദിയില്‍ മണ്‍പാത്രത്തിന് ഘര എന്നാണ് പറയുക. അതില്‍ നിന്നാണ് ഇവര്‍ക്ക് ഗരിയല്‍ ,ഗവിയല്‍ എന്നൊക്കെ പേര് കിട്ടിയത്. നീളന്‍ വായില്‍ ഉള്ള കൂര്‍ത്ത 110 പല്ലുകള്‍ സഹായിക്കുന്നതിനാല്‍ ഇവര്‍ മീനുകളെയാണ് പ്രധാനമായും ഭക്ഷണം ആക്കുന്നത്.

അല്ലിഗേറ്ററുകൾ വായടച്ചാൽ കൂടുതലും മേൽതാടിയിലെ പല്ലുകൾ മാത്രമേ ദൃശ്യമാവുകയുള്ളൂ |
By Norbert Nagel, Mörfelden-Walldorf, Germany - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=17042074

അമേരിക്കയില്‍ കാണപ്പെടുന്ന അലിഗേറ്റര്‍ മാരുടെ മേല്‍ താടി കീഴ്താടിയെ വീതിയില്‍ കടന്ന് നില്‍ക്കും. കൂടാതെ കീഴ്താടിയിലെ പല്ലുകള്‍ മേല്‍താടിയിലെ വിടവുകളില്‍ കൃത്യമായി മറഞ്ഞ് നില്‍ക്കുന്നതിനാല്‍ വായടച്ച് പിടിച്ചാല്‍ അവയുടെ കീഴ്താടിയിലെ പല്ലുകള്‍ പുറത്ത് കാണില്ല. എന്നാല്‍ ക്രൊക്കോഡൈലുകള്‍ വായടച്ച് പിടിച്ചാലും മുകളിലേയും കീഴിലേയും കുറേ പല്ലുകളുടെ ഭാഗം കോര്‍ത്തുവെച്ചപോലെ പുറമേക്ക് കാണാന്‍ കഴിയും. കൂടാതെ അലിഗേറ്റര്‍മാരുടേ മൂക്ക് വീതിയുള്ളതും അഗ്രഭാഗം വളഞ്ഞ് U ആകൃതിയിലും ആണുണ്ടാകുക. എന്നാല്‍ ക്രൊകോഡൈലുകളുടേ നീളം കൂടി കൂര്‍ത്ത ആകൃതിയിലുള്ള മൂക്കിന്റെ അഗ്രം V ആകൃതിയിലാണുണ്ടാകുക. എങ്കിലും മഗര്‍ ക്രൊകോഡൈലുകളുടെ (Crocodylus palustris) മൂക്കഗ്രം കൂര്‍ത്തല്ല, വളഞ്ഞ് U ആകൃതിയിലാണ് .

Content Highlights: Bandhukkal Mithrangal column on crocodile and allegators, vijayakumar blathur, environment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented