മലപ്പുറം: ചിത്രം തെളിഞ്ഞതോടെ, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള മത്സരം എന്ന നിലയിൽ തികഞ്ഞ രാഷ്ട്രീയ പോരാട്ടമായി. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതുമുതൽ വി.ഡി. സതീശൻ നിലമ്പൂരിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയാണ്. നിലമ്പൂരിനു പുറമേ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും രാഷ്ട്രീയ കൺവെൻഷനുകളുമായി ഊർജിതമായി പ്രചാരണത്തിനിറങ്ങുന്നുണ്ട് പിണറായി വിജയനും.

To advertise here,

പിണറായിസത്തിനെതിരായ പോരാട്ടം എന്ന പ്രഖ്യാപനവുമായി എംഎൽഎ സ്ഥാനം രാജിവെച്ച് ഉപതിരഞ്ഞെടുപ്പിനു കളമൊരുക്കിയ പി.വി. അൻവർ പല നിലപാടുമാറ്റങ്ങളിലൂടെ കടന്ന് ഒടുവിൽ വി.ഡി. സതീശനെതിരേ തിരിഞ്ഞത് വലിയ രാഷ്ട്രീയ കൗതുകമായി മാറിയിരുന്നു. മലയോര കർഷക ജനതയുടെ പ്രതിനിധിയാവണം സ്ഥാനാർഥി എന്ന വാദമുയർത്തി മേഖലയിലെ ക്രൈസ്തവ വിഭാഗത്തിനു വേണ്ടി വാദിക്കുന്നയാൾ എന്ന പ്രതിച്ഛായ സൃഷ്ടിക്കാനാണ് അൻവർ ശ്രമിച്ചത്. ആ വികാരം കണക്കിലെടുത്ത് ആ വിഭാഗത്തിൽ നിന്നൊരു സ്ഥാനാർഥിയെ സിപിഎം രംഗത്തിറക്കും എന്ന പ്രചാരണം വ്യാപകമായിരുന്നു. എന്നാൽ ഊഹാപോഹങ്ങൾക്കൊക്കെ വിരാമമിട്ടാണ് സിപിഎമ്മിന് നിലമ്പൂരിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച രാഷ്ട്രീയ നേതാവിനെത്തന്നെ രംഗത്തിറക്കിയത്. പാർട്ടി സെക്രേട്ടറിയറ്റിനു മുൻപിൽ വന്ന അഞ്ചു പേരുടെ പാനലിൽനിന്ന് സ്വരാജ് മത്സരിക്കട്ടെ എന്നു നിർദേശിച്ചത് പിണറായി വിജയനാണ്.

തനിക്ക് യുഡിഎഫ് പ്രവേശനം നൽകിയില്ലെങ്കിൽ മത്സരരംഗത്തിറങ്ങും എന്നു പ്രഖ്യാപിച്ച പി.വി. അൻവറിന് വെള്ളിയാഴ്ച നിലപാട് മയപ്പെടുത്തേണ്ടി വന്നു. യുഡിഎഫിനെതിരേ അൻവർ നടത്തുന്ന ഏതു നീക്കവും ഫലത്തിൽ പിണറായിക്ക് ശക്തി പകരുന്നതായിത്തീരും എന്നതായി നില. അൻവറിന്റെ സമ്മർദ തന്ത്രങ്ങൾക്കെതിരേ യുഡിഎഫിൽ ശക്തമായ രാഷ്ട്രീയ നിലപാടെടുത്തത് വി.ഡി. സതീശൻ തന്നെയായിരുന്നു.

കോൺഗ്രസിലെയോ യുഡിഎഫിലെയോ ചില നേതാക്കളെ അടർത്തിയെടുത്ത് സ്ഥാനാർഥിയാക്കാൻ ശ്രമിക്കുന്നു എന്നും സ്ഥാനാർഥിയെ കണ്ടെത്താൻ കഴിയാതെ സിപിഎം കുഴങ്ങുകയാണ് എന്നുമൊക്കെയുള്ള പരിഹാസ പ്രചാരണങ്ങളുമായി യൂത്ത് കോൺഗ്രസിലെയും ലീഗിലെയും ചില നേതാക്കൾ സാമൂഹികമാധ്യമങ്ങളിൽ നിറയുകയും ചെയ്തിരുന്നു. അത്തരം പരിഹാസങ്ങളുടെയെല്ലാം മുനയൊടിക്കുന്നതായി സ്വരാജിന്റെ സ്ഥാനാർഥിത്വം.