തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള പത്താം ഉപതിരഞ്ഞെടുപ്പാണ് പുതുപ്പള്ളിയില്‍ നടന്നത്. ഇതില്‍ ആറിടത്ത് യുഡിഎഫിന് ജയിക്കാനായി. നാലിടത്ത് എല്‍ഡിഎഫിനും. 

To advertise here,

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് എട്ട് തിരഞ്ഞെടുപ്പുകളും നടന്നത്. അന്ന് നാലിടത്താണ് ഇരുമുന്നണികള്‍ക്കും ജയിക്കാനായത്. യുഡിഎഫിന്റെ രണ്ട് സിറ്റിങ് സീറ്റുകള്‍ എല്‍ഡിഎഫിന് പിടിക്കാനായി. എല്‍ഡിഎഫിന്റെ ഒരു സിറ്റിങ് സീറ്റ് യുഡിഎഫിനും പിടിച്ചെടുക്കാന്‍ സാധിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും സിറ്റിങ് സീറ്റുകള്‍ യുഡിഎഫിന് നിലനിര്‍ത്താനായി.

വേങ്ങര

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ആദ്യ ഉപതിരഞ്ഞെടുപ്പ് വേങ്ങരയിലായിരുന്നു. മുസ്ലിംലീഗ് എംപിയായിരുന്ന ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്ഥാനം രാജിവെച്ച് ലോക്സഭയിലേക്ക് മത്സരിച്ചു. ഇതേ തുടര്‍ന്നാണ് വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.
മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ വിജയിച്ചു. 2017-ലായിരുന്നു ഇത്. അഡ്വ.പി.പി.ബഷീറായിരുന്നു ഇടത് സ്ഥാനാര്‍ഥി.

ചെങ്ങന്നൂര്‍

2018ല്‍ ചെങ്ങന്നൂരില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി സജി ചെറിയാന്‍ വിജയിച്ചു. സിപിഎം എംഎല്‍എ ആയിരുന്ന കെ.കെ.രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പുണ്ടായത്. യുഡിഎഫിലെ ഡി.വിജയകുമാറിനേയും ബിജെപിയുടെ പി.എസ്.ശ്രീധരന്‍പിള്ളയേയുമാണ് സജി ചെറിയാന്‍ പരാജയപ്പെടുത്തിയത്.

പാല

2019ല്‍ പാലായില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എന്‍സിപി സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ ഇടതു പിന്തുണയോടെ വിജയിച്ചു. കെ.എം.മാണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കേരള കോണ്‍ഗ്രസ് മാണി  വിഭാഗം അന്ന് യുഡിഎഫിനൊപ്പമായിരുന്നു. ജോസ് ടോം പുളിക്കുന്നേലിനെയാണ് മാണി സി.കാപ്പന്‍ പരാജയപ്പെടുത്തിയത്. 2943 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്.

മഞ്ചേശ്വരം

മുസ്ലിം ലീഗ് എംഎല്‍എ ആയിരുന്ന പി.ബി.അബ്ദുള്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്നാണ് 2019-ല്‍ മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് നടന്നത്. ലീഗ് സ്ഥാനാര്‍ഥി എം.സി.കമറുദ്ദീന്‍ വിജയിച്ചു. ബിജെപിയിലെ രവീശ് തന്ത്രി കുണ്ടാറിനെയാണ് കമറുദ്ദീന്‍ പരാജയപ്പെടുത്തിയത്. സിപിഎം സ്ഥാനാര്‍ഥി എം.ശങ്കരറായ് മൂന്നാം സ്ഥാനത്തായി.

എറണാകുളം
സിറ്റിങ് എംഎല്‍എ ആയിരുന്ന ഹൈബി ഈഡന്‍ 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് എറണാകുളം മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. 2016-ല്‍ 21,949 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച യുഡിഎഫിന് ഉപതിരഞ്ഞെടുപ്പില്‍ 3750 വോട്ടുകള്‍ക്കാണ് മണ്ഡലം നിലനിര്‍ത്താനായത്‌. കോണ്‍ഗ്രസിലെ ടി.ജെ.വിനോദ് എല്‍ഡിഎഫിലെ മനു റോയിയെ ആണ് പരാജയപ്പെടുത്തിയത്.

അരൂര്‍

സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്ന അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാന്‍ പിടിച്ചെടുക്കുകയായിരുന്നു. 2019-ലെ പൊതു തിരഞ്ഞെടുപ്പില്‍ സിപിഎം എംഎല്‍എ എ.എം.ആരിഫ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് അരൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. സിപിഎമ്മിലെ മനു സി പുളിക്കലിനെയാണ് ഷാനിമോള്‍ ഉസ്മാന്‍ പരാജയപ്പെടുത്തിയത്.

കോന്നി, വട്ടിയൂര്‍ക്കാവ്

കോന്നിയിലും വട്ടിയൂര്‍ക്കാവിലും 2019-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ കെ.യു.ജനീഷ് കുമാറും വി.കെ.പ്രശാന്തുമാണ് വിജയിച്ചത്. രണ്ടും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളായിരുന്നു. കോന്നിയില്‍ അടൂര്‍ പ്രകാശും വട്ടിയൂര്‍ക്കാവില്‍ കെ.മുരളീധരനും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പുണ്ടായത്.

കോന്നിയില്‍ ജനീഷ് കുമാര്‍ കോണ്‍ഗ്രസിലെ പി.മോഹന്‍ രാജിനെയാണ് പരാജയപ്പെടുത്തിത്. വട്ടിയൂര്‍ക്കാവില്‍ വി.കെ.പ്രശാന്ത് കെ.മോഹന്‍ കുമാറിനെയും തോല്‍പ്പിച്ചു.

തൃക്കാക്കര

2022 മെയില്‍ തൃക്കാക്കരയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഉമ തോമസ് വിജയിച്ചു. കോണ്‍ഗ്രസ് നേതാവായിരുന്ന പി.ടി.തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച ഭാര്യ ഉമ തോമസ് ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിനെയാണ് പരാജയപ്പെടുത്തിയത്.