
അക്ഷരങ്ങൾ മഷി കൊണ്ട് ബ്രഷോ പേനയോ മറ്റു എഴുത്തുപകരണങ്ങളോ ഉപയോഗിച്ച് പേപ്പറിലോ മറ്റു മാധ്യമങ്ങളിലോ കലാപരമായി എഴുതുന്ന രീതിയാണ് കാലിഗ്രാഫി എന്നറിയപ്പെടുന്നത്. പല രാജ്യങ്ങളിലും അക്ഷരമെഴുത്തുകളിൽ വിവിധങ്ങളായ കാലിഗ്രാഫി രീതികൾ ഉണ്ടെങ്കിലും ജപ്പാനിലെ കാലിഗ്രാഫി രീതി അതിപ്രശസ്തമാണ്. ഷോഡോ എന്നറിയപ്പെടുന്ന ഈ രീതിക്ക് ആയിരത്തിലേറെ വർഷത്തെ പഴക്കമുണ്ട്, ഇതിൽ ജപ്പാനീസ് അക്ഷരങ്ങൾ ബ്രഷും മഷിയും ഉപയോഗിച്ച് പേപ്പറിലോ മറ്റു മാധ്യമങ്ങളിലോ എഴുതുന്നു.
അർത്ഥത്തെപ്പോലെ തന്നെ അക്ഷരങ്ങളുടെ ഭംഗിക്കും ഷോഡോയിൽ അതിപ്രാധാന്യമുണ്ട്. പല കനത്തിൽ, വടിവിൽ, നീളത്തിൽ, കോണുകളിൽ എഴുതപ്പെടുന്ന ഈ അക്ഷരങ്ങൾ ആ എഴുത്തിന് പ്രത്യേകമായൊരു ജീവനും വ്യക്തിത്വവും നൽകുന്നു. പ്രായോഗികമായ ഉപയോഗവും ഉള്ള ഈ രീതി ഉപയോഗിച്ച് ചിഹ്നങ്ങളും ദിശാസൂചകങ്ങളും സർട്ടിഫിക്കറ്റുകളും ഔദ്യോഗികരേഖകളും ഉണ്ടാക്കാറുണ്ട്. സ്കൂൾ വിദ്യാർത്ഥികൾ അവരുടെ പഠനത്തിന്റെ ഭാഗമായിത്തന്നെ കാലിഗ്രാഫി അഭ്യസിക്കാറുണ്ട്. വ്യതിരിക്തമായ രീതികളും നിയമങ്ങളും കൊണ്ട് ജപ്പാനിൽത്തന്നെ പലതരം കാലിഗ്രാഫികൾ ഉണ്ട്. സാധാരണ അക്ഷരരീതി ഉപയോഗിച്ചുള്ള കൈഷോ, കുറച്ചു ചെരിഞ്ഞ ഗ്യോഷോ, നന്നായി ചെരിവുള്ള സോഷോ എന്നിവ അവയിൽ ചിലതാണ്. വെവ്വേറേ രീതികളും കഴിവുകളും വേണ്ട ഓരോ രീതിയിലും മികവുകാട്ടാൻ വർഷങ്ങളുടെ പഠനവും പരിശീലനവും ആവശ്യമാണ്.
ആയിരത്തിലേറെ വർഷം പഴക്കമുള്ളതാണ് ജപ്പാനിലെ ഷോഡോ എന്നറിയപ്പെടുന്ന കാലിഗ്രാഫി രീതി

ജപ്പാനീസ് കാലിഗ്രാഫി ചെയ്യാനുള്ള മഷി ഉണ്ടാക്കുന്നത് വളരെ ശ്രമകരവും അതീവ പാണ്ഡിത്യവും വേണ്ട മേഖലയാണ്. ഏറ്റവും പ്രസിദ്ധമായ സുമി മഷി എന്നറിയപ്പെടുന്ന കാലിഗ്രാഫി മഷി ഉണ്ടാക്കുന്നത് ജപ്പാനിലെ നാര എന്ന സ്ഥലത്താണ്. കോബായാൻ എന്ന കമ്പനി അവിടെ 450 വർഷമായി സുമി മഷി ഉണ്ടാക്കുന്നു. ഈ മഷി ഉണ്ടാക്കുന്ന രീതി അത്രമാത്രം സൂക്ഷ്മതയും അറിവും വേണ്ടതാണ്. ചെറിയ സോപ്പുകട്ട പോലെ ലഭിക്കുന്ന 200 ഗ്രാം ഭാരമുള്ള ഒരു മഷിക്കഷണത്തിന്റെ വില ആയിരം ഡോളറിനു മുകളിൽ ആണ്, ഇത് വെള്ളവുമായി ചേർത്ത് അരച്ചാണ് മഷിയാക്കി മാറ്റുന്നത്. കാലിഗ്രാഫി ചെയ്യാൻ ഉപയോഗിക്കുന്ന ഇതേ അളവുള്ള ഇന്ത്യൻ ഇങ്കിന്റെ വില അഞ്ചു ഡോളർ ആണെന്ന് ഓർക്കണം, എന്തുകൊണ്ടാണ് സുമി മഷിയ്ക്ക് ഇത്ര വിലവരുന്നത്?
കരി, മൃഗക്കൊഴുപ്പ്, കുറച്ച് പെർഫ്യൂം എന്നിവ മാത്രമാണ് സുമി മഷിക്കട്ട ഉണ്ടാക്കാൻ ആവശ്യമുള്ള വസ്തുക്കൾ. എളുപ്പത്തിൽ പറഞ്ഞു കഴിഞ്ഞെങ്കിലും ഇത് ഉണ്ടാക്കുന്ന രീതിയാണ് ശ്രദ്ധേയമായത്. കോബായാൻ എങ്ങനെയാണ് സുമി മഷി ഉണ്ടാക്കുന്നതെന്നു നോക്കാം. ഇതിനായി അവർ ഒരു മുറിയിൽ 100 എണ്ണത്തിരികൾ കത്തിച്ചുവയ്ക്കും, ഇത്തരത്തിലുള്ള നാലു മുറികൾ ആണ് ഒരുസമയം ഉണ്ടാവുക. ഈ വിളക്കിന്റെ തിരിയിലെ കരിയാണ് മഷിയുണ്ടാക്കാൻ ശേഖരിക്കുന്നത്. ഇതിന് രണ്ട് ജീവനക്കാർ ആയിരിക്കും ഉണ്ടാവുക. ഓരോ വിളക്കിലും അവർ സസ്യയെണ്ണ ഒഴിക്കും. കത്തുന്ന തിരിയുടെ മുകളിൽ കരി അടിയാനായി ചിരട്ട പോലുള്ള ഒരു പാത്രം കമഴ്ത്തി വച്ചിരിക്കും. ഇതിൽനിന്നു മുഴുവൻ സമയവും അവർ കരി ശേഖരിച്ചുകൊണ്ടിരിക്കും. ഇതിനൊപ്പം ചൂട് അധികമാവാതിരിക്കാൻ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്, അത് കരിയുടെ ഉൽപ്പാദനത്തെ ബാധിക്കും. പാത്രത്തിന്റെ മധ്യത്തിൽ ആവില്ല ജ്വാല പതിക്കുന്നത് എന്നതിനാൽ ഓരോ ഇരുപത് മിനിട്ട് കൂടുമ്പോഴും കരി ശേഖരിക്കുന്ന പാത്രം രണ്ടു മണിക്കൂർ നേരത്തേക്ക് തിരിച്ചുതിരിച്ചു വയ്ക്കണം. ഇതിൽനിന്നു കരി ശേഖരിക്കുന്നതോടൊപ്പം എണ്ണ തീരുമ്പോൾ നിറയ്ക്കുകയും ചെയ്യേണ്ടതുണ്ട്. ഒരു പാത്രത്തിൽനിന്നു ദിവസം അഞ്ചു തവണ കരിശേഖരിക്കും. സാധാരണയായി കടുകെണ്ണയാണ് തിരികത്തിക്കാൻ ഉപയോഗിക്കുന്നത്. മറ്റു എണ്ണകൾ ഉപയോഗിച്ച് നാലിരട്ടി വരെ വിലകൂടുതൽ ലഭിക്കുന്ന മഷിയുണ്ടാക്കാറുണ്ട്. ഇതിനൊപ്പം തിരിയും തിരി കത്തിക്കുന്ന പാത്രങ്ങളും സവിശേഷമായവ തന്നെയാണ്. പ്രത്യേകതരം മൺപാത്രങ്ങളിലാണ് എണ്ണ നിറച്ച് തിരി കത്തിക്കുന്നത്.
ഏഴാം നൂറ്റാണ്ടു മുതൽ സുമി മഷി നിർമാണം ജപ്പാനിൽ നടക്കുന്നുണ്ട്
ഇതിനൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് വിളക്കുകരി കുഴച്ചെടുക്കാനുള്ള മാധ്യമമായി ഉപയോഗിക്കുന്ന മൃഗക്കൊഴുപ്പ്. കന്നുകാലികളുടെ കൊഴുപ്പാണ് സാധാരണയായി ഉപയോഗിക്കുന്നത്, എന്നാൽ, വില കൂടിയ മഷി ഉണ്ടാക്കാനാവശ്യമായ കരി ഉണ്ടാക്കുന്നതിന് കഴുതയുടെയും മാനിന്റെയും ആടിന്റെയും കൊഴുപ്പ് മഷി നിർമ്മാതാക്കൾ ഉപയോഗിക്കാറുണ്ട്. സുമി മഷിയുണ്ടാക്കാൻ പ്രത്യേകമായി തയ്യാറാക്കി വാങ്ങുന്ന മൃഗക്കൊഴുപ്പ് പാളികൾ 70 ഡിഗ്രി സെൽഷ്യസ് ചൂടുള്ള വെള്ളത്തിൽ ഇട്ട് ഒന്നര മണിക്കൂറോളം ഇളക്കുന്നു. ചെറിയ ചൂടിൽ പതിയെ ഇളക്കിച്ചേർത്താലേ ഗുണനിലവാരമുള്ള മഷി ലഭിക്കുകയുള്ളൂ. മൃഗക്കൊഴുപ്പിന് വൃത്തികെട്ട ഒരു മണം ഉള്ളതിനാൽ അതു പരിഹരിക്കാൻ മഷിയുണ്ടാക്കുന്നവർ ഇതിൽ ബോർണിയോൾ, കസ്തൂരി തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ ചേർക്കാറുണ്ട്.
പശ ചേർത്ത കരി ചവിട്ടിക്കുഴച്ച് മൃദുവായ മാവ് പരുവമാക്കലാണ് അടുത്ത പണി. ഓരോ ദിവസവും രാവിലെ ഇത് കയ്യും കാലും ഉപയോഗിച്ച് ചവിട്ടിക്കുഴയ്ക്കുന്നു. ഈ മാവിനെ അച്ചിലിട്ട് അമർത്തി സോപ്പുകട്ടയുടെ രൂപത്തിലാക്കുന്നു. കോബായാൻ ഇത്തരത്തിലുള്ള 6000 മഷിക്കട്ടകൾ ആണ് ഓരോ മാസവും നിർമ്മിക്കുന്നത്. വളരെക്കുറച്ച് ജീവനക്കാരെ മാത്രം ഉപയോഗിച്ചാണ് കമ്പനി ഇതു ചെയ്യുന്നത്. വിവിധ ജോലികളിൽ ഏറ്റവും കഴിവുവേണ്ടത് മാവ് ചവിട്ടിക്കുഴയ്ക്കുന്ന ആൾക്കാണ്. അഞ്ചു വർഷത്തോളം പരിശീലനം ലഭിച്ചയാളാണ് മാവ് കുഴയ്ക്കുന്ന പ്രവൃത്തി ചെയ്യുന്നത്. എന്നാൽ, മികവു കൂടിയ മഷിയുണ്ടാക്കുന്നിടത്ത് പത്തു വർഷത്തോളം പരിചയമുള്ളവരെയേ കമ്പനി നിയമിക്കാറുള്ളൂ. മഞ്ഞുകാലത്തെ തണുത്ത അന്തരീക്ഷത്തിൽ ഈ മഷിക്കട്ടയിലെ പശ നന്നായി ഉറയ്ക്കുമെന്നതിനാൽ ഓക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള കാലത്ത് കോബായാൻ ഇത്തരം നാല്പതിനായിരത്തോളം മഷിക്കട്ടകൾ ഓരോവർഷവും ഉണ്ടാക്കുന്നു.

പണി ഇനിയും തീർന്നിട്ടില്ല. ഈ മഷിക്കട്ടകൾ പെട്ടെന്ന് ഉണങ്ങാൻ അനുവദിച്ചാൽ അതിൽ പൊട്ടലുകൾ വീഴാം അങ്ങനെ അതിന്റെ ഗുണനിലവാരം നഷ്ടമാവും. അതിനാൽ ഓരോ മഷിക്കട്ടയും ഓക്കുമരത്തിന്റെ ചാരത്തിൽ പൊതിഞ്ഞുവയ്ക്കുന്നു. ഓരോ ദിവസവും തലേന്നത്തേക്കാൾ ഈർപ്പം കുറഞ്ഞ ചാരത്തിൽ പൊതിയുകയാണു ചെയ്യുന്നത്. ഇങ്ങനെ നാൽപ്പതു ദിവസത്തോളം അവർ ചാരം മാറ്റിക്കൊണ്ടിരിക്കും, അപ്പോഴേക്കും മഷിക്കട്ടകൾ 70 ശതമാനത്തോളം ഉണങ്ങിയിരിക്കും. തുടർന്ന് വൈക്കോൽ പിരിച്ച് ഉണ്ടാക്കിയ കയറുകളിൽ അവർ ഈ മഷിക്കട്ട കാറ്റുകൊണ്ട് ഉണങ്ങാനായി കെട്ടിത്തൂക്കിയിടുന്നു. ശരിയായ രീതിയിൽ പാകപ്പെടാൻ കുറഞ്ഞത് നാലു വർഷത്തോളം ആ കട്ടകൾ ഇങ്ങനെ ഉണങ്ങേണ്ടതുണ്ട്. എത്ര വർഷം ഉണങ്ങുന്നോ അത്ര നല്ല ഫലം എഴുത്തിനു കിട്ടുമെന്നു മാത്രമല്ല, മഷിക്കട്ടകളുടെ വിലയും കൂടിക്കൊണ്ടിരിക്കും. കോബായാന്റെ ശേഖരത്തിൽ നൂറു കണക്കിനു വർഷം പഴക്കമുള്ള മഷിക്കട്ടകൾ ഉണ്ട്. അവർ ഇതിനെ മനുഷ്യജീവിതവുമായാണ് താരതമ്യപ്പെടുത്തുന്നത്, പ്രായമാകുന്തോറും മികവ് കൂടുമെന്ന്.

ചൈനയിൽനിന്നു ഈ മഷിനിർമ്മാണരീതി സന്യാസിമാർ ജപ്പാനിലെത്തിച്ച ഏഴാം നൂറ്റാണ്ടു മുതൽ സുമി മഷി നിർമ്മാണം ജപ്പാനിൽ നിലനിൽക്കുന്നുണ്ട്. പതിനാലാം നൂറ്റാണ്ടായപ്പോഴേക്കും സുമിമഷി നിർമ്മാണ വ്യവസായം അവിടെ വളരെ വ്യാപകമായി. കാലിഗ്രാഫി കൂടാതെ സുമി-എ എന്നറിയപ്പെടുന്ന ചിത്രങ്ങൾ വരയ്ക്കാനും ഈ മഷി ഉപയോഗിക്കുന്നുണ്ട്. നല്ല വില കിട്ടുമെന്നതിനാൽ ഉൽപ്പാദനം വളരെയധികം വർദ്ധിപ്പിക്കാൻ കോബായാൻ കമ്പനി ഉദ്യേശിക്കുന്നില്ല, മറിച്ച് പണ്ടുകാലത്ത് ഉണ്ടായിരുന്ന അതേ ഗുണനിലവാരം കാത്തുസൂക്ഷിക്കുകയാണത്രേ അവരുടെ പ്രാഥമിക ലക്ഷ്യം.
Content Highlights: about all you need to know about japan calligraphy, eco story
Published: 11 May 2023, 04:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented