മലപ്പുറം: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി.വി. പ്രകാശിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരേ വി.ടി. ബല്‍റാം. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രകാശ് അന്‍വറിനെതിരേ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്ത കുറിപ്പിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് ബല്‍റാമിന്റെ വിമര്‍ശനം. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ഥിയായിരുന്ന വി.വി. പ്രകാശിനെ സംഘപരിവാറിന്റെ ആളാണെന്നു പറഞ്ഞ് വിമര്‍ശിച്ച അന്‍വര്‍ ഇപ്പോള്‍ പ്രകാശിന്റെ വീട്ടില്‍പ്പോയി നാടകം കളിച്ചതിലെ ഉളുപ്പില്ലായ്മ ബല്‍റാം പോസ്റ്റില്‍ തുറന്നടിച്ചു. 

To advertise here,

വി.ടി. ബല്‍റാമിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്: 

2021ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.വി.പ്രകാശിനെതിരെ ഹീനമായ വര്‍ഗീയ പ്രചരണങ്ങളാണ് അന്നത്തെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി.അന്‍വര്‍ നടത്തിയിരുന്നത്. ആ നാട്ടുകാര്‍ പ്രായവ്യത്യാസമില്ലാതെത്തന്നെ വിളിച്ചിരുന്ന 'പ്രകാശേട്ടന്‍' എന്നതിലെ 'ഏട്ടന്‍' എന്ന വാക്ക് മാത്രം മതിയായിരുന്നു അന്‍വറിന് വി.വി.പ്രകാശിനെ ഒരു സംഘിയായി ചിത്രീകരിക്കാന്‍. അത് വച്ചുള്ള പ്രസംഗങ്ങളായിരുന്നു അന്‍വറിന്റെ ക്യാമ്പയിന്‍ മുഴുവന്‍. അന്ന് അന്‍വറിനെ തലയിലേറ്റി നടന്നിരുന്ന സിപിഎമ്മും ഈ പ്രചരണം ഏറ്റെടുത്ത് കൊഴുപ്പിച്ചു.

തന്റെ ജീവിതത്തിലുടനീളം ഉറച്ച മതേതര ബോധ്യങ്ങള്‍ വച്ചുപുലര്‍ത്തിയ, പ്രത്യയശാസ്ത്രപരമായിത്തന്നെ സംഘ് പരിവാറിന്റെ നിതാന്ത വിമര്‍ശകനായിരുന്ന,
വ്യക്തിജീവിതത്തില്‍പ്പോലും മതവിശ്വാസങ്ങളും ആചാരങ്ങളും ഒരു പരിധിക്കപ്പുറം മാറ്റിനിര്‍ത്തിയ, നെഹ്രുവിയന്‍ കോണ്‍ഗ്രസുകാരനായ വി.വി. പ്രകാശിനെ അങ്ങേയറ്റം വേദനിപ്പിച്ചതായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ആ ബിലോ ദ് ബെല്‍റ്റ് ആക്രമണങ്ങള്‍. തന്റെ മരണത്തിന്റെ തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ പി.വി.അന്‍വറിന്റെ ഈ ക്രൂരമായ ആരോപണങ്ങള്‍ക്ക് കൃത്യമായ രാഷ്ട്രീയ മറുപടി നല്‍കിയതിന് ശേഷമാണ് വി.വി.പ്രകാശ് ഈ ലോകം വിട്ട് പോയത്. ആ മറുപടിയുടെ ലിങ്ക് കമന്റില്‍ നല്‍കുന്നു.

എന്നിട്ടും വി.വി.പ്രകാശിന്റെ വീട്ടില്‍പ്പോയി നാടകം കളിക്കാനുള്ള ഉളുപ്പില്ലായ്മ കാണിച്ച അന്‍വറിനോട് പറയാനുള്ളത് പ്രകാശേട്ടന്റെ പ്രിയതമ തന്നെ കൃത്യമായി പറഞ്ഞിട്ടുണ്ട്: വി.വി.പ്രകാശ് അന്ത്യയാത്രയില്‍ പുതച്ചിരുന്നത് കോണ്‍ഗ്രസിന്റെ പതാകയാണ്. ആ കുടുംബവും എക്കാലത്തും കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പമായിരിക്കും. 

മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മാത്രം മുന്‍പ് വി.വി. പ്രകാശ് അന്‍വറിനെതിരേ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചതും ഇപ്പോള്‍ ബല്‍റാം സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചതുമായ കുറിപ്പ്


നിയമസഭ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ LDF സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മാന്യ സുഹൃത്ത് എനിക്കെതിരെ തെറ്റിദ്ധാരണാജനകവും അസംബന്ധപൂര്‍ണവുമായ ചില ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിട്ട ഒരു പോസ്റ്റ് സാമൂഹികമാധ്യമങ്ങളില്‍ കാണാനിടയായി. 
തിരഞ്ഞെടുപ്പില്‍ ഞാന്‍ ബിജെപി യുമായി വോട്ടുകച്ചവടം നടത്തിയെന്നും, ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് നേതൃത്വത്തെ ഭിഷണിപ്പെടുത്തിയാണ് UDF സ്ഥാനാര്‍ത്ഥിത്വം ഞാന്‍ കൈക്കലാക്കിയതെന്നും മറ്റുമാണ് പോസ്റ്റിലെ ഉള്ളടക്കം. 
ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളുള്ള ഒരു MLA യുടെ പദവിക്കും അന്തസിനും യോജിച്ചതല്ല LDF സ്ഥാനാര്‍ത്ഥി എനിക്കെതിരെ ഉന്നയിച്ച ഒട്ടും നിലവാരമില്ലാത്ത ആരോപണങ്ങള്‍ എന്ന് ആദ്യമേ പറയട്ടെ. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനവും വ്യക്തിഹത്യയുമാണ് LDF സ്ഥാനാര്‍ത്ഥി ഇതിലൂടെ ചെയ്തിട്ടുള്ളത്. എനിക്കെതിരെ അദ്ദേഹം നടത്തിയിട്ടുള്ള വസ്തുതാ വിരുദ്ധവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ സമനിലതെറ്റിയ ഒരാളുടെ ജല്പനങ്ങളായി മാത്രമേ ഞാന്‍ കാണുന്നുള്ളൂ.
തിരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ക്കണ്ട LDF സ്വതന്ത്ര സ്ഥാനാര്‍ത്ഥി അതിനുള്ള ന്യായികരണങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനുള്ള ശ്രമമാണ് ഈ പോസ്റ്റിലൂടെ ലക്ഷ്യം വെക്കുന്നത്. 
വാക്കുകള്‍കൊണ്ടോ പ്രവര്‍ത്തികള്‍ കൊണ്ടോ നിലമ്പൂരിലെ ബഹുസ്വര സമൂഹത്തിന്റെ പൊതുബോധത്തെ അലോസരപ്പെടുത്തുവനോ വര്‍ഗീയമായി ഭിന്നിപ്പിച്ച് രാഷ്ട്രീയമായ നേട്ടങ്ങളുണ്ടാക്കുവാനോ ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് നിലമ്പൂരുകാര്‍ക്കറിയാം.
അത് എന്റെയും ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെയും വഴിയുമല്ല.അതൊക്കെ യോജിക്കുന്നത് LDF സ്ഥാനാര്‍ത്ഥിക്കു തന്നെയാണ്. 
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഓരോ പ്രദേശത്തും ചെന്ന് തരാതരം ജാതിയും മതവും പറഞ്ഞ് വോട്ട് പിടിച്ചത് ആരാണെന്ന് നിലമ്പൂര്‍ ജനതക്കും ഐക്യജനാധിപത്യമുന്നണിക്കും നന്നായിട്ടറിയാം. 
UDF ഉം ഞാനും തിരഞ്ഞെടുപ്പുവേദികളില്‍ രാഷ്ട്രിയം പറഞ്ഞപ്പോള്‍, നിലമ്പൂരിലെ വികസനമുരടിപ്പിനെ പറ്റി പറഞ്ഞപ്പോള്‍ എന്നെയും മുന്നണിയെയും എതിര്‍ത്ത  LDF സ്വതന്ത്രന്‍ പച്ചക്ക് വര്‍ഗീയത പറയുകയായിരുന്നു.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഒരു ഘട്ടത്തിലും വര്‍ഗീയത എന്റെയും മുന്നണിയുടെയും പ്രചരണ ആയുധമായിരുന്നില്ല.
മറിച്ച് വര്‍ഗീയത മാത്രം പ്രചരണ ആയുധമാക്കിയവരാണ് ഞാന്‍ ബിജെപിയുമായി
വോട്ടുകച്ചവടം നടത്തിയെന്ന് വ്യാജ വാര്‍ത്തകള്‍ ഇപ്പോള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
യഥാര്‍ത്ഥ കള്ളന്‍ നാട്ടുകാരുടെ ശ്രദ്ധ തിരിക്കുവാന്‍ വഴിയില്‍ കാണുന്നവരെയൊക്കെ 'കള്ളന്‍' 'കള്ളന്‍' എന്ന് വിളിച്ചുപറഞ്ഞു രക്ഷപ്പെടുന്ന തന്ത്രമാണ് LDF സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇപ്പോള്‍ പയറ്റി കൊണ്ടിരിക്കുന്നത്. 
LDF സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ അകവും പുറവും രീതികളും ശൈലിയും നന്നായി മനസ്സിലാക്കിയവരാണ് നിലമ്പൂര്‍ ജനത.
വോട്ടുകച്ചവടത്തിന്റെ ഹൈടെക് ആശാനാണ് പരാജയഭീതി മൂത്തപ്പോള്‍ സ്ഥലജലവി ഭ്രാന്തിയാല്‍ എന്നെയിപ്പോള്‍ ബിജെപി യുമായി കൂട്ടികെട്ടാന്‍ ശ്രമിക്കുന്നത്.
മാത്രമല്ല,നിലമ്പൂര്‍ സീറ്റ് വിലകൊടുത്തു വാങ്ങിയ രാഷ്ട്രീയ വ്യാപാരിക്ക് എന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പറ്റി പറയാന്‍ എന്ത് യോഗ്യതയാണുള്ളത്?.
കഴിഞ്ഞ മൂന്നരപതിറ്റാണ്ടിലേറെയായി ജനിച്ചുവളര്‍ന്ന നാട്ടില്‍ സജീവമായി നിന്ന് പൊതുപ്രവര്‍ത്തനവും രാഷ്ട്രിയ പ്രവര്‍ത്തനവും നടത്തുന്ന ആളാണ് ഞാന്‍. എന്റെ വ്യക്തി ജീവിതവും സാമൂഹ്യജീവിതവും മതേതരകാഴ്ചപ്പാടുകളും നിലമ്പൂരിലെ ജനങ്ങള്‍ക്ക് മനഃപാഠമാണ്. എന്നെ കാണുന്നവര്‍ക്കും എന്നോട് ഇടപഴകുന്നവര്‍ക്കും നെറ്റിചുളിക്കുവാന്‍ ഒരവസരംപോലും ഞാനുണ്ടാക്കിയിട്ടില്ല.
ഈ നീണ്ട കാലയളവില്‍ ഒരിക്കലും ആരും എനിക്കെതിരെ ഉന്നയിക്കാതിരുന്ന  വര്‍ഗീയബന്ധം ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇപ്പോള്‍ ഉയര്‍ത്തുന്നത്
തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അദ്ദേഹത്തിനുണ്ടാകുന്ന പരാജയത്തിന് മറപിടിക്കാന്‍ വേണ്ടി മാത്രമാണെന്ന്
അന്നം കഴിക്കുന്നവര്‍ക്കൊക്കെ മനസ്സിലാകും.
എന്റെ മതേതരത്വ വിശ്വാസത്തിനും പൊതുജീവിതത്തിനും LDF സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട. അത് എന്റെ നാട്ടുകാര്‍ കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെ കാലമായി എനിക്ക് നല്‍കികൊണ്ടിരിക്കുന്നുണ്ട്.
LDF സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഒരു പോസ്റ്റല്ല ഇതുപോലെ ആയിരം പോസ്റ്റിട്ടാലും എന്റെ നാട്ടുകാര്‍ എന്നിലര്‍പ്പിച്ച വിശ്വാസത്തില്‍ നിന്നും ഒരു കടുകുമണി തൂക്കം എടുത്തുമാറ്റുവാന്‍ അദ്ദേഹത്തിനാവില്ല. 
ബിജെപി യോട് എപ്പോഴെങ്കിലും എവിടെവെച്ചെങ്കിലും രാഷ്ട്രീയനേട്ടത്തിനായോ വോട്ടിനായോ സന്ധിചെയ്യുവാന്‍ ഞാനോ എന്റെ മുന്നണിയോ ശ്രമിച്ചിട്ടുള്ളതായി തെളിയിക്കുവാന്‍
അദ്ദേഹത്തെ ഞാന്‍ വെല്ലുവിളിക്കുന്നു. ഇപ്പോള്‍ മാത്രമല്ല എന്റെ അവസാന ശ്വാസംവരെയും അദ്ദേഹത്തെ ഇക്കാര്യത്തില്‍ ഞാന്‍ വെല്ലുവിളിച്ചുകൊണ്ടേയിരിക്കും. ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ മാത്രംപോര, അത് തെളിയിക്കുവാനുള്ള മാന്യത കൂടി കാണിക്കണം സുഹൃത്തേ. 
ഞാന്‍ സൗഭാഗ്യങ്ങളുടെ നടുവില്‍ വളര്‍ന്നവനല്ല. പൊള്ളുന്ന നട്ടുച്ചയിലൂടെ നടന്ന് കയറിയവനാണ്. ദുരിതങ്ങളും വിശപ്പുമായിരുന്നു കൂട്ടുകാര്‍. എനിക്ക് രാഷ്ട്രിയം കച്ചവടമല്ല, നിയമലംഘനങ്ങള്‍ക്ക് മാറയിടാനുള്ള രക്ഷാകവചവുമല്ല. എനിക്കത് നീതിയുടെയും ധാര്‍മികതയുടെയും പ്രശ്‌നമാണ്. എന്റെ നാട്ടുകാര്‍ക്ക് നല്‍കേണ്ട നന്മയുടെയും നിറവേറ്റേണ്ട ബാധ്യതകളുടെയും കാര്യമാണ്.
ഒഴുക്കിനെതിരെ നീന്തി വളര്‍ന്ന എനിക്ക് ഇത്തരം ഓല പാമ്പുകളെ ഒട്ടും ഭയമില്ല.
എന്റെ വ്യക്തി ജീവിതവും പൊതുജീവിതവും LDF സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ വ്യക്തി ജീവിതവും പൊതുജീവിതവും ഈ തിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ ജനത സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കിയിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.
വരട്ടെ, നമുക്ക് ഫലത്തിനായി കാത്തിരിക്കാം. ജയിച്ചാലും തോറ്റാലും ജനവിധിയെ മാനിക്കും. ജനത്തിന് അവര്‍ അര്‍ഹിക്കുന്ന ഭരണകര്‍ത്താവിനെ കിട്ടും.
പക്ഷെ, ഒരു പ്രതിസന്ധിയിലും മാനവികതയും മതേതരത്വവും എന്റെ മനസ്സില്‍ നിന്നുമൂ ര്‍ന്നുപോവില്ല. അവസാനംവരെ എന്നെ മുന്നോട്ട് നയിക്കുന്ന ആന്തരിക ചോദനയായി അവ എന്നില്‍ നിലനില്‍ക്കുകയും ചെയ്യും.