തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ജയിക്കുമെന്ന് ഉറപ്പിച്ചിരുന്നില്ലെങ്കിലും ഇത്രകനത്ത പരാജയമുണ്ടാകുമെന്ന് സി.പി.എമ്മോ എല്‍.ഡി.എഫോ കണക്കാക്കിയിരുന്നില്ല. പഴുതടച്ചുള്ള ആസൂത്രണവും കൈമെയ്മറന്ന പ്രചാരണവും എല്‍.ഡി.എഫ്. നടത്തിയതാണ്. എന്നിട്ടും വലിയ പരാജയമുണ്ടായതിന്റെ കാരണം സഹതാപതരംഗത്തില്‍ ഒതുക്കിനിര്‍ത്തുന്ന സി.പി.എമ്മിന്റെ വിലയിരുത്തലല്ല ഇടതുമുന്നണിയിലെ മറ്റുകക്ഷികളുടേത്.
കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളാണ് ഭരണത്തുടര്‍ച്ചയ്ക്ക് വഴിയൊരുക്കിയ ജനവിശ്വാസം ഉണ്ടാക്കിയതെന്ന് സി.പി.എം.തന്നെ വിലയിരുത്തുന്നു. അതേ മുഖ്യമന്ത്രി, ഇപ്പോള്‍ ഒന്നും ജനങ്ങളോട് വിശദീകരിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത്, ജനങ്ങള്‍ക്ക് സര്‍ക്കാരിനോടുള്ള മനോഭാവത്തിലും മാറ്റമുണ്ടാക്കിയെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ട്.
'ക്യാപ്റ്റനെത്തുന്നു' എന്ന ആമുഖപ്രചാരണത്തോടെയാണ് തൃക്കാക്കരയില്‍ മുഖ്യമന്ത്രി എത്തിയത്. എന്നാല്‍, പുതുപ്പള്ളിയില്‍ അത്തരം ഓളങ്ങള്‍ ഒന്നും മുഖ്യമന്ത്രിയെത്തുമ്പോഴുണ്ടായില്ല. അതേസമയം, മാസപ്പടി വിവാദം ആയുധമാക്കി പരസ്യപ്പോരിനിറങ്ങിയ മാത്യു കുഴല്‍നാടന് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കിടയില്‍ വീരപരിവേഷം ലഭിക്കുകയും ചെയ്തു. ആരോപണത്തില്‍ മുഖ്യമന്ത്രി മൗനംതുടര്‍ന്നതോടെ, അത് ആയുധമാക്കാന്‍ പ്രതിപക്ഷത്തിന് എളുപ്പമായി. സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും നേതാക്കള്‍ക്ക് അതില്‍നിന്ന് മാറിനടക്കാനേ കഴിഞ്ഞുള്ളൂ.
വിലക്കയറ്റവും സാമ്പത്തികപ്രതിസന്ധിയുമെല്ലാം പരാജയത്തിന്റെ തോത് കടുപ്പിച്ചുവെന്ന് എല്‍.ഡി.എഫ്. നേതാക്കള്‍തന്നെ സമ്മതിക്കുന്നുണ്ട്. വോട്ടര്‍മാരുടെ ഇടി സര്‍ക്കാരിനാണെങ്കിലും അതിന്റെ വേദന രാഷ്ട്രീയമായി എല്‍.ഡി.എഫിനാണ്.
Content Highlights: puthuppally bypoll
Published: 09 Sept 2023, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented