
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ നാല് വര്‍ഷത്തിനിടെ കേരളത്തില്‍ അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പിന് നിലമൊരുക്കിയിരിക്കുകയാണ് നിലമ്പൂര്‍. സ്വതന്ത്ര പരീക്ഷണത്തിനിടെ കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലം കൈപ്പിടിയിലൊതുക്കിയ ഇടതുപക്ഷത്തിന് സ്ഥാനാര്‍ഥി സസ്പെന്‍സായി നില്ക്കുമ്പോള് സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തെ നടത്തി തിരഞ്ഞെടുപ്പ് ഗോദയില്‍ യു.ഡി.എഫും കോണ്‍ഗ്രസും ഇറങ്ങിയിട്ടുണ്ടെങ്കിലും എന്നത്തേയും പോലെ വിവാദങ്ങള്‍ക്കും തുടക്കമായിട്ടുണ്ട്.
മണ്ഡലം നിലനിര്‍ത്തുക സി.പി.എമ്മിന് അഭിമാന പോരാട്ടമാവുമ്പോള്‍ മുപ്പത് വര്‍ഷത്തിലേറ ആര്യാടന് മുഹമ്മദെന്ന അതികായന് കൈയടക്കി വെച്ചിരുന്ന മണ്ഡലം തിരിച്ചുപിടിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഇത്തവണ കോണ്‍ഗ്രസിന് മുന്നിലുള്ളത്. ഇതിന് ആര്യാടന് മുഹമ്മദിന്റെ മകന് ആര്യാടന് ഷൗക്കത്തിനെ തന്നെ ഒരിക്കല്‍ കൂടെ കോണ്‍ഗ്രസ് രംഗത്തിറക്കുമ്പോള്‍ തോറ്റുതുടങ്ങി പിന്നീട് നിലമ്പൂര്‍ തേക്കിനോക്കാള് ഉറപ്പുള്ള ഒറ്റയാനായി മാറിയ ആര്യാടന് മുഹമ്മദിന്റെ വലിയ രാഷ്ട്രീയ ചരിത്രം തന്നെയാണ് അവര്‍ക്ക് മുന്നില്‍ പോസിറ്റീവായിട്ടുള്ളത്.

അന്ന് ആര്യാടന് ചോദിച്ചു; നിലമ്പൂരിന് മന്ത്രിയെ വേണോ, മുന്‍ മന്ത്രിയോ വേണോ ?
നേതാവെന്ന നിലയില്‍ വളരെ പെട്ടെന്ന് പേരെടുത്തെങ്കിലും അതിനെ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിലേക്ക് മാറ്റുന്നതിന് ആര്യാടന് മുഹമ്മദിന് ആദ്യഘട്ടത്തില്‍ സാധിച്ചില്ല. മത്സരിച്ച ആദ്യ രണ്ട് തിരഞ്ഞെടുപ്പിലും തോല്‍വിയായിരുന്നു ഫലം. 1965-ല്‍ ആയിരുന്നു ആര്യാടന് മുഹമ്മദിന്റെ കന്നി മത്സരം. പക്ഷേ, സി.പി.എമ്മിലെ കെ.കുഞ്ഞാലി ഏഴായിരത്തിലധികം വോട്ടിന് ആര്യാടനെ തോല്പിക്കുകായിരുന്നു. 1967 ല്‍ ഇരുവരും വീണ്ടും ഏറ്റുമുട്ടിയെങ്കിലും ഒന്‍പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയം കുഞ്ഞാലിക്കൊപ്പം അത്തവണയും നിന്നു. 1969-ല്‍ കുഞ്ഞാലി വെടിയേറ്റ് മരിക്കുകയും ചെയ്തു. ഒന്നാം പ്രതിസ്ഥാനത്തുണ്ടായിരുന്നതിനാല് 1970 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്യാടന് മത്സരിച്ചില്ല. പകരമിറങ്ങിയ എം.പി ഗംഗാധരനായിരുന്നു അത്തവണത്തെ നിലമ്പൂര്‍ എം.എല്‍.എ. പിന്നീട് 1977-ലെ തിരഞ്ഞെടുപ്പിലൂടെയാണ് ആദ്യമായി ആര്യാടന് നിയമസഭയിലെത്തുന്നത്. അത്തവണ സി.പി.എമ്മിലെ സൈതലവിയെ ആയിരുന്നു തോല്പിച്ചത്. കുഞ്ഞാലിയുടെ കൊലയാളിയെന്ന വ്യാപക പ്രചാരണമായിരുന്നു അത്തവണ ആര്യാടനെതിരെ സി.പി.എം അഴിച്ചുവിട്ടത്. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ച് വിജയം ആര്യാടനൊപ്പം നില്‍ക്കുകയായിരുന്നു. പിന്നീട് 1982ല്‍ കഥ വീണ്ടും മാറി. അന്ന് കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിച്ച ടി.കെ ഹംസയെ എല്‍.ഡി.എഫ് പിന്തുണച്ചതോടെ മണ്ഡലം ഹംസയ്ക്കൊപ്പം നിന്നു. പക്ഷേ, 1987-ലെ തിരഞ്ഞെടുപ്പില്‍ ആര്യാടന് മണ്ഡലത്തില്‍ തിരിച്ചെത്തി. 2016 വരെ ആ വിജയം തുടരുകയും ചെയ്തു.
മത്സരക്കളത്തില്‍ നിന്നും പിന്മാറിയ ആര്യാടന് മുഹമ്മദിന് പകരം മകന് ഷൗക്കത്തിനെ കോണ്‍ഗ്രസ് ആദ്യമായി പരീക്ഷിക്കുന്നത് ആ വര്‍ഷമാണ്. പക്ഷേ, മണ്ഡലം കൈവിട്ടു. സ്വതന്ത്ര പരീക്ഷണത്തില്‍ 2021 ലും അന്‍വറിലൂടെ തന്നെ നിലമ്പൂര്‍ ഇടതുപക്ഷം നിലനിര്‍ത്തി. 2021 ല്‍ 2700 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാത്രമാണ് യു.ഡി.എഫിന് മണ്ഡലം നഷ്ടപ്പെട്ടതെങ്കിലും ഇത്തവണ ഒരിക്കല്‍കൂടെ ആര്യാടന്റെ മകനെ പരീക്ഷിച്ച് നിലമ്പൂര്‍ തിരിച്ച് പിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. അതിന് ആര്യാടന് മുഹമ്മദിന്റെ തിരഞ്ഞെടുപ്പ് ചരിത്രം ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നുണ്ട്.
നിലമ്പൂരിന്റെ ഉരുക്കുമനുഷ്യനെന്നാണ് കോണ്‍ഗ്രസുകാര്‍ ആര്യാടന് മുഹമ്മദിനെ വിശേഷിപ്പിക്കുന്നതെങ്കിലും ആദ്യമായി ഇടതുപക്ഷ സര്‍ക്കാരിലാണ് അദ്ദേഹം മന്ത്രിയാകുന്നത് എന്ന വിരോധാഭാസവും ആര്യാടന്റെ തിരഞ്ഞെടുപ്പു യാത്രയിലുണ്ടായിരുന്നു. ഇന്ദിരാവിരുദ്ധ ചേരിയായിരുന്ന കോണ്‍ഗ്രസ്(യു)വിലായിരുന്നു ആര്യാടനും ആന്റണിയും ഉമ്മന്‍ചാണ്ടിയുമെല്ലാം അക്കാലത്തുണ്ടായിരുന്നത്. കോണ്‍ഗ്രസ് (യു) ഇടതുപക്ഷവുമായി ചേര്‍ന്നായിരുന്നു അന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്. 1980-ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് തോറ്റതിനാല്‍ അത്തവണ ആര്യാടന് മത്സരിച്ചിരുന്നില്ല. പകരം നിലമ്പൂരില്‍ നിന്നും നിയമസഭയിലെത്തിയത് സി.ഹരിദാസായിരുന്നു.
പക്ഷേ, മന്ത്രിസഭാ രൂപവത്കരണ ഘട്ടമായപ്പോള്‍ ആര്യാടന് തൊഴില്‍, വനം വകുപ്പ് മന്ത്രി പദവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സി.ഹരിദാസ് എം.എല്‍.എ സ്ഥാനം രാജിവെച്ച് ആര്യാടന് മത്സരിക്കാനുള്ള വഴിയൊരുക്കി. ഇതോടെ കുഞ്ഞാലി വധത്തിന്റെ പേരില്‍ കാലങ്ങളോളം ആര്യാടനെതിരെ വന്‍ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും നേതൃത്വം കൊടുത്ത ഇടതുപക്ഷത്തിന് അദ്ദേഹത്തെ വിജയിപ്പിച്ചെടുക്കേണ്ട രാഷ്ട്രീയ ഗതികേടുമുണ്ടായി. തോറ്റാല്‍ ഞാന്‍ മുന്‍ മന്ത്രി, ജയിച്ചാല്‍ മന്ത്രി, നിലമ്പൂരിന് മന്ത്രിയെ വേണോ, മുന്‍ മന്ത്രിയെ വേണോ എന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ആര്യാടന്റെ ചോദ്യം. അന്ന് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ 17841 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ആര്യാടന്റെ വിജയം.
ആദ്യമായി ലഭിച്ച മന്ത്രിസ്ഥാനത്തിന് പക്ഷേ, മാസങ്ങള്‍ മാത്രമായിരുന്നു ആയുസ്സ്. ആര്യാടന് ഉള്‍പ്പെട്ട കോണ്‍ഗ്രസ്(യു) ഇടതു സര്‍ക്കാരിന്റെ പിന്തുണ പിന്‍വലിച്ചതോടെ നായനാര്‍ സര്‍ക്കാര്‍ വീണു. ഇതിന് പ്രതികാരം ചോദിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഡി.സി.സി പ്രസിഡന്റായിരുന്ന ടി.കെ ഹംസയെ അടര്‍ത്തിയെടുത്ത് സ്വതന്ത്രനായി മത്സരിപ്പിച്ച് 1982 ല്‍ മണ്ഡലം ഇടതുപക്ഷം പിടിച്ചെടുത്തത്. സി.പി.എം സ്ഥാനാര്‍ഥിയായി ദേവദാസ് പൊറ്റക്കാടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആര്യാടന് മുഹമ്മദും സ്വതന്ത്ര സ്ഥാനാര്‍ഥിയായി ടി.കെ ഹംസയുമായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. ഒടുവില്‍ സി.പി.എം സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് ടി.കെ ഹംസയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. കടുത്ത മത്സരത്തിനൊടുവില്‍ 1566 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ടി.കെ ഹംസയുടെ വിജയം. പക്ഷേ, 1987 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആര്യാടന് വന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. ദേവദാസ് പൊറ്റക്കാടിനെതിരേ 10333 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ആര്യാടന്റെ വിജയം. പിന്നീട് 2011 വരെ ആര്യാടന് നിലമ്പൂരില്‍ വിജയക്കുതിപ്പ് നടത്തുകയും ചെയ്തു.

ആഭ്യന്തര സംഘര്‍ഷത്തില്‍ സീറ്റ് നഷ്ടപ്പെടുത്തിയ കോണ്‍ഗ്രസ്
വലതുകോട്ടയെന്ന് വിളിപ്പേര് വരുന്നതിന് മുമ്പെ ആഭ്യന്തര സംഘര്‍ഷത്തില്‍ മണ്ഡലം നഷ്ടപ്പെട്ട 1982 ലെ തിരഞ്ഞെടുപ്പ കഥ നിലമ്പൂരില്‍ കോണ്‍ഗ്രസ് ഒരിക്കലും മറക്കില്ല. അന്ന് ഡിസിസി പ്രസിഡന്റായിരുന്നു ടി.കെ ഹംസ. ആര്യാടനോളം വരുന്ന പോരാളി. പക്ഷേ, അത്തവണ സീറ്റ് വിഭജനം നടന്നപ്പോള്‍ ഹംസയ്ക്ക് സീറ്റ് നല്കാന് കോണ്‍ഗ്രസ് തയ്യാറായില്ല. നിലമ്പൂര്‍ ആര്യാടനും പൊന്നാനി എം.പി ഗംഗാധരനും സീറ്റ് നല്കാന് തീരുമാനിച്ചു. ഹംസ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് നിയമസഭയില്‍ കാണാം എന്ന് കെ.കരുണാകരനോട് വെല്ലുവിളി നടത്തി ഹംസ കോണ്‍ഗ്രസിന്റെ പടിയിറങ്ങി. ഇടതുപക്ഷവുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പ് തന്ത്രം മെനയുകയും ചെയ്തു. ആദ്യം സ്വതന്ത്രനായി നാമനിര്‍ദേശ പത്രിക കൊടുക്കുകയും പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് ഇടതുപക്ഷം ഹംസയ്ക്ക് പിന്തുണ നല്കി അപ്രതീക്ഷിത നീക്കം നടത്തി. അന്ന് സി.പി.എം സ്ഥാനാര്‍ഥിയായി ദേവദാസ് പൊറ്റക്കാടായിരുന്നു. ദേവദാസ് പത്രിക പിന്‍വലിക്കുകയും ചെയ്തു. മത്സരം ആര്യാടനും ടികെ ഹംസയും തമ്മിലായി. വെല്ലുവിളിച്ചതുപോലെ സീറ്റ് ഹംസ സീറ്റ് നിഷേധിച്ചതിന് പകരംവീട്ടി
നിലമ്പൂരില്‍ മൂന്നാം ഉപതിരഞ്ഞെുപ്പ്; കേരളത്തില്‍ നാല് വര്‍ഷത്തിനിടെ അഞ്ചാം തവണ
മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന ചാലിയാര്‍ പോലെയാണ് നിലമ്പൂരിന്റെ രാഷ്ട്രീയ മനസ്സ്. എല്ലാവരേയും ചേര്‍ത്തുപിടിക്കും, ഉള്‍ക്കൊള്ളും, അടിയൊഴുക്കുകള്‍ മനസ്സിലാക്കി നീന്തുന്നവര്‍ക്ക് അനായാസം കരപറ്റാനുമാവും. പൊതുവെ വലത്തോട്ട് വോട്ടൊഴുകാറുള്ള മണ്ഡലമാണെങ്കിലും കഴിഞ്ഞ രണ്ട് തവണയായി ഇതിനെ അന്‍വര്‍ ഇടതുചേര്ത്ത് കെട്ടുകയായിരുന്നു. പക്ഷേ, അന്‍വറിന്ന് എല്‍.ഡി.എഫിലുമില്ല യു.ഡി.എഫിലുമില്ല എന്ന അവസ്ഥയിലാണ്. ഇത് ഏത് തരത്തില്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് കണ്ടറിയേണ്ടത്.
1965-ല്‍ നിലമ്പൂര്‍ മണ്ഡലം രൂപവത്കരിച്ചതു മുതല്‍ മൂന്നാമത്തെ നിയമസഭാ ഉപതിരഞ്ഞെടുപ്പാണ് മണ്ഡലത്തില്‍ നടക്കാനിരിക്കുന്നത്. മണ്ഡലത്തിലെ ആദ്യ എം.എല്‍.എ കെ.കുഞ്ഞാലി വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നായിരുന്നു 1970-ലെ ഒന്നാമത്തെ ഉപതിരഞ്ഞെടുപ്പ്. ഇതില്‍ ഒന്നാംപ്രതിയാക്കി ആര്യാടന് മുഹമ്മദിനെ ജയിലിലടച്ചിട്ടും കാടിളക്കിയ പ്രചാരണങ്ങള്‍ക്ക് ഇടതുപക്ഷം നേതൃത്വം നല്‍കിയിട്ടും ആ തിരഞ്ഞെടുപ്പില്‍ വിജയം യു.ഡി.എഫിനൊപ്പം നിന്നു. കോണ്‍ഗ്രസിന്റെ എം.പി ഗംഗാധരന് 5574 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്ന് ജയിച്ചു കയറിയത്. എതിര് സ്ഥാനാര്‍ഥിയായ എല്‍.ഡി.എഫിന്റെ സി.പി അബൂബക്കറിന് 25,228 വോട്ടും കിട്ടി. കെ.ആര് ഭാസ്കരപ്പിള്ളയായിരുന്നു ജനസംഘം സ്ഥാനാര്‍ഥി. അദ്ദേഹത്തിന് 2434 വോട്ടാണ് ലഭിച്ചത്. സംഘടനാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ തോമസ് ജെ.ക്ക് 1227 വോട്ടും ലഭിച്ചു.
1987 ല്‍ ആണ് രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇടതിനൊപ്പം ചേര്‍ന്ന കോണ്‍ഗ്രസ്(യു) വിന്റെ നേതാവ് ആര്യാടനെ വിജയിപ്പിക്കാനായി സി.ഹരിദാസ് രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. അന്ന് ആര്യടന്‍ വിജയിച്ചത് 17841 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. എതിര് സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസ് ഐ സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രന് 31768 വോട്ടും ലഭിച്ചു.
2021-ല്‍ രണ്ടാം പിണറായി വിജയന് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പെന്ന പ്രത്യേകതയും നിലമ്പൂരിനുണ്ട്. ഇതുവരെയുള്ള നാലെണ്ണത്തില്‍ മൂന്നെണ്ണത്തിലും വിജയം യു.ഡി.എഫിനൊപ്പമായിരുന്നു. തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് എന്നിവ യു.ഡി.എഫിനൊപ്പം നിന്നപ്പോള്‍ ചേലക്കര ഇടതിനൊപ്പം നിന്നു. സിറ്റിങ് സീറ്റുകള്‍ ഇരുമുന്നണികളും നിലനിര്‍ത്തുന്ന കാഴ്ചയാണ് നാല് വര്‍ഷവും കണ്ടത്.

ക്രൈസ്തവ വോട്ടുകള്‍ നിര്‍ണായകം പക്ഷേ...
ക്രൈസ്തവ കുടിയേറ്റമേഖലകള്‍ ഏറെയുള്ള മണ്ഡലമെന്നത് കൊണ്ടുതന്നെ നിലമ്പൂരില്‍ ക്രൈസ്തവ വോട്ടുകള്‍ നിര്‍ണായകമാണെങ്കിലും ഇതുവരെ ഒരു ക്രസ്ത്യന്‍ പ്രതിനിധിയെ ഇവിടെ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുത്തിട്ടില്ല. 1996 ലും 2011-ലും തോമസ് മാത്യുവിന് സി.പി.എം അവസരം നല്‍കിയെങ്കിലും രണ്ട് തവണയും പരാജയപ്പെട്ടു. 1996 ല്‍ 55252 വോട്ട് തോമസ് മാത്യുവിന് ലഭിച്ചപ്പോള്‍ ആര്യാടന് 61945 വോട്ടാണ് ലഭിച്ചത്. ഭൂരിപക്ഷം 6693 വോട്ട്. 2011ലും തോമസ് മാത്യു ഇടതുപാളയത്തില്‍ നിന്ന് ജനവിധി തേടിയെങ്കിലും 5598 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആര്യാടന് മുഹമ്മദ് വിജയിക്കുകയായിരുന്നു. ആര്യാടന് 66339 വോട്ടും തോമസ് മാത്യുവിന് 60733 വോട്ടും ലഭിച്ചു. അന്ന് സ്വതന്ത്രനായി മത്സരിച്ച മറ്റൊരു തോമസ് മാത്യുവിന് 1012 വോട്ടും ലഭിച്ചിരുന്നു.
2016ല്‍ ക്രൈസ്തവ ശക്തികേന്ദ്രങ്ങളില്‍ നിന്നുണ്ടായ അനുകൂല നിലപാടാണ് പി.വി അന്‍വറിന്റെ വിജയത്തിലെ പ്രധാന ഘടകം. ഏകദേശം 35000 ത്തോളം ക്രൈസ്തവ വോട്ടുകള്‍ മണ്ഡലത്തിലുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് കണക്കിലെടുത്താണ് വി.എസ് ജോയിയെ മത്സരിപ്പിക്കണമെന്ന ആവശ്യം പി.വി അന്‍വര്‍ മുന്നോട്ടുവെച്ചത്. നിലവില്‍ ബിജെപിയോ സഖ്യകക്ഷിയായ ബി.ഡി.ജെ.എസോ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള ഒരു സ്ഥാനാര്ഥിയെത്തുകയും മത്സരിക്കുകയും ചെയ്താല്‍ ഇത് ഏത് തരത്തില്‍ ഇരുമുന്നണികളേയും ബാധിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Content Highlights: Analyzing the upcoming Nilambur by-election in Kerala
Published: 29 May 2025, 01:15 pm IST
ABOUT THE AUTHOR
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented