രനൂറ്റാണ്ടായി ഉമ്മന്‍ ചാണ്ടി സൃഷ്ടിച്ച വോട്ടുബാങ്കില്‍ അടിയുറച്ച പുതുപ്പള്ളി മനംമാറ്റമില്ലാതെ കൂടുതല്‍ ഉറപ്പോടെ, റെക്കോഡ് ഭൂരിപക്ഷം നല്‍കി മകന്‍ ചാണ്ടി ഉമ്മനെ പിന്‍ഗാമിയായി വാഴിക്കുന്നു. മത്സരിച്ചത് ചാണ്ടി ഉമ്മനായിരുന്നെങ്കിലും ജനം വോട്ട് ചെയ്തത് ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ക്ക് കൂടിയായിരുന്നു. അതിനെ പ്രതിരോധിക്കാനുള്ള ഇടത് ക്യാമ്പയിനുകളൊന്നും വിലപ്പോയില്ല. മണ്ഡലത്തിലൂടനീളം ഉമ്മന്‍ ചാണ്ടി വികാരം നിശബ്ദമായി അലയടിക്കുകയായിരുന്നു. ആ പേര് പോലും പരാമര്‍ശിച്ച് അതിനെ തൊട്ടുണര്‍ത്താതിരിക്കാനുള്ള ജാഗ്രത മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ കാണിച്ചു. എന്നാല്‍ എം.എം. മണിയെ പോലുള്ളവര്‍ക്ക് അവിടെയും പിഴച്ചു. 

To advertise here,

സഹതാപവും സര്‍ക്കാരിനെതിരായ വികാരവും സംഗമിച്ച് ഒരു ചുഴലിയായി ആഞ്ഞുവീശിയപ്പോള്‍ ഇടതുകോട്ടകളും വോട്ടുബാങ്കും നെടുകെ പിളര്‍ന്നു. തകര്‍ന്നു. 10 വര്‍ഷമായി ജെയ്ക്കിലൂടെ ഇടതുപക്ഷം കെട്ടിപ്പൊക്കിയ വോട്ടുബാങ്കില്‍ 13,000 ത്തോളം വോട്ടുകളുടെ ചോര്‍ച്ചയാണുണ്ടായത്‌. 1970-ല്‍ കൈവിട്ട പുതുപ്പള്ളി തിരിച്ചുപിടിക്കാമെന്ന എല്‍.ഡി.എഫ്. പ്രതീക്ഷകള്‍ പതിമൂന്നാം തവണയും പൊലിഞ്ഞു. ഒരു മണ്ഡലത്തില്‍ തുടര്‍ച്ചയായി ജെയ്ക്കിന് മൂന്നാം തോല്‍വി. തോല്‍വിയിലെ അപൂര്‍വ്വ ഹാട്രിക്കില്‍ മാണി.സി കാപ്പനും എ.കെ മണിക്കും ഒപ്പം ഇനി ജെയ്ക്കും. 

വെറുതെ ഒരു ജയം പോരാ, ഉമ്മന്‍ ചാണ്ടിക്കായി മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷം തന്നെ നേടണമെന്ന വാശിയിലായിരുന്നു യു.ഡി.എഫിന്റെ ടാര്‍ഗറ്റ്. അഭിമാന പോരാട്ടമായി എടുത്ത് പുതുപ്പള്ളിക്കോട്ട പൊന്നാപുരം കോട്ടയായി തുടരുന്നുവെന്ന് കോണ്‍ഗ്രസും യു.ഡി.എഫും ഒരിക്കല്‍ കൂടി തെളിയിക്കുന്നു. അതിന്റെ തെളിവായി ഈ വന്‍ ഭൂരിപക്ഷം.

രണ്ടാം പിണറായി സര്‍ക്കാര്‍ നേരിടുന്ന രണ്ടാം ഉപതിരഞ്ഞെടുപ്പ് തോല്‍വിയാണിത്. രണ്ടും യു.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളെന്ന് ഇടത് ക്യാമ്പിന് ആശ്വസിക്കാം. അപ്പോഴും ഭൂരിപക്ഷം ഒരു ചോദ്യചിഹ്നമായി നില്‍ക്കും. തൃക്കാക്കരയില്‍ തോറ്റത് 25,000 വോട്ടിനായിരുന്നെങ്കില്‍ അത് പുതുപ്പള്ളിയിലേക്ക് എത്തിയപ്പോള്‍ 35,000 കവിഞ്ഞു. തൃക്കാക്കര പിടിച്ചെടുക്കും 100 തികയ്ക്കും എന്ന മുദ്രാവാക്യവുമായി തുടങ്ങിയ സി.പി.എമ്മിന് സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ എല്ലാം പിഴച്ചു.

പുതുപ്പള്ളിയിലാകട്ടെ ജയിക്കും 100 തികയ്ക്കും എന്ന പോസ്റ്റ് ഒരു സൈബര്‍ പോരാളിയും ഇടാന്‍ ധൈര്യപ്പെട്ടില്ല. കോണ്‍ഗ്രസാകട്ടെ മുന്‍കാലങ്ങളിലെ പോലെ തര്‍ക്കത്തിനൊടുവില്‍ അവസാനം കളത്തിലിറങ്ങുന്ന പതിവ് വിട്ട് തൃക്കാക്കര മോഡലില്‍ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പുതുപ്പള്ളിയിലും സ്ഥാനാര്‍ഥിയുമായി കളം നിറഞ്ഞു. മരിച്ചയാളുടെ ഭാര്യയേയോ മകനേയോ സ്ഥാനാര്‍ഥിയാക്കാന്‍ നീണ്ട ആലോചന ആവശ്യമില്ല താനും.

രണ്ട് തവണയായി ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്ന് ഇത്തവണ ജെയ്ക് ജയത്തിലേക്ക് എത്തിക്കുമെന്നായിരുന്നു സി.പി.എം. കണക്കുകൂട്ടല്‍. കാരണം 2016-ല്‍ 8,000 വോട്ട് അധികം നേടിയ ജെയ്ക് 2021-ല്‍ വോട്ടുവിഹിതം വീണ്ടും 10,000 ഉയര്‍ത്തി. ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കന്നി അങ്കത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായി ചുരുങ്ങി. വിജയത്തിലേക്ക് 9,044 വോട്ടിന്റെ അകലം. അവിടെ നിന്നാണ് എല്‍.ഡി.എഫിന്റെ വോട്ടുബാങ്ക് ഇത്തവണ തകര്‍ന്നത്. ചാണ്ടി ജയിച്ചാല്‍ അത് ബി.ജെ.പി. വോട്ടു വാങ്ങിയായിരിക്കുമെന്ന എം.വി. ഗോവിന്ദന്റെ മുന്‍കൂര്‍ ജാമ്യത്തിനും ഈ ഭൂരിപക്ഷം ഉത്തരമാകുന്നില്ല. കഴിഞ്ഞ തവണ 50,000 കടന്ന് 54,328 വോട്ടിലേക്ക് ഇടതുപക്ഷം മുന്നേറി. ഇത്തവണ അത് വീഴുന്നത് 41,000 വോട്ടിലേക്കാണ്. ഒറ്റയടിക്ക് ഒലിച്ചുപോയത് 13,000-ത്തോളം വോട്ടുകള്‍. 

ഉമ്മന്‍ ചാണ്ടി വികാരത്തെ നേരിടാന്‍ പറ്റുന്ന ആയുധമായിരുന്നില്ല ഇടതുപക്ഷത്തിന്റെ വികസനം എന്ന മുദ്രാവാക്യം. എട്ടു വര്‍ഷം മുമ്പ് വികസനം പുതുപ്പള്ളിയിലും പാലായിലുമായി ചുരുങ്ങിയെന്ന് കുറ്റപ്പെടുത്തിയ അതേ നേതാക്കളാണ് പുതുപ്പള്ളിയില്‍ വികസനത്തിന്റെ അഭാവം അജണ്ടയാക്കിയത്. അതിനു മുമ്പ് സുനാമി ഫണ്ട് പുതുപ്പള്ളിയിലും പാലായിലുമാണ് ചെലവഴിച്ചതെന്ന ആരോപണം ഉയര്‍ത്തിയതും സി.പി.എമ്മായിരുന്നു. കഴിഞ്ഞ ഏഴു വര്‍ഷം പിണറായി സംസ്ഥാനം ഭരിച്ചിട്ടും പുതുപ്പള്ളിയിലെ എട്ടില്‍ ആറ് പഞ്ചായത്തുകള്‍ മൂന്നു വര്‍ഷമായി ഭരിച്ചിട്ടും വികസിക്കാത്തതെന്തേ എന്ന ചോദ്യവുമായി യുഡിഎഫ്‌ വികസനമെവിടെ എന്ന ചോദ്യത്തെ നേരിട്ടു. 

പുതിയ പുതുപ്പള്ളി എന്ന മുദ്രാവാക്യവുമായി മുഖ്യമന്ത്രിയും 12 മന്ത്രിമാരും തമ്പടിച്ചിട്ടും ജനമനസ്സിനെ ഇളക്കാനായില്ല. ഭൂരിപക്ഷം 20,000-ത്തില്‍ ഒതുങ്ങിയിരുന്നെങ്കില്‍ ഇടതുപക്ഷത്തിന് അത് ജയത്തോളം പോന്ന തോല്‍വിയായിരുന്നേനെ. കാരണം ഉമ്മന്‍ ചാണ്ടി മരിച്ച് കഷ്ടിച്ച് 30 ദിവസം തികയും മുന്നെ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് മകനെ നിര്‍ത്തി സഹതാപ തരംഗം കോണ്‍ഗ്രസ് നന്നായി ഉപയോഗിച്ചിട്ടും 20,000-ത്തില്‍ ഒതുങ്ങി എന്ന രാഷ്ട്രീയ ഉത്തരമുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ നാലാം അങ്കത്തില്‍ ജയ്‌ക്കോ അല്ലെങ്കില്‍ മറ്റൊരാളിലൂടെ 2026 പുതുപ്പള്ളിയും ഇടതിലേക്ക് ചായും എന്ന് ഉറപ്പിക്കാമായിരുന്നു. 2026 ആണ് സി.പി.എം. ലക്ഷ്യം എന്ന് പാര്‍ട്ടി നേതാക്കള്‍ അടക്കം പറയുകയും ചെയ്തിരുന്നു. 

കഴിഞ്ഞ തവണ ജെയ്ക്കിനെ തുണച്ച യാക്കോബായ വോട്ടുബാങ്കോ മണര്‍കാട് പഞ്ചായത്തോ പോലും ഇത്തവണ കൂടെനിന്നില്ല. കഴിഞ്ഞ തവണ എട്ടില്‍ ഏഴ് പഞ്ചായത്തിലും ലീഡ് നേടിയ ഉമ്മന്‍ ചാണ്ടി മണര്‍കാട് പഞ്ചായത്തില്‍ ജെയ്ക്കിന് പിന്നിലായിരുന്നു. ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കം രൂക്ഷമായി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മണര്‍കാട് ഇടവകയും യാക്കോബായ സഭയുടെ ആശീര്‍വാദവും ജയ്ക്കിനായിരുന്നു. ഇത്തവണയും സഭാ നേതൃത്വം സഭയെ പിന്തുണച്ചതാരാണെന്നും പള്ളി നഷ്ടപ്പെടുന്നത് ഒഴിവാക്കിയത് മറക്കില്ലന്ന പ്രസ്താവന ഇറക്കിയെങ്കിലും അതൊന്നും വോട്ടില്‍ പ്രതിഫലിച്ചില്ല. മണര്‍കാട് പള്ളിയിലെ പെരുന്നാള്‍ കാലത്തുവന്ന തിരഞ്ഞെടുപ്പിലും അതിന്റെ മധ്യത്തില്‍ ജനങ്ങള്‍ യു.ഡി.എഫിലേക്ക് ചാഞ്ഞു. 

എവിടെ കേരള കോണ്‍ഗ്രസ് വോട്ടുബാങ്ക് എന്ന ചോദ്യവും ഈ തിരഞ്ഞെടുപ്പ് ബാക്കിവെക്കുന്നുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലാണ് ഇടതുപക്ഷം കോട്ടയം ജില്ലയില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത്. ഭൂരിപക്ഷം പഞ്ചായത്തുകളും ബ്ലോക്കുകളിലും എന്തിന് ജില്ലാ പഞ്ചായത്ത് ഭരണം വരെ യു.ഡി.എഫില്‍നിന്ന് പിടിച്ചെടുത്തു. പുതുപ്പള്ളിയില്‍ തന്നെ എട്ടില്‍ ആറ് പഞ്ചായത്ത് ഭരണം കിട്ടിയതിലും കേരള കോണ്‍ഗ്രസ് സീറ്റുകള്‍ നിമിത്തമായി. പക്ഷേ രണ്ടിലയ്ക്ക് സാന്നിധ്യമുള്ള അകലക്കുന്നം, വാകത്താനം, അയര്‍ക്കുന്നം, കൂരോപ്പട പഞ്ചായത്തുകളിലാണ് ഇത്തവണ ചാണ്ടി ഉമ്മന് മികച്ച ലീഡ് സമ്മാനിച്ചത്. ഇത് കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ചലനങ്ങള്‍ ഉണ്ടാക്കിക്കൂടെന്നില്ല. പ്രത്യേകിച്ച് ഏറ്റവും കൂടുതല്‍ ക്രൈസ്തവ വോട്ടുള്ള മണ്ഡലത്തിലാണ് ഈ വമ്പന്‍ വിജയം യു.ഡി.എഫ്. നേടിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പം നിന്ന് കേരള കോണ്‍ഗ്രസ് നേടിയ കോട്ടയം സീറ്റില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. 

കൈപൊള്ളി ബി.ജെ.പിയും

യു.ഡി.എഫ്. തരംഗത്തില്‍ ബി.ജെ.പിക്കും സ്വന്തം വോട്ടുബാങ്ക് നിലനിര്‍ത്താനായില്ല. 2016-ല്‍ ജോര്‍ജ് കുര്യന് നേടിയ 15,993 വോട്ട് മറികടന്ന് 20,000-ത്തിലേക്ക് എത്തിക്കുകയായിരുന്നു ബി.ജെ.പിയുടെ സ്വപ്‌നം. നേതാക്കള്‍ തമ്പടിച്ചിട്ടും ജില്ലാ പ്രസിഡന്റ് തന്നെ സ്ഥാനാര്‍ഥിയായിട്ടും പ്രചാരണം കൊഴിപ്പിച്ചിട്ടും കഴിഞ്ഞ തവണത്തേതിന്റെ പകുതി വോട്ട് തികയ്ക്കാനായില്ല. കഴിഞ്ഞ തവണ എന്‍. ഹരി നേടിയ 11,694 വോട്ട് പോലും നിലനിര്‍ത്താനായില്ല. റബ്ബര്‍ വിലയില്‍ കണ്ണൂരില്‍നിന്ന് ഉയര്‍ന്ന ചില പ്രതീക്ഷയുടെ കാറ്റ് തൃശൂര്‍ കടക്കും മുന്നെ മണിപ്പൂരിലെ പള്ളികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും വംശഹത്യയും ജനങ്ങള്‍ക്ക് മുന്നിലെത്തി. 50 ശതമാനം ക്രിസ്ത്യാനികളും ഏറക്കുറേ അതിനോടടുത്ത് ഹിന്ദുക്കളും വോട്ടര്‍മാരായിട്ടുള്ള മണ്ഡലത്തിലാണ് ബി.ജെ.പിയുടെ അജണ്ടയില്‍ 10,000 വോട്ടുപോലും വീഴാത്തത്.

കേരളത്തില്‍ ആദ്യമായാണ് ഒരു മുന്‍മുഖ്യമന്ത്രിയുടെ പിന്‍ഗാമിയായി അതേ സീറ്റില്‍ മകന്‍ ജയിച്ചുവരുന്നത്. കഴിഞ്ഞതവണ സോളാര്‍ ആരോപണത്തിന്റെ നിഴലിലാണ് ഉമ്മന്‍ ചാണ്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. അദ്ദേഹം മരിക്കുന്ന ഘട്ടമെത്തിയപ്പോഴേക്ക് ആ കേസും കോടതി കൊട്ടയില്‍ തള്ളി. അങ്ങനെ ക്ലീന്‍ ചിറ്റ് കണ്ടാണ് അദ്ദേഹം വിടപറഞ്ഞത്. മനഃസാക്ഷിയുടെ കോടതിയില്‍ മാത്രമല്ല, കേരള ജനതയ്ക്ക് മുന്നിലും സത്യം ജയിക്കുന്നത് കണ്ടുള്ള മടക്കം. ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളിയിലെ ജനതയുടെ ആദരാഞ്ജലി കൂടിയായി മകന്‍ ചാണ്ടി ഉമ്മന് കിട്ടിയ വോട്ടുകള്‍ എന്ന് കരുതിയാലും അതിശയോക്തിയില്ല. 

ആ ആദരവും കുഞ്ഞൂഞ്ഞിനൊടുള്ള സ്‌നേഹവും കൈയയച്ച് സഹായിച്ചതാണ് യു.ഡി.എഫിനെ വമ്പന്‍ ഭൂരിപക്ഷത്തിലേക്ക് നയിച്ചത്. ഇത്തവണ ഉമ്മന്‍ ചാണ്ടിയുടെ തണലില്‍ ഇത് ഈസി വാക്കോവര്‍ ആണെങ്കില്‍ 2026-ലാണ് ചാണ്ടി ഉമ്മന്‍ ശരിക്കുള്ള അഗ്നിപരീക്ഷ നേരിടുക.