മലപ്പുറം: പി.വി.അന്‍വറിനെ ചൊല്ലി യുഡിഎഫിലുണ്ടായ ഭിന്നത തുടരുകയാണ്. അന്‍വറിനെ അനുയയിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ശ്രമിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ലീഗ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. അന്‍വറിനെ ഒപ്പംനിര്‍ത്താന്‍ ലീഗ് തുടക്കംമുതലേ ശ്രമിച്ചെന്ന് പറഞ്ഞ് വള്ളിക്കുന്ന് എംഎല്‍എയും ലീഗ് നേതാവുമായ അബ്ദുള്‍ ഹമീദ്  കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ സ്വീകരിച്ച സമീപനത്തില്‍ അതൃപ്തി പരസ്യമാക്കുകയും ചെയ്തിരുന്നു. അന്‍വറിന് ഇനിയും സമയമുണ്ടെന്നായിരുന്നു അബ്ദുള്‍ ഹമീദ് രാവിലെ പറഞ്ഞത്. എന്നാല്‍ വൈകീട്ടോടെ യൂടേണടിച്ച അദ്ദേഹം എല്ലാ വാതിലുകളും അടഞ്ഞെന്നും വ്യക്തമാക്കി. യുഡിഎഫ് നേതൃത്വത്തില്‍നിന്നുള്ള സമ്മര്‍ദ്ദമാണ് ഇത്തരത്തിലൊരു നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് വിവരം.

To advertise here,

അന്‍വറിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ യുഡിഎഫ് ഇടപെടണം. നിലമ്പൂരില്‍ ജയിക്കല്‍ ലീഗിന്റെ മാത്രം ഉത്തരവാദിത്വമല്ല. യുഡിഎഫിന്റെ രാഷ്ട്രീയംതന്നെയാണ് അന്‍വറിന്റെയും രാഷ്ട്രീയം. അന്‍വറിനെ കൂടെനിര്‍ത്തി മുന്നോട്ടുപോവണമെന്നാണ് ലീഗ് ആഗ്രഹിച്ചിരുന്നത്. അതിനായി ശ്രമിക്കുകയും ചെയ്തു. അന്‍വര്‍ ഇപ്പോഴും ഒരു അടഞ്ഞ അധ്യായമല്ല. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചാലും പിന്‍വലിക്കാന്‍ സമയമുണ്ട്. യുഡിഎഫ് നേതൃത്വം പുതിയ സാഹചര്യം മനസ്സിലാക്കി അതിന് മുന്‍കൈയെടുക്കും. ലീഗിന് വര്‍ധിത സ്വാധീനമുള്ള ജില്ലയാണ് മലപ്പുറം. അന്‍വര്‍ രാജികൊടുത്ത ഉടനെതന്നെ ഉപതിരഞ്ഞെടുപ്പിന് തയ്യാറായ പാര്‍ട്ടിയാണ് ലീഗ്. അന്‍വറിനെ കൂടെക്കൂട്ടാന്‍ പാണക്കാട് സയ്യിദ് സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും വലിയ സമയം ചെലവഴിച്ചിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പിന് കളമൊരുക്കിയതുതന്നെ അന്‍വറാണ്. അന്‍വര്‍ ഇപ്പോഴും പിണറായിക്കെതിരായ യുദ്ധമുഖത്തുണ്ട്. അന്‍വര്‍ ന്യായമായ എന്ത് ആവശ്യമുന്നയിച്ചാലും പരിഗണിക്കും' ഇതായിരുന്നു അബ്ദുള്‍ ഹമീദ് രാവിലെ പറഞ്ഞത്.

'അന്‍വറിന് മുന്നില്‍ എല്ലാ വാതിലുകളും അടഞ്ഞു, രാവിലെ പറഞ്ഞത് അങ്ങനെയല്ല വാതില്‍ തുറയ്ക്കുകയും അടയ്ക്കുകയും ചെയ്യും. അന്‍വര്‍ തന്നെ തീരുമാനിച്ചതാണ് വേണ്ടെന്ന്. അദ്ദേഹത്തെ ഉള്ളില്‍ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങള്‍ നടത്തി. അദ്ദേഹം വഴങ്ങുന്നില്ലെങ്കില്‍ പിന്നെ എന്താണ്. യുഡിഎഫ് വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കും. അതില്‍ അന്‍വര്‍ ഒരു ഘടകമല്ല' അബ്ദുള്‍ ഹമീദ് വൈകീട്ടോടെ പറഞ്ഞു.