കോട്ടയം: പുതുപ്പള്ളിയില്‍ ബി.ജെ.പി. വോട്ടുകളില്‍ വന്‍ചോര്‍ച്ച. എന്‍.ഡി.എ. സ്ഥാനാര്‍ഥി ലിജിന്‍ ലാലിന് ലഭിച്ചത് 6558 വോട്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ 5136 വോട്ട് കുറഞ്ഞു. ബി.ജെ.പി.യെ സംബന്ധിച്ച് സംഘടനാസംവിധാനം അത്രയൊന്നും ശക്തമല്ലാത്ത മണ്ഡലമാണ് പുതുപ്പള്ളി.

To advertise here,

2021-ലെ തിരഞ്ഞെടുപ്പില്‍ എന്‍. ഹരി 11,694 വോട്ടും 2016-ല്‍ ജോര്‍ജ് കുര്യന്‍ 15,993 വോട്ടും നേടിയിരുന്നു. ഈ പ്രകടനത്തിനടുത്തെങ്ങുമെത്താന്‍ ഇത്തവണ കഴിഞ്ഞില്ല. എട്ടുപഞ്ചായത്തിലും വോട്ട് കുറഞ്ഞു. പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും സംസ്ഥാനാധ്യക്ഷനും മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നയിച്ചിട്ടും പ്രകടനം ദയനീയമായി.

അയ്യായിരത്തോളം ഉറച്ച കേഡര്‍ വോട്ടുകള്‍ മണ്ഡലത്തിലുണ്ടെന്നാണ് പാര്‍ട്ടിയുടെ വിശകലനം. കേഡര്‍ വോട്ടുകള്‍ ഒപ്പംനിന്നെങ്കിലും അനുഭാവി വോട്ടുകള്‍ യു.ഡി.എഫിലേക്ക് പോയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി പി.സി. തോമസിന് പുതുപ്പള്ളി നിയമസഭാമണ്ഡലപരിധിയില്‍ 20,911 വോട്ട് കിട്ടിയിരുന്നു.

: ബി.ജെ.പി.ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടില്‍ കുറവുവന്ന 5200-ല്‍ പരം വോട്ടിന്റെ കണക്ക് കൊണ്ട് യു.ഡി.എഫ്.-ബി.ജെ.പി വോട്ട് കച്ചവടമെന്ന ക്യാപ്സ്യൂള്‍ ചെലവാകണമെന്നില്ല. അങ്ങനെവന്നാല്‍ എല്‍.ഡി.എഫ്. വോട്ടില്‍ വന്ന 12,000-ത്തില്‍പ്പരം വോട്ട് എവിടെയെന്ന ചോദ്യമുയരും. ഉത്തരം ലളിതമാണ്. അടിയുറച്ച പാര്‍ട്ടിവോട്ടുകളാണ് എല്‍.ഡി.എഫിന്റെയും ബി.ജെ.പി.യുടെയും പെട്ടിയില്‍വീണതെന്ന് കരുതേണ്ടിവരും.

ഇരുപാര്‍ട്ടികളോടും അനുഭാവമുള്ളവരിലും രാഷ്ട്രീയസാഹചര്യത്തിനനുസരിച്ച് അതത് തിരഞ്ഞെടുപ്പ് സമയം തീരുമാനമെടുക്കുന്നവരിലും നല്ലൊരുഭാഗം ഇപ്രാവശ്യം ചാണ്ടി ഉമ്മനിലേക്ക് തിരിഞ്ഞുവെന്നുവേണം കരുതാന്‍.

സി.പി.എമ്മിനും ബി.ജെ.പി.ക്കുമുണ്ടായ വോട്ടുചോര്‍ച്ച വൈകാരിക പ്രതിഭാസമായിക്കണ്ട് അവ തിരിച്ചുപിടിക്കാനായിരിക്കും അവരുടെ ശ്രമം.