നാല് വര്‍ഷം മുമ്പ് ഇതേപോലെ നവംബര്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ചയ്ക്ക് ശേഷം വരുന്ന ചൊവ്വാഴ്ച അമേരിക്കയില്‍ തിരഞ്ഞെടുപ്പ് നടന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയാകാന്‍ കാത്തുനില്‍ക്കാതെ വൈറ്റ് ഹൈസിന് മുന്നില്‍ ജനത്തെ അഭിസംബോധന ചെയ്ത് ഡൊണൾഡ്‌ ട്രംപ് സ്വയം വിജയം അവകാശപ്പെട്ടു. പ്രധാന സംസ്ഥാനങ്ങളിലെ ഫലം വരുന്നതിന് മുമ്പായിരുന്നു ഇത്. എന്നാല്‍, അന്തിമ കണക്ക് വന്നപ്പോള്‍ 306 ഇലക്ടറല്‍ വോട്ട് നേടി ജോ ബൈഡന്‍ പ്രസിഡന്റായി. 232 വോട്ടുമായി ട്രംപ് തോറ്റു. അവിടെയും ട്രംപ് വഴങ്ങിയില്ല. പ്രസിഡന്റിനെ ഔദ്യോഗികമായി ഇലക്ടറല്‍ കോളജ് പ്രതിനിധികള്‍ തിരഞ്ഞെടുക്കുന്ന 2021 ജനുവരിയില്‍ നടന്ന കാപ്പിറ്റോള്‍ ഹില്‍ കലാപം ചരിത്രത്തിലെ കറുത്ത ഏടായി ഇന്നും നില്‍ക്കുന്നു.

To advertise here,

തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് ട്രംപിന്റെ അനുയായികള്‍ കാപ്പിറ്റോള്‍ ഹില്‍ കയ്യേറി. കലാപം അടിച്ചമര്‍ത്തി ബൈഡന്‍ ഔദ്യോഗികമായി പ്രസിഡന്റായും കമല ഹാരിസ് വൈസ് പ്രസിഡന്റായും പ്രഖ്യാപിക്കപ്പെട്ടു. വര്‍ഷം നാല് കഴിഞ്ഞു. ഇത്തവണയും അമേരിക്കയില്‍ വാശിയേറിയ പോരാട്ടമാണ്. ഇംപീച്ച്‌മെന്റ് നടപടികള്‍ അടക്കം നേരിട്ട് ട്രംപ് ഒരു വട്ടം കൂടി പ്രസിഡന്റ് പദത്തിലേറുമോ. അതോ കമല ഹാരിസ് ചരിത്രം കുറിച്ച് പ്രസിഡന്റാകുന്ന ആദ്യ വനിതയാകുമോ? അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇത്തവണയും സവിശേഷത ഏറെയാണ്. ഡെമോക്രാറ്റുകള്‍ ജയിച്ചാല്‍ വൈസ് പ്രസിഡന്റ് പദവിയില്‍നിന്ന്‌ പ്രസിഡന്റ് പദവിയിലേക്ക് കമലയുടെ പ്രമോഷന്‍. ഇന്ത്യക്കും അത് അഭിമാനമുഹൂര്‍ത്തമാകും. 2016-ല്‍ ഹിലരി ക്ലിന്റ് സാധിക്കാത്തത് കമലയ്ക്ക് കഴിയുമോ? അതോ മുന്‍ പ്രസിഡന്റ് ട്രംപ് നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രസിഡന്റായി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമോ?. റിപ്പബ്ലിക്കന്‍സ് ഇത്തവണ വിജയം പിടിച്ചെടുക്കാന്‍ കൊതിക്കുമ്പോള്‍ അധികാരം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് ഡെമോക്രാറ്റുകള്‍. പ്രായാധിക്യവും നാവുപിഴയും കാരണം പ്രചാരണം പാതിവഴിക്ക് നിര്‍ത്തി ബൈഡന്‍ പിന്മാറിയതോടെയാണ് കമലയ്ക്ക് നറുക്കുവീണത്. ആ തീരുമാനം ഫലത്തെ സ്വാധീനിക്കുമോ?

ഡെമോക്രാറ്റുകള്‍ അല്ലെങ്കില്‍ റിപ്പബ്ലിക്കന്‍സ്. ഈ രണ്ടു കക്ഷി സമ്പ്രദായമാണ് വര്‍ഷങ്ങളായിട്ട് അമേരിക്കന്‍ രാഷ്ട്രീയം. 1854-ലിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാപിതമായത്. പാര്‍ട്ടിയുടെ ചിഹ്നം ആന. നിറം ചുവപ്പ്. തികഞ്ഞ യാഥാസ്ഥിതികരും ദേശീയവാദികളുമാണ് റിപ്പബ്ലിക്കന്‍സ്. 1792-ലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാപിതമായത്. ചിഹ്നം കഴുത. നീല നിറം. പൊതുവേ പുരോഗമനപരമായ നിലപാടുകളും എല്ലാ വംശജരേയും ഉള്‍ക്കൊള്ളുന്ന സമീപനവും കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിനുള്ള നടപടികളെ ഒക്കെ പിന്തുണക്കുന്നവരുമാണ് ഡെമോക്രാറ്റുകള്‍. യു.എസ്സിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഇതില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ പക്ഷത്തായിരിക്കും. അമേരിക്കന്‍ ഐക്യനാടുകള്‍ അഥവാ യുണൈറ്റഡ് സ്‌റ്റേറ്റസ് ഓഫ് അമേരിക്കയില്‍ ആകെ 50 സ്റ്റേറുകളാണുള്ളത്. അതില്‍ 43 സംസ്ഥാനങ്ങളും പരമ്പരാഗതമായി ഇതില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്കൊപ്പമാണ് നിലയുറപ്പിച്ച് പോരുന്നത്. ബാക്കി ഏഴ് സംസ്ഥാനങ്ങള്‍. പൊതുവെ സ്വിങ് സ്‌റ്റേറ്റുകള്‍ എന്നറിയപ്പെടുന്ന ഈ സംസ്ഥാനങ്ങള്‍ രണ്ട് കൂട്ടരേയും മാറിമാറി തുണച്ചിട്ടുണ്ട്. ഫലത്തില്‍ യഥാര്‍ഥ ഇലക്ഷന്‍ നടക്കുന്നത് ഈ ഏഴ് സംസ്ഥാനങ്ങളിലാണെന്ന് പറഞ്ഞാലും തെറ്റില്ല. ഈ സംസ്ഥാനങ്ങളില്‍ കൂടുതലും പിടിക്കുന്ന പാര്‍ട്ടി ജയിക്കുമെന്ന് ഉറപ്പാണ്. അതാണ് ചരിത്രം പറയുന്നത്.

അമേരിക്കന്‍ കോണ്‍ഗ്രസില്‍ ജനപ്രതിനിധി സഭയില്‍ 435 സീറ്റും സെനറ്റില്‍ 100 സീറ്റുമാണുള്ളത്. ദേശീയ തലസ്ഥാന പ്രദേശമായ വാഷിങ്ടണ്‍ ഡിസിക്ക് സംസ്ഥാന പദവിയില്ലെങ്കിലും മൂന്ന് ഇലക്ടറല്‍ കോളജ് പ്രതിനിധികളുണ്ടാകും. അങ്ങനെ ആകെ 538 ഇലക്ടറല്‍ കോളജ് വോട്ടുകളാണുള്ളത്. ഈ ഇലക്ടറല്‍ കോളജിലേക്ക് ജയിച്ചുവരുന്ന പ്രതിനിധികള്‍ ഓരോരുത്തരും പ്രസിഡന്റിന് വോട്ട് ചെയ്യും. അതില്‍ 270 വോട്ട് കിട്ടുന്നയാള്‍ പ്രസിഡന്റായി ജയിച്ച് വൈറ്റ് ഹൗസിലെത്തും. ഇതാണ് പൊതുസങ്കല്‍പം. ജനങ്ങള്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്കാണ് വോട്ട് ചെയ്യുകയെങ്കിലും അവര്‍ യഥാര്‍ഥത്തില്‍ തിരഞ്ഞെടുക്കുന്നത് തങ്ങളുടെ സംസ്ഥാനത്തെ ഇലക്ടറല്‍ കോളജ് പ്രതിനിധികളെയാണ്. ഇന്ത്യയിലെ പോലെയല്ലെന്ന് ചുരുക്കം.

മെയ്ന്‍, നെബ്രാസ്‌ക് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ മുന്നിലെത്തുന്ന സ്ഥാനാര്‍ഥിക്ക് അവിടത്തെ മുഴുവന്‍ ഇലക്ടറല്‍ വോട്ടും കിട്ടും. മെയ്ന്‍, നെബ്രാസ്‌ക് സ്റ്റേറ്റുകളില്‍ ആനുപാതിക പ്രാതിനിധ്യ സമ്പ്രദായമാണ്. കിട്ടിയ വോട്ടിന് ആനുപാതികമായി ഇലക്ടര്‍മാരെ വീതിക്കും. ഇലക്ടറല്‍ കോളജും പോപ്പുലര്‍ വോട്ടും. യു.എസ്സില്‍ വോട്ടിനെ ഇങ്ങനെ രണ്ടായി വിലയിരുത്താം. ആകെ വോട്ടിന്റെ എണ്ണത്തെ പോപ്പുലര്‍ വോട്ടായി കണക്കാക്കുന്നു. എന്നാല്‍, പോപ്പുലര്‍ വോട്ടില്‍ മൂന്നിലെത്തിയാല്‍ ജയിച്ചെന്ന് അര്‍ഥമില്ല. ഉദാഹരണത്തിന് ആകെ 15 കോടി പേര്‍ വോട്ട് ചെയ്‌തെന്ന് കരുതുക. കമല ഹാരിസോ ഡൊണള്‍ഡ് ട്രംപോ. എണ്ണി വരുമ്പോള്‍ ഇതില്‍ കൂടുതല്‍ വോട്ട് ആര്‍ക്കാണോ കിട്ടുന്നത്. അവര്‍ പ്രസിഡന്റാകണം. എന്നാല്‍ സംഗതി അങ്ങനെയല്ല. യഥാര്‍ഥത്തില്‍ പ്രസിഡന്റിനെ നിശ്ചയിക്കുന്നത് ഇലക്ടറല്‍ കോളജിലെ ഭൂരിപക്ഷമാണ്. അമേരിക്കയുടെ ചരിത്രത്തില്‍ പോപ്പുലര്‍ വോട്ടില്‍ മുന്നിലെത്തിയ നാല് പേര്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോറ്റ ചരിത്രവുമുണ്ട്. 2000-ത്തിന് ശേഷം മാത്രം രണ്ട് പേര്‍ അങ്ങനെ തോറ്റു. 2000-ത്തില്‍ ജോര്‍ജ് ബുഷും 2016-ല്‍ ഡൊണാള്‍ഡ് ട്രംപും പോപ്പുലര്‍ വോട്ടില്‍ പിന്നിലായിട്ടും പ്രസിഡന്റായവരാണ്. തോറ്റത് അല്‍ഗോറും ഹിലരി ക്ലിന്റണും. 

2016-ല്‍ ട്രംപിനെക്കാള്‍ ഹിലരിക്ക് 2,10,578 വോട്ടിന്റെ ലീഡുണ്ടായിരുന്നു. ഇലക്ടറല്‍ വോട്ടില്‍ വന്നപ്പോള്‍ ട്രംപിന് 304 വോട്ട് കിട്ടി. ഹിലരി ക്ലിന്റണ് 227 പേരുടെ പിന്തുണയാണ് കിട്ടിയത്. അങ്ങനെ ട്രംപ് പ്രസിഡന്റായി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും സസ്‌പെന്‍സ് നിറഞ്ഞ തിരഞ്ഞെടുപ്പ് 2000-ത്തിലായിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ അല്‍ഗോര്‍ 0.52 ശതമാനം അധികവോട്ട് നേടി. പക്ഷേ ദിവസങ്ങള്‍ നീണ്ട ആകാംക്ഷ നിറഞ്ഞ വോട്ടെണ്ണലിനൊടുവില്‍ കേവലം രണ്ട് ഇലക്ടറല്‍ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ജോര്‍ജ് ബുഷ് പ്രസിഡന്റായി. ഈയൊരു വൈരുധ്യത്തിന് കാരണം ജനം വോട്ട് ചെയ്യുന്നത് പ്രസിഡന്റ് സ്ഥാനാര്‍ഥിക്കാണോ എന്ന് ചോദിച്ചാല്‍ അതേ. എന്നാല്‍ തിരഞ്ഞെടുക്കപ്പെടുന്നത് ആരാണ് എന്ന് ചോദിച്ചാല്‍ അവരുടെ പ്രതിനിധികളായി ഇലക്ടറല്‍ കോളജിലെത്തുന്നവരെയാണ്. ശരിക്കും ഓരോ സ്‌റ്റേറ്റും ആര്‍ക്കൊപ്പമായിരിക്കണം എന്നതാണ് യഥാര്‍ഥ വോട്ടെടുപ്പ്. ഒരു സംസ്ഥാനത്തെ വോട്ടില്‍ ഭൂരിപക്ഷം ഏത് സ്ഥാനാര്‍ഥിക്കാണോ അവിടത്തെ മുഴുവന്‍ ഇലക്ടറല്‍ വോട്ടും ആ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് അനുകൂലമാകും. അതായത് ഒരു ശതമാനം വോട്ടാണ് അധികം ലഭിക്കുകയെങ്കിലും ആ സംസ്ഥാനത്തെ 100 ശതമാനം ഇലക്ടറല്‍ വോട്ടും ഒരു പക്ഷത്തിന് അനുകൂലമാകുന്നുവെന്ന് സാരം.

ജനസംഖ്യ അനുപാതത്തില്‍ ഓരോ സംസ്ഥാനത്തിനും നിശ്ചിത എണ്ണം പ്രതിനിധികളാണുള്ളത്. എന്നാല്‍ വലിപ്പ-ചെറുപ്പമില്ലാതെ എല്ലാ സംസ്ഥാനത്തിനും രണ്ട് സെനറ്റര്‍മാര്‍ മാത്രമേയുള്ളൂ. ജനസംഖ്യ കൂടുതലുള്ള ടെക്‌സസില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ 36 പ്രതിനിധികളുണ്ടെങ്കില്‍ ചെറിയ സംസ്ഥാനമായ വെര്‍മോണ്ടിന് ഒരേയൊരു പ്രതിനിധി മാത്രം. അതായത് സംസ്ഥാനം ചെറുതും വലുതുമാണെങ്കിലും ഇത്ര ജനങ്ങള്‍ക്ക് ഇത്ര പ്രതിനിധി എന്നതാണ് മാനദണ്ഡം. ടെക്‌സസിന് 38 ഇലക്ടറല്‍ വോട്ടുകളും വെര്‍മോണ്ടിന് മൂന്നുമാണുള്ളത്. ഏറ്റവും കൂടുതല്‍ ഇലക്ടടറല്‍ വോട്ടുകളുള്ളത് കാലിഫോര്‍ണിയയിലാണ്. രണ്ട് സെനറ്റര്‍മാര്‍ ഉള്‍പ്പടെ 56 പേര്‍. ചെറിയ സംസ്ഥാനമായ വെര്‍മോണ്ടിനും രണ്ട് സെനറ്റര്‍മാരുണ്ട് പക്ഷേ ജനപ്രതിനിധി സഭയില്‍ ഒരാള്‍ മാത്രം അങ്ങനെ ആകെ 3 ഇലക്ടറല്‍ വോട്ട്. നിലവിലെ അമേരിക്കന്‍ കോണ്‍ഗ്രസില്‍ ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍സിനാണ് ഭൂരിപക്ഷം. എന്നാല്‍ സെനറ്റില്‍ ഡെമോക്രാറ്റുകള്‍ക്കാണ് മേധാവിത്വം.

ഇന്ത്യയില്‍ ലോക്‌സഭ രാജ്യസഭ എന്ന് പറയുംപോലെയാണ് അമേരിക്കയില്‍ ജനപ്രതിനിധി സഭ അഥവ (ഹൗസ് ഓഫ് റെപ്രസന്ററ്റീവ്‌സും) ഉപരിസഭ അല്ലെങ്കില്‍ സെനറ്റുമുള്ളത്. 435 അംഗങ്ങളാണ് ജനപ്രതിനിധി സഭയിലുള്ളത്. രണ്ട് വര്‍ഷമാണ് ഈ ജനപ്രതിനിധ സഭയിലെ അംഗങ്ങളുടെ കാലാവധി. എന്നാല്‍ സെനറ്റ് അംഗങ്ങള്‍ക്ക് ആറ് വര്‍ഷമാണ് കാലാവധി.

അമേരിക്കയില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ തന്നെ ഒരു വര്‍ഷം നീളുന്നതാണ്. മാസങ്ങള്‍ നീളുന്ന തയ്യാറെടുപ്പ്. കണ്‍വെന്‍ഷനുകള്‍. സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള സംവാദങ്ങള്‍, അഭിപ്രായസര്‍വെ അങ്ങനെ വലിയൊരു ഘട്ടം കടന്നാണ് വോട്ടെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നത്. വോട്ടിങ് തീയതിക്ക് മാസങ്ങള്‍ക്ക് മുന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. റിപ്പബ്ലിക്കന്‍സും ഡെമോക്രാറ്റുകളും. റാലികളും ഫണ്ട് റെയ്‌സിങ്ങുമായി പ്രചാരണം കൊഴുപ്പിക്കും. പ്രൈമറി, കോക്കസ് എന്നീ രണ്ട് രീതിയിലൂടെയാണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത്. 

പ്രൈമറിയില്‍ പാര്‍ട്ടിയംഗങ്ങള്‍ക്കിടയില്‍ രഹസ്യബാലറ്റിലൂടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ കണ്ടെത്തും. കോക്കസിലും രഹസ്യബാലറ്റാകും. ചിലപ്പോള്‍ അതില്‍ പങ്കെടുക്കുന്നവര്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് അവര്‍ പിന്തുണക്കുന്ന സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യും. എല്ലാ സംസ്ഥാനങ്ങളും തിരഞ്ഞെടുപ്പിന് ആറും ഏഴും മാസം മുന്നെ പ്രൈമറികള്‍ നടത്തും. അതായത് ഓരോ പാര്‍ട്ടിക്കാരനും പൊതുതിരഞ്ഞെടുപ്പില്‍ തങ്ങളെ പ്രതിനിധീകരിക്കുന്ന സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പാണിത്. പ്രതിനിധികളില്‍ കൂടുതല്‍ പേരുടെ പിന്തുണ കിട്ടുന്നയാളാകും രണ്ട് പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥിയാകുക. അത് നാഷണല്‍ കണ്‍വെന്‍ഷനിലാകും തീരുമാനിക്കുക. ഈ കണ്‍വന്‍ഷനിലാണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയേയും നിശ്ചയിക്കുക. തിരഞ്ഞെടുപ്പ് തീയതിക്ക് വളരെ മുന്നെ തന്നെ തപാല്‍ വോട്ടിലൂടെയും മുന്‍കൂര്‍ വോട്ടിങ്ങിലൂടെയും മൂന്നിലൊന്ന് പേരോളം വോട്ട് ചെയ്തുകഴിയും. ഇതുവരെ ഈ വര്‍ഷം 40 ശതമാനത്തിലേറെ പേര്‍ വോട്ട് ചെയ്തുകഴിഞ്ഞു. 

47 ാം മത്തെ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടിങ്ങിലാണ് അമേരിക്ക ഇപ്പോള്‍. 175 വര്‍ഷമായി ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ്. 1845 ല്‍ ചൊവ്വാഴ്ച ദിവസം തിരഞ്ഞെടുപ്പ് എന്നത് നിയമമായി. അതായത് നവംബറിലെ ആദ്യ തിങ്കളാഴ്ചയ്ക്ക് ശേഷം വരുന്ന ചൊവ്വാഴ്ചയായി നിശ്ചയിച്ച രീതിയാണ് ഇന്നും തുടരുന്നത്. നവംബര്‍ ഒന്ന് ചൊവ്വാഴ്ചയായാല്‍ എട്ടിനെ തിരഞ്ഞെടുപ്പ് നടക്കൂ. എന്തുകൊണ്ട് ചൊവ്വാഴ്ച തിരഞ്ഞെടുത്തുവെന്നതിന് പല വ്യാഖ്യാനങ്ങളുണ്ടെങ്കിലും കൃത്യമായ വിശദീകരണം ചരിത്രത്തിലില്ല. പലരാജ്യങ്ങളിലും ആഴ്ചയവസാനം ശനിയോ ഞായറാഴ്ചയോ തിരഞ്ഞെടുപ്പ് നടത്തുന്ന പതിവുണ്ട്.  അമേരിക്ക ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് 1776 ജൂലായ് നാലിനായിരുന്നു. അക്കാലത്ത് ആറ് മാസം വരെ നീണ്ടു തിരഞ്ഞെടുപ്പ്. 1840 ലെ തിരഞ്ഞെടുപ്പില്‍ വ്യാപക കൃത്രിമം അരങ്ങേറി. തുടര്‍ന്ന് 1844 ലില്‍ ഒറ്റ ദിവസമാക്കി തിരഞ്ഞെടുപ്പ്. നാല് വര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി. ഇന്ത്യക്ക് രാഷ്ട്രത്തലവനും ഭരണത്തലവനും രാഷ്ട്രപതിയും പ്രധാനമന്ത്രിയുമാണെങ്കില്‍ യു.എസ്സില്‍ ഇത് രണ്ടും പ്രസിഡന്റാണ്. അധികാരത്തിന്റെ സുപ്രീം എന്ന് പറയാം. അമേരിക്കന്‍ പ്രസിഡന്റാകാനുള്ള യോഗ്യതയ്ക്ക് 35 വയസ്സെങ്കിലും പ്രായമുണ്ടാകണം. അമേരിക്കന്‍ വംശജനായിരിക്കണം. 14 വര്‍ഷമെങ്കിലും അമേരിക്കയില്‍ താമസക്കാരനായിരുന്നിരിക്കണം. ചരിത്രത്തില്‍ ജോര്‍ജ് വാഷിങ്ടണ്‍ മാത്രമാണ് മത്സരമില്ലാതെ ഐകകണ്‌ഠ്യേന പ്രസിഡന്റായ ഒരേയൊരാള്‍. 

പതിവുപോലെ ഇത്തവണയും ഡൊണള്‍ഡ് ട്രംപിന്റെയും കമല ഹാരിസിന്റെയും വിധി നിര്‍ണയിക്കുക സ്വിങ് സ്റ്റേറ്റുകള്‍ തന്നെയാകും. സ്വിങ് സ്റ്റേറ്റുകളായി അറിയപ്പെടുന്നത് പെന്‍സില്‍വാനിയ(19), വിസ്‌കോണ്‍സിന്‍(10), നോര്‍ത്ത് കരോലിന(16), ജോര്‍ജിയ(16), മിഷിഗണ്‍(15), അരിസോണ(11), നേവഡ(6) എന്നീ സംസ്ഥാനങ്ങളാണ്. 93 സീറ്റുകളാണ് ഈ ഏഴ് സംസ്ഥാനങ്ങളിലായുള്ളത്. ഒരു പാര്‍ട്ടിക്കൊപ്പവും കൃത്യമായി നിലയുറപ്പിക്കാതെ ഓരോ തിരഞ്ഞെടുപ്പിലും വ്യത്യസ്ത നിലപാട് സ്വീകരിക്കുന്ന ഈ 'മാറ്റം' ആണ് അന്തിമവിധി നിര്‍ണയിക്കുക. 

അന്തിമവിജയം ഡെമോക്രാറ്റുകള്‍ക്കെങ്കില്‍ കമല ഹാരിസിലൂടെ പിറക്കുക പുതിയ ചരിത്രമാകും. അമേരിക്കയുടെ തലപ്പത്ത് ആദ്യമായി ഒരു വനിത പ്രസിഡന്റ് വരും. അങ്ങനെ സംഭവിച്ചാല്‍ കമലയുടെ അമ്മ ഇന്ത്യന്‍ വംശജയായതിനാല്‍ ഇന്ത്യക്കും അഭിമാനനിമിഷമാകും. 2016-ല്‍ ഹിലരി ക്ലിന്‍ണ്‍ ജയിക്കുമെന്ന് പലരും വിധിയെഴുതിയപ്പോള്‍ സസ്‌പെന്‍സിനൊടുവില്‍ ട്രംപിന്റെ വിജയമാണ് ലോകം കണ്ടത്. ഇത്തവണയും അതാകുമോ സംഭവിക്കുക? എല്ലാ അഭിപ്രായ സര്‍വെകളെയും തകര്‍ത്ത് അവസാന റൗണ്ടില്‍ ട്രംപ് തിരിച്ചുവരുമോ? ലോകം കാത്തിരിക്കുന്നു പുതിയ യു.എസ് പ്രസിഡന്റ് ആരെന്നറിയാന്‍.