ഒരു വർഷം പൊളിക്കുന്നത് എഴുന്നൂറോളം കപ്പലുകൾ; എന്തുകൊണ്ട് ഏഷ്യ മാത്രം? | Eco Story


Eco Story

by വിനയ് രാജ്

3 min read
Read later
Print
Share

ഒരു ഇടത്തരം കപ്പല്‍ പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന ആസ്ബറ്റോസ്‌ മാലിന്യം മാത്രം ഏതാണ്ട്‌ 7 ടണ്ണോളം ഉണ്ടാകും. ഇവയാവട്ടെ പ്രാദേശിക മാര്‍ക്കറ്റുകളില്‍ ആവും എത്തുന്നത്‌. മിക്ക പൊളിക്കല്‍ കേന്ദ്രങ്ങളിലും മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ യാതൊരുമാര്‍ഗവും ഉണ്ടാവില്ല, അവയെല്ലാം കൃഷിയേയും മല്‍സ്യസമ്പത്തിനെയും സസ്യജന്തുജാലങ്ങളെയും നശിപ്പിച്ചുകൊണ്ട്‌ എല്ലായിടവും വ്യാപിക്കുന്നു

പ്രതീകാത്മക ചിത്രം | Photo: PTI

പ്പലുകൾ പൊളിക്കുന്നത് വലിയ വ്യവസായമാണ്, അതോടൊപ്പം അത് കടുത്ത പാരിസ്ഥിതിക-ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നവയുമാണ്. ഉദാഹരണത്തിന് കപ്പലിന്റെ അടിഭാഗത്ത് പൊളിക്കാനുള്ള മുറികളില്‍ വിഷവാതകങ്ങള്‍ വല്ലതും അടിഞ്ഞിട്ടുണ്ടോ എന്നറിയാന്‍ ജീവനുള്ള ഒരു കോഴിയുടെ കാലില്‍ കയര്‍ കെട്ടി താഴോട്ട്‌ ഇറക്കിനോക്കുകയാണ് ചെയ്യുന്നത്. കോഴി ചത്തിട്ടില്ലെങ്കില്‍ സുരക്ഷിതമാണെന്ന് കരുതും. ലോകത്താകെ ഉള്ളത്‌ ഏതാണ്ട്‌ ഒരു ലക്ഷത്തില്‍ത്താഴെ കപ്പലുകളാണ്‌. ഒരു കപ്പലിന്റെ ആയുസ്‌ ഏകദേശം 20-25 വര്‍ഷം വരും. ഓരോ വര്‍ഷവും ശരാശരി 500-700 വലിയ കപ്പലുകള്‍ പൊളിക്കേണ്ടതുണ്ട്‌, എല്ലാതരം കപ്പലുകളും എടുത്താല്‍ അവ മൂവായിരത്തോളം വരും. ഇവയില്‍ 90 ശതമാനം കപ്പലുകളും പൊളിക്കുന്നത്‌ ഇന്ത്യ, ബംഗ്ലാദേശ്‌, ചൈന, പാക്കിസ്താന്‍, ടര്‍ക്കി എന്നീ രാജ്യങ്ങളിലാണ്‌.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

പാകിസ്താനിലെ കപ്പൽ പൊളിക്കൽ കേന്ദ്രം, ലോകത്തിലെ വലിയ മൂന്നാമത്തെ കേന്ദ്രം കൂടിയാണിത് | Photo: Gettyimages

പാരിസ്ഥിതിക ദുരന്തം

ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ആരോഗ്യത്തിലുപരി പാരിസ്ഥിതികമായി വലിയ ദുരന്തമാണ്‌ കപ്പലുകള്‍ പൊളിച്ചുമാറ്റുന്ന പരിപാടി. കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്കു കാരണമായ മെര്‍ക്കുറി, സള്‍ഫ്യൂറിക്‌ ആസിഡ്‌, ആസ്ബറ്റോസ്‌ എന്നിവ ഉള്‍പ്പെടെയുള്ള രാസവസ്തുക്കളാണ്‌ ഓരോ കപ്പലുകളും പൊളിക്കുമ്പോള്‍ അതില്‍ പണിയെടുക്കുന്നവരിലേക്കും പരിസ്ഥിതിയിലേക്കും എത്തിച്ചേരുന്നത്‌. ഒരു ഇടത്തരം കപ്പല്‍ പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന ആസ്ബറ്റോസ്‌ മാലിന്യം മാത്രം ഏതാണ്ട്‌ 7 ടണ്ണോളം ഉണ്ടാകും. ഇവയാവട്ടെ പ്രാദേശിക മാര്‍ക്കറ്റുകളിലാവും എത്തുന്നത്‌. മിക്ക പൊളിക്കല്‍ കേന്ദ്രങ്ങളിലും മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ യാതൊരു മാര്‍ഗവും ഉണ്ടാവില്ല, അവയെല്ലാം കൃഷിയെയും മത്സ്യസമ്പത്തിനെയും സസ്യജന്തുജാലങ്ങളെയും നശിപ്പിച്ചുകൊണ്ട്‌ എല്ലായിടവും വ്യാപിക്കുന്നു. ജോലിക്കാരുടെ ആരോഗ്യം നശിപ്പിക്കുന്ന ഈ ജോലി പലപ്പോഴും ചെയ്യുന്നത്‌ പരിശീലനം ലഭിച്ചിട്ടില്ലാത്ത തൊഴിലാളികളാണ്‌. മാരകമായ രാസപദാര്‍ത്ഥങ്ങളുമായി ഇടപെട്ടുകൊണ്ട്‌ സാഹസികമായി‌ ചെയ്യേണ്ടി വരുന്ന ഈ തൊഴിലില്‍ കാര്യമായ സുരക്ഷാമാര്‍ഗങ്ങള്‍ ഒന്നും സ്വീകരിക്കാറുമില്ല.

പരിശീലനം സിദ്ധിക്കാത്ത തൊഴിലാളികളാണ് പലപ്പോഴും ആരോ​ഗ്യം നശിക്കുന്ന ഈ ജോലി ചെയ്യുന്നത്

പൊളിച്ചു കൊണ്ടിരിക്കുന്ന കപ്പലുകളിൽ ഒന്ന് | Photo: Gettyimages

ഏറിയ പങ്കും ഉരുക്ക്

കപ്പലില്‍നിന്ന്‌ ഏറ്റവും കൂടുതല്‍ ലഭിക്കുന്നത്‌ ഉരുക്ക്‌ തന്നെയാണ്‌. അവ ഉരുക്കു നിര്‍മ്മാണ ഫാക്ടറികളിലേക്കാണു പോവുന്നത്. ഇന്ത്യയിലെ ഉരുക്കിന്റെ 10% പൊളിക്കുന്ന കപ്പലുകളില്‍ നിന്നുള്ളതാണ്‌. ബംഗ്ലാദേശിലാവട്ടെ ഇത്‌ 20% വരും. 1930 -കളില്‍ കപ്പലുകള്‍ പൊളിക്കാന്‍ ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യതന്നെയാണ്‌ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്നും ഉപയോഗിക്കുന്നത്‌. അന്നു യൂറോപ്യന്‍ രാജ്യങ്ങളിലായിരുന്നു കപ്പലുകള്‍ പൊളിച്ചിരുന്നത്‌. 1960 -ലെ ഒരു കൊടുങ്കാറ്റില്‍ ബംഗ്ലാദേശിലെ ചിറ്റഗോങ്ങില്‍ അടിഞ്ഞ ഒരു ഗ്രീക്കു കപ്പല്‍ എത്ര ശ്രമിച്ചിട്ടും പിന്നീട്‌ കടലില്‍ ഇറക്കാനായില്ല. അങ്ങനെ നാലഞ്ചു വര്‍ഷങ്ങള്‍ കരയില്‍ കിടന്ന കപ്പലിനെ അവിടത്തെ ഒരു ഉരുക്കുകമ്പനി വാങ്ങുകയും പൊളിച്ചെടുക്കുകയും ചെയ്തു. അതിനായി വര്‍ഷങ്ങള്‍ തന്നെയെടുത്തെങ്കിലും ബംഗ്ലാദേശിലെ കപ്പല്‍ പൊളിക്കല്‍ വ്യവസായത്തിനു തുടക്കമാകാന്‍ കാരണമായി ആ സംഭവം. പാരിസ്ഥിതികനിയമങ്ങള്‍ കര്‍ശനമായപ്പോള്‍ കപ്പല്‍ പൊളിക്കല്‍ യൂറോപ്പില്‍ അസാധ്യമാവുകയും അവയെല്ലാം ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്കു മാറുകയും ചെയ്തു. പാരിസ്ഥിതികനിയമങ്ങള്‍ കര്‍ശനമായ രാജ്യങ്ങളില്‍ കുറഞ്ഞ വിലയേ കപ്പലിനു കിട്ടുകയുള്ളൂ. ബംഗ്ലാദേശില്‍ ഈ വ്യവസായത്തിന്റെ 69% പണവും കപ്പല്‍ വാങ്ങാനാണു ചെലവഴിക്കുന്നത്‌. എന്നാല്‍, അവിടെ തൊഴിലാളികള്‍ക്കുള്ള വേതനമാവട്ടെ വെറും രണ്ടുശതമാനമേ വരൂ.

ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രം കൂടിയാണ് ​ഗുജറാത്തിലെ അലാം​ഗിലേത്

വികസിത രാജ്യങ്ങളിൽ വേറെ രീതി

വികസിത രാജ്യങ്ങളിലെ കപ്പല്‍ പൊളിക്കുന്ന രീതികള്‍ക്ക്‌ ഏഷ്യയിലേതുമായി താരതമ്യം ഇല്ലെന്നുതന്നെ പറയാം. 2003-ലെ ബേസല്‍ കണ്‍വെന്‍ഷന്‍ പാലിച്ചുകൊണ്ടാണ്‌ അവിടെ കപ്പലുകള്‍ പൊളിക്കുന്നത്‌. കപ്പലുകളിലെ വസ്തുക്കള്‍ 98% വരെ അവിടെ റീസൈക്കിള്‍ ചെയ്യപ്പെടുന്നുണ്ട്‌. അപകടകരമായ വസ്തുക്കളുടെ ഒരു പട്ടികയുണ്ടാക്കിയ ശേഷം വേണം അവിടെ പൊളിക്കല്‍ തുടങ്ങാന്‍. വാതകങ്ങള്‍ പുറത്തുപോകാന്‍ തുളകള്‍ തുരന്നുണ്ടാക്കണം. ചില ജോലികള്‍ സാമ്പത്തികമായി നഷ്ടമാണ്‌ ഉണ്ടാക്കുന്നതെങ്കിലും കപ്പലിനെ പൂര്‍ണ്ണമായും ഇളക്കിമാറ്റണം. ദോഷകരമായതും അല്ലാത്തതുമായ വസ്തുക്കള്‍ വെവ്വേറെതന്നെ സംഭരിക്കണം. ആസ്ബറ്റോസ്‌ വേറെതന്നെ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ്‌ ഉരുക്ക്‌ സംഭരണികളിലാക്കിവേണം ഉപേക്ഷിക്കാന്‍. ഓരോ ഭാഗവും കൃത്യമായും പൂര്‍ണ്ണമായും റീസൈക്കിള്‍ ചെയ്യേണ്ടതുണ്ട്‌.

യൂറോപ്പിലൊക്കെ ഇങ്ങനെ കപ്പലുകള്‍ പൊളിക്കുമ്പോള്‍ ലോകത്തെ കപ്പല്‍ പൊളിക്കല്‍ തലസ്ഥാനങ്ങളായ ഇന്ത്യയിലും ബംഗ്ലാദേശിലും കാര്യങ്ങള്‍ വളരെ വ്യത്യസ്തമാണ്‌. വയറിംഗും ഫര്‍ണിച്ചറുകളും യന്ത്രങ്ങളുമെല്ലാം നാട്ടിലെ ചന്തകളിലേക്ക്‌ മാറ്റും. വയറുകള്‍ കത്തിച്ച്‌ അതിനുള്ളിലെ ചെമ്പ്‌ എടുക്കുന്നു. ഉള്ളിലെ അറകളില്‍ വിഷവാതകങ്ങള്‍ ഉണ്ടോ എന്നറിയാന്‍ ജീവനുള്ള കോഴിയെ കെട്ടിയിറക്കി നോക്കുന്നു. അവ ചത്തില്ലെങ്കില്‍ പ്രശ്നമില്ലെന്നു തീരുമാനിക്കുന്നു. ജോലിക്കാര്‍ സുരക്ഷാ മാനദണ്ഡങ്ങളുള്ള വസ്ത്രങ്ങളോ ഷൂസോ മാസ്‌കോ ഉപയോഗിക്കുന്നില്ല. ചെലവു കൂടുതല്‍ ഉള്ളതിനാല്‍ ക്രെയിനുകള്‍ ഉപയോഗിക്കാറില്ല. പ്ലാസ്റ്റിക്‌ അടങ്ങിയ പെയിന്റ്‌ അടിച്ചിട്ടുള്ള ഉരുക്കുപലകകളും ലാഭകരമല്ലാത്ത മാലിന്യങ്ങളുമെല്ലാം ബീച്ചില്‍ത്തന്നെയിട്ട്‌ കത്തിക്കുന്നു. ബംഗ്ലാദേശില്‍ കപ്പല്‍ പൊളിക്കുന്ന ഇടങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്നത്‌ 79000 ടണ്‍ ആസ്ബറ്റോസ്‌, മാരകമായ 240000 ടണ്‍ പോളിക്ലോറിനേറ്റഡ്‌ ബൈഫെനില്‍, ഓസോണ്‍ പാളികളെ തകരാറിലാക്കുന്ന 210000 ടണ്‍ മറ്റു മാലിന്യങ്ങള്‍ എന്നിവയാണ്‌.

കപ്പലിൽനിന്ന് വേർപ്പെടുത്തിയ നങ്കൂരം | Photo: Gettyimages

ആസ്ബറ്റോസ്‌ നിരോധനം

1980 -കളിലാണ്‌ കപ്പലുകളില്‍ ആസ്ബറ്റോസ്‌ ഉപയോഗിക്കുന്നത്‌ മിക്ക വികസിതരാജ്യങ്ങളും നിരോധിച്ചത്‌. ആസ്ബറ്റോസ്‌ കൈകാര്യം ചെയ്യുന്നതിന്‌ വികസിത രാജ്യങ്ങളില്‍ കര്‍ശനനിയന്ത്രണമാണ്‌. അതിനാല്‍ ലാഭകരമായി കപ്പല്‍ പൊളിക്കല്‍ അവിടെ നടക്കില്ല, അതുകൊണ്ട്‌ അക്കാലത്തുണ്ടാക്കിയ കപ്പലുകള്‍ എല്ലാം പൊളിക്കാന്‍ ഏഷ്യയില്‍ എത്തുന്നു. മാരകമായ രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കം, പൊള്ളലുകള്‍, മുറിവുകള്‍, അപകടകരമായ വാതകങ്ങള്‍ ശ്വസിക്കല്‍, തീപ്പൊള്ളല്‍, ശ്വാസംമുട്ടല്‍, കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ എല്ലാം ഇവിടെ സാധാരണമാണ്‌.

തൊഴില്‍ അപകടങ്ങള്‍ ഉണ്ടാവുന്നപക്ഷം ഉണ്ടാകാവുന്ന ഭീമമായ നഷ്ടപരിഹാരവും യൂറോപ്പില്‍ കപ്പല്‍ പൊളിക്കല്‍ വലിയ നഷ്ടമാകാന്‍ കാരണമാണ്‌. കപ്പല്‍ പൊളിച്ചുവിറ്റാല്‍കിട്ടുന്ന കാശിലും കൂടുതലാണ്‌ പലപ്പോഴും അവിടെയതു പൊളിക്കാന്‍ വേണ്ടിവരുന്ന ചെലവ്‌. ആഴ്‌ചയില്‍ ഒരു തൊഴിലാളിയെങ്കിലും ബംഗ്ലാദേശില്‍ മരിക്കുന്നുണ്ടെന്നാണ്‌ കണക്ക്‌, പരിക്കുകള്‍ അതിലും എത്രയോ കൂടുതലും. അവിടെ തൊഴിലെടുക്കുന്നവരില്‍ 20% പേരും 15 വയസ്സില്‍ താഴെയുള്ളവരുമാണ്‌. ഗുജറാത്തിലെ അലാംഗാണ്‌ ഇന്ത്യയിലെ പ്രധാന കപ്പല്‍ പൊളിക്കല്‍ കേന്ദ്രം. 15000 -20000 തൊഴിലാളികള്‍ക്ക്‌ നേരിട്ടും ലക്ഷത്തോളം ആള്‍ക്കാര്‍ക്ക്‌ അല്ലാതെയും ജോലികൊടുക്കുന്ന ഒരു വ്യവസായമാണിത്‌. ഒറീസയില്‍നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നു. അവര്‍ പരിതാപകരമായ ചുറ്റുപാടില്‍ ആണ്‌ ജീവിക്കുന്നത്‌. നല്ലൊരു ആശുപത്രി 50 കിലോ മീറ്റര്‍ ദൂരെ ഭാവ്‌നഗറില്‍ ആണുള്ളത്‌.

​ഗുജറാത്തിലെ അലാം​ഗിലുള്ള കപ്പൽ പൊളിക്കൽ കേന്ദ്രം| Photo: PTI

കപ്പല്‍ പൊളിക്കുന്നതിന്റെ പാരിസ്ഥിതികഅപകടങ്ങള്‍ ഇതിലും എത്രയോ ഏറെയാണ്‌. 2009 -ല്‍ മാത്രം തീരത്ത്‌ കപ്പല്‍ അടുപ്പിക്കാനായി 40000 കണ്ടലുകള്‍ ബംഗ്ലാദേശില്‍ നശിപ്പിക്കുകയുണ്ടായി. ഇവയാണ്‌ അവിടത്തെ തീരത്തെ കടലില്‍നിന്നു രക്ഷിച്ചുകൊണ്ടിരുന്നത്‌. കടലില്‍ കലരുന്ന വിഷപദാര്‍ത്ഥങ്ങള്‍ 21 തരം മല്‍സ്യങ്ങളെ ഇല്ലായ്മ ചെയ്തു. കടലിലേക്കൊഴുക്കുന്ന രാസവസ്തുക്കള്‍ ഉണ്ടാക്കുന്ന നാശങ്ങള്‍ എത്രയെന്നു പോലും നിശ്ചയമില്ല. തങ്ങളുടെ പരിസ്ഥിതിയേയും ആള്‍ക്കാരെയും രക്ഷിക്കാനുള്ള വ്യഗ്രതയില്‍ പാശ്ചാത്യരാജ്യങ്ങളില്‍നിന്നു പൊളിക്കാന്‍ ഏഷ്യയിലേക്കു കൊണ്ടുവരുന്ന കപ്പലുകള്‍ ചെലവു ചുരുക്കാനായി തൊഴിലാളികളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം അപകടത്തിലാക്കുന്നത്‌ എത്ര കാലം കണ്ടില്ലെന്നു നടിക്കാനാവും? -

Content Highlights: all you need to know about ship breaking and its environmental aspect, eco story

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Representative Image
Premium

6 min

മരച്ചീനി, തക്കാളി, വാളൻപുളി, കൈതച്ചക്ക; എല്ലാം വിദേശി, ഒപ്പം വന്നത് കീടങ്ങളും രോഗങ്ങളും | Bio talks

May 12, 2023


Tiger
Premium

5 min

വയനാട്ടിൽ 250 കടുവകളെന്നത് അസംബന്ധം,കേരളത്തിൽ കാടിന്റെ ആരോഗ്യം പിന്നോട്ട് | പരമ്പര ഭാ​ഗം 02

May 5, 2023


eureka oil rig
Premium

3 min

കൊലനിലമല്ല, പവിഴപ്പുറ്റുകളും ജീവികളും ചേർന്ന അത്ഭുതലോകമാണീ എണ്ണക്കിണർ

Sep 20, 2023


Most Commented