കാലിഗ്രഫിയുടെ ചരിത്രം എന്താണ്. ഏതൊരാള്‍ക്കും കാലിഗ്രഫറാകാന്‍ സാധിക്കുമോ, നന്നായി ചിത്രം വരയ്ക്കുന്നയാള്‍ക്ക് കാലിഗ്രഫി ചെയ്യാന്‍ കഴിയുമോ തുടങ്ങിയ കാലിഗ്രഫിയെക്കുറിച്ച് നമുക്ക് ധാരാളം സംശയങ്ങളുണ്ട്. ഈ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് പ്രശസ്ത കാലിഗ്രഫി വിദഗ്ദ്ധന്‍ എന്‍.ഭട്ടതിരി. ഒപ്പം കൊച്ചിയില്‍ നടക്കാന്‍ പോകുന്ന കാലിഗ്രഫി ഫെസ്റ്റിനെക്കുറിച്ചും അദ്ദേഹം വിവരങ്ങള്‍ പങ്കുവയ്ക്കുന്നു. ആര്‍.ജെ മാഹിനുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്
കാലിഗ്രഫറിന്റെ മലയാളം വാക്കെന്താണ്
മലയാളത്തില്‍ കാലിഗ്രഫിയില്ലെന്നാണ് എന്റെ നിഗമനം. കാലിഗ്രഫിയില്ലാത്തതുകൊണ്ടുതന്നെ മലയാളത്തില്‍ ഒരു വാക്കും ഇല്ല.
എന്താണ് കാലിഗ്രഫി
സുന്ദരമായ കൈപ്പട എന്നൊക്കെയാണ് ഡിക്ഷണറിയില്‍ കാലിഗ്രഫിയുടെ അര്‍ത്ഥം കൊടുത്തിരിക്കുന്നത്. അച്ചടിയൊക്കെ വരുന്നതിന് മുമ്പ് പുസ്തകങ്ങളൊ കവിതകളൊ ഒക്കെ പകര്‍ത്തിയെഴുതി പ്രചരിപ്പിക്കാന്‍ മാത്രമെ സാധിക്കുമായിരുന്നുള്ളു. വളരെ വൃത്തിയായി എഴുതുക എന്ന ആശയത്തില്‍ നിന്നാണ് കാലിഗ്രഫി വരുന്നത്. അക്കാലങ്ങളില്‍ നമ്മുടെ നാട്ടില്‍ താളിയോലകള്‍ ഉപയോഗിച്ചിരുന്നു. അതുകൊണ്ട് തന്നെ എഴുതുന്നതില്‍ ചില പരിമിതികള്‍ ഉണ്ടായിരുന്നു. പിന്നീട് വളരെ കാലം കഴിഞ്ഞാണ് ദക്ഷിണേന്ത്യയിലൊക്കെ പേപ്പര്‍ വരുന്നത്. കടലാസ് വന്നപ്പോഴേക്കും എഴുത്തിന്റെ ഭംഗിയേക്കാളുപരി ആശയത്തിലാണ് കൂടുതല്‍ ശ്രദ്ധനല്‍കിയത്. അതുകൊണ്ടുതന്നെ അക്കാലത്ത് കൂടുതല്‍ നല്ല കൃതികള്‍ നമ്മുടെ നാട്ടില്‍ നിന്നും ഉണ്ടായി.
എങ്ങനെയാണ് താങ്കള്‍ കാലിഗ്രാഫിയിലേക്ക് എത്തുന്നത്.
സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് വൃത്തിയായി എഴുതാന്‍ ശ്രദ്ധിച്ചിരുന്നു. അത് കാലിഗ്രഫിയാണോ എന്നൊന്നും എനിക്ക് അറിയില്ല. നന്നായി എഴുതുന്നത് കാണുമ്പോള്‍ കൂടെ പഠിച്ചിരുന്ന കുട്ടികള്‍ പുതിയ നോട്ട്ബുക്ക് ഒക്കെ വാങ്ങുമ്പോള്‍ പേര് ഒന്ന് എഴുതി തരുമോയെന്ന് ചോദിച്ചുവരുമായിരുന്നു. ഒന്ന് രണ്ട് പേര്‍ക്ക് ഒരേ രീതിയില്‍ എഴുതിയപ്പോള്‍ വേറെ ആളുകള്‍ക്ക് വേറെ ശൈലി പരീക്ഷിക്കാമെന്ന് വിചാരിച്ചു. അക്ഷരത്തോട് അന്നേ വളരെ ഇഷ്ടമായിരുന്നു.അതുതൊണ്ടുതന്നെ അക്ഷരങ്ങള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചു.
നന്നായിട്ട് വരയ്ക്കാന്‍ കഴിയുന്നയാള്‍ക്ക് കാലിഗ്രഫറാകാന്‍ കഴിയുമോ
കാലിഗ്രഫറാകണമെങ്കില്‍ വരയ്ക്കാന്‍ കഴിയണം എന്നുപോലുമില്ല. ഉത്തരേന്ത്യയിലടക്കം പല കാലിഗ്രഫി പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ അവിടെയൊക്കെ പെണ്‍കുട്ടികളാണ് ധാരാളം ഇതിലേക്ക് കടന്നുവരുന്നത്. നമ്മുടെ നാട്ടിലെ പെണ്‍കുട്ടികള്‍ അക്ഷരം എഴുതുന്നതില്‍ അത്ര താത്പര്യം കാണിക്കാറില്ല. പക്ഷേ ചിത്രരചനയില്‍ ധാരാളം പെണ്‍കുട്ടികള്‍ വരാറുമുണ്ട്. അതുകൊണ്ടുതന്നെ ചിത്ര രചനയും കാലിഗ്രഫിയുമായി ബന്ധമില്ലെന്നാണ് എനിക്ക് തോന്നുന്നത്.
നല്ല ഭംഗിയായി എഴുതാന്‍ എല്ലാവര്‍ക്കും പറ്റുമോ
എല്ലാവര്‍ക്കും പറ്റും എന്നുതന്നെയാണ് എന്റെ കണക്കുകൂട്ടല്‍. ചിലര്‍ക്ക് പെട്ടെന്ന് സ്വയത്തമാക്കാന്‍ കഴിയും ചിലര്‍ക്ക് അല്‍പം കൂടി സമയം വേണ്ടിവരും. പരിശീലം ചെയ്യുക എന്നാണ് പ്രധാനപ്പെട്ടകാര്യം. 45 വര്‍ഷത്തിലേറെയായി ഈ രംഗത്തുള്ളയാളാണ് ഞാന്‍. എങ്കിലും എല്ലാ ദിവസവും വെളുപ്പിന് മൂന്ന് മണിക്ക് എഴുന്നേറ്റ് രണ്ട് മണിക്കൂര്‍ കാലിഗ്രഫി പരിശീലനം നടത്തും. അതുകൊണ്ടുതന്നെ കാലിഗ്രഫി ചെയ്യുമ്പോള്‍ എനിക്ക് ഒന്നും ആലോചിക്കേണ്ടിവരുന്നില്ല,, അതിന്റെ കോമ്പോസിഷനും കളറുകളും തന്നെത്താന്‍ മനസിലേക്ക് വരാറുണ്ട്. അത് എന്റെ ഒരു മിടുക്കല്ല പരിശീലനം കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.
നാഷ്ണല്‍ കലിഗ്രഫി ഫെസ്റ്റിനെക്കുറിച്ച് ? എങ്ങനെയാണ് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്
എല്ലാവര്‍ഷവും നടത്തണം എന്നാണ് ആഗ്രഹം.2019ല്‍ നടത്തിയിരുന്നു. അതിന്റെ ഇടയില്‍ കൊവിഡ് വന്നു. 2022 വീണ്ടും തിരുവനന്തപുരത്ത് നടത്തി. ഫൈന്‍ആര്‍ട്‌സ് കോളേജില്‍ പഠിക്കുന്ന ഇന്ത്യയിലെ തന്നെ മികച്ച കാലിഗ്രാഫര്‍മാര്‍, വളരെ സമര്‍ത്ഥരായിട്ടുള്ളവരാണ് അവര്‍, അവരുമായി നേരിട്ട് ഇടപഴകാനും ശൈലികള്‍ മനസിലാക്കാനും ഉള്ള ഒരു അവസരം ആണ് കാലിഗ്രഫി ഫെസ്റ്റ്. ഇന്ത്യയ്ക്ക് പുറത്തുള്ളവരെ കൂടെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്റര്‍നാഷ്ണല്‍ കാലിഗ്രഫി ഫെസ്റ്റാണ് 2023ല്‍ സംഘടിപ്പിച്ചത്. കൊച്ചിയിലാണ് അത് നടന്നത്. ഇപ്പോള്‍ നടക്കാന്‍ പോകുന്നത് രണ്ടാമത്തെ എഡിഷനാണ്.
ഇന്ത്യയില്‍ നിന്നുള്ള 20 കാലിഗ്രഫര്‍മാരും വിദേശത്തുനിന്ന് മൂന്ന് നാല് പേരും ഇത്തവണ ഫെസ്റ്റിന് എത്തുന്നുണ്ട്. താത്പര്യമുള്ള ആര്‍ക്കും രജിസ്റ്റര്‍ ചെയ്ത ശേഷം പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് കാലിഗ്രഫി ചെയ്യാനുള്ള ടൂള്‍കിറ്റ് കൊടുക്കും കേരളത്തില്‍ കാലിഗ്രഫിയില്ലാത്തതുകൊണ്ട് ടൂളുകള്‍ കേരളത്തില്‍ ലഭ്യമല്ല. രജിസ്‌ട്രേഷനില്ലാതെയും പങ്കെടുക്കാം. പക്ഷേ അപ്പോള്‍ ടൂള്‍ കിറ്റ് ലഭ്യമാകില്ല.
വെബ്‌സൈറ്റുമുഖേനയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത് www.kachatathapa.com എന്ന വെബ്‌സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്യാം. കൊച്ചി ദര്‍ബാര്‍ ഹാളില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ അഞ്ച് വരെയാണ് ഫെസ്റ്റിവല്‍. കാലിഗ്രഫിക്കുവേണ്ടിമാത്രമായി ഇന്ത്യയില്‍ നടക്കുന്ന ഫെസ്റ്റിവലാണ് ഇത്. ഇന്റര്‍നാഷ്ണല്‍ എക്‌സിബിഷനും ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടക്കുന്നുണ്ട്. രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് ഏഴുമണി വരെയാണ് ഫെസ്റ്റ്. അതിന് ശേഷം വിവിധ കലാപരിപാടികള്‍ ഫെസ്റ്റിനോട് അനുബന്ധിച്ച് നടക്കുന്നുണ്ട്.
Content Highlights: Interview with N Bhattathiri
Published: 05 Sept 2024, 11:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented