പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ റെക്കോഡ് ഭൂരിപക്ഷത്തില്‍ സഹതാപഘടകത്തെച്ചൊല്ലി ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. യു.ഡി.എഫ്. വിജയം സഹതാപതരംഗമാണെന്ന വാദത്തിലൂന്നിയായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. േഗാവിന്ദന്‍ പത്രസമ്മേളനം വിളിച്ചതുതന്നെ. എന്നാല്‍, സഹതാപത്തിന് അത്ര പരിഗണന മലയാളികള്‍ നല്‍കാറില്ലെന്നാണ് കേരളത്തിന്റെ ഉപതിരഞ്ഞെടുപ്പ് ചരിത്രം.

To advertise here,

വിടവാങ്ങിയ ജനപ്രതിനിധിയോടുള്ള ആദരവിനൊപ്പം രാഷ്ട്രീയസാഹചര്യവും മറ്റുഘടകങ്ങളും പരിഗണിച്ചാണ് കേരളം വിധിയെഴുതാറ്്. കേരളത്തിലെ 52-ാമത്തെ ഉപതിരഞ്ഞെടുപ്പാണ് പുതുപ്പള്ളിയില്‍ നടന്നത്. ഇതില്‍ 30 എണ്ണവും നിലവിലുള്ള ജനപ്രതിനിധികളുടെ മരണത്തെത്തുടര്‍ന്നായിരുന്നു. എട്ടെണ്ണത്തില്‍ നിലവിലെ അംഗത്തിന്റെ അടുത്ത ബന്ധുക്കളാരെങ്കിലും മത്സരരംഗത്തിറങ്ങി. എന്നാല്‍, സഹതാപബലത്തില്‍ ഭൂരിപക്ഷം കൂടേണ്ടതിനുംപകരം ഇതില്‍ നാലിടത്തും ഭൂരിപക്ഷം കുറയുകയാണുണ്ടായത്.

മരിച്ച ജനപ്രതിനിധിയുടെ പാര്‍ട്ടിക്കാരെ എട്ടുനിലയില്‍ പൊട്ടിച്ചുവിടുന്ന പാരന്പര്യവും കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളില്‍ കാണാം. ഇങ്ങനെ ഏഴു തിരഞ്ഞെടുപ്പുകളില്‍ ഒരു സഹതാപവും കാണിക്കാതെ എതിര്‍സ്ഥാനാര്‍ഥികളെ ജയിപ്പിച്ചുവിട്ടിട്ടുമുണ്ട് വോട്ടര്‍മാര്‍.

ബന്ധുസ്ഥാനാര്‍ഥികള്‍ മത്സരിച്ചപ്പോള്‍ മാടായി 1970

സോഷ്യലിസ്റ്റ് നേതാവ് മത്തായി മാഞ്ഞൂരാന്റെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പ്. കെ.എസ്.പി.ക്കുവേണ്ടി മത്സരിച്ചത് സഹോദരന്‍ ജോണ്‍ മാഞ്ഞൂരാന്‍. മത്തായി മാഞ്ഞൂരാന് 19,112 വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയ വോട്ടര്‍മാര്‍ സഹോദരന് നല്‍കിയ ഭൂരിപക്ഷം 4032 മാത്രം.

റാന്നി 1986

കോണ്‍ഗ്രസ് എസ് നേതാവായിരുന്ന സണ്ണി തോമസ് പനവേലിലിന്റെ വിയോഗത്തെത്തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ഭാര്യ റേച്ചല്‍ സ്ഥാനാര്‍ഥിയായി. സണ്ണിയുടെ ഭൂരിപക്ഷം 7245 ആയിരുന്നെങ്കില്‍ റേച്ചലിന് കിട്ടിയത് വെറും 623 വോട്ടിന്റെ ഭൂരിപക്ഷം

പുനലൂര്‍ 1996

ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയ 1996-ലെ തിരഞ്ഞെടുപ്പിലെ നോവായിരുന്നു സി.പി.ഐ. നേതാവ് പി.കെ. ശ്രീനിവാസന്‍. തിരഞ്ഞെടുപ്പില്‍ 6698 വോട്ടിന് ജയിച്ചെങ്കിലും ഫലംവരും മുമ്പേ അദ്ദേഹം മരിച്ചു. ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായത് മകന്‍ പി.എസ്. സുപാല്‍. അച്ഛനെക്കാള്‍ മൂന്നുമടങ്ങ് വോട്ടിന് ജനം അദ്ദേഹത്തെ ജയിപ്പിച്ചു. ഭൂരിപക്ഷം 21,333

തിരുവല്ല 2003

കേരള കോണ്‍ഗ്രസ് (എം) നേതാവായിരുന്ന മാമ്മന്‍ മത്തായിയുടെ വിയോഗത്തെത്തുടര്‍ന്നുള്ള ഉപതിരഞ്ഞെടുപ്പ്. 10,061 ആയിരുന്ന മാമ്മന്‍ മത്തായിയുടെ ഭൂരിപക്ഷം ഭാര്യ എലിസബത്ത് മാമ്മന്‍ മത്സരിച്ചപ്പോള്‍ 4669 ആയി. കോണ്‍ഗ്രസില്‍ കെ. കരുണാകരന്‍പക്ഷം ഉയര്‍ത്തിയ പ്രശ്‌നങ്ങളടക്കമുള്ള രാഷ്ട്രീയസാഹചര്യമാണ് ഭൂരിപക്ഷം ഇടിയാന്‍ കാരണം

പിറവം 2012

കേരള കോണ്‍ഗ്രസ് നേതാവ് ടി.എം. ജേക്കബിന്റെ ആകസ്മിക നിര്യാണത്തെത്തുടര്‍ന്ന് സ്ഥാനാര്‍ഥിയായത് മകന്‍ അനൂപ് ജേക്കബ്. ടി.എം. ജേക്കബ് 157 വോട്ടിനാണ് എം.ജെ. ജേക്കബിനെ തോല്‍പ്പിച്ചത്. അതേ സ്ഥാനാര്‍ഥിയെ മകന്‍ തോല്‍പ്പിച്ചപ്പോള്‍ ഭൂരിപക്ഷം 12,071

അരുവിക്കര 2015

സ്പീക്കറായിരുന്ന ജി. കാര്‍ത്തികേയന്റെ മരണത്തെത്തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മകന്‍ മത്സരിച്ചിട്ടും യു.ഡി.എഫിന് ഭൂരിപക്ഷം കുറഞ്ഞു. കാര്‍ത്തികേയന്റെ ഭൂരിപക്ഷം 10,652 ആയിരുന്നു. ശബരീനാഥന് 10,151. യു.ഡി.എഫ്. സര്‍ക്കാരിനോടുള്ള ഭരണവിരുദ്ധവികാരം അന്ന് ശക്തമായിരുന്നു .

തൃക്കാക്കര 2022

തൃക്കാക്കരയില്‍ പി.ടി. തോമസിന്റെ ഇരട്ടിഭൂരിപക്ഷം നേടിയാണ് ഭാര്യ ഉമാ തോമസ് ജയിച്ചത്. പി.ടി. തോമസ് എന്ന വികാരത്തിനൊപ്പം സ്ഥാനാര്‍ഥിയെച്ചൊല്ലി ഇടതുമുന്നണിയിലുണ്ടായ ആശയക്കുഴപ്പവും അതൃപ്തിയും പ്രധാനഘടമായി. 11,966 വോട്ടായിരുന്നു പി.ടി.യുടെ ഭൂരിപക്ഷം. ഉമയുടേത് 25,000 കടന്നു.

പുതുപ്പള്ളി 2023

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് കിട്ടിയ ഏറ്റവുമുയര്‍ന്ന ഭൂരിപക്ഷം 2011-ലായിരുന്നു, 33,255. അതുക്കും മേലെയായി ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷമെത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ജനസമ്മതിക്കുമപ്പറും പല രാഷ്ട്രീയഘടകങ്ങളും തുണച്ചെന്ന് വ്യക്തം.