കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മണര്‍കാട് ഡിവൈഎഫ്‌ഐ - യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം. മാലം ജംഗ്ഷനിലാണ് സംഘര്‍ഷം ഉണ്ടായത്. പ്രദേശത്തെ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ കല്ലേറുണ്ടായെന്നാണ് ആരോപണം. കോണ്‍ഗ്രസിന്റെ പ്രകടനം കടന്നുപോകുന്നതനിടെ കല്ലേറുണ്ടായി എന്നാണ് പറയുന്നത്. വീടിന്റെ സമീപത്തുള്ള കടയുടെ ചില്ലും തകര്‍ന്നിട്ടുണ്ട്.

To advertise here,

എന്നാല്‍, വീടിനുള്ളില്‍ കയറാന്‍ പോലീസ് ശ്രമിച്ചുവെങ്കിലും സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് കല്ലേറുണ്ടായ വീടിന് സമീപം ഇരുവശത്തായി നിന്നുകൊണ്ട് പ്രവര്‍ത്തകര്‍ പോര്‍വിളി തുടരുന്ന സാഹചര്യവും പ്രദേശത്തുണ്ടായി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു എന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നത്. സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍?ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിയുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. കമ്പ് എറിഞ്ഞപ്പോള്‍ അത് കഴുത്തിന് തട്ടിയാണ് മുറിവുണ്ടായത്.

വഴിയില്‍ വന്ന ഒരു വോട്ടറെയും ആക്രമിച്ചുവെന്ന് പരാതിയുണ്ട്. ഇടതുമുന്നണി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യില്ലെന്ന് പരസ്യമായി വോട്ട് ചെയ്യില്ലെന്ന് പറഞ്ഞ വോട്ടര്‍ക്കെതിരെയാണ് അക്രമം ഉണ്ടായതെന്ന് അബിന്‍ വര്‍ക്കി മാധ്യമങ്ങളോട് പറഞ്ഞു.എന്നാല്‍ കല്ലേറില്‍ പരിക്കേറ്റ എത്ര യൂത്ത് കോണ്‍ഗ്രസ് നേതാക്കളുണ്ടെന്ന് ജെയ്ക് സി.തോമസ് ചോദിച്ചു. എസ്.എഫ്.ഐയുടെ ഏരിയാ സെക്രട്ടറി പരിക്കുകളോടെ ആശുപത്രിയിലാണ്. മറ്റ് പ്രവര്‍ത്തകര്‍ക്കും പരിക്കുകളുണ്ട്. ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷമാണ് ഉണ്ടായിരിക്കുന്നതെന്ന രീതിയില്‍ ചിത്രീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരിക്കേറ്റ പ്രവര്‍ത്തകരെ നിലവില്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കോട്ടയം എസ്പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.