ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി മകൻ ചാണ്ടി ഉമ്മനെ പുതുപ്പള്ളിയിലെ ജനങ്ങൾ നെഞ്ചേറ്റുമ്പോൾ അച്ഛനോടും മകനോടും തോറ്റവരുടെ പട്ടികയിലേക്ക് ജെയക് സി തോമസ്. 53 വർഷമായി ഉമ്മൻ ചാണ്ടിയോടൊപ്പം സഞ്ചരിച്ച പുതുപ്പള്ളിയുടെ നായകൻ ഇനി മകൻ ചാണ്ടി. 1970 മുതൽ അഞ്ച് പതിറ്റാണ്ടുകാലം 12 തിരഞ്ഞെടുപ്പിൽ തുടർച്ചയായി ഉമ്മൻചാണ്ടിയെ ജയിപ്പിച്ച് അപൂർവ റെക്കോഡ് നൽകിയ പുതുപ്പള്ളിക്ക് അത്ര വേഗം മറന്നുകളയാനാകുന്നതായിരുന്നില്ല ഒ.സിയുടെ ഓർമകൾ. ഉമ്മൻ ചാണ്ടി നിറഞ്ഞുനിന്ന തിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ ജയിക്കുമോ എന്ന ചോദ്യത്തിനപ്പുറം ഭൂരിപക്ഷമെത്ര എന്ന കാര്യമാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കിയത്. അതിനുള്ള പുതുപ്പള്ളിയുടെ ഉത്തരം 37,719.

To advertise here,

ഇത് മൂന്നാംവട്ടമാണ് ജെയ്ക് സി. തോമസ് പുതുപ്പള്ളിയിൽ ജനവിധി തേടിയത്. മൂന്നാം തവണയും മണ്ഡലത്തിലെ ജനങ്ങൾ ജെയ്ക്കിനെ കൈവിട്ടു. ഒരു മണ്ഡലത്തിൽ അച്ഛനോടും മകനോടും ഒരേ സ്ഥാനാർഥി തന്നെ ഏറ്റുമുട്ടുന്നുവെന്ന കൗതുകമുണ്ടായിരുന്നു ഇത്തവണ ജെയ്ക്കിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിന്. എന്നാൽ അച്ഛനോടും മകനോടും ഒരേ മണ്ഡലത്തിൽ മത്സരിച്ച് തോറ്റവരുടെ കൂട്ടത്തിലേക്ക് ഇനി ജെയ്ക്കിന്റെ പേരും. കഴിഞ്ഞ രണ്ട് തവണയായി ഭൂരിപക്ഷം കുറച്ചുവന്ന ജെയ്ക്കിന് പക്ഷേ സഹതാപ തരംഗവും സർക്കാരിനെതിരായ ജനവികാരവും ഒന്നിച്ച് തരംഗമായി വന്നപ്പോൾ പിടിച്ചുനിൽക്കാനായില്ല. വലിയ തോൽവി അനിവാര്യമായി. കേരള രാഷ്ട്രീയത്തിൽ ഇത് ആദ്യത്തെ സംഭവമല്ല. അച്ഛനോടും മകനോടും തോറ്റവരുണ്ട് സംസ്ഥാനത്തെ രാഷ്ട്രീയചരിത്രത്തിൽ, അച്ഛനെയും മകനെയും തോൽപ്പിച്ചവരും. 

ഷിബു ബേബി ജോണും ഇടതുസ്വതന്ത്രൻ സെബാസ്റ്റ്യൻ പോളും
ആർ.എസ്.പി നേതാവ് ഷിബു ബേബി ജോണിനും സി.പി.എം നേതാവ് എം.ജെ. ജേക്കബിനും അച്ചനോടും മകനോടും തോറ്റ ചരിത്രമുണ്ട്. 2011-ൽ ചവറ മണ്ഡലത്തെ പ്രതിനിധീകരിച്ച ഷിബു ബേബി ജോണിനെ 2016-ൽ ജനങ്ങൾ കൈവിട്ടു. സി.പി.എമ്മിന്റെ വിജയൻപിള്ളയോടായിരുന്നു അദ്ദേഹത്തിന്റെ തോൽവി. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഷിബു വീണ്ടും ജനവിധി തേടി. എന്നാൽ അന്ന് തോറ്റത് വിജയൻപിള്ളയുടെ മകൻ സുജിത് വിജയൻപിള്ളയോടായിരുന്നു.

സമാനമായിരുന്നു സി.പി.എമ്മിന്റെ എം.ജെ ജേക്കബിന്റെയും ജനവിധി. 2006-ൽ ടി.എം ജേക്കബിനെ തോൽപ്പിച്ച് പിറവം മണ്ഡലം സ്വന്തമാക്കിയ എം.ജെ ജേക്കബിന് പക്ഷേ 2011-ൽ കാലിടറി. നിസാരമായ ഭൂരിപക്ഷത്തിന് ടി.എം ജേക്കബ് തിരിച്ചടിച്ചു. അദ്ദേഹത്തിന്റെ മരണത്തോടെ 2012-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മകൻ അനൂപ് ജേക്കബിനോടും എം.ജെ ജേക്കബ് തോറ്റു. പിന്നീട് 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും  അനൂപ് ജേക്കബ് തന്നെ ജയിച്ചുകയറി.

ഇടതുമുന്നണി സ്വതന്ത്രനായി മത്സരിച്ച സെബാസ്റ്റ്യൻ പോൾ 1998-ൽ എറണാകുളം ലോക്സഭാ സീറ്റിൽ ജോർജ് ഈഡനോട് തോറ്റു. പിന്നീട് 2011-ൽ എറണാകുളം നിയമസഭാ സീറ്റിൽ മകൻ ഹൈബി ഈഡനോടും സെബാസ്റ്റ്യൻ പോൾ തോറ്റു. 

അച്ഛനെയും മകനെയും തോൽപ്പിച്ചവർ
അച്ഛനെയും മകനെയും തോൽപ്പിച്ച സ്ഥാനാർഥികളുമുണ്ട് കേരള രാഷ്ട്രീയത്തിൽ. ഈ പട്ടികയിൽ ഇടം നേടിയ ആളാണ് മുസ്ലീം ലീഗ് നേതാവ് എം.കെ മുനീർ. സി.പി.എമ്മിന്റെ സി.പി കുഞ്ഞിനെയും മകൻ സി.പി മുസാഫർ അഹമ്മദിനെയും തോൽപ്പിച്ചിട്ടുണ്ട് മുനീർ. ഇന്നത്തെ കോഴിക്കോട് സൗത്ത് മണ്ഡലത്തിലായിരുന്നു മുനീറിന്റെ വിജയം. 2016 ലെ തിരഞ്ഞെടുപ്പിൽ

ഇതേ പട്ടികയിൽ ഉൾപ്പെടുത്താനാകുന്ന വ്യക്തിയാണ് ജനതാദൾ നേതാവ് കെ. കൃഷ്ണൻകുട്ടിയും. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം കോൺഗ്രസിന്റെ കെ. അച്യുതനെ തോൽപ്പിച്ച് നിയമസഭയിലെത്തി. പിന്നീട്, 2021-ലെ തിരഞ്ഞെടുപ്പിൽ കെ. അച്യുതന്റെ മകൻ സുമേഷ് അച്യുതനെ 30,000-ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അദ്ദേഹം മണ്ഡലം നിലനിർത്തിയത്. 

മുരളീധരന്റെ പരിഹാസം 
'ജെയ്ക്കിന് ഒരു ഭാഗ്യം കിട്ടും. ഹാട്രിക്ക് പൂർത്തിയാക്കാൻ സാധിക്കും. അച്ഛനോടും മകനോടും തോറ്റെന്ന ഖ്യാതി അദ്ദേഹത്തിനുണ്ടാകും', ജെയ്ക്കിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ കെ. മുരളീധരനിൽ നിന്നുമുണ്ടായ പരിഹാസ വാക്കുകളാണിത്. എന്നാൽ ഒരേ സ്ഥാനാർഥിയോട് തൊട്ടടുത്ത തിരഞ്ഞെടുപ്പുകളിൽ തോറ്റ ചരിത്രമുണ്ട് കെ. കരുണാകരനും പരിഹാസം ഉന്നയിച്ച മകൻ മുരളീധരനും. തൃശ്ശൂർ ലോകസ്ഭാ സീറ്റിൽ 1996-ൽ കെ.കരുണാകരൻ സി.പി.ഐയുടെ വി.വി. രാഘവനോട് തോൽവി ഏറ്റുവാങ്ങി. കേവലം 1480 വോട്ടുകൾക്കാണ് കരുണാകരന് സീറ്റ് നഷ്ടമായത്. 1998-ൽ കെ. മുരളീധരനും ഇതേ വി.വി രാഘവനോട് തോറ്റു.

അച്ഛനെ തോൽപ്പിച്ച് മകനോട് പരാജയപ്പെട്ടയാളാണ് സി.പി.എമ്മിന്റെ എം. വിജയകുമാർ. 1987-ൽ തിരുവനന്തപുരം നോർത്ത് മണ്ഡലത്തിൽ ജി.കാർത്തികേയനെ തോൽപ്പിച്ചെങ്കിലും 2015-ലെ ഉപതിരഞ്ഞെടുപ്പിൽ ജി. കാർത്തികേയന്റെ മകൻ കെ.എസ്. ശബരീനാഥനോട് അരുവിക്കര മണ്ഡലത്തിൽ അദ്ദേഹം പരാജയപ്പെട്ടു. നേരെ മറിച്ചായിരുന്നു മാണി. സി കാപ്പന്റെ ജനവിധി. പാലയിൽ സാക്ഷാൽ കെ.എം മാണിയോട് മൂന്നു തവണ തോറ്റ മാണി സി. കാപ്പൻ മാണി സാറിന്റെ മരണശേഷം 2021-ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകൻ ജോസ് കെ. മാണിയെ പരാജയപ്പെടുത്തി മണ്ഡലം സ്വന്തമാക്കി.