ചരിത്രം വഴിമാറിയില്ല, ജെയ്കിന് ജയം ഇനിയും അകലെ. 53 വര്‍ഷം ഉമ്മന്‍ ചാണ്ടി തേരോട്ടം തുടര്‍ന്ന പുതുപ്പള്ളി, മകന്‍ ചാണ്ടി ഉമ്മന്റെ കൈകളില്‍ ഭദ്രം. ചരിത്ര ഭൂരിപക്ഷം നല്‍കി കോണ്‍ഗ്രസിനെ ചേര്‍ത്തു പിടിച്ച പുതുപ്പള്ളിയിലെ ജനം ബി.ജെ.പിയെ അടുപ്പിച്ചില്ലെന്നത് മറ്റൊരു ചരിത്രം.

To advertise here,

ഉമ്മന്‍ ചാണ്ടിയുടെ മരണം, ദുഃഖനാളൊഴിയും മുമ്പേ ഉപതിരഞ്ഞെടുപ്പ്. മണിക്കൂറുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. ചാണ്ടി ഉമ്മനെ നേരിടാന്‍ ആര് എന്ന ചോദ്യത്തിന് സി.പി.എമ്മില്‍ തര്‍ക്കങ്ങളൊന്നും ഉണ്ടായിരുന്നില്ല, എന്നിരുന്നാലും ആലോചിച്ചുറപ്പിച്ച ശേഷം അവര്‍ പ്രഖ്യാപനം നടത്തി, കഴിഞ്ഞ രണ്ട് തവണ ഉമ്മന്‍ ചാണ്ടിയോട് ഏറ്റുമുട്ടി കോണ്‍ഗ്രസിന്റെ ഭൂരിപക്ഷത്തിന് ഇടിവ് വരുത്തിയ ജെയ്ക് സി തോമസ്. എന്നാല്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി കോട്ടയം ജില്ലാ അധ്യക്ഷന്‍ ലിജിന്‍ ലാലിന്റെ പ്രഖ്യാപനത്തിന് പിന്നെയും ഒരാഴ്ച വേണ്ടി വന്നു.  

പ്രതീക്ഷയുടെ അമിതഭാരം ഇല്ലാതെയാണ് ബി.ജെ.പി. പുതുപ്പള്ളിയില്‍ ഇത്തവണ കളത്തിലിറങ്ങിയത്. വോട്ട് വിഹിതം വര്‍ധിപ്പിക്കുക എന്ന ഒരൊറ്റ ഉദ്ദേശമായിരുന്നു പ്രചാരണത്തിലുടനീളം ബി.ജെ.പിയുടെ ലക്ഷ്യം. 'ബി.ജെ.പിയുടെ വോട്ട് കുറഞ്ഞാല്‍ കോണ്‍ഗ്രസ് ബന്ധം' എന്ന ആരോപണം സി.പി.എം. ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ ഉന്നയിച്ചിന്നു. അടിസ്ഥാന വോട്ടുകള്‍ നിലനിര്‍ത്തിപ്പോരുന്നതിനൊപ്പം തന്നെ 2021-ല്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്ന എന്‍. ഹരിയുടെ 11,694 വോട്ട് എന്ന സംഖ്യ മറികടക്കുക എന്നത് മാത്രമായിരുന്നു ബി.ജെ.പിയുടെ മുമ്പില്‍ ഉണ്ടായിരുന്ന ലക്ഷ്യം. എന്നാല്‍ ഉമ്മന്‍ ചാണ്ടി എന്ന അതികായനോടുള്ള ആദരവും, സര്‍ക്കാരിനെതിരേയുള്ള വികാരവും ഒന്നിച്ചു ചേര്‍ന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ജനം ചാണ്ടി ഉമ്മനെ ചേര്‍ത്ത് പിടിച്ചപ്പോള്‍ പ്രതീക്ഷിച്ച വോട്ടും പോലും കിട്ടാതെ ബി.ജെ.പിക്ക് നിരാശരാകേണ്ടി വന്നു.

ബി.ജെ.പിയുടെ പ്രചാരണം

നീണ്ട 53 വര്‍ഷം ഉമ്മന്‍ ചാണ്ടി ഭരിച്ച മണ്ഡലത്തില്‍ ജനം മാറ്റം ആഗ്രഹിക്കുന്നു എന്നത് മുന്‍നിര്‍ത്തിയായിരുന്നു ബി.ജെ.പി. ഉപതിരഞ്ഞെടുപ്പ് കളത്തിലേക്കിറങ്ങിയത്. റോഡ്, കുടിവെള്ളം, മണ്ഡലത്തിലെ മറ്റു വികസനങ്ങള്‍ പ്രചാരണത്തിലുടനീളം ചര്‍ച്ചയാക്കി. എല്‍.ഡി.എഫിനെ നേരിടാന്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും പ്രചാരണവിഷയമാക്കി. മണ്ഡലത്തിലെ, സംസ്ഥാനത്തെ ഭരണവികാരത്തെ നേരിടാന്‍, വരുംകാലത്തെ പ്രതീക്ഷ തങ്ങളെന്ന് ബി.ജെ.പി. ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു. ആളുകളെ നേരിട്ട് കണ്ട്, വീടുകള്‍ കയറിയിറങ്ങി കേന്ദ്രത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച ബി.ജെ.പി. സ്ഥാനാര്‍ഥി ലിജിന്‍ ലാലിനെ പുതുപ്പള്ളിയിലെ ജനം ഏറ്റെടുത്തില്ല. മണിപ്പൂരിലെ സംഘര്‍ഷവും കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള  വിഷയങ്ങളും മിത്ത് വിവാദവും ചര്‍ച്ചയായ പുതുപ്പള്ളിയില്‍ ബി.ജെ.പിയുടെ സ്ഥാനം വെളിയിലാണെന്ന് ജനം വിധിയെഴുതി.

ത്രികോണ മത്സരം ഉറപ്പിക്കുക എന്നതായിരുന്നു ബിജെപിയുടെ ശ്രമം. പോസ്റ്ററുകളില്‍ രണ്ടു മുന്നണികളുടെ സ്ഥാനാര്‍ഥികള്‍ക്കൊപ്പം തന്നെ ബി.ജെ.പിയുടെ മുഖവും ഉയര്‍ത്തിക്കാട്ടി. എന്നാല്‍, പതിനായിരം വോട്ടു പോലും ബി.ജെ.പി. സ്ഥാനാര്‍ഥിക്ക് തികച്ച് ലഭിച്ചില്ല. കഴിഞ്ഞ തവണ പതിനൊന്നായിരത്തിന് മേല്‍ വോട്ടുകള്‍ ലഭിച്ച ബിജെപിക്ക് ഇത്തവണ വെറും 6486 വോട്ട് നേടാനെ സാധിച്ചുള്ളൂ. 2021-ലെ തിരഞ്ഞെടുപ്പിനേക്കാള്‍ ആറായിരത്തോളം വോട്ടിന്റെ കുറവ്.

പുതുപ്പള്ളിയില്‍ വേരുറക്കാത്ത ബിജെപി

പുതുപ്പള്ളിയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ അടിസ്ഥാന വോട്ടുകള്‍ നിലനിര്‍ത്തിത്തന്നെയായിരുന്നു മുന്നോട്ട് പോയിരുന്നത്. പലപ്പോഴും അതില്‍ ഏറ്റക്കുറച്ചിലുകളും ഉണ്ടായിരുന്നു. 1982-ല്‍ 3661 വോട്ടുകള്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി കെ.എസ്. ശ്രീധരന്‍ നായര്‍ നേടിയിരുന്നു. അന്ന് 15983 വോട്ടിനായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ജയം. 1987-ല്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി പുതുപ്പള്ളിയില്‍ മത്സരിച്ച എം.എസ്. കരുണാകരന്‍ 5413 വോട്ടായിരുന്നു നേടിയത്. അന്ന് ഇടതുപക്ഷ സ്ഥാനാര്‍ഥി വിഎന്‍ വാസവന്‍ 40006 വോട്ടും ഉമ്മന്‍ ചാണ്ടി 49170 വോട്ടും നേടിയിരുന്നു. 9164 വോട്ടിനായിരുന്നു ഉമ്മന്‍ ചാണ്ടി അന്ന് ജയിച്ചത്. 1991-ല്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിച്ച കെ.പി. രാഘവന്‍ നായര്‍ 4692 വോട്ട് നേടിയിരുന്നു. 13811 വോട്ടുകളുടെ ഭൂരിപക്ഷം നേടിയായിരുന്നു അന്ന് ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ നിന്ന് നിയമസഭയില്‍ എത്തിയത്. 2001-ല്‍ 4727 വോട്ട് ആയിരുന്നു പുതുപ്പള്ളിയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി പി.ആര്‍. മുരളീധരന്‍ നേടിയത്. എന്നാല്‍ 2006-ല്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിച്ച നാരായണന്‍ നമ്പൂതിരിയുടെ വോട്ട് 3522 ആയി കുറഞ്ഞു. തൊട്ടടുത്ത, 2011-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിച്ച പി സുനില്‍ കുമാര്‍ 6679 വോട്ടുകള്‍ നേടി. അന്ന് 33255 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉമ്മന്‍ ചാണ്ടി ജയിക്കുന്നത്. സുജ സുസന്‍ ജോര്‍ജ് ആയിരുന്നു അന്ന് സി.പി.എം. സ്ഥാനാര്‍ഥി. 36667 വോട്ടുകളായിരുന്നു 2011-ല്‍ സി.പി.എം. സ്ഥാനാര്‍ഥി നേടിയത്.

2016 മുതലിങ്ങോട്ട് സി.പി.എം. സ്ഥാനാര്‍ഥി ജെയ്ക് സി തോമസായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മുഖ്യ എതിരാളി. ഉമ്മന്‍ ചാണ്ടിയുടെ കാലശേഷം മകനില്‍ കൂടിത്തന്നെ മണ്ഡലം നിലനിര്‍ത്താനുള്ള കോണ്‍ഗ്രസ് തീരുമാനം ജനം ശരിവെച്ചു. 2016-ല്‍ 27092 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ജയം. അന്ന് ജെയ്ക് സി തോമസ് നേടിയത് 44 505 വോട്ട്. ബി.ജെ.പിയുടെ സ്ഥാനാര്‍ഥി ജോര്‍ജ് കുര്യന്‍ 15993 വോട്ടുകളായിരുന്നു അന്ന് നേടിയത്. അതായത് 2011.ലേതിനേക്കാള്‍ ഇരട്ടിയിലധികം. എന്നാല്‍ ഇത്തവണ അത് പതിനായിരത്തില്‍ താഴെ ചുരുങ്ങി.

ബി.ജെ.പി. പെട്ടി കാലിയെന്ന് പറയുന്ന സി.പി.എം. ബോധപൂര്‍വ്വം മറച്ചുവെക്കുന്നത്

'ബി.ജെ.പിക്ക് വോട്ടു കിട്ടിയിട്ടില്ല. അവരുടെ പെട്ടി കാലിയാണ്. അത് എങ്ങോട്ടു പോയി?' തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ചരിത്ര വിജയം ഉറപ്പായതിന് പിന്നാലെ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ബി.ജെ.പി. വോട്ടുകള്‍ യു.ഡി.എഫിലേക്ക് പോകും എന്ന് നേരത്തെ തന്നെ സി.പി.എം. ആരോപിക്കുകയും ചെയ്തിരുന്നു. ഇതിന് ഊന്നല്‍ നല്‍കിക്കൊണ്ടായിരുന്നു എല്‍.ഡി.എഫ്. കണ്‍വീനറുടെ പ്രതികരണവും.

എന്നാല്‍ ബി.ജെ.പിയുടെ വോട്ട് കുറഞ്ഞതിനൊപ്പം തന്നെ ചേര്‍ത്തു വായിക്കേണ്ട മറ്റൊരു കാര്യവുമുണ്ട്. സി.പി.എമ്മിന്റെ കോട്ടകളിലും ഇത്തവണ വിള്ളലുകള്‍ വീണിട്ടുണ്ട് എന്നതാണ്. സ്വന്തം പാളയത്തിലെ വോട്ടു ചോര്‍ച്ചകളും സി.പി.എം. പരിശോധിക്കേണ്ടിയിരിക്കുന്നു. 2021-ലെ 53379 വോട്ടുകളുള്ളിടത്ത് നിന്നാണ് ഉപതിരഞ്ഞെടുപ്പില്‍ 41982  എന്ന സംഖ്യയിലേക്ക് ഇടതുപക്ഷം കൂപ്പുകുത്തിയത്. പന്ത്രണ്ടായിരത്തോളം വോട്ടിന്റെ കുറവ്. ബിജെപിക്കാകട്ടെ ആറായിരത്തോളം വോട്ടിന്റെ കുറവും. ഭരണവിരുദ്ധ വികാരവും ഉമ്മന്‍ ചാണ്ടിയോടുള്ള ആദരവും ഒരുമിച്ചു വന്ന പുതുപ്പള്ളിയില്‍ സി.പി.എമ്മിന് ജയിക്കാന്‍ വികസനം മുന്‍നിര്‍ത്തിക്കൊണ്ടുള്ള ചര്‍ച്ച മാത്രം മതിയായിരുന്നില്ല. കേന്ദ്ര നേട്ടങ്ങളും മിത്തും ഭരണവിരുദ്ധവികാരവും ബി.ജെ.പിയേയും തുണച്ചില്ല. പുതുപ്പള്ളിയിലെ ജനം ചാണ്ടിയെ മതിയെന്ന് വിധിയെഴുതി.