കണ്ണൂർ: പി.വി. അൻവറിനെ കൂടെക്കൂട്ടാൻ വ്യക്തിപരമായി ശ്രമിക്കുമെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരൻ. അൻവർ വരാൻ തയ്യാറായാൽ കൂടെനിർത്തും. സ്വതന്ത്രനായി മത്സരിച്ചാലും കുഴപ്പമില്ല. അദ്ദേഹം യുഡിഎഫിനൊപ്പം ഉണ്ടായിരുന്നെങ്കിൽ കരുത്തായേനെയെന്നും കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
വോട്ട് ബാങ്ക് പരിശോധിക്കുമ്പോൾ ഞങ്ങൾക്ക് ഒരു ഭയപ്പാടും ഇല്ല. യുഡിഎഫിനൊപ്പം നിൽക്കാനുള്ള തീരുമാനവും സിപിഎമ്മിനെതിരായ സ്ട്രോങ് സ്റ്റാൻഡും ആണ് അൻവറിലേക്ക് ആകർഷിച്ചത്. ഇപ്പോഴും യുഡിഎഫിലേക്ക് വരാൻ തയ്യാറാണെങ്കിൽ പ്രശ്നങ്ങൾ പരിശോധിക്കും. ആർക്കും അദ്ദേഹത്തോട് വിദ്വേഷമോ വൈരാഗ്യമോ ഇല്ല. അൻവറിന്റെ ഡിമാൻഡുകളാണ് യുഡിഎഫിലേക്ക് വരുന്നതിനെ ഇല്ലാതാക്കിയത്. സ്ഥാനാർത്ഥിയെ അംഗീകരിക്കാത്ത ഒരാൾ എങ്ങനെ മുന്നണിക്കകത്തേക്ക് കടന്നുവരും?, സുധാകരൻ ചോദിച്ചു.
അൻവറിന്റെ മുമ്പിൽ വാതിൽ അടഞ്ഞിട്ടില്ല. ഇനിയും അദ്ദേഹത്തെ യുഡിഎഫിലേക്ക് കൊണ്ടുവരാൻ വ്യക്തിപരമായി ശ്രമിക്കും. പാർട്ടിയുടെ സമ്മതത്തോടെ വ്യക്തിപരമായി അദ്ദേഹത്തെ യുഡിഎഫിലെത്തിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൻവർ ഇല്ലെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കുമെന്ന് പറഞ്ഞ സുധാകരൻ, സ്വരാജിനെ സിപിഎം നിർബന്ധിച്ച് സ്ഥാനാർത്ഥിയാക്കിയതാണെന്നും ആരോപിച്ചു.
സ്വരാജിനൊക്കെ എത്ര വോട്ടാണുള്ളതെന്ന് അദ്ദേഹത്തിനുതന്നെ അറിയാം. മത്സരത്തിൽനിന്ന് പിന്മാറാൻ പരമാവധി പരിശ്രമിച്ചതാണ്. ശുപാർശ ചെയ്യിച്ചതാണ്. ജയിക്കില്ലെന്ന് അദ്ദേഹത്തിന് അറിയാം. സ്വന്തം ഇഷ്ടപ്രകാരമല്ല, അദ്ദേഹത്തെ നിർബന്ധിച്ച് മത്സരിപ്പിച്ചതാണ് സിപിഎം.
പ്രതിപക്ഷ നേതാവ് ഒന്ന് അയയണമായിരുന്നു. അൻവറും ഒന്ന് അയഞ്ഞ്, യുഡിഎഫോട് ഒപ്പം നിൽക്കണമെന്ന് എനിക്ക് താത്പര്യമുണ്ടെന്ന് പറഞ്ഞ് സ്ഥാനാർഥിയെ അംഗീകരിച്ചിരുന്നുവെങ്കിൽ സതീശൻ സമ്മതിച്ചേനേ. സ്ഥാനാർത്ഥിയെപ്പറ്റി പറഞ്ഞിരുന്നില്ലെങ്കിൽ ഒരു പ്രശ്നം ഉണ്ടാകുമായിരുന്നില്ല. ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കാൻ തങ്ങൾ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെങ്കിൽ സതീശൻ കൈപിടിച്ച് അദ്ദേഹത്തെ പാർട്ടിയിലേക്ക് കൊണ്ടുവരുമായിരുന്നു, സുധാകരൻ പറഞ്ഞു.
Content Highlights: K. Sudhakaran on P.V. Anwar Personal Efforts to Bring Him into the UDF
Published: 31 May 2025, 05:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented