നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതില്‍നിന്ന് പി.വി.അന്‍വര്‍ ഒരടി കൂടി പിന്‍വാങ്ങി. ഒരു പകല്‍കൂടി കാത്തിരിക്കുമെന്ന് അന്‍വര്‍ അറയിച്ചു. യുഡിഎഫ് നേതാക്കളും മറ്റു സാമുദായിക നേതാക്കളും അടക്കം ആവശ്യപ്പെട്ടതിനാലാണ് ഇന്ന് ഒരു പ്രഖ്യാപനം നടത്താതിരിക്കുന്നതെന്ന് അന്‍വര്‍ പറഞ്ഞു. ഇന്ന് രാവിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്താന്‍ അന്‍വര്‍ വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. ആ പ്രഖ്യാപനം ഇപ്പോള്‍ നടത്തുന്നില്ലെന്ന് പറഞ്ഞ അന്‍വര്‍, 'യുഡിഎഫ് നേതാക്കളും ചില സാമുദായിക നേതാക്കളും ഒരു പകല്‍കൂടി കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പി.കെ.കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളടക്കം കാത്തിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരൊക്കെ പറയുമ്പോള്‍ ആ വാക്ക് മുഖവിലയ്ക്കെടുക്കാതിരിക്കാന്‍ കഴിയില്ല' എന്നും അറിയിച്ചു.
രാവിലെ 11 മണിക്ക് തൃണമൂല്‍ കോണ്‍ഗ്രസ് യോഗമുണ്ടെന്നും അതില്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്നും അന്‍വര്‍ അറിയിച്ചു.
യുഡിഎഫില്‍ ഘടകകക്ഷിയാക്കാതെ ഇനി ചര്‍ച്ചയില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ന് യുഡിഎഫ് യോഗം ചേരുന്ന സാഹചര്യത്തില്‍ കൂടിയാണ് അന്‍വര്‍ ഒരു ദിവസം കൂടി കാത്തിരിക്കാന്‍ തീരുമാനിച്ചത്. അന്‍വര്‍ ആദ്യം യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിക്കട്ടെ എന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എടുത്ത സമീപനം.
എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്തിനെ പിന്തുണയ്ക്കില്ലെന്ന് താനെവിടെയും പറഞ്ഞിട്ടില്ലെന്നു പറഞ്ഞുകൊണ്ടാണ് വ്യാഴാഴ്ച വൈകീട്ട് അന്‍വര്‍ മാധ്യമങ്ങളെ കണ്ടത്. എന്നാല്‍, ഷൗക്കത്തിന് വിജയസാധ്യതയില്ലെന്നും ഷൗക്കത്തിനെ എംഎല്‍എയാക്കാനല്ല താന്‍ രാജിവെച്ചതെന്നും ആവര്‍ത്തിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ യുഡിഎഫില്‍ ആര് ഉത്തരവാദിത്വമേല്‍ക്കുമെന്നും അന്‍വര്‍ ചോദിച്ചു. പൊതുസമൂഹത്തെക്കൂടി അറിയിച്ചുകൊണ്ട് മുന്നണിപ്രവേശം പ്രഖ്യാപിക്കണമെന്നതാണ് അന്‍വര്‍ കോണ്‍ഗ്രസിനുമുന്‍പില്‍വെച്ച നിബന്ധന. തൃണമൂല്‍ കോണ്‍ഗ്രസിന് യുഡിഎഫ് പ്രവേശനം അനുവദിച്ചില്ലെങ്കില്‍ നിലമ്പൂരില്‍ മത്സരരംഗത്ത് ഇറങ്ങും എന്നാണ് വ്യാഴാഴ്ചത്തെ അന്‍വറിന്റെ നിലപാട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ രൂക്ഷമായ ആരോപണങ്ങളും ഉന്നയിച്ചു. യുഡിഎഫിലെ ചില നേതാക്കളില്‍ വിശ്വാസമില്ലാതായെന്നും അന്‍വര്‍ പറഞ്ഞിരുന്നു.
നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ഥിയെയും ഇന്ന് പ്രഖ്യാപിക്കും. പാര്‍ട്ടി ചിഹ്നത്തില്‍ പുതുമുഖത്തെ അവതരിപ്പിക്കാനാണ് സാധ്യത. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷെറോണ റോയ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി. ഷബീര്‍ എന്നിവരാണ് മുഖ്യപരിഗണനയിലുള്ളത്.
ഷെറോണയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ വനിതാ പ്രതിനിധ്യവും പുതുമുഖം എന്ന കാഴ്ചപ്പാടും അവതരിപ്പിക്കാന്‍ സിപിഎമ്മിനാകും. അഞ്ചുവര്‍ഷത്തോളമായി സജീവരാഷ്ട്രീയത്തിലുണ്ട് ഷെറോണ റോയ്. ചൂരല്‍മല ദുരന്തവേളയിലെയും മറ്റും ഇടപെടലിലൂടെ ഏറെ ശ്രദ്ധനേടിയയാളാണ് ഷബീര്‍. നിലമ്പൂര്‍ നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലീമിന്റെ പേരും പരിഗണനയിലുണ്ടെന്നറിയുന്നു.
Content Highlights: PV Anvar postpones Nilambur by-election candidacy announcement
Published: 30 May 2025, 09:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented