
ഇന്ത്യയുടെ പടഞ്ഞാറു ഭാഗത്ത് പശ്ചിമഘട്ടമുള്ളതിനു സാമാനമായി തെക്കേ അമേരിക്കയിലുള്ള പര്‍വ്വതനിരയാണ് ആന്‍ഡീസ്. ഇതിനു കിഴക്ക് ലോകത്തേറ്റവും വലിയ മഴക്കാടുകളായ ആമസോണ്‍ വനങ്ങളും ഏറ്റവും വലിയ നദിയായ ആമസോണ്‍ നദിയും ഉള്ളപ്പോള്‍ പടിഞ്ഞാറു ഭാഗത്തെ വലിയൊരു ഭാഗത്ത് അറ്റകാമ മരുഭൂമിയാണുള്ളത്. അറ്റകാമയിലെ വിശേഷങ്ങള്‍ മിക്കവയും അതിന്റെ കാഠിന്യത്താല്‍ ശ്രദ്ധേയമാണ്. ശരാശരി 600 മീറ്റര്‍ ഉയരമുള്ള ഈ മരുഭൂമിയില്‍ നാലായിരം മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങളുണ്ട്. പ്രാധാനമായും വടക്കന്‍ ചിലി, പെറു, ബൊളീവിയ, അര്‍ജന്റീന എന്നിവിടങ്ങളിലായിട്ടാണ് അറ്റകാമ വ്യാപിച്ചു കിടക്കുന്നത്. ധ്രുവങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ലോകത്തിലെ ഏറ്റവും വരണ്ട മരുഭൂമിയായി ഇത് കണക്കാക്കപ്പെടുന്നു. ഇത്രയും കടുത്ത വരള്‍ച്ചയാവുമ്പോഴും വിരളമായി ഇവിടെ പലതരം സസ്യങ്ങളെയും കാണാം.
ശാന്തസമുദ്രത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ മരുഭൂമിക്ക് കേരളത്തിന്റെ രണ്ടര മടങ്ങിലേറെ വിസ്താരമുണ്ട്. വളരെ കുറച്ച് മഴ മാത്രം ലഭിക്കുന്ന ഈ മരുഭൂമിയുടെ ചില ഭാഗങ്ങളില്‍ ചരിത്രത്തില്‍ ഒരിക്കലും മഴ രേഖപ്പെടുത്തിയിട്ടില്ല. അറ്റകാമയുടെ തീരത്തുകൂടി വടക്കോട്ട് ഒഴുകുന്ന ഉപ്പുരസം കുറഞ്ഞ തണുത്ത ഹംബോള്‍ട്ട് കറണ്ട് എന്നറിയപ്പെടുന്ന ഒരു സമുദ്രജലപ്രവാഹമുണ്ട്. ഇതിലെ തണുത്ത ജലവും അതോടൊപ്പം വരുന്ന വരണ്ട കാറ്റും മഴമേഘങ്ങളുടെ രൂപവത്കരണത്തെ തടയുന്നതാണ് ഇവിടമൊരു മരുഭൂമിയായി മാറാന്‍ കാരണം. കൂടാതെ ആമസോണ്‍ തടത്തില്‍നിന്നുള്ള ഈര്‍പ്പമുള്ള വായു ആ പ്രദേശത്ത് എത്താതെ ആന്‍ഡീസ് പര്‍വതങ്ങള്‍ തടയുക കൂടി ചെയ്യുമ്പോള്‍ അറ്റകാമയുടെ മരുവല്‍ക്കരണം പൂര്‍ണ്ണമായെന്നു പറയാം.
പഠനങ്ങളുടെ പരീക്ഷണശാല
കടുത്ത വരള്‍ച്ച, സസ്യങ്ങളുടെ അഭാവം, ധാതുസമ്പന്നമായ ഭൂപ്രദേശം എന്നിവ കാരണം ചൊവ്വാ ഗ്രഹത്തിനെ പോലെയാണ് ഇവിടുത്തെ പ്രതലം. നാസയും മറ്റ് ബഹിരാകാശ ഏജന്‍സികളും മരുഭൂമിയെ ചൊവ്വയില്‍ സഞ്ചരിക്കാനുള്ള റോവറുകളുടെയും മറ്റു ഉപകരണങ്ങളുടെയും പരീക്ഷണകേന്ദ്രമായി അറ്റകാമ മരുഭൂമിയെ ഉപയോഗിക്കാറുണ്ട്. അതുപോലെ കഠിനമായ അന്തരീക്ഷം ഉള്ളതിനാല്‍ അത്തരം പ്രദേശങ്ങളിലെ സാഹചര്യങ്ങളില്‍ അതിജീവിക്കാന്‍ കഴിയുന്ന ജീവിതരീതികളെക്കുറിച്ച് പഠിക്കാനുള്ള സ്ഥലമായും ഇവിടം ഉപയോഗിച്ചുവരുന്നു. വരണ്ടതാണെങ്കിലും, അറ്റകാമ മരുഭൂമിയില്‍ വ്യത്യസ്തമായ പലതരം ആവാസവ്യവസ്ഥകള്‍ കാണാറുണ്ട്. ഉപ്പ് പരപ്പുകള്‍, ഉപ്പ് തടാകങ്ങള്‍, ഗെയ്‌സറുകള്‍, സസ്യങ്ങള്‍ക്ക് വളരാനേ കഴിയാത്ത വരണ്ട പ്രദേശങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മരുഭൂമിയിലെ ചില പ്രദേശങ്ങളില്‍ കമാന്‍ചാക്ക (camanchaca) എന്ന് വിളിക്കുന്ന തീരദേശത്തുകാണുന്ന മൂടല്‍മഞ്ഞില്‍ ലഭിക്കുന്ന ഈര്‍പ്പം ഉപയോഗിച്ച് വളരുന്ന ചില പ്രത്യേക സസ്യങ്ങളെയും മൃഗങ്ങളെയും കാണാന്‍ കഴിയും.
തെളിഞ്ഞ ആകാശം, കുറഞ്ഞ ഈര്‍പ്പം, കുറഞ്ഞ പ്രകാശ മലിനീകരണം എന്നീ പ്രത്യേകതകള്‍ ഉള്ളതിനാല്‍ അറ്റകാമ മരുഭൂമി ജ്യോതിശാസ്ത്ര പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും പ്രശസ്തമാണ്. ഇവിടെനിന്നു രാത്രിയില്‍ ആകാശം നിരീക്ഷിക്കുമ്പോള്‍ വളരെ മികവുള്ള ആകാശക്കാഴ്ച ലഭിക്കും. അറ്റകാമ ലാര്‍ജ് മില്ലിമീറ്റര്‍ അറേ (ALMA) ഉള്‍പ്പെടെ നിരവധി പ്രധാന ജ്യോതിശാസ്ത്ര നിരീക്ഷണശാലകള്‍ പ്രപഞ്ചത്തെ പഠിക്കുന്നതിനായി ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്. കൂടാതെ ഗണ്യമായ ചെമ്പ് ശേഖരത്തിന് പേരുകേട്ട അറ്റകാമ മരുഭൂമിയില്‍നിന്നു നൈട്രേറ്റ്, ലിഥിയം, സ്വര്‍ണ്ണം, വെള്ളി, ബോറോണ്‍ എന്നിവയും ലഭിക്കുന്നുണ്ട്. നക്ഷത്രനിബിഡമായ ആകാശം, കഠിനമായ സ്ഥലങ്ങളിലെ ജീവികളുടെ നിലനില്‍പ്പ്, ധാതുസമ്പത്ത് എന്നിവയെല്ലാം കാണാനും അറിയാനും സഞ്ചാരികളും ഇവിടെ എത്താറുണ്ട്. അങ്ങനെ വികസിച്ച ഒന്നാണ് ഈ മേഖലയിലെ ഏറ്റവും വലിയ നഗരമായ അന്റോഫാഗസ്റ്റ.
അറ്റക്കാമയില്‍ ഫാഷനാണ് വില്ലന്‍
മനുഷ്യന്റെ കാല്‍പ്പാദങ്ങള്‍ കാര്യമായി പതിയാതെ ഒറ്റപ്പെട്ട സുന്ദരഭൂമിയായി നിലനില്‍ക്കുകയാവും അറ്റകാമ മരുഭൂമിയെന്നു കരുതിയെങ്കില്‍ തെറ്റി. വലിയ അളവിലാണ് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നും ഉപയോഗിച്ച ശേഷമുള്ള തുണിത്തരങ്ങള്‍ അറ്റകാമ മരുഭൂമിയില്‍ കൊണ്ടുവന്ന് തള്ളുന്നത്.
മനുഷ്യര്‍ വസ്ത്രം ഉപയോഗിക്കുന്ന രീതിക്ക് കഴിഞ്ഞ ഏതാനും വര്‍ഷം കൊണ്ട് ഭീമമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. വേഗത്തില്‍, കുറഞ്ഞ വിലയില്‍ ധാരാളമായി നിര്‍മ്മിച്ചെടുക്കുന്ന ഫാസ്റ്റ് ഫാഷന്‍ എന്നറിയപ്പെടുന്ന ഈ രീതിയെ ഉടനടി പരിഹരിക്കേണ്ട പാരിസ്ഥിതിക പ്രതിസന്ധി എന്നാണ് ഐക്യരാഷ്ട്ര സഭ വിളിക്കുന്നത്. 2000-ത്തിനും 2014-നും ഇടയില്‍ ലോകത്തെ വസ്ത്ര ഉത്പാദനം ഇരട്ടിച്ചു. വില്‍പനയില്‍6 0% വര്‍ധനവാണ് ഈ കാലയളവില്‍ ഉണ്ടായത്. പക്ഷേ പണ്ട് ഉപയോഗിച്ചിരുന്നതിലും പകുതിക്കാലമേ വസ്ത്രങ്ങള്‍ ഉപയോഗിക്കപ്പെടുന്നുള്ളൂ.
ഇപ്പോള്‍ നിര്‍മ്മിക്കുന്ന വസ്ത്രങ്ങളുടെ അഞ്ചില്‍ മൂന്നും അവ നിര്‍മ്മിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ത്തന്നെ ഉപേക്ഷിക്കുകയാണത്രേ. അവയെല്ലാം എത്തിച്ചേരുന്നതോ വേണ്ടവിധം പുനരുപയോഗിക്കാനോ സംസ്‌കരിക്കാനോ സാധ്യമല്ലാത്ത ഇടങ്ങളിലും. അവിടെ അവ കുന്നുകൂട്ടിയിടുകയോ കത്തിച്ചു കളയുകയോ ചെയ്യുന്നു. ലോകത്തെങ്ങും ഒരു സെക്കന്റില്‍ ഒരു ട്രക്ക് നിറയെ വസ്ത്രങ്ങള്‍ ആണത്രേ ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്നത്. ഇത്തരത്തില്‍ മലപോലെ കൂട്ടിയിട്ടിരിക്കുന്ന വസ്ത്രങ്ങളുടെ കൂട്ടങ്ങള്‍ തന്നെ ചിലിയിലെ അറ്റകാമ മരുഭൂമിയില്‍ കാണാം. വികസിത രാജ്യങ്ങളുടെ മാലിന്യങ്ങള്‍ കൊണ്ടുവന്നു തള്ളാനുള്ള ഇടമായി മാറിയിരിക്കുന്നു മറ്റു വിധത്തില്‍ അതിസുന്ദമായ ഈ മരുഭൂമി.
തദ്ദേശീയമായ തൊഴില്‍മേഖലയ്ക്കും സാമ്പത്തികരംഗത്തിനും ഊര്‍ജ്ജം പകരാന്‍ ചിലി തങ്ങളുടെ തീരപ്രദേശത്തുള്ള ഇക്വിക്ക് തുറമുഖത്തെ ഡ്യൂട്ടിഫ്രീ തുറമുഖമാക്കി മാറ്റി. ഇറക്കുമതിയേയും ഇറക്കുമതി ചെയ്തവ സംസ്‌കരിച്ചവ കയറ്റുമതി ചെയ്ത് സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജ്ജം പകരുകയായിരുന്നു ചിലിയുടെ ലക്ഷ്യം. തെക്കേ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഡ്യൂട്ടിഫ്രീ തുറമുഖമാണ് ഇത്. അന്നാട്ടിലുള്ളവര്‍ക്ക് സ്വപ്നം പോലും കാണാനാവാത്ത ബ്രാന്റ് വസ്ത്രങ്ങള്‍ അവിടെയെത്തി. എന്നാല്‍, പതിയെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ദശലക്ഷക്കണക്കിനു ടണ്‍ ഉപയോഗിച്ചതും ഉപേക്ഷിച്ചതുമായ തുണിത്തരങ്ങളാണ് തുറമുഖം വഴി ഇങ്ങോട്ടെത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം നാലര കോടി ടണ്‍ തുണിയാണ് ഇവിടെയെത്തിയത്. എന്നാലോ അവിടെ എത്തുന്നതിലേറെയും പിന്നീട് ഒരുതരത്തിലും ഉപയോഗിക്കാന്‍ കഴിയാത്ത വസ്ത്രങ്ങളും.

ഇറക്കുമതി ചെയ്യുന്ന വസ്ത്രങ്ങള്‍ തരംതിരിച്ച് കയറ്റുമതി ചെയ്യുക എന്നതായിരുന്നു പദ്ധതി കൊണ്ട് ഉദ്ദേശിച്ചിരുന്നത്. നിരവധി തൊഴില്‍മേഖലകള്‍ ഇതോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നുമുണ്ട്. രണ്ടായിരത്തോളം സംരഭങ്ങളിൽ പകുതിയിലേറെയും വിദേശ ഉടമസ്ഥതയില്‍ ഉള്ളവയുമാണ്. അമേരിക്കയില്‍നിന്നും യൂറോപ്പില്‍നിന്നും എത്തുന്ന തുണികള്‍ ജീവനക്കാര്‍ അവയുടെ ഗുണമേന്മയനുസരിച്ച് വിവിധങ്ങളായി വേര്‍തിരിക്കുന്നു. മികവുള്ളത് കയറ്റുമതി ചെയ്യുന്നു. കയറ്റുമതി ചെയ്യാന്‍ മാത്രം നിലവാരമില്ലാത്തത് ട്രക്ക് ഡ്രൈവര്‍മാര്‍ നഗരപ്രാന്തപ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നു, അവിടെവച്ച് അവ ഒന്നുകൂടി വേര്‍തിരിച്ച് തദ്ദേശീയ കടകളില്‍ വില്‍ക്കപ്പെടുന്നു. ല ക്വെബ്രാഡില്ല എന്ന ഒരു കച്ചവടത്തെരുവില്‍ ഇത്തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന 7000 കടകള്‍ ഉണ്ട്.

അവിടെയും പറ്റാത്തവ നേരെ മരുഭൂമിയിലേക്ക് കൊണ്ടുപോയി ഉപേക്ഷിക്കുന്നു. ഇറക്കുമതി ചെയ്യുന്നവയില്‍ വലിയ ഭാഗവും ഒരു തരത്തിലും ഉപയോഗിക്കാന്‍ പറ്റാത്തവയാണ്. കൃത്രിമനാരുകള്‍ കൊണ്ടുണ്ടാക്കിയ വസ്ത്രങ്ങള്‍ ഒരു തരത്തിലും നശിക്കാതെ കാലങ്ങളോളം അങ്ങനെ കിടക്കും. ആ കൂമ്പാരങ്ങളിലും ചിലര്‍ വസ്ത്രങ്ങള്‍ക്കായി തിരയും. മാലിന്യക്കൂമ്പാരങ്ങള്‍ക്ക് ഒരു പരിധിയിലേറെ വലിപ്പം വയ്ക്കുമ്പോള്‍ അറിഞ്ഞും അറിയാതെയും അവയ്ക്ക് തീ പിടിക്കും. ഒരു തരം പ്ലാസ്റ്റിക് തന്നെയായ പോളിയെസ്റ്റര്‍ വസ്ത്രങ്ങള്‍ നിന്നു കത്തും. കടുത്ത വിഷപ്പുക അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കും. മാലിന്യം ഉപേക്ഷിക്കുന്നതില്‍ നിര്‍മ്മാതാക്കള്‍ക്ക് തന്നെ പിഴ ഈടാക്കുന്ന ഒരു നിയമം ചിലി ഉണ്ടാക്കിയെങ്കിലും വസ്ത്രങ്ങള്‍ അതിന്റെ പരിധിയില്‍ ഉണ്ടായിരുന്നില്ല. പുതിയ നിയമനിര്‍മ്മാണത്തില്‍ക്കൂടിയും കര്‍ശനമായ നടപ്പാക്കലില്‍ക്കൂടിയും മാത്രമേ അറ്റകാമ മരുഭൂമിയെ മാലിന്യക്കൂമ്പാരമാക്കി മാറ്റുന്ന ഈ പരിപാടി നിര്‍ത്താന്‍ ആവുകയുള്ളൂ.
Content Highlights: Eco Story, vinayaraj, Atacama Desert, fashion pollution, environment news
Published: 18 May 2023, 03:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented