പുതുപ്പള്ളിയിലെ വിജയം പിണറായി സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി
മനാമ: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന് ഉണ്ടായ ചരിത്ര വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഐ വൈ സി സി വിജയാഘോഷം നടത്തി. ഐ വൈ സി സി ദേശീയ പ്രസിഡന്റ് ഫാസില്‍ വട്ടോളിയുടെ അധ്യക്ഷതയില്‍ കൂടിയ പരിപാടി എന്‍ കെ പ്രേമചന്ദ്രന്‍ എം പി ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ സംവിധാനവും മന്ത്രിമാര്‍ അടക്കമുള്ള മുഴുവന്‍ ഇടതുനേതാക്കളും കേന്ദ്രീകരിച്ച് പ്രചാരണം നടത്തിയിട്ടും ഐക്യജനാധിപത്യമുന്നണിക്കുണ്ടായ ചരിത്ര വിജയം പിണറായി സര്‍ക്കാരിന്റെ മുഖത്തേറ്റ കനത്ത അടിയാണെന്ന് പ്രേമചന്ദ്രന്‍ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.
ഇതുപോലെ അഴിമതി ആരോപണം കേട്ട ഒരു മുഖ്യമന്ത്രിയും സര്‍ക്കാരും വേറെയില്ല. അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും നടമാടുന്ന ഈ സര്‍ക്കാര്‍ ആരോപണങ്ങള്‍ക്ക് നേരെ മുഖംതിരിച്ചുനില്‍ക്കുന്നതും ആരോപണങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തി സര്‍ക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കുന്നതിനു പകരം മുഖ്യമന്ത്രി നടിക്കുന്ന മൗനം ജനങ്ങള്‍ വിലയിരുത്തിയതിന്റെ ഫലം കൂടിയാണ് യു ഡി എഫിന് തിളങ്ങുന്ന വിജയം സമ്മാനിച്ചത്.
കഴിഞ്ഞ തവണ നേടിയ വോട്ടില്‍നിന്ന് പതിനായിരത്തിനു മുകളില്‍ വോട്ട് ഇടതുമുന്നണിക്ക് നഷ്ടമാകുകയും ചെയ്തു. യു ഡി എഫ് സംവിധാനം നടത്തിയ ചിട്ടയായ പ്രവര്‍ത്തനവും പ്രചാരണത്തിലെ ഏകോപനവും വിജയത്തിളക്കത്തില്‍ കൂടുതല്‍ പ്രകാശം പരത്തിയതായും അദ്ദേഹം പറഞ്ഞു. ദേശീയ സെക്രട്ടറി അലന്‍ ഐസക്ക് സ്വാഗതവും ട്രഷറര്‍ നിതീഷ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു. കോര്‍ കമ്മറ്റി ഭാരവാഹികള്‍, മുന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
പുതുപ്പള്ളി വിധി ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കുള്ള മുന്നറിയിപ്പ് - ഒ.ഐ.സി.സി.
മനാമ: ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ വിജയം കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നിലപാടുകളിലുള്ള ജനങ്ങളുടെ പ്രതിഷേധമാണെന്ന് ബഹ്റൈന്‍ ഒഐസിസി അഭിപ്രായപെട്ടു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്തു തന്നെ ഐക്യജനാധിപത്യ മുന്നണിയുടെ വിജയം പ്രതീക്ഷിച്ചിരുന്നു. ഇത്ര വലിയ ഭൂരിപക്ഷം ലഭിച്ചത് ജീവിച്ചിരുന്ന ഉമ്മന്‍ചാണ്ടിയെക്കാള്‍ മരിച്ച ഉമ്മന്‍ചാണ്ടി ജീവിക്കുന്നു എന്നുള്ളതിനുള്ള തെളിവാണ്. ഒരു നിയോജകമണ്ഡലത്തില്‍ വേണ്ടതില്‍ കൂടുതല്‍ വികസനം 53 വര്‍ഷംകൊണ്ട് പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു. പക്ഷേ, ചില തെറ്റായ വാര്‍ത്തകള്‍ കൊടുത്തുകൊണ്ട് ഉമ്മന്‍ചാണ്ടിയെയും യു ഡി എഫിനെയും അപമാനിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്. അതിന് പുതുപ്പള്ളിക്കാര്‍ കൊടുത്ത ശിക്ഷയാണ് സ്വപ്നതുല്യമായ ഭൂരിപക്ഷം.
കേരളത്തില്‍ സര്‍ക്കാര്‍ പദ്ധതികള്‍ എല്ലാം ചിലയാളുകള്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കാന്‍വേണ്ടി മാത്രമാണെന്നൊക്കെയായിരുന്നു പുതുപ്പള്ളിയില്‍ നടന്ന ചര്‍ച്ചകള്‍. തുടര്‍ഭരണം മൂലമുണ്ടായ ദോഷങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തിരഞ്ഞെടുപ്പ് സെമിഫൈനലായി കാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോയ ഈ സര്‍ക്കാരിനെതിരേ ജനങ്ങള്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ നല്‍കിയ ശക്തമായ മുന്നറിയിപ്പായി കാണുന്നുവെന്നും ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറല്‍ സെക്രട്ടറി ഗഫൂര്‍ ഉണ്ണികുളം എന്നിവര്‍ അഭിപ്രായപ്പെട്ടു.
Content Highlights: puthppally win ,bahrain news,oicc, iycc
Published: 10 Sept 2023, 12:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented