
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ രണ്ടാം ഉപതിരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേത്. സിറ്റിങ് എം.എല്‍.എയുടെ മരണാനന്തര ചടങ്ങുകള്‍പോലും പൂര്‍ത്തിയാവുംമുമ്പാണ്, കൃത്യമായി പറഞ്ഞാല്‍ മരണത്തിനും 22 ദിവസങ്ങള്‍ക്കുള്ളിലാണ് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. യു.ഡി.എഫിനെ സംബന്ധിച്ച് അന്നുവരെ ഇല്ലാത്തത്ര വേഗത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം. എല്‍.ഡി.എഫിന്റേത് അപ്രതീക്ഷിത സ്ഥാനാര്‍ഥിയല്ലായിരുന്നുവെങ്കിലും ജെയ്ക് സി. തോമസ് എന്ന പേരിലേക്കെത്താന്‍ കുറച്ചുകൂടെ കാത്തിരിക്കേണ്ടി വന്നു, പല തലത്തില്‍ ചര്‍ച്ചകള്‍ നടന്നു.
യു.ഡി.എഫിന്റെ അതിവേഗം, ആലോചിച്ചുറപ്പിച്ച എല്‍.ഡി.എഫ്.
പുതുപ്പള്ളിക്ക് മുമ്പുവരെ, യു.ഡി.എഫിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സ്ഥാനാര്‍ഥി പ്രഖ്യാപനം തൃക്കാക്കരയിലേതായിരുന്നു. എന്നാല്‍, അതും മറികടന്ന് പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് വേണ്ടിവന്നത് വെറും മൂന്നു മണിക്കൂറാണ്. ഓഗസ്റ്റ് എട്ട് ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപതിരഞ്ഞെടുപ്പ് തീയതി പുറത്തുവിട്ടത്. അന്ന് രാത്രി ഏഴോടെ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരനും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും ചേര്‍ന്ന് ഡല്‍ഹിയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍നിന്നായിരിക്കും സ്ഥാനാര്‍ഥിയെന്ന് നേരത്തെതന്നെ കോണ്‍ഗ്രസ് വ്യക്തമായ സൂചന നല്‍കിയിരുന്നെങ്കിലും, രാഷ്ട്രീയ പിന്‍ഗാമി മകള്‍ അച്ചു ഉമ്മനോ മകന്‍ ചാണ്ടി ഉമ്മനോ എന്ന കാര്യത്തില്‍ സസ്പെന്‍സ് നിലനിന്നിരുന്നു. കുടുംബത്തിലെ രാഷ്ട്രീയക്കാരന്‍ സഹോദരനാണെന്ന് അച്ചു ഉമ്മനും മറിയം ഉമ്മനും പ്രഖ്യാപിച്ചതോടെയാണ് ആ രാഷ്ട്രീയ സസ്പെന്‍സിന് പാതിവിരാമമായത്, സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ മുഴുവനായും.
നാലു ദിവസം കഴിഞ്ഞാണ് ചാണ്ടി ഉമ്മന്റെ എതിരാളിയായി എല്‍.ഡി.എഫ്. ജെയ്ക് സി. തോമസിനെ സ്ഥാനാര്‍ഥിയായി കോട്ടയത്തുവെച്ച് പ്രഖ്യാപിച്ചത്. ജെയ്ക്കിനു പുറമേ മറ്റുപേരുകള്‍ കൂടി പരിഗണിച്ച ശേഷമായിരുന്നു സ്ഥാനാര്‍ഥിയില്‍ തീരുമാനമായത്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായിരുന്ന ജില്ലാ പഞ്ചായത്തംഗമായ കോണ്‍ഗ്രസുകാരനെ സ്ഥാനാര്‍ഥിയാക്കാന്‍ ശ്രമമെന്ന വാര്‍ത്ത ആദ്യം പുറത്തുവന്നു. എന്നാല്‍, ഇത് തള്ളി കോട്ടയത്തുനിന്നുള്ള മന്ത്രി വി.എന്‍. വാസവനും വാര്‍ത്തകളില്‍ പരാമര്‍ശിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് തന്നെയും രംഗത്തെത്തി. തൃക്കാക്കരയ്ക്ക് സമാനമായി സ്വതന്ത്രസ്ഥാനാര്‍ഥിയെ തേടിയും പാര്‍ട്ടിയിറങ്ങി. എന്നാല്‍, തൃക്കാക്കരയിലെ ദുരനുഭവം തന്നെ മുന്നിലുള്ളതിനാല്‍ അത്തരമൊരു നീക്കത്തില്‍നിന്ന് പിന്മാറി. മുന്‍ ചീഫ് സെക്രട്ടറിയെ സ്വതന്ത്രനായി നിര്‍ത്തുന്നതും ആദ്യ ഘട്ടത്തില്‍ പരിഗണനയിലുണ്ടായിരുന്നു. പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ വേണമെന്ന ആവശ്യം ലോക്കല്‍ കമ്മിറ്റികള്‍ ഉന്നയിച്ചതോടെ ജെയ്കിന് പുറമേ, ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെ.എം. രാധാകൃഷ്ണന്‍, റെജി സഖറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് വര്‍ഗീസ് എന്നിവരുടെ പേരുകളും സി.പി.എം. പരിഗണിച്ചിരുന്നു.

സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വി.എന്‍. വാസവന്‍ ജെയ്കിന്റെ വിജയസാധ്യത വിശദീകരിച്ചതോടെയാണ് മറ്റൊരു ഓപ്ഷനിലേക്ക് പോകേണ്ടന്ന തീരുമാനത്തിലേക്ക് സി.പി.എം. എത്തിയത്. രണ്ടു തവണ മത്സരിച്ചവര്‍ക്ക് അവസരം നല്‍കേണ്ടതില്ലെന്ന നയം മറികടന്നാണ് ജെയ്കിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. മണ്ഡലത്തില്‍ സഹതാപ തരംഗം ആഞ്ഞടിച്ച് തോല്‍വിയുണ്ടായാല്‍ അത് രാഷ്ട്രീയഭാവിയെ ബാധിച്ചേക്കുമെന്ന വിലയിരുത്തലില്‍ ജെയ്ക്കിനെ മാറ്റി, മറ്റൊരു സ്ഥാര്‍ഥിയെ പരീക്ഷിക്കുന്നതടക്കം ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍, ഒടുവില്‍ വിജയസാധ്യതയുള്ള പേര്, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 9,044ലേക്ക് എത്തിച്ച ജെയ്ക്കിന്റേതാണെന്ന വിലയിരുത്തിലേക്ക് സി.പി.എം. എത്തുകയായിരുന്നു.
പാലം മുതല്‍ പൈലി വരെ
പുതുപ്പള്ളിയെച്ചൊല്ലി സംസ്ഥാന രാഷ്ട്രീയത്തിലും സൈബര്‍ ഇടങ്ങളിലും കനത്ത പ്രചാരണങ്ങളും വാക്പോരുമാണെങ്കിലും, മണ്ഡലത്തില്‍ അത്രയങ്ങ് ആവേശമില്ലെന്നതാണ് യാഥാര്‍ഥ്യം. ആം ആദ്മി പാര്‍ട്ടിയും മൂന്ന് സ്വതന്ത്രരുമടക്കം ഏഴ് സ്ഥാനാര്‍ഥികളാണ് മണ്ഡലത്തില്‍ ജനവിധി തേടുന്നത്. സ്ഥാനാര്‍ഥികളുടെ ശരാശരി പ്രായം 43-നടുത്ത്. പ്രധാന മുന്നണിയിലെ സ്ഥാനാര്‍ഥികളില്‍ പ്രായം കൂടുതല്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കൂടിയായ ലിജിന്‍ ലാലിന്, 40. ആരെ വിജയിപ്പിച്ചാലും യുവ എം.എല്‍.എയെ ലഭിക്കുന്ന മണ്ഡലത്തില്‍ 2021-നെ അപേക്ഷിച്ച് ആകെ 39 പുതിയ വോട്ടര്‍മാര്‍ മാത്രമാണുള്ളത്. 18- 25 പ്രായപരിധിയില്‍ വരുന്ന വോട്ടമാരില്‍ ഏഴായിരം പേരുടെ കുറവും കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ തെക്കന്‍ ജില്ലകളെ പ്രധാനമായും ബാധിച്ച യുവാക്കളുടെ വിദേശ കുടിയേറ്റമാണ് വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടാക്കിയ കുറവിന് കാരണമെന്ന് കരുതപ്പെടുന്നു. ഇതുതന്നെയാവണം പ്രചാരണരംഗത്ത് യുവാക്കളുടെ കുറവ് അനുഭവപ്പെടാനും സാധാരണനിലയില്‍ തിരഞ്ഞെടുപ്പുകളില്‍ കാണുന്ന അവേശം പുതുപ്പള്ളിയില്‍ പ്രകടമാവാത്തതിന് കാരണമെന്നും വിലയിരുത്തലുണ്ട്.
മണ്ഡലത്തിലില്ലാത്ത ആവേശം പക്ഷേ സൈബര്‍ ഇടങ്ങളില്‍ ആദ്യദിനം മുതലുണ്ട്. ഉമ്മന്‍ചാണ്ടിയുടെ മരണശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ സഹതാപത്തെ വോട്ടാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ക്കെതിരേ ഉയര്‍ന്ന പ്രചാരണങ്ങള്‍, അദ്ദേഹത്തിന്റെ ചികിത്സയില്‍ കുടുംബം ഉഴപ്പിയെന്ന ആരോപണത്തിലേക്ക് ഉയര്‍ന്നു. ഇത് തിരിച്ചടിയാകുമെന്ന് കണ്ട് സി.പി.എം. തന്നെ പിന്നോട്ടുപോയി. ഉമ്മന്‍ചാണ്ടിയെ വിശുദ്ധനാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ തന്നെ ആരംഭിച്ച ചര്‍ച്ചയ്ക്ക് സി.പി.എം. സംസ്ഥാന സമിതി അംഗം കെ. അനില്‍കുമാര്‍ മറുപടിയുമായി രംഗത്തെത്തി. 'കൊലയാളികള്‍ക്കൊപ്പംനിന്ന ഒരാള്‍ എങ്ങനെ ഭൂമിയിലും സ്വര്‍ഗത്തിലും അല്ലെങ്കില്‍ നരകത്തിലും വിശുദ്ധനാകും', എന്ന അനില്‍കുമാറിന്റെ ചോദ്യം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. എന്നാല്‍, അതും തിരിച്ചടിയാവുമെന്ന് കണ്ട് പ്രചാരണങ്ങളില്‍ ഉമ്മന്‍ചാണ്ടിയെ വ്യക്തിപരമായി ആക്രമിക്കാതിരിക്കാനും പേരെടുത്ത് വിമര്‍ശിക്കാതിരിക്കാനും സി.പി.എം. നിര്‍ദേശമുണ്ടായെന്ന് വാര്‍ത്തകള്‍ വന്നു.
അപ്പോഴും പ്രചാരണത്തിന്റെ ഭാഗമായി നടക്കുന്ന തെരുവുനാടകങ്ങളിലും മുഖ്യമന്ത്രിയുടേതടക്കം പൊതുയോഗങ്ങള്‍ക്ക് മുന്നോടിയായും സ്ഥാനാര്‍ഥിയുടെ വാഹനപ്രചാരണ ജാഥകളുടെ സ്വീകരണകേന്ദ്രങ്ങളിലും അവതരിപ്പിക്കപ്പെടുന്ന ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത് പോലുള്ള കലാരൂപങ്ങളിലും ഉമ്മന്‍ചാണ്ടിയെ നിശിതമായി പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തുപോന്നു. പാര്‍ട്ടി തന്നെ ഇടപെട്ട് അവസാനിപ്പിച്ച ചികിത്സാവിവാദം, മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയ മുന്‍മന്ത്രി കൂടിയായ എം.എം. മണി എം.എല്‍.എ. മാധ്യമങ്ങളോട് സംസാരിക്കവെ തുറന്നുവിട്ടതോടെ അദ്ദേഹത്തെ നിയന്ത്രിക്കാനാണ് പാര്‍ട്ടി മുതിര്‍ന്നത്.
തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ചര്‍ച്ചയായത് ഒരു പാലമായിരുന്നു. മണ്ഡലത്തിന്റെ ചുമതലയുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ മന്ത്രി വി.എന്‍. വാസവന്‍ പ്രതിനിധീകരിക്കുന്ന ഏറ്റുമാനൂരിലെ തിരുവാര്‍പ്പ് പഞ്ചായത്തിലെ ഇരട്ടത്തടിപ്പാലമായിരുന്നു ചര്‍ച്ചാവിഷയം. ഒരു ചടങ്ങിനെത്തിയപ്പോള്‍ ചിത്രീകരിച്ച, തടിപ്പാലത്തിലൂടെ ഉമ്മന്‍ചാണ്ടി നടക്കുന്ന ചിത്രം, പുതുപ്പള്ളിയിലേതെന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ടു. മുരളി തുമ്മാരുകുടിയുടെ പോസ്റ്റില്‍ ചിത്രം പ്രത്യക്ഷപ്പെട്ടതോടെ, സൈബര്‍ സംഘങ്ങള്‍ അണിയറയില്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്ന ചിത്രം പൊതുമണ്ഡലത്തില്‍ ചര്‍ച്ചാവിഷയമായി. എന്നാല്‍, പാലം ഏറ്റുമാനൂര്‍ മണ്ഡലത്തിലാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തി. പിന്നീട് ചര്‍ച്ച ആ നിലയില്‍ മുന്നോട്ടുപോയി, കെട്ടടങ്ങുകയായിരുന്നു.
സ്വകാര്യ ചാനലിനു മുന്നില്‍ ഉമ്മന്‍ചാണ്ടിയെ പ്രകീര്‍ത്തിച്ച മൃഗസംരക്ഷണവകുപ്പിലെ താത്കാലിക ജീവനക്കാരി സതിയമ്മയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടുവെന്ന ആരോപണം കോണ്‍ഗ്രസ് പ്രത്യക്ഷമായി തന്നെ ഏറ്റെടുത്തു. പ്രതിഷേധവുമായി മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് രംഗത്തെത്തിയതോടെ സതിയമ്മ വ്യാജരേഖ ചമച്ചെന്ന ആരോപണമുയര്‍ത്തി സി.പി.എം. പ്രതിരോധിച്ചു. സതിയമ്മയ്‌ക്കെതിരേ കേസെടുക്കുന്നതുവരെ വിഷയം വളര്‍ന്നെങ്കിലും അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. മാധ്യമങ്ങള്‍ക്കു മുന്നില്‍ വിഷയം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുമെന്ന് നേതാക്കള്‍ പറയുമെങ്കിലും ഇത്തരം രാഷ്ട്രീയവിവാദങ്ങളിലേക്കൊന്നും പുതുപ്പള്ളിക്കാര്‍ പോകുന്നില്ല.
ഉമ്മന്‍ചാണ്ടിയുടെ മകളും യു.ഡി.എഫ്. സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ സഹോദരിയുമായ അച്ചു ഉമ്മന്റെ സാമൂഹിക മാധ്യമ പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയും ഇടത് സൈബര്‍ സംഘങ്ങള്‍ പ്രചാരണവുമായെത്തി. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണം ചര്‍ച്ചയാവുമ്പോള്‍, കോണ്‍ഗ്രസ് നേതാക്കളുടെ മക്കളുടെ ധൂര്‍ത്തും ആഡംബര ജീവിതവും ഓഡിറ്റു ചെയ്യപ്പെടുന്നില്ലെന്ന് ആരോപിച്ച് തുടങ്ങിയ പ്രചാരണം വ്യക്തിഹത്യയോളമെത്തിയപ്പോള്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ഇടത് സംഘടനാ നേതാവും സെക്രട്ടേറിയറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറിയുമായ നന്ദകുമാര്‍ എന്നയാള്‍ക്കെതിരേ
അച്ചു ഉമ്മന്‍ തന്നെ പരാതിയുമായി രംഗത്തെത്തുകയും ചെയ്തു. വ്യക്തികേന്ദ്രീകൃതമായ വിമര്‍ശനങ്ങളേയും ആരോപണങ്ങളേയും അനുകൂലിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയും നേതാക്കളും തന്നെ രംഗത്തെത്തി.
ഇടുക്കിയിലെ എഞ്ചിനീയറിങ് കോളേജിലെ എസ്.എഫ്.ഐ. പ്രവര്‍ത്തകനായിരുന്ന ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവായ നിഖില്‍ പൈലി യു.ഡി.എഫ്. പ്രചാരണത്തിനെത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു അടുത്ത വിമര്‍ശനം. പുതുപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം നിഖില്‍ പൈലി തന്നെ പങ്കുവെച്ച ചിത്രങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു യു.ഡി.എഫ്. സ്ഥാനാര്‍ഥിയെ തന്നെ പ്രതിക്കൂട്ടില്‍നിര്‍ത്താന്‍ ശ്രമം. ഇതിനോട് തന്ത്രപരമായ മൗനമാണ് പൊതുവേ യു.ഡി.എഫ്. നേതാക്കള്‍ കൈക്കൊണ്ടത്. വാടിക്കല്‍ രാമകൃഷ്ണന്‍ കൊലപാതകമടക്കം ചൂണ്ടിക്കാട്ടി നിഖില്‍ പൈലി തന്നെയാണ് വിമര്‍ശനങ്ങളെ പ്രതിരോധിക്കുന്നത്.

പ്രചാരണങ്ങള്‍ക്കിടെ ചെരുപ്പിടാന്‍ മറന്ന ചാണ്ടി ഉമ്മനും പുതുപ്പള്ളിയിലെ വികസനവുമായി ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ പരാമര്‍ശങ്ങളും ചര്‍ച്ചയായി. കോവിഡ് ടെസ്റ്റ് നടത്തിയ സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസേര്‍ച്ച് ആന്‍ഡ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയെക്കുറിച്ചുള്ള ചാണ്ടി ഉമ്മന്റെ പരാമര്‍ശവും വികസനത്തിന്റെ അടയാളങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ട സ്ഥാപനങ്ങളും സൈബര്‍ ഇടങ്ങളില്‍ ചര്‍ച്ചയും ട്രോളുകളുമായി. പുതുപള്ളിയില്‍ ഉമ്മന്‍ചാണ്ടി പഠിച്ച സ്‌കൂള്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തിയത് എല്‍.ഡി.എഫ്. സര്‍ക്കാരാണെന്ന അവകാശവാദവുമായി സി.പി.എമ്മും കളം പിടിക്കാന്‍ ശ്രമിച്ചു. കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം മണ്ഡലത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടി ചാണ്ടി ഉമ്മന്‍ മറുപടിയുമായി എത്തി. ജെയ്കിന്റെ സത്യവാങ്മൂലത്തിലെ സ്വത്തുവിവരം ചൂണ്ടിക്കാണിച്ചുള്ള സൈബര്‍ കോണ്‍ഗ്രസിന്റെ പ്രചാരണവും അതിനുള്ള എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ മറുപടിയുമായി ഒരു ഘട്ടത്തില്‍ ചര്‍ച്ച. പുതുപ്പള്ളിയിലെ വികസന ചര്‍ച്ച അവസാനം എത്തിനില്‍ക്കുന്നത് എ.ഐ.സി.സി. സെക്രട്ടറി പി.സി. വിഷ്ണുനാഥിന്റേയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും പുതുപ്പള്ളി റൈഡിലാണ്. ഇതുപോലും പുതുപ്പള്ളിയെക്കുറിച്ച് അറിയാത്ത, പുതുപ്പള്ളിക്ക് പുറത്തുള്ളവര്‍ക്കായുള്ള വിശദീകരണം എന്നാണ് കോണ്‍ഗ്രസ് സാമൂഹിക മാധ്യമവിഭാഗം പ്രചരിപ്പിക്കുന്നത്. പുതുപ്പള്ളിക്കാരെ അത്രയ്ക്ക് വിശ്വാസമാണ് കോണ്‍ഗ്രസിന്!
പാലായാണോ തൃക്കാക്കരയാണോ പുതുപ്പള്ളി?
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ഉപതിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചയുടെ ആത്മവിശ്വാസത്തിലാണ് എം.എല്‍.എമാരുടെ എണ്ണത്തില്‍ സെഞ്ചുറി തികയ്ക്കാന്‍ എല്‍.ഡി.എഫ്. തൃക്കാക്കരയില്‍ വോട്ടു തേടിയത്. കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കളില്‍ ഒരാളായ പി.ടി. തോമസിന്റെ മരണത്തെത്തുടര്‍ന്ന് ഒഴിവുവന്ന മധ്യവര്‍ഗ ഭൂരിപക്ഷ മണ്ഡലത്തില്‍, സഹതാപം വോട്ടാവില്ലെന്ന് പ്രതീക്ഷയിലാണ് 'ക്യാപ്റ്റ'ന്റെ നേതൃത്വത്തില്‍ പ്രചാരണത്തിനിറങ്ങിയത്. വികസനവും കെ- റെയില്‍ ചൂണ്ടി വേഗവും പറഞ്ഞാല്‍ വോട്ടു നേടാമെന്ന് എല്‍.ഡി.എഫ്. കരുതി. 20 മന്ത്രിമാരും എഴുപതിലേറെ എം.എല്‍.എമാരും ഭരണകക്ഷിക്കായി മണ്ഡലം പിടിക്കാനിറങ്ങി. ജില്ലാ കമ്മിറ്റിയുടെ നോമിനിയെ തള്ളി സംസ്ഥാന നേതൃത്വം പാര്‍ട്ടിക്കാരനല്ലാത്ത സ്ഥാനാര്‍ഥിയെ ഇറക്കി. നിയമസഭയിലേക്കുള്ള എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി 'സഭ'യുടേതോ എന്ന ചോദ്യം, കത്തോലിക്കാസഭയെ പിണക്കാതെ തന്നെ യു.ഡി.എഫ്. വായുവില്‍നിര്‍ത്തി. ജാതി- മത സമവാക്യങ്ങള്‍ പാലിച്ചുള്ള മന്ത്രിമാരുടെ വീടു കയറലെന്ന പ്രചാരണവും വോട്ടുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആറിലേറെ തവണ വീടുകള്‍ കയറിയതും വോട്ടര്‍മാരെ മടുപ്പിച്ചുവെന്ന വിലയിരുത്തലുണ്ടായി. മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നല്‍കിയ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി എല്‍.ഡി.എഫിന് നേരിടേണ്ടി വന്നു.
തൃക്കാക്കരയില്‍ ഉയര്‍ത്തി പരാജയപ്പെട്ട വികസന ചര്‍ച്ചയാണ് പുതുപ്പള്ളിയിലും എല്‍.ഡി.എഫ്. ഉയര്‍ത്തുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അവിടെയുണ്ടായ പാളിച്ച മറികടക്കാന്‍ പുതുപ്പള്ളിയില്‍ പക്ഷേ, പാര്‍ട്ടി സ്ഥാനാര്‍ഥിയെ, കിട്ടാവുന്നതില്‍ കരുത്തനെ തന്നെ നിര്‍ത്തി എല്‍.ഡി.എഫ്. മറികടന്നു. കെ- റെയില്‍ അടക്കം വലിയ പദ്ധതികള്‍ ചൂണ്ടിയായിരുന്നു തൃക്കാക്കരയിലെ പ്രചാരണമെങ്കില്‍, കുടിവെള്ളവും റോഡുമടക്കം മണ്ഡലത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പുതുപ്പള്ളിയിലെ വോട്ടുതേടല്‍. എറണാകുളം ജില്ലയിലെ തന്നെ വലിയ വികസന പദ്ധതികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു തൃക്കാക്കരയില്‍ യു.ഡി.എഫിന്റെ മറുപടി. വികസനം മുടക്കികളായിരുന്നു എല്ലാ കാലത്തും എല്‍.ഡി.എഫെന്ന ആരോപണവും അവര്‍ ഉയര്‍ത്തി. പുതുപ്പള്ളിയില്‍ വികസന ചര്‍ച്ചയില്‍നിന്ന് യു.ഡി.എഫ്. ഒളിച്ചോടുന്നു എന്ന ആരോപണം ഉന്നയിക്കുമ്പോഴും തൃക്കാക്കരയില്‍ പരാജയപ്പെട്ട വികസന ചര്‍ച്ച പുതുപ്പള്ളിയില്‍ വിജയിപ്പിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് മന്ത്രി വി.എന്‍. വാസവനടക്കം ആര്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ സാധിച്ചിട്ടില്ല. പകരം യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ തൃക്കാക്കരയുമായി പുതുപ്പള്ളിക്ക് താരതമ്യമില്ലെന്ന എന്ന മറുപടിയാണ് അവര്‍ നല്‍കുന്നത്.

തൃക്കാക്കര യു.ഡി.എഫിന്റെ ഉറച്ച കോട്ടയാണെന്ന തിരിച്ചറിവ് ലഭിച്ചത് ഉപതിരഞ്ഞെടുപ്പിനുശേഷമോ എന്ന ചോദ്യം അവിടെ നിലനില്‍ക്കുമ്പോഴും, പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമെന്ന് അവകാശപ്പെടുന്ന പുതുപ്പള്ളിയില്‍ തൃക്കാക്കരയിലേതുപോലെയുള്ള പ്രചാരണം എന്തുകൊണ്ട് ഉണ്ടാവുന്നില്ലെന്നും സംശയം ഉന്നയിക്കുന്നവരുണ്ട്. പുതുപ്പള്ളി ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാവുമെന്ന അവകാശവാദങ്ങളില്ല. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും ഓരോ പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനപ്പുറം മുഖ്യമന്ത്രി തന്നെ നേതൃത്വം നല്‍കുന്ന പ്രചാരണമെന്ന പ്രതീതിയില്ല. എട്ടു പഞ്ചായത്തുകളില്‍ മീനടവും അയര്‍ക്കുന്നവും ഒഴികെ ആറു പഞ്ചായത്തുകള്‍ നിലവില്‍ ഭരിക്കുന്നത് എല്‍.ഡി.എഫ്. ആണ്. മൂന്ന് ബ്ലോക്ക് പഞ്ചായത്തും സംസ്ഥാനത്തെ ഭരണകക്ഷിയുടെ കൈയില്‍. 182 ബൂത്തുകള്‍ ഉള്ള മണ്ഡലത്തില്‍ 2021- ലെ തിരഞ്ഞെടുപ്പില്‍ 60 ബൂത്തുകളിലും നേടാന്‍ കഴിഞ്ഞ മുന്‍തൂക്കം, കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 9,044 ലേക്ക് കുറയ്ക്കാന്‍ സാധിച്ചത്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കോണ്‍ഗ്രസിന്റെ ക്ഷയിച്ചുകൊണ്ടിരിക്കുന്ന ശക്തി എന്നിവ ചൂണ്ടിക്കാട്ടി പുതുപ്പള്ളിയില്‍ എല്‍.ഡി.എഫ്. പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. എന്നിട്ടും, എറണാകുളം എതിര്‍ മുന്നണിക്ക് മുന്‍തൂക്കമുള്ള ജില്ലയിലെ മണ്ഡലത്തില്‍ കാണിച്ച ആത്മവിശ്വാസം പുതുപ്പള്ളിയില്‍ പ്രകടിപ്പിക്കാന്‍ എല്‍.ഡി.എഫ്. തയ്യാറാവുന്നില്ല എന്നതാണ് ശ്രദ്ധേയം.
അതേസമയം, തൃക്കാക്കരയുമായല്ല പാലായുമായാണ് പുതുപ്പള്ളിയെ താരതമ്യം ചെയ്യേണ്ടതെന്നും ചില നേതാക്കള്‍ അവകാശപ്പെടുന്നു. 50 വര്‍ഷത്തിലേറെക്കാലം ഒരേ വ്യക്തി പ്രതിനിധീകരിച്ച മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ കാലശേഷം തിരഞ്ഞെടുപ്പ് വന്നപ്പോള്‍ കുടുംബത്തില്‍നിന്നുള്ള ആളെ രാഷ്ട്രീയ പിന്‍ഗാമിയായി ആളുകള്‍ തിരഞ്ഞെടുത്തില്ലെന്ന വിശ്വാസമാണ് പാലായുമായി പുതുപ്പള്ളിയെ ബന്ധിപ്പിക്കാന്‍ ചൂണ്ടിക്കാട്ടുന്നത്. ചങ്ങനാശ്ശേരിയിലും ചരിത്രപരമായി സമാന സാഹചര്യമുണ്ടായിരുന്നു. അതേസമയം, പാലാ വേ പുതുപ്പള്ളി റെ എന്നാണ് മാണി സി. കാപ്പന്‍ പറയുന്നത്. ആന വാ പൊളിക്കുന്നതുകണ്ട് അണ്ണാന്‍ വാ പൊളിച്ചിട്ട് കാര്യമില്ലെന്നും മാണി സി. കാപ്പന്‍ തനത് ശൈലിയില്‍ എല്‍.ഡി.എഫിനെ ഉപദേശിക്കുന്നു!
ഈസി വാക്കോവറോ കടുത്ത മത്സരമോ?
'53 കൊല്ലമായിട്ട് നമ്മുടെ നാടിനെ പറ്റി മലബാറില്‍ ചെല്ലുന്നതു പോലെയൊരു ഫീലിങ്ങാണ്. മലബാറിലൊക്കെ ചെല്ലുന്നതു പോലെയാണ് പുതുപ്പള്ളി ജങ്ഷനില്‍ ചെല്ലുമ്പോള്‍...' 53 വര്‍ഷം ഉമ്മന്‍ചാണ്ടി പ്രതിനിധീകരിച്ച മണ്ഡലം അര്‍ഹിക്കുന്ന വികസനം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാണിക്കാന്‍ പുതുപ്പള്ളിയിലെ ഒരു വോട്ടര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കവെ പറഞ്ഞ വാക്കുകളാണിത്. വികസനവും കരുതലും രാഷ്ട്രീയ മുദ്രാവാക്യമാക്കിയ നേതാവിന്റെ മരണത്തെത്തുടര്‍ന്നു വന്ന ഉപതിരഞ്ഞെടുപ്പില്‍, വികസനം ചര്‍ച്ചയാക്കി- മലബാറിലെ മണ്ഡലങ്ങളിലെ വികസനവുമായി പുതുപ്പള്ളിയെ താരതമ്യം ചെയ്ത്, അദ്ദേഹത്തിന്റെ പിന്‍ഗാമിയ പരാജയപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. തങ്ങളുയര്‍ത്തിയ വികസന ചര്‍ച്ചയില്‍ തൊടാതിരിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞില്ലെന്ന വിലയിരുത്തലാണ് അവര്‍ക്കുള്ളത്.
ഈസി വാക്കോവര്‍ പ്രതീക്ഷിച്ച മണ്ഡലത്തില്‍ കടുത്ത മത്സരമെന്ന വിലയിരുത്തലിലേക്ക് യു.ഡി.എഫ്. എത്തിയെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ തന്നെ അവകാശവാദം. എന്നാല്‍, ഒരു തിരഞ്ഞെടുപ്പിലും ഈസി വാക്കോവര്‍ ഇല്ലെന്ന് പറയുന്ന കെ.സി. ജോസഫിനെപ്പോലുള്ള നേതാക്കള്‍ തങ്ങള്‍ക്ക് അമിത ആത്മവിശ്വാസമില്ലെന്നും തിരഞ്ഞെടുപ്പിനെ ഗൗരവമായി കാണുന്നുവെന്നും പറഞ്ഞുവെക്കുന്നു. കടുത്ത മത്സരമാണെന്ന് കരുതി തന്നെയാണ് തങ്ങളുടെ പ്രചാരണമെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കവെ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഭൂരിപക്ഷത്തെച്ചൊല്ലിയുള്ള തര്‍ക്കം മാത്രമേ തങ്ങള്‍ക്കുള്ളൂവെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെപ്പോലുള്ള യുവനേതാക്കള്‍ പറയുന്നത്. ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വലിയ ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ക്ക് ചാണ്ടി ഉമ്മനെ ജയിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസം പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ളവര്‍ പങ്കുവെക്കുന്നു.
തോല്‍ക്കാതിരിക്കാന്‍ ബി.ജെ.പി.
ഇരുമുന്നണികളെ വിമര്‍ശിച്ചും കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാണിച്ചുമാണ് പുതുപ്പള്ളിയില്‍ ബി.ജെ.പി. വോട്ടുതേടുന്നത്. മണ്ഡലത്തില്‍ ഏതെങ്കിലും തരത്തിലുള്ള വികസനം ഉണ്ടെങ്കില്‍ അത് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയതാണെന്ന് സംസ്ഥാന അധ്യക്ഷനടക്കമുള്ള നേതാക്കള്‍ പറയുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ കാഴ്ചവെച്ച പ്രകടനം ആവര്‍ത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി. ജില്ലാ അധ്യക്ഷനെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയാക്കിയത്. ദേശീയ ജനറല്‍ സെക്രട്ടറി രാധാമോഹന്‍ അഗര്‍വാള്‍ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നു. കേന്ദ്രത്തില്‍ ബി.ജെ.പിക്കെതിരേ
പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്ന് രൂപീകരിച്ച 'ഇന്ത്യ' സഖ്യത്തിലെ ഘടകകക്ഷികള്‍ തമ്മിലെ വ്യാജ ഏറ്റുമുട്ടലും സൗഹൃദ മത്സരവുമാണ് പുതുപ്പള്ളിയിലേതെന്നാണ് ബി.ജെ.പിയുടെ പ്രചാരണം. സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങള്‍ മുന്‍നിര്‍ത്തിയും അവര്‍ വോട്ടുതേടുന്നു. മോദി സര്‍ക്കാരിന്റെ കര്‍ഷക സമ്മാന്‍ നിധിയടക്കം വോട്ടുതേടാന്‍ ബി.ജെ.പി. ചൂണ്ടിക്കാട്ടുന്നു. മാധ്യമങ്ങള്‍ക്കുമുന്നില്‍ വിജയത്തില്‍ കുറഞ്ഞ മത്സരമില്ലെന്ന് ആണയിടുമ്പോഴും പുതുപ്പള്ളിയില്‍ ആ സാഹചര്യമില്ലെന്ന യാഥാര്‍ഥ്യം അവര്‍ തിരിച്ചറിയുന്നുണ്ട്.

അതേസമയം, പല സ്ഥലങ്ങളിലും ബി.ജെ.പിയുടെ സ്‌ക്വാഡ് പ്രവര്‍ത്തനം എത്തുന്നില്ലെന്ന ആരോപണം എല്‍.ഡി.എഫ്. ഉന്നയിക്കുന്നുണ്ട്. ഇത് യു.ഡി.എഫുമായുള്ള ധാരണയുടെ പുറത്താണെന്നും ആരോപിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനു മാത്രം ജനപ്രതിനിധികളുള്ള കിടങ്ങൂരില്‍ യു.ഡി.എഫിന് ബി.ജെ.പി. അംഗങ്ങള്‍ പിന്തുണ നല്‍കിയതടക്കം ചൂണ്ടിക്കാട്ടിയാണ് അവരുടെ പ്രചാരണം. തൃക്കാക്കരയില്‍ സംസ്ഥാന നേതാവുതന്നെ മത്സരിച്ചിട്ടും കെട്ടിവെച്ച കാശ് കിട്ടാത്ത ബി.ജെ.പി. പുതുപ്പള്ളിയില്‍ ജില്ലാ നേതാവിനെ ഇറക്കിയത് യു.ഡി.എഫിനെ സഹായിക്കാനാണെന്നും ആരോപിക്കുന്നു.
സാധ്യത ആര്‍ക്ക്?
രാഷ്ട്രീയവും വികസനവും പറയുന്ന തിരഞ്ഞെടുപ്പില്‍ സഹാതാപം മാത്രം പറഞ്ഞു വോട്ടു പിടിക്കുന്നില്ലെന്ന് യു.ഡി.എഫ്. ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അതൊരു നെഗറ്റീവ് വികാരമല്ലെന്ന് അവര്‍ അവകാശപ്പെടുന്നു. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകള്‍ മായുംമുമ്പുള്ള തിരഞ്ഞെടുപ്പായതിനാല്‍ സ്വാഭാവികമായും ആ വൈകാരികതയും ഫലത്തെ നിര്‍ണയിക്കുമെന്ന് അവര്‍ പറഞ്ഞുവെക്കുന്നുണ്ട്. അതേസമയം, എല്‍.ഡി.എഫ്. സര്‍ക്കാരിനെതിരായ പ്രചാരണവും വോട്ടാകുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. തൃക്കാക്കര മോഡല്‍ സംഘടനാ പ്രവര്‍ത്തനവും ചേരുമ്പോള്‍ ചാണ്ടി ഉമ്മനെ ആയാസരഹിതമായി വിജയിപ്പിച്ചെടുക്കാമെന്നാണ് യു.ഡി.എഫ്. കണക്കുകൂട്ടല്‍.
മണ്ഡലത്തില്‍ ശക്തിപ്രാപിക്കുന്ന സംഘടന, കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ ജെയ്കിന്റെ തന്നെ പ്രവര്‍ത്തനം, മാറ്റം വേണമെന്ന പ്രചാരണം. ഇവ തുണച്ചാല്‍ മണ്ഡലത്തില്‍ കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാവുമെന്ന് എല്‍.ഡി.എഫ്. കരുതുന്നു. മണ്ഡലത്തില്‍ കൂടുതല്‍ വികസനം വരാന്‍ ഭരണപക്ഷ എം.എല്‍.എ. ആവശ്യമാണെന്ന പ്രചാരണവും ജനങ്ങള്‍ ഏറ്റെടുത്താല്‍ ജെയ്കിനെ നിയമസഭയില്‍ എത്തിക്കാമെന്നാണ് എല്‍.ഡി.എഫ്. വിലയിരുത്തല്‍. ഉമ്മന്‍ചാണ്ടിയുടെ മണ്ഡലത്തില്‍ വിജയം നേടാന്‍ കഴിഞ്ഞാല്‍ അത് ഭരണകക്ഷിയെ സംബന്ധിച്ച് വലിയ രാഷ്ട്രീയ വിജയമായിരിക്കും. മറിച്ചാണ് ഫലമെങ്കില്‍ ജെയ്ക്കിന്റെ രാഷ്ട്രീയഭാവി തന്നെ തുലാസിലുമാവും.
Content Highlights: udf ldf bjp puthuppally by election ground report analysis chandy oommen jaick c thomas lijin lal
Published: 03 Sept 2023, 10:15 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented