
സമുദ്രത്തിലെ ഭക്ഷ്യശൃംഖലയുടെ വളരെ പ്രധാനപ്പെട്ട കണ്ണിയായ തിമിംഗലങ്ങൾ കടലിലെ ആവാസവ്യവസ്ഥയുടെ ആരോഗ്യപരമായ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. അനുദിനം എണ്ണം കുറഞ്ഞുവരുന്ന ഇവയുടെ നാശം സമുദ്രത്തിലെ ജീവന്റെ നിലനിൽപ്പിനുതന്നെ കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. വായു ശ്വസിക്കുന്ന, ഉഷ്ണരക്തമുള്ള, കുഞ്ഞുങ്ങളെ പ്രസവിച്ചു വളർത്തുന്ന സസ്തനികളാണ് ഇവ. പുരാതനകാലം മുതൽ തിമിംഗലവേട്ട നടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതൽ വ്യാപകമായി വേട്ടയാടപ്പെട്ട് തിമിംഗലങ്ങളുടെ എണ്ണം അപകടമാംവിധം കുറഞ്ഞപ്പോൾ 1946 -ൽ തിമിംഗലവേട്ടയ്ക്ക് ലോകരാജ്യങ്ങൾ ചേർന്ന് നിരോധനം കൊണ്ടുവരികയുണ്ടായി.

തിമിംഗലങ്ങളെ ഇറച്ചിക്കും ശരീരത്തിലെ കൊഴുപ്പിനും എല്ലുകൾ ഉപയോഗിച്ച് ആഭരണങ്ങൾ ഉണ്ടാക്കാനും വേണ്ടിയാണ് വേട്ടയാടുന്നത്. 1904-1987 കാലയളവിൽ 14 ലക്ഷത്തോളം തിമിംഗലങ്ങളെയാണ് കൊന്നിട്ടുള്ളത്. എണ്ണം ക്രമാതീതമായി താഴ്ന്നതിനാൽ അന്റാർട്ടിക്ക പ്രദേശങ്ങളിൽ 1964 -ൽ നീലത്തിമിംഗലവേട്ട നിരോധിക്കുമ്പോൾ 20,000 -ത്തിനടുത്ത് ഉണ്ടായിരുന്ന അവയുടെ എണ്ണം ഇന്നും ഏതാണ്ട് 20,000 എണ്ണം മാത്രമേയുള്ളൂ. 200 വർഷത്തോളം ജീവിക്കുന്ന ഇവയിൽ പുനരുത്പാദനം വളരെ പതുക്കെയാണ്. ഒരിക്കൽ നഷ്ടമായാൽ സമുദ്ര ജൈവസമൂഹങ്ങളെ തിരിച്ചുകൊണ്ടുവരാൻ അത്രയെളുപ്പമല്ലെന്നാണ് ഇതു കാണിക്കുന്നത്.
ഗവേഷണത്തിനെന്ന പേരിൽ ജപ്പാൻ തിമിംഗലങ്ങളെ വ്യാപകമായി ഇന്നും പിടിക്കുന്നു. നിരോധനം നിലവിലുള്ളപ്പോഴും 1986 മുതൽ 25,000 തിമിംഗലങ്ങളാണ് കൊല്ലപ്പെട്ടത്. അന്താരാഷ്ട്രതലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയൊന്നും കർശനമായി പാലിക്കപ്പെടാറില്ല. പണം ഉപയോഗിച്ചാണ് ജപ്പാനും നോർവേയും തങ്ങൾക്കനുകൂലമായി മറ്റു രാജ്യങ്ങളെ വോട്ടുചെയ്യിക്കുന്നത്. പലപ്പോഴും ഒരു ത്രില്ല് എന്ന രീതിയിൽ വേട്ട നടത്തുന്ന ഈ രാജ്യങ്ങൾ അവർ പിടിക്കുന്ന മാംസം കാലിത്തീറ്റയായിപ്പോലും ഉപയോഗിക്കുന്നു. വളരെ ക്രൂരമായ രീതിയിൽ വേട്ടയാടപ്പെടുന്ന ഇവ വളരെപ്പതുക്കെ മാത്രമേ ചാവാറുമുള്ളൂ.
തിമിംഗല വേട്ട പുനരാരംഭിക്കുമെന്ന് ജപ്പാൻ പ്രഖ്യാപിച്ചു കഴിഞ്ഞു.
തിമിംഗലവേട്ട എന്ന ക്രൂരവിനോദം
രണ്ടോ മൂന്നോ കുന്തത്തിൽ ഒരു കുതിരയെ കോർത്ത് തെരുവിലൂടെ ഒരു ട്രക്കിൽക്കെട്ടി ചോര വാർന്നുകൊണ്ടിരിക്കുന്ന രീതിയിൽ വലിച്ചുകൊണ്ടുപോകുന്നതു സങ്കൽപ്പിക്കാമെങ്കിൽ അങ്ങനെയാണ് തിമിംഗലവേട്ട എന്നാണ് വേട്ടക്കപ്പലിൽ സഞ്ചരിച്ച ഒരു ഡോക്ടർ അഭിപ്രായപ്പെട്ടത്. പലപ്പോഴും ഓടിച്ച് അവശരാക്കിയ നിലയിൽ എത്തിച്ചുകഴിഞ്ഞതിനു ശേഷം മാത്രമേ അതിന്റെ നേരേ കൂർത്ത അമ്പ് എയ്തുതറപ്പിക്കാറുള്ളൂ. മിക്കതും ഒരു അമ്പുകൊണ്ടൊന്നും ചാവുകയുമില്ല. പിടിച്ച തിമിംഗലത്തെ വേട്ടക്കപ്പലുകളിലേക്ക് വലിച്ചുകൊണ്ടുവന്നാണു കയറ്റുന്നത്. വാലറ്റത്തു മാത്രമെങ്ങാൻ അമ്പുകൊണ്ടവയാണെങ്കിൽ തലഭാഗം വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന രീതിയിൽ വലിച്ചിഴയ്ക്കുന്നതിനിടെ ശ്വാസം കിട്ടാതെയാവും കൊല്ലപ്പെടുക. ഇതുകൂടാതെ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വലിയ വലകളിൽ കുടുങ്ങിയും കടലിലെ മാലിന്യങ്ങൾ അകത്തുചെന്നും ഇവ ചത്തു പോവാറുണ്ട്. മുലയൂട്ടുന്ന തിമിംഗലങ്ങളുടെ ഉള്ളിലെത്തുന്ന വിഷങ്ങൾ അവയുടെ കുട്ടികളിൽ അസുഖങ്ങൾ ഉണ്ടാക്കുന്നുണ്ട്. തിരക്കേറിയ കപ്പൽപ്പാതകളിലെ ശബ്ദശല്യം, കടൽ സർവ്വെയ്ക്ക് ഉപയോഗിക്കുന്ന സോണാർ, രാസമാലിന്യങ്ങൾ, കടലുകളിൽ സ്ഥാപിക്കുന്ന കാറ്റാടികൾ, കാലാവസ്ഥാവ്യതിയാനം എന്നിവയെല്ലാം തിമിംഗലങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.

ഭൂമിയിലെ ഏതെങ്കിലും ജീവികളുടെ ആകെ തൂക്കമെടുത്താൽ ഏറ്റവും കൂടുതൽ ഭാരം ഉണ്ടാവുക ക്രില്ലുകൾക്ക് ആയിരിക്കും. ഏതാണ്ട് 40 കോടി ടൺ ആണത്രേ കടലിലെ ചെറുജീവികളായ ക്രില്ലുകളുടെ എല്ലാം കൂടി ആകെ ഭാരം. ഇവയിലെ പകുതിയേയും അകത്താക്കുന്നതിൽ പ്രധാനികൾ തിമിംഗലങ്ങളാണ്. ഒരു നീലത്തിമിംഗലം ഒരു ദിവസം ഏതാണ്ട് നാലുകോടി ക്രില്ലുകളെയാണ് അകത്താക്കുന്നത്, ഈ തിമിംഗലങ്ങൾ ഇല്ലാതായാൽ ക്രില്ലുകളുടെ എണ്ണം പെരുകി ഉണ്ടാകാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ എന്തെല്ലാമായിരിക്കുമെന്ന് ചിന്തിക്കാൻ പോവും നമുക്കാവണമെന്നില്ല. അതുപോലെതന്നെ പ്രധാനമാണ് ചത്തുപോയ തിമിംഗലങ്ങളും. എത്രയോ ടൺ ഭാരമുള്ള അവയുടെ ദേഹം ആഴക്കടലിലെ ജീവിതങ്ങളെ നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഏതാണ്ട് 407 തരം ജീവികളാണ് തിമിംഗലത്തിന്റെ ശവശരീരത്തിന്റെ പരിസരത്ത് അതിനെ അകത്താക്കാൻ ഒത്തുചേരുന്നത്. തിമിംഗലങ്ങളുടെ മലത്തിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ അന്തരീക്ഷത്തിൽനിന്നു കാർബൺ വലിച്ചെടുക്കുന്ന ഫൈറ്റോപ്ലാംഗ്‌ടണുകളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നുണ്ട്. നാലു ലക്ഷം ടൺ കാർബൺ അന്തരീക്ഷത്തിൽനിന്നു നീക്കപ്പെടാൻ തക്ക സംഭാവനയാണത്രേ ഇതിനുള്ളത്.
ക്രില്ലുകളാണ് തിമിംഗലങ്ങളുടെ പ്രധാന ആഹാരം. ഒരു ദിവസം നാലുകോടി ക്രില്ലുകളെയെങ്കിലും ഇവ ഭക്ഷിക്കും.

പരിസ്ഥിതിയുടെയും അതിലെ ജീവന്റെയും നിലനിൽപ്പിന് ഓരോ ജീവിയും സസ്യവും പ്രാധാന്യമുള്ളതാവുമ്പോൾത്തന്നെ ഭക്ഷ്യശൃംഖലയുടെ ആരോഗ്യകരമായ നിലനിൽപ്പിന് ഏറ്റവും അത്യന്താപേക്ഷിതമായ തിമിംഗലങ്ങൾ ബാക്കിയാവേണ്ടത് ഭൂമിയിലെ ജീവന്റെ തന്നെ നിലനിൽപ്പിന് ഒഴിച്ചുകൂടാനാവാത്തതാണ്. തിമിംഗലങ്ങളുടെ ലോകത്തെപ്പറ്റി പറയുമ്പോൾ പെട്രോളിയം കണ്ടുപിടിച്ചിരുന്നില്ലെങ്കിൽ തിമിംഗലങ്ങൾ എന്നേ ഭൂമുഖത്തുനിന്നും ഇല്ലാതാവുമായിരുന്നു എന്നതും ഓർക്കേണ്ടതുണ്ട്. മാർഗരിൻ എന്ന കൊഴുപ്പിന്റെ കഥ അതുമായി ബന്ധപ്പെട്ടതാണ്.
സൈനികർക്കും സമൂഹത്തിലെ താഴെക്കിടയിലുള്ളവർക്കും ഉപയോഗിക്കാനായി നെപ്പോളിയന്റെ നിർദ്ദേശമനുസരിച്ച് ഫ്രാൻസിൽ വികസിപ്പിച്ചെടുത്ത ഭക്ഷ്യയോഗ്യമായ ഒരു കൊഴുപ്പാണ് മാർഗരിൻ. ഇത്തരത്തിൽ ഒന്നു നിർമ്മിച്ചെടുക്കാൻ കഴിയുന്നവർക്ക് വലിയൊരു തുക അദ്ദേഹം വാഗ്ദാനം ചെയ്തു. കന്നുകാലിക്കൊഴുപ്പും കുറച്ചു സോഡയും വെള്ളവും പാലും മഞ്ഞക്കളറും ചേർത്ത് ഖനരൂപത്തിൽ ഭക്ഷ്യയോഗ്യമായ ഒരു കൊഴുപ്പ് ഉണ്ടാക്കിയെടുക്കാൻ ഫ്രഞ്ചുകാരനായ മൗറീസിനു കഴിയുകയും ചെയ്തു. ഫ്രഞ്ചുകാർക്ക് അതത്ര പ്രിയങ്കരമായില്ലെങ്കിലും യൂറോപ്പിലാകമാനം മാർഗരിൻ വളരെ ജനകീയമായി മാറി. ഇന്ന് മൃഗജന്യമായ കൊഴുപ്പുകളും സസ്യയെണ്ണകളും ഉപയോഗിച്ച് മാർഗരിൻ ഉണ്ടാക്കാറുണ്ട്. സൂക്ഷിക്കാനും കൊണ്ടുനടക്കാനും തണുത്ത കാലാവസ്ഥയിൽ എളുപ്പം ഊർജ്ജം പ്രദാനം ചെയ്യാനും വിവിധ ആവശ്യങ്ങൾക്ക് ഇത് ഉപയോഗിച്ചുവരുന്നു.
യൂറോപ്പിലാകമാനം മാർഗരിൻ വളരെ ജനകീയമായി മാറി.

പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിലെ തെരുവുകളിലും വീടുകളിലും വെളിച്ചം പകർന്ന എണ്ണ പ്രധാനമായി ലഭിച്ചിരുന്നത് തിമിംഗലങ്ങളിൽനിന്ന് ലഭിക്കുന്ന കൊഴുപ്പിൽ നിന്നായിരുന്നു. തിമിംഗലവേട്ടയും അതിൽനിന്നുള്ള കൊഴുപ്പും വലിയ വ്യവസായമായിരുന്നു. പെട്രോളിയം ഉത്പ്പാദനം ആരംഭിച്ചതോടെ തിമിംഗലക്കൊഴുപ്പിന്റെ സ്ഥാനം മണ്ണെണ്ണ കയ്യടക്കി. ധാരാളമായി ഉണ്ടാക്കുന്ന തിമിംഗലക്കൊഴുപ്പിന് പുതിയ ആവശ്യങ്ങളും വിപണികളും കണ്ടെത്തേണ്ടതായി വന്നു അവ ഉണ്ടാക്കുന്ന വ്യവസായികൾക്ക്. അങ്ങനെയാണ് മാർഗരിൻ നിർമ്മാണത്തിന് തിമിംഗലക്കൊഴുപ്പ് ധാരാളമായി ഉപയോഗിക്കാൻ തുടങ്ങിയത്. ഭക്ഷ്യയോഗ്യമായ എണ്ണകളിൽ ഏറ്റവും വില കുറഞ്ഞു കിട്ടുന്നതായിരുന്നു തിമിംഗലക്കൊഴുപ്പ്. വലിയൊരു ബോട്ടിനെ തിമിംഗലബന്ധനത്തിനുള്ള ബോട്ട് ആക്കി മാറ്റാൻ വളരെ എളുപ്പമായിരുന്നു. വില കൂടുമ്പോൾ ഏല്ലാവരും ബോട്ടു വാങ്ങി തിമിംഗലത്തെ പിടിക്കാൻ ഇറങ്ങി. അമിതമായ ഉത്പ്പാദനത്താൽ ഇതിന്റെ വിലയും കുറഞ്ഞു . വില കുറയുമ്പോൾ മാരഗരിൻ നിർമ്മാതാക്കൾ വിപണിയിലിറങ്ങി തിമിംഗലക്കൊഴുപ്പ് വാങ്ങിക്കൂട്ടി.
ബ്രിട്ടീഷ് കമ്പനിയായ ലിവർ ബ്രദേഴ്‌സും ഡച്ച് കമ്പനിയായ യൂണിയും തിമിംഗലക്കൊഴുപ്പിനെ കട്ടി കൂട്ടി മാർഗരിൻ ഉണ്ടാക്കാനുള്ള ഒരു രാസനിർമ്മാണരീതി വികസിപ്പിച്ചെടുത്തു. തമ്മിൽ മത്സരിച്ച് വിപണി നഷ്ടമാവാതിരിക്കാൻ അവർ ഒറ്റക്കമ്പനിയായി മാറി. ആ കമ്പനിയാണ് ഇന്ന് ഒന്നരലക്ഷം ജീവനക്കാരും അയ്യായിരത്തിലേറെ കോടി ഡോളർ ആസ്തിയുമുള്ള യൂണിലിവർ.
1935 ആയപ്പോഴേക്കും ലോകത്തുണ്ടാക്കുന്ന തിമിംഗലക്കൊഴുപ്പിന്റെ 84 ശതമാനവും മാർഗരിൻ ഉണ്ടാക്കാനാണ് ഉപയോഗിച്ചിരുന്നത്. നോർവേയുണ്ടാക്കുന്ന തിമിംഗലക്കൊഴുപ്പ് മുഴുവൻ യൂണിലിവർ വാങ്ങി അവരുടെ ജർമനിയിലെ ഫാക്ടറികളിൽ എത്തിച്ചു. യൂറോപ്പിൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ അരങ്ങൊരുങ്ങുമ്പോഴേക്കും തിമിംഗലക്കൊഴുപ്പ് വളരെ പ്രാധാന്യമുള്ളൊരു വസ്തുവായി മാറിക്കഴിഞ്ഞിരുന്നു. ബ്രിട്ടനിലെ ഭക്ഷണത്തിൽ പ്രാധാന്യമേറിയ ഇതിനെ ദേശീയ പ്രതിരോധ പദാർത്ഥങ്ങളുടെ പട്ടികയിൽ അവർ ഉൾപ്പെടുത്തി. ദേശീയ സുരക്ഷാപ്രാധാന്യമുള്ള വസ്തുക്കളിലൊന്നായി തിമിംഗലക്കൊഴുപ്പ് മാറി. നാസി ജർമനിയാവട്ടെ തിമിംഗലവേട്ടയ്ക്ക് പുതിയ ഇടങ്ങൾ തേടി അന്വേഷണസംഘങ്ങളെ അന്റാർട്ടിക്കയിലേക്ക് അയച്ചു.
യുദ്ധം തീർന്നതോടെ തിമിംഗലക്കൊഴുപ്പിന്റെ പ്രാധാന്യം ഏറെക്കുറെ അസ്തമിച്ചു എന്നുതന്നെ പറയാം. തിമിംഗലവേട്ട അധാർമ്മികമായ ഒരു പ്രവൃത്തിയായി കരുതപ്പെടുകയും ചെയ്തു. എന്നാൽ, കുറഞ്ഞ വിലയിൽ ബോട്ടുകൾ വാങ്ങി തിമിംഗലവേട്ട നടത്താൻ ജനറൽ ഡഗ്ലസ് മക്ആർതർ ജപ്പാൻകാരെ പ്രേരിപ്പിക്കുകയും അവിടെ തിമിംഗലവേട്ട തുടങ്ങുകയും ചെയ്തു. ഇക്കാലത്ത് തന്നെ മാർഗരിൻ നിർമ്മാതാക്കൾ സസ്യയെണ്ണ ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ മാർഗരിൻ നിർമ്മിക്കാൻ മാർഗം കണ്ടെത്തുകയും മാർഗരിൻ നിർമ്മാണത്തിൽനിന്ന് തിമിംഗലക്കൊഴുപ്പ് പടിയിറങ്ങുകയും ചെയ്തു.
ഇന്നത്തെ സ്ഥിതി
ഇന്ന് അന്താരാഷ്ട്രതലത്തിൽ തിമിംഗലവേട്ട വളരെ മോശമായ പ്രവൃത്തിയായി കാണുന്നുണ്ട്. ഇന്റർനാഷണൽ വെയ്‌ലിങ്ങ് കമ്മീഷൻ പടിപടിയായി തിമിംഗല പോപുലേഷൻ, വ്യാവസായികമായി വേട്ട തുടങ്ങിയ കാലത്തിനു മുൻപുള്ള നിലയിൽ എത്തിക്കണമെന്ന ലക്ഷ്യത്തിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ, പ്രധാനമായും ജപ്പാനും നോർവേയും ഇന്നും ഗവേഷണങ്ങളുടെ പേരുപറഞ്ഞ് തിമിംഗലവേട്ട തുടരുന്നുണ്ട്. നോർവേയാണ് തിമിംഗലവേട്ടയിൽ മുന്നിൽ. അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്കിടയിലും വ്യാവസായികമായ ആവശ്യങ്ങൾക്കായി തിമിംഗലവേട്ട പുനരാരംഭിക്കുമെന്ന് രണ്ടു മാസം മുൻപ് ജപ്പാൻ പ്രഖ്യാപിച്ചു കഴിഞ്ഞു.
Content Highlights: all you need to know about whales and their importance, eco story
Published: 03 May 2023, 12:20 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented