ജീവികളാൽ തിന്നപ്പെടാതിരിക്കാൻ വേണ്ടി രൂപം കൊണ്ട അനുകൂലനങ്ങൾ സസ്യങ്ങളുടെ ജീവിതത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ പരിണാമത്തിന്റെ ചരിത്രത്തിലും ഭൂമിയിലെ ജീവന്റെ നിലനിൽപ്പിലും ഉണ്ടാക്കിയിട്ടുള്ള അദ്ഭുതങ്ങൾക്ക് അവസാനമില്ല. ജീവികൾ തിന്നാതിരിക്കാൻ ചെടികൾ ശരീരത്തിൽ നിറച്ച വിഷങ്ങളാണ് മനുഷ്യൻ അവയിൽ നിന്നും വേർതിരിച്ചെടുത്ത ഔഷധങ്ങളിൽ പലതും. അർട്ടിക്ക (Urtica) എന്നുപറഞ്ഞാൽ പൊള്ളിക്കുന്നത് അല്ലെങ്കിൽ കുത്തിക്കയറുന്നത് എന്നൊക്കെയാണ് അർത്ഥം. സസ്യങ്ങൾക്കിടയിൽ അർട്ടിക്കേസീ (Urticaceae) ‌എന്ന പേരിൽ ഒരു കുടുംബം തന്നെയുണ്ട്.

To advertise here,

അർട്ടിക്കേസീ കുടുംബത്തിൽ മാത്രമല്ല ചൊറിയൻ ചെടികളുള്ളത്!

പേരുപോലെ തൊട്ടാൽ ചൊറിച്ചിൽ ഉണ്ടാക്കാൻ ശേഷിയുള്ള സസ്യങ്ങൾ തന്നെയാണ് ഈ കുടുംബത്തിലെ മിക്കവയും. ഇവയെ പൊതുവേ നെറ്റിൽ (nettle) എന്നാണ് വിളിക്കുന്നത്. എന്നാൽ ഈ സ്വഭാവം കാണിക്കുന്ന ചെടികൾ അർട്ടിക്കേസീ കുടുംബത്തിൽ മാത്രമല്ല ഉള്ളതെന്ന് ഓർക്കേണ്ടതുണ്ട്. അർട്ടിക്കേറ്റിങ്ങ് ഹെയർ എന്നു പറഞ്ഞാൽ ചൊറിച്ചിൽ ഉണ്ടാക്കുന്ന, തൊട്ടാൽ പൊള്ളുന്ന സ്വഭാവമുള്ള മുടി എന്നാണ്. സ്വയരക്ഷയ്ക്കായുള്ള ഇത്തരം രോമങ്ങൾ പലതരം സസ്യങ്ങൾക്കും ചില ശലഭങ്ങളുടെ പുഴുക്കൾക്കും ദേഹത്ത് രോമമുള്ള വലിയ ചിലന്തികളിൽപ്പെടുന്ന ചില ടറാന്റുലകൾക്കും  ഉണ്ട്. ഈ ചിലന്തികൾ തങ്ങളെ ആക്രമിക്കാൻ വരുന്നവരുടെ നേർക്ക് രോമങ്ങൾ തെറിപ്പിക്കുകയും അവ പലപ്പോഴും ഇരയുടെ തൊലിയിൽ കയറുകയും തൊലിക്കും കണ്ണുകൾക്കും വലിയ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. ശരിക്കുപറഞ്ഞാൽ ജീവികളെ സംബന്ധിച്ചുമാത്രമേ ഈ രോമം എന്ന വാക്ക് ശരിയാവുകയുള്ളൂ. സസ്യങ്ങൾക്ക് ഉള്ളത് രോമമല്ലല്ലോ.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

placeholder
നിശാശലഭപ്പുഴു തട്ടി തൊലിയിൽ ഉണ്ടായ അലർജി | Photo: Wiki/By Euproctis_Chrysorrhoea_skin_rash.jpg: Cywarederivative work: B kimmel (talk) - Euproctis_Chrysorrhoea_skin_rash.jpg, Public Domain, https://commons.wikimedia.org/w/index.php?curid=9588497

അപൂർവ്വം ചിത്രശലഭങ്ങളുടെ ലാർവകളും പല നിശാശലഭലാർവകളും സ്വയരക്ഷയ്ക്കായി അർട്ടിക്കേറ്റിങ്ങ് ഹെയർ എന്ന പ്രതിരോധപരിപാടി സ്വീകരിക്കുന്നവയാണ്. ചെറിയ ചൊറിച്ചിൽ മാത്രം ഉണ്ടാക്കുന്നവ മുതൽ തെക്കേ അമേരിക്കയിൽ കാണുന്ന മനുഷ്യരിൽപ്പോലും മരണകാരണമാകുന്ന ജയന്റ് സിൽക്‌വേം നിശാശലഭം വരെയുണ്ട്. ഈ ലാർവകൾ ആക്രമിക്കുന്നതൊന്നുമല്ല അവയിൽ തൊട്ടുപോയാൽ തൊലിപ്പുറത്ത് പറ്റിപ്പിടിക്കുന്ന ചെറിയ കുഴലുകൾ പോലുള്ളവ രോമത്തിൽക്കൂടി വിഷം ശരീരത്തിൽ എത്തുമ്പോൾ ചൊറിച്ചിൽ ഉണ്ടാവുന്നതാണ്. ഒരിക്കൽ തൊട്ടുപോയാൽ പിന്നെയൊരിക്കലും അടുത്തുകൂടി പോകാൻ പോലും പേടിക്കുന്നതാണ് പല നെറ്റിലുകളും നൽകുന്ന ചൊറിച്ചിൽ അനുഭവങ്ങൾ. എന്താണ് ഈ ചെടികൾ തൊട്ടാൽ ചൊറിയാനുള്ള കാരണം? ഇവയുടെ നീണ്ടുനിൽക്കുന്ന രോമങ്ങൾ ശരിക്കും വളരെ ചെറിയ കുഴലുകൾ ആണ്, ഇവയെ ട്രിക്കോം എന്നാണ് വിളിക്കുന്നത്.

placeholder
നെറ്റിലിന്റെ രോമങ്ങൾ | Photo: Wiki/By Frank Vincentz - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=2513968

ഇവ ദേഹത്തു തൊടുമ്പോൾ ഈ രോമങ്ങളുടെ മൂർച്ചയുള്ള നേർത്ത അറ്റം ശരീരത്ത് തട്ടി ഒടിയുന്നു. തുടർന്ന് ഒരു സിറിഞ്ചിൽ എന്നവണ്ണം വിഷം ശരീരത്തിൽ പ്രവേശിച്ച് ചൊറിച്ചിലിനു കാരാണമാവുന്നു. അത്തരം നിരവധി എണ്ണം ഒരുമിച്ച് രാസവസ്തുക്കൾ ശരീരത്തിലേക്ക് കടത്തിവിടുമ്പോൾ അസഹ്യമായ വേദനയും ചൊറിച്ചിലും ഉണ്ടാവുന്നു. ചൊറിച്ചിലിനു പ്രാഥമിക കാരണം ന്യൂറോട്രാൻസ്മിറ്ററുകളായ ഹിസ്റ്റമീൻ, അസറ്റൈൽകോളിൻ, സെറോടോണിൻ എന്നിവയാണ്. ഇവയാണ് രോമം തട്ടുന്ന സ്ഥലത്ത് ചൊറിച്ചിലും തടിപ്പും ഉണ്ടാക്കുന്നത്. ചില ചെടികളുടെ രോമങ്ങൾ തട്ടിയാൽ ദീർഘനേരത്തേക്ക് വേദന ഉണ്ടാവാൻ കാരണം ഈ രാസവസ്തുവിൽ അടങ്ങിയിട്ടുള്ള ഫോമിക് ആസിഡ്, ടാർട്ടാറിക് ആസിഡ്, ഓക്സാലിക് ആസിഡ് എന്നിവയാണ്.

നമ്മുടെ നാട്ടിലെ ആനവിരട്ടി

placeholder
ആനവിരട്ടി | Photo: Wiki/By Vinayaraj - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=24415079

അർട്ടിക്കേസീ കുടുംബത്തിൽ തന്നെയുള്ള ഒരു ചെടിയാണ് നമ്മുടെ കാടുകളിൽ കാണുന്ന ആനവിരട്ടി (Dendrocnide sinuata). ഈ ചെടിയെ തൊട്ടാൽ വേദനാജനകമായ ചൊറിച്ചിൽ ഉണ്ടാകുമെന്നു മാത്രമല്ല ഇവ പത്തു ദിവസം മുതൽ ആറ് മാസം വരെ വീണ്ടും ഉണ്ടാവുകയും ചെയ്യാം. ഇതിന്റെ അതേ ജനുസിൽ ആസ്ത്രേലിയയിൽ കാണുന്ന വേറൊരു ചെടിയാണ് ഡെൻഡ്രോക്നൈഡ് എക്സൽസ. അതിനെ തൊട്ടുപോയാൽ  ഉണ്ടാകുന്ന വേദന നിരവധി ദിവസങ്ങൾ നീണ്ടുനിൽക്കും. ഇത്ര രൂക്ഷമായ വേദനയുളവാകുന്നത് എന്തുകൊണ്ടാണെന്നത് ശാസ്ത്രകാരന്മാരെ വളരെക്കാലം ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. കൂടുതൽ പഠനങ്ങൾ നടത്തിയപ്പോൾ അത് വളരെ പ്രാധാന്യമേറിയ പുത്തൻ അറിവുകളിലേക്കാണ് വാതിൽ തുറന്നത്.

placeholder
ഡെൻഡ്രോക്‌നൈഡ് എക്‌സൽസയുടെ  ഇല | Photo: Wiki/By Harryp2 - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=62317761

ചിലയിനം എട്ടുകാലികൾ ഉണ്ടാക്കുന്ന വിഷവുമായി അതിന് വളരെയേറെ സാമ്യം ഉണ്ടായിരുന്നു. ആത്മരക്ഷയ്ക്കായി സസ്യങ്ങൾ ഉപയോഗിക്കുന്ന ഈ രാസവസ്തുക്കളെക്കുറിച്ച് സസ്യലോകത്തുനിന്നുമുള്ള ഈ കണ്ടുപിടുത്തം സസ്യങ്ങളും ജീവികളും ഒരുമിച്ച് പരിണാമം പ്രാപിക്കുന്നതേപ്പറ്റി ഇത്തരത്തിലുള്ള ആദ്യ കണ്ടെത്തൽ ആയിരുന്നു. ഈ വിഷം നാഡീവ്യൂഹത്തെ ബാധിക്കുന്ന ന്യൂറോടോക്സിൻ വിഭാഗത്തിൽപ്പെട്ടതായിരുന്നു. അതിന്റെ രൂപഘടനയ്ക്കാവട്ടെ സസ്തനികളുടെ വേദനയറിയാനുള്ള നാഡികളോട് പ്രത്യേകമായി ഒരിഷ്ടക്കൂടുതലും ഉണ്ട്, അതാണ് വേദന കഠിനമാവാനുള്ള കാരണം. എല്ലാ മൃഗങ്ങൾക്കും ഇത് ചൊറിച്ചിൽ ഉണ്ടാക്കാറില്ല, പലരും ഇവയുടെ ഇലയും കായയും സമൃദ്ധമായി തിന്നുന്നവരുമാണ്. അതും ഒരുപക്ഷേ ആ ജീവികൾ ദീർഘമായ പരിണാമത്തിൽക്കൂടി നേടിയെടുത്ത കഴിവാകാം, താരതമ്യേന ഭൂമിയിൽ അവസാനം ഉണ്ടായ മനുഷ്യർ ഒരുപക്ഷേ കോടിക്കണക്കിനു വർഷങ്ങൾക്കുശേഷം ഈ കഴിവ് ഉള്ളവരായി മാറിയേക്കാം. ഏതായാലും ജന്തുക്കളിൽ ഉള്ളതുപോലുള്ള വിഷം സസ്യങ്ങളിൽ കണ്ടെത്തിയത് കെമിക്കൽ ഇക്കോളജിയുടെ മേഖലയിലും പരിണാമശാസ്ത്രത്തിലും പുത്തൻ അറിവുകൾ വെളിച്ചത്തെത്താൻ സഹായകമാവും എന്നു കരുതുന്നു.

പുരാതനകാലം മുതൽക്കെ മരുന്ന് പോലെയുള്ള ആവശ്യങ്ങൾക്കായി നെറ്റിലുകൾ ഉപയോ​ഗിക്കപ്പെടുന്നു.

കാര്യം ഇങ്ങനെ ചൊറിച്ചിൽ ഉണ്ടാക്കുന്നതാണ് നെറ്റിലുകൾ എങ്കിലും പുരാതനകാലം മുതൽ തന്നെ മനുഷ്യർ ഇവ പല ആവശ്യങ്ങൾക്കും ഉപയോഗിക്കാറുണ്ട്. ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമനിയിൽ നിന്നു നോക്കുകുത്തികൾ വ്യാപകമായി അപ്രത്യക്ഷമാവാൻ തുടങ്ങി. വലിയതോതിൽ തുണികൾക്ക് ക്ഷാമമുണ്ടായതാണ് അതിനുകാരണം. നോക്കുകുത്തികളിൽനിന്നുപോലും തുണിശേഖരിച്ച് മനുഷ്യർ ഉപയോഗിക്കാൻ തുടങ്ങി. യൂറോപ്പിന്റെ മറ്റുഭാഗങ്ങളിലേക്ക് ബ്രിട്ടന്റെ നാവികസേന ഉപരോധമേർപ്പെടുത്തിയതും ഇതിന് കാരണമായി. ഉപയോഗിക്കാവുന്ന വസ്ത്രങ്ങളുടെ എണ്ണത്തിലും നീളത്തിലുംപോലും നിയന്ത്രണമുണ്ടായി. തുടർന്നു നടന്ന ഗവേഷണങ്ങളിൽ നെറ്റിലുകളുടെ നാരുകൾ ഉപയോഗിച്ച് അവർ വസ്ത്രങ്ങൾ ഉണ്ടാക്കിത്തുടങ്ങി. നെറ്റിലുകളുടെ തണ്ട് ഉപയോഗിച്ച് വസ്ത്രമുണ്ടാക്കാനുള്ള നാരുകൾ ഉണ്ടാക്കുന്ന കാര്യം മനുഷ്യന് പണ്ടേ അറിവുള്ളതാണ്. വസ്ത്രമുണ്ടാക്കാൻ മാത്രമല്ല നിരവധി രോഗങ്ങളുടെ ചികിൽസയ്ക്കും നെറ്റിലുകൾ ഉപയോഗിക്കാറൂണ്ട്. പല നെറ്റിലുകളും നല്ല ഇലക്കറികളുമാണ്. 2000 വർഷങ്ങൾക്കുമുൻപ് ഇറച്ചിയെ മൃദുവാക്കാൻ റോമക്കാർ ഇവ ഉപയോഗിച്ചിട്ടുണ്ട്. വാതത്തിന് മരുന്നായി നെറ്റിലുകൾ ഉപയോഗിക്കാറുണ്ട്, സന്ധിവാതമുള്ളയിടത്ത് ഈ ചെടി തട്ടി ചൊറിച്ചിൽ ഉണ്ടായിക്കഴിഞ്ഞാൽ വാതത്തിന്റെ വേദനയ്ക്ക് ആശ്വാസമുണ്ടാകുന്നുണ്ടത്രേ. ഇക്വഡോറിൽ സ്വയം പീഡനത്തിനായി പല ക്രൈസ്തവവിശ്വാസികളും നെറ്റിലുകളുടെ ഇലകൾ ദേഹത്ത് തട്ടിച്ച് വേദനിപ്പിക്കാറുണ്ട്.

placeholder
ചെന്തൊട്ടി |  Photo: Wiki/By Vinayaraj - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=34229628, ചോലരാജൻ | Photo: Wiki/By No machine-readable author provided. Nature Loader assumed (based on copyright claims). - No machine-readable source provided. Own work assumed (based on copyright claims)., CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=732309

നിരവധി ശലഭങ്ങളുടെ ലാർവകൾ പല നെറ്റിലുകളുടെയും ഇല ഭക്ഷിച്ചാണ് വളരുന്നത്. ഈ ചെടികൾ ഇല്ലെങ്കിൽ ആ ശലഭങ്ങളും അപ്രത്യക്ഷമാവും. നമ്മുടെ നാട്ടിലും കാണുന്ന ചോലരാജൻ എന്ന ശലഭം മുട്ടയിടുന്നത് ഒരു നെറ്റിൽ ആയ ചെന്തൊട്ടിയിൽ (Girardinia diversifolia) ആണ്. ചുരുക്കത്തിൽ ചൊറിയന്മാരായ ഒരുകൂട്ടം ചെടികൾ എന്നുവിളിച്ച് മാറ്റിനിർത്താനോ വേണ്ടെന്നു വയ്ക്കാനോ പറ്റിയ ഒരുകൂട്ടം ചെടികൾ അല്ല നെറ്റിലുകൾ.