നിലമ്പൂർ:നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വത്തില്‍ മലക്കംമറിഞ്ഞ് പി.വി.അന്‍വര്‍. കഴിഞ്ഞ ദിവസം മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച അന്‍വര്‍ ഇന്ന് വാര്‍ത്താസമ്മേളനം നടത്തി മത്സരിക്കുമെന്ന് അറിയിച്ചു.തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ ജീവൻ നിലമ്പൂരിലെ പാവപ്പെട്ട ജനങ്ങളുടെ കൈയിലാണ്. മലയോര കർഷകർക്ക് വേണ്ടിയിട്ടാണ് താൻ ഈ പോരാട്ടം മുഴുവൻ നടത്തിയത്. അവർക്ക് വേണ്ടിയിട്ടാണ് തന്റെ പോരാട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇപ്പോൾ എന്റെ ജീവൻ പോലും അപകടത്തിലാണ്. ഒരു ഭാഗത്ത് പിണറായി, ഒരു ഭാഗത്ത് സതീശൻ, ഒരു ഭാഗത്ത് ആർഎസ്എസ്. ഇവർ മൂന്നും കൂടി എന്നെ ഞെക്കിപ്പിഴിയാനുള്ള തീരുമാനമാണ്. 2026-ലെ തിരഞ്ഞെടുപ്പുവരെ ഒരുപക്ഷെ ജീവിച്ചിരിക്കും. ജനങ്ങൾ നിലമ്പൂരിൽ എന്നെ കൈവിട്ടാൽ ഞാൻ ഉണ്ടാകും എന്ന പ്രതീക്ഷ എനിക്കില്ല. എന്റെ വിധി അതാണെങ്കിൽ അത് നടക്കട്ടെ എന്നാണ് എന്റെയും തീരുമാനം. മരണത്തെ ഞാൻ ഭയപ്പെടുന്നില്ല. എന്റെ ജീവൻ നിലമ്പൂരിലെ പാവപ്പെട്ട ജനങ്ങൾക്ക് സമർപ്പിക്കുന്നു. ജനങ്ങൾക്ക് വേണ്ടി പദവികളും സൗകര്യങ്ങളും മുഴുവൻ ത്യജിച്ച് നിങ്ങളെ വിശ്വസിച്ച് പോരാട്ടത്തിനിറങ്ങുന്നു.എന്റെ കൂടെ വരാൻ ഒരാളുമില്ല'- അൻവർ പറഞ്ഞു.
താൻ അല്ല സ്ഥാനാർത്ഥി, നിലമ്പൂരിലെ ഓരോ വോട്ടറും സ്ഥാനാർത്ഥിയാണ്. ഈ തിരഞ്ഞെടുപ്പ് കേരളത്തിലെ പാവപ്പെട്ട, പീഡനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന മലയോര കർഷകരുൾപ്പെടെ എല്ലാ സാധാരണക്കാർക്കും സമർപ്പിക്കുന്നെന്നും പി.വി. അൻവർ കൂട്ടിച്ചേർത്തു.
അസോസിയേറ്റ് പാർട്ടി എന്ന നിലക്ക് യുഡിഎഫ് ചർച്ച നടത്തി. അതിന് താൻ സമ്മതിച്ചു. എന്നാൽ പിന്നീട് ഉണ്ടായത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ വാലിൽ കെട്ടാമെന്ന് ദുരുദ്ദേശമാണ്. യുഡിഎഫ് ഒറ്റക്കെട്ടായെടുത്ത തീരുമാനം പോലും വി.ഡി. സതീശൻ പ്രഖ്യാപിക്കാത്തത് അതുകൊണ്ടാണെന്ന് പി.വി. അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
'അസോസിയേറ്റ് പാർട്ടി എന്ന നിലക്ക് ചർച്ച നടത്തി. അതിനും ഞാൻ സമ്മതിച്ചു. ഞങ്ങളുടെ പാർട്ടിക്ക് നിങ്ങൾ എവിടെ സീറ്റ് തരും എന്ന് ചോദിച്ചു. ഈ മാസം രണ്ടാം തീയതി കോഴിക്കോട് നടന്ന യുഡിഎഫ് യോഗത്തിന് മുമ്പ് നിരുപാധികം, നിങ്ങൾ എന്ത് വേണമെങ്കിലും തീരുമാനിച്ചോ, ബസിന്റെ സ്റ്റെപ്പിൽ ഞാൻ പോരാം എന്ന് കുഞ്ഞാലിക്കുട്ടിയോട് വാക്കുകൊടുത്തതാണ്. കുഞ്ഞാലിക്കുട്ടി, പാണക്കാട് തങ്ങൾ ഉൾപ്പെടെയുള്ള യുഡിഎഫ് നേതൃത്വം ഏൽപ്പിച്ച ഉത്തരവാദിത്വം നിർവഹിച്ചില്ലെന്ന് മാത്രമല്ല അത് നീട്ടി നീട്ടി നീട്ടിക്കൊണ്ടുപോയി. തിരഞ്ഞെടുപ്പ് ഉണ്ടായില്ലെങ്കിൽ അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ ഞങ്ങളെ വാലിൽ കെട്ടാമെന്ന ദുരുദ്ദേശത്തിലാണ് യുഡിഎഫ് ഒറ്റക്കെട്ടായെടുത്ത തീരുമാനം പോലും യുഡിഎഫ് ചെയർമാൻ പ്രഖ്യാപിക്കാതിരുന്നത്'- അൻവർ പറഞ്ഞു.
യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുമ്പോൾ തന്നോട് ചോദിച്ചില്ലെന്നും അതിന് താൻ അർഹനല്ലേ എന്നും അൻവർ ചോദിച്ചു.
'തൂക്കിക്കൊല്ലാൻ പോകുന്ന പ്രതിയോട് ചോദിക്കും അവസാനമായിട്ട് എന്തെങ്കിലും പറയാനുണ്ടോ എന്ന്. ഏറ്റവും ചെറിയനീതി. ഏയ് മനുഷ്യാ, നിങ്ങൾ മരിക്കാൻ പോകാ, എന്തെങ്കിലും പറയാനുണ്ടോ? വല്ല ആഗ്രഹവുമുണ്ടോ എന്ന് ചോദിക്കും. അതിനെങ്കിലും ഞാൻ അർഹനല്ലേ? എന്നെ തൂക്കിലേറ്റുകയാണല്ലോ? ഞാൻഅറിഞ്ഞിട്ടില്ല. എന്നോട് ചോദിച്ചിട്ടില്ല. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നതിനോടൊപ്പം അത് പ്രഖ്യാപിക്കാനുള്ള ചെറിയൊരു സാമൂഹിക മര്യാദയെങ്കിലും ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. പിന്നെ ഞാൻ എന്ത് ചെയ്യും. ആ സ്ഥാനാർഥിക്ക് വേണ്ടിയിട്ട് പ്രവർത്തന രംഗത്ത് ഇറങ്ങിയതോടെ ഈ ദുഷ്ടബുദ്ധി എന്താണോ കണക്കാക്കിയത്, ഞങ്ങൾ ലോക്കായില്ലേ.. ആയിരക്കണക്കിന് പ്രവർത്തകരില്ലേ. എഐടിസിയോട് ബാധ്യതയില്ലേ. മമത ബാനർജി എന്ന മുഖ്യമന്ത്രിയും ഇരുനൂറോളം എംഎൽഎമാരും 42 എംപിമാരുമുള്ള പാർട്ടിയുടെ സംസ്ഥാനത്തെ ഉത്തരവാദിത്തപ്പെട്ട നേതാവാണ് ഞാൻ. ഞാൻ എന്ത് ചെയ്യും. ഷൌക്കത്തിനെ വെച്ച് മുമ്പോട്ട് പോകില്ല. ജയിക്കില്ല. വലിയ അബദ്ധത്തിലേക്കാ പോകുന്നത്. പറ്റില്ലെന്ന് ഞാൻ പറഞ്ഞു. എനിക്കൊരു നീതിയുംകിട്ടാൻ പോകുന്നില്ലെന്ന് ഉറപ്പിച്ച് പറഞ്ഞതുകൊണ്ടാണ്. അവിടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. പിന്നീടാണ് ചർച്ചകൾ ആരംഭിക്കുന്നത്. ഉത്തരവാദിത്തപ്പെട്ടവരൊക്കെ വി.ഡി. സതീശന്റെ നിലപാട് ശരിയല്ലെന്ന് ഒളിഞ്ഞു തെളിഞ്ഞും പറഞ്ഞു. ചർച്ചകൾ തുടരുന്നതിനിടെ സീറ്റ് എവിടെയെന്ന് ചോദിച്ചു. ബേപ്പൂരോ, പേരാമ്പ്രയിലോ, മലമ്പുഴയിലോ മത്സരിക്കാൻ എന്നെ തള്ളിവിടുകയാണ്. ഒരു വട്ടം തൂക്കിക്കൊന്നു രണ്ടാമതു തൂക്കിക്കൊല്ലാനാണ് തീരുമാനം. ഞാൻ പറഞ്ഞു ആലോചിക്കണം. അസോസിയേറ്റെങ്കിൽ അസോസിയേറ്റ്, ഒരു സീറ്റെങ്കിൽ ഒരു സീറ്റ്. അത് പരസ്യമായി പറയണം. അതിന് അവർ തയ്യാറായില്ല'- പി.വി. അൻവർ പറഞ്ഞു.
മുഖ്യമന്ത്രിയാകുമ്പോൾ ആര് കൈപൊക്കണം എന്ന താത്പര്യമാണ് യുഡിഎഫ് നേതൃത്വത്തിന്. ഈ നേതൃത്വത്തെയും വെച്ചാണ് യുഡിഎഫ് മുമ്പോട്ട് പോകുകയാണെങ്കിൽ 99 സീറ്റിന്റെയും മാനദണ്ഡം കൈപൊക്കുന്നവർക്ക് മാത്രമായിരിക്കും. 2026-ലെ ഭരണം പിണറായിയെ താഴെ ഇറക്കാൻ ഈ നേതൃത്വത്തെ വെച്ച് കഴിയുമെന്ന് തനിക്ക് തോന്നുന്നില്ല. അതുകൊണ്ട് ആലോചിച്ച് തീരുമാനമെടുക്കണമെന്ന് നേതൃത്വത്തോട് പറഞ്ഞതായി അൻവർ കൂട്ടിച്ചേർത്തു.
'ഞാൻ യുഡിഎഫിനെ തോൽപ്പിക്കാൻ നോക്കിയിട്ടില്ല. ഈ പറയുന്ന മുഴുവൻ അപമാനവും സഹിച്ച് ഞാൻ പറഞ്ഞു, മത്സരിക്കാനില്ലെന്ന്. സാമ്പത്തികപ്രതിസന്ധിയുണ്ടെന്ന്. വളരെ കൃത്യമായി പറഞ്ഞതാണ്. അപ്പോഴുംയുഡിഎഫിന്റെ വാതിൽ എനിക്ക് അടഞ്ഞിട്ടില്ല. ഏതെങ്കിലും ഒരു രീതിയിൽ അപമാനം സഹിച്ചാലും ഇവർക്ക്പിന്തുണ കൊടുത്തുകൊണ്ട് പിണറായിസത്തെ താഴെ ഇറക്കാൻ കഴിയുമോ എന്നാണ് ഞാൻ ആലോചിക്കുന്നത്. എന്നാൽ വാതിൽ അടച്ചുവെന്നാണ് യുഡിഎഫ് ചെയർമാൻ പറഞ്ഞത്. ഇനി ഞാൻ എങ്ങോട്ടാ പോകേണ്ടത്. ആരെ കാത്ത് നിൽക്കണം. പിവി അൻവറിന്റെ വാതിൽ തുറന്നിട്ടുമില്ല, അടച്ചിട്ടുമില്ലെന്നായിരുന്നു അദ്ദേഹം നേരത്തെ പറഞ്ഞത്. അങ്ങനൊരു വാതിലുണ്ടോ? ഇപ്പോൾ അദ്ദേഹം ലോക്കിട്ട് പൂട്ടി. ഇനി ഞാൻ എന്ത് ചെയ്യണം. പിണറായിസത്തെ അവസാനിപ്പിക്കാൻ ഷൗക്കത്തിന് സാധിക്കുമോ?'- അൻവർ ചോദിച്ചു.
'എഐടിസി പിന്തുണച്ച് യുഡിഎഫ് കെട്ടിമറിഞ്ഞ് പ്രവർത്തനം നടത്തിയാലും ഷൗക്കത്ത് ജയിക്കില്ല. ഷൗക്കത്ത് പരാജയപ്പെട്ടാൽ , കഴിഞ്ഞ ഒൻപതുമാസമായി ആവർത്തിച്ചാവർത്തിച്ച് ഞാൻ പറയുന്ന കുടുംബാധിപത്യവും പിണറായിസവും മരുമോനിസവും കേരളത്തിന്റെമണ്ണിൽ മൂടപ്പെട്ടില്ലേ. ഞാൻ ഉയർത്തിയ മുദ്രാവാക്യത്തിന് എന്തടിസ്ഥാനം. സർക്കാരിനെതിരേ എന്ത് ജനവികാരം. തീർന്നില്ലേ രാഷ്ട്രീയം. 2026-ൽ ഒരു മുടക്കുമില്ലാതെ സർക്കാർ തിരിച്ചുവരില്ലേ. അതിന് ഞാൻ കൂട്ടു നിൽക്കണോ. അതല്ല, ഞങ്ങൾ മാറി നിന്ന് പിണറായിസത്തിനെതിരേ ഒരു പോരാട്ടം നടത്തി 25000 വോട്ട് ഏറ്റവും ചുരുങ്ങിയത് കിട്ടിയാൽ, ഞാൻ ജയിക്കാൻ പോകുവാ. ഞാൻ സ്ഥാനാർത്ഥിപ്രഖ്യാപനത്തിൽ കടക്കുവാ. ചങ്കൂറ്റത്തോടെ കേരളത്തിലെ ജനങ്ങളോട് പറയാൻ പറ്റും, 25000 വോട്ട് ഞാൻ പറഞ്ഞ പിണറായിസത്തിനെതിരേ നിലമ്പൂരിലെ ജനങ്ങൾ പ്രതികരിച്ചത് കണ്ടോ. ഈ വോട്ടും യുഡിഎഫിലെ വോട്ടും രണ്ടുംകൂട്ടിയ വോട്ടാണ് പിണറായിസത്തിനെതിരായ വോട്ട്. അവിടെ പിണറായിസത്തിനെതിരേ ഒറ്റക്കെട്ടായി നിൽക്കാൻ ആഗ്രഹിക്കുന്ന ജനങ്ങളുടെ മുമ്പിൽ ആര്യാടൻ ഷൗക്കത്ത് എന്ന വലിയ ബാരിക്കേഡ് ഉണ്ട്. അതിനെ മറകടക്കാൻ സാധിക്കില്ല'- അൻവർ പറഞ്ഞു.
Content Highlights: pv anvar announce trinaool congress candidate
Published: 01 Jun 2025, 01:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented